jump to navigation

ബ്ലോഗിങ് ഇന്‍ ഗള്‍ഫ് മേയ് 26, 2006

Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.
5 comments

ന്റെ നോട്ടത്തിലിവിടെ വൈകിട്ടൊരു 10 മണി മുതല്‍ പിറ്റേന്നു രാവിലെ എട്ടു മണി വരെയാണു (ഏകദേശം ഗള്‍ഫിലെ ഓഫീസ്‌ സമയം) ബ്ലോഗിലെ ഉത്സവ സമയം. ഈ സമയത്തു നിങ്ങള്‍ ഗള്‍ഫന്മാരും ഇന്‍ഡ്യന്‍ ബ്ലോഗര്‍മാരും കൂടി അര്‍മാദിച്ചാറാടുകയല്ല്യോ ബ്ലോഗില്‍ ?

എന്തരെല്ലാം കലാപരിപാടികളാ ആ സമയത്തു പല സ്റ്റേജുകളിലായി നടക്കണത്‌ ? ആശംസാ പ്രസംഗം, അനുമോദന യോഗങ്ങള്‍, യാത്രയയപ്പിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം, ഓണ്‍ലൈന്‍ വിഷു സദ്യയും കണിയും, പെട്ടെന്നെഴുതി തീര്‍ത്തതൊക്കെ പതുക്കെ വായിച്ച്‌, വീണ്ടും വരികള്‍ക്കിടയില്‍ വായിച്ച്‌, പിന്നെയും പല ആവര്‍ത്തി വായിച്ച്‌, വിശാലന്റെ എരുമപ്പുറത്തുള്ള യാത്ര കണ്ട്‌, വക്കാരിയേ എണ്ണ തേച്ചു കുളിപ്പിച്ച്‌, വക്കാരിയോടൊപ്പം വെള്ളത്തില്‍ കളിച്ച്‌, എലയട ഉണ്ടാക്കി തിന്ന്, നിണമണിഞ്ഞ സാമ്പാറുണ്ടാക്കി വിളമ്പി, ഇടക്കു ദഹനക്കേടുണ്ടാകാതിരിക്കാന്‍ ഇഞ്ചിനീരൊക്കെ കുടിച്ച്‌, ദേഹാസ്വാസ്ഥ്യം ഉള്ളവര്‍ ദേവന്‍ ഡോക്ടറുടെ ഉപദേശം തേടി, അരവിന്ദന്റെ പേരു ഗസറ്റില്‍ പബ്ലിഷ്‌ ചെയ്തു മുഴുവിന്ദനാക്കി, ശ്രീജിത്തരങ്ങള്‍ വായിച്ച്‌, ഇലക്ഷന്‍ റിസല്‍റ്റിനൊപ്പം ലൈവായി പടക്കം പൊട്ടിച്ചാഘോഷിച്ച്‌, കലേഷുകുട്ടിയുടെ കല്യാണ മുഹൂര്‍ത്തത്തില്‍ വായ്ക്കുരവയിട്ട്‌, റിംഗ്‌ റ്റോണിന്റെ ലൈവ്‌ അപ്ഡേറ്റുകള്‍ തന്ന്, കല്യാണാചെക്കന്റെ കമന്റ്‌ ഡബ്ബിള്‍ സെഞ്ചുറിയിലെത്തിച്ച്‌, ഇന്ദുവിന്റെ പാട്ടു ജോയുടെ ശബ്ദത്തില്‍ പാടികേട്ടുറക്കം തൂങ്ങി, കുമാര്‍ജിയുടെ ചുവപ്പും പച്ചയുമുത്സവങ്ങളും കണ്ട്‌, വിന്നിമാരാകാന്‍ വിധിക്കപെട്ട മാലിനിമാര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്‌, അങ്ങനെയങ്ങനെ ജോറായിട്ടടിച്ചു പൊളിക്കുവല്ലേ നിങ്ങള്‍ ?

പിന്നെ ഇടയ്ക്കു ബോറടിക്കാതിരിക്കാന്‍ മേമ്പൊടിക്കല്‍പം അടിയോടടി, കൂമ്പിനിട്ടിടി, തോണ്ടല്‌, ചൊറിയല്‌, കോനയടി, പാരപണിയല്‌, കിറിക്കിട്ടു കുത്തല്‌, ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ മേടിക്കല്‌, കൂട്ടത്തല്ല്‌, ഒളിയെമ്പെയ്യല്‌, പല്ലെട കുത്തി നാറ്റിക്കല്‌, കൈകൊട്ടിക്കളി, വേലിയിലിരിക്കണ പാമ്പിനെയെടുത്തു തോളേല്‍ ചുറ്റല്‌, പടിയടച്ചു പിണ്ഡം വക്കല്‌ തുടങ്ങിയ ചിലതൊക്കെ കമേര്‍സിയല്‍ ബ്രേക്കിന്റെ നേരത്തും.
പക്ഷേ അതൊക്കെയില്ലെങ്കില്‍ പിന്നെ ഭൂലോകം ചുമ്മാ നിങ്ങടോടത്തെ മരുഭൂമി പോലെയായി പോവൂല്ലേ ? …ഇതിന്റെയൊന്നുമൊരു തല്‍സമയ പ്രക്ഷേപണം കാണാന്‍ യോഗമില്ലല്ലോ എന്റെ പുണ്യാളച്ചോ എന്നു നേടുവീര്‍പ്പിട്ടു രാവിലെ വന്നൊന്നര മണിക്കൂറു കുത്തിയിരുന്നു കമന്റുകള്‍ വായിച്ചു സായൂജ്യമടയും ഞാന്‍. സത്യമായിട്ടും എനിക്കു നിങ്ങള്‍ ഗള്‍ഫന്മാരോടാണു കുശുമ്പ്‌. കുശുമ്പു മൂത്തിട്ടെന്റെ ജോലി സമയമൊന്നു മാറ്റിയിരുന്നെങ്കില്‍, രാത്രി ജോലി വല്ലോം കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ കൂടെ ഒന്നു പൊടി പൊടിക്കാമാരുന്നല്ലോന്നു വരെ കൊതിച്ചു പോകാറുണ്ടു ഞാന്‍.

*താര എന്ന ബ്ലോഗത്തിയുടെ കഥക്കൂട് എന്ന ബ്ലോഗില്‍ കുറുമാ‍ന്‍ എന്ന ബ്ലോഗനു നല്‍‌കിയ ഓഫ് ടോപിക് മറുപടിയാണിത്. അന്നമ്മച്ചി മരിച്ചതോടെ താരയേയും താരയുടെ ബ്ലോഗിനെയും ഒരുമിച്ചു കാണാതായി. ഇതിതേതായാലും ഇവിടെക്കിടക്കട്ടെ.

Advertisements

പഫ്സു വന്നു വിളിച്ചപ്പോള്‍ മേയ് 20, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ചിത്രശാല, വൈയക്തികം, സുജ.
12 comments

സമര്‍പ്പണം, എല്‍ ജിക്ക്

ഉടുത്തൊരുക്കം

മുന്നൊരുക്കം

പ്രചോദനം

Ginger and Mango: Aval nanachathu (Rice Flake Snack) and Egg Puffs

ചമ്മല്‍ കെ സംബന്ധം മേയ് 9, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.
76 comments

വെറുതെയിരിക്കുമ്പോഴും ഒറ്റക്കിരിക്കുമ്പോഴുമൊക്കെ ഇങ്ങനെ പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു ദുശ്ശീലമെനിക്കു പണ്ടേയുണ്ട്‌. ഞാന്‍ വലിയ പാട്ടുകാരിയൊന്നുമല്ല. തരക്കേടില്ലാതെ പാടി ഒപ്പിക്കും എന്നു പോലും പറയാന്‍ പറ്റില്ല. പക്ഷേ എനിക്കതിന്റെ യാതോരഹങ്കാരവുമില്ലതാനും. ഹോസ്റ്റലില്‍, കോളേജില്‍ എന്നു വേണ്ട എവിടെയും വെറുതെയിരിക്കുമ്പോ ഞാന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പാടിക്കളയും.

ഇന്ന പാട്ടേ പാടൂ എന്നു വാശിയുമില്ല. ആ നിമിഷം നാവിന്‍ തുമ്പില്‍ വരുന്നതേതോ അതപ്പോള്‍ പാടുക. അതാണെന്റെ പോളിസി.

'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' ആണു രാവിലെ മുതല്‍ മൂളുന്നതെങ്കില്‍ ഉച്ചയ്ക്കതു നേരെ

'വാര്‍മഴവില്ലേ, ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞു പോയോ…
നിരാലംബയായി നീ മാറിയില്ലേ'
എന്നിങ്ങനെ മെലഡിയായി മാറും. അടുത്ത നിമിഷത്തില്‍ 'എന്നവളേ അടി എന്നവളേ…' പാടുമ്പോ ഞാന്‍ തന്നെ 'ശെടാ, ഇതിപ്പോ എവിടുന്നു വന്നതാ എന്റെ നാവില്‍' എന്നത്ഭുപ്പെടാറുണ്ട്‌.

മുറി ഹിന്ദി മാത്രമേ അറിയുള്ളൂവെങ്കിലും ഹിന്ദി പാട്ടു പാടില്ല എന്നൊന്നും യാതോരു വാശിയുമെനിക്കില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ടെന്ന രീതിയില്‍, ലിറിക്സ്‌ ശരിയല്ലെങ്കിലും ഞാന്‍ പാടിക്കൊണ്ടേയിരിക്കും.

ഈ പാട്ടുപാടല്‍ കലാലയ ജീവിതത്തിലൊന്നും വലിയ ഉപദ്രവം ചെയ്തില്ലെങ്കിലും ജോലി കിട്ടിയപ്പോ ഞാനിനി ഡീസന്റായിരിക്കുമെന്നും ഓഫീസിലിരുന്നു പാട്ടു പാടില്ലെന്നും കൂട്ടുകാരുടെയും സഹമുറിയത്തിമാരുടെയും അഭ്യര്‍ത്ഥന മാനിച്ചു തീരുമാനമെടുത്തിരുന്നു.

ജോലിയുടെ ആദ്യ രണ്ടു മാസങ്ങള്‍ കടുത്ത ട്രെയിനിങ്ങിന്റേതായിരുന്നു. രാവിലെ ആറര മണി മുതല്‍ രാത്രി ഒന്‍പതും പത്തും മണി വരെ നീളുന്ന , ദിവസേന പരീക്ഷകളും, എക്സര്‍സൈസുകളുമൊക്കെയായി വല്ലാതെ റ്റെന്‍ഷനടിച്ചുള്ള ദിവസങ്ങള്‍. ട്രെയിനിംഗ്‌, അതിനു ശേഷമുള്ള സാമ്പിള്‍ പ്രോജക്റ്റ്‌ ഒക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായില്ലെങ്കില്‍ ജോലി എപ്പോ തെറിച്ചെന്നു ചോദിച്ചാല്‍ മതി.

ആറരക്കോഫീസിലെത്തിയാല്‍ എട്ടു മണിയാകുമ്പോള്‍ എല്ലാവരും റ്റെക്നോപ്പാര്‍ക്‌ കഫേറ്റീറിയയില്‍ പ്രാതല്‍ കഴിക്കാന്‍ പോകും. ഹോസ്റ്റലിലെ ബ്രേക്‍ഫാസ്റ്റ്‌ കഴിക്കുന്നതിനെക്കാള്‍ ഭേദം പട്ടിണി കിടക്കുന്നതാണെന്നു മനസ്സിലാക്കിയ എന്റെ ജീവിതത്തില്‍ ബ്രേക്‍ഫാസ്റ്റിനു സ്ഥാനമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. Breakfast like a king, Lunch Like a Prince, and Dinner like a beggar എന്നുള്ള തീയറികളൊക്കെ എനിക്കറിയാമായിരുന്നെങ്കിലും സ്ഥിരമായി ബ്രേക്ഫാസ്റ്റ്‌ കഴിക്കാതിരുന്നതിനാല്‍ എനിക്കുച്ചയാകാതെ വിശപ്പില്ലാരുന്നു.

ജോലി കിട്ടിയപ്പോഴും ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്‌ ചെയ്യുന്ന ഈ പരിപാടി ഞാന്‍ തുടര്‍ന്നു. എല്ലാവരും എട്ടു മണിക്കു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകുമ്പോഴും ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്റെ സീറ്റില്‍ തന്നെയിരിക്കും. ഓഫീസിലെ ബാക്കിയുള്ള സീനിയര്‍ ജോലിക്കാരൊക്കെ ഒന്‍പതു മണിക്കേ ഓഫീസില്‍ വരൂ. അതായത്‌, ഈ എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയത്ത്‌ വിശാലമായ ഓഫീസില്‍ ഞാനൊറ്റക്കാണെന്നു ചുരുക്കം.

അങ്ങനെ ട്രെയിനിംഗ്‌ പുരോഗമിച്ചു കൊണ്ടിരിക്കേ, എല്ലാരും ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോയ സമയത്തൊരിക്കല്‍, എനിക്കു പാടാന്‍ മുട്ടി. അടക്കാന്‍ പറ്റാത്ത മുട്ടല്‍. ഓ… എന്തോന്നു ട്രെയിനിംഗ്‌, എന്തോന്നോഫീസ്‌, കേള്‍ക്കാനിവിടെയെങ്ങും ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ നീട്ടി പാടി.

" ഓം ജയ ജഗദീശ്‌ ഹരേ….
സ്വാമി ജയ ജഗദീശ്‌ ഹരേ…
ഭക്ത്‌ ജനോംകി സങ്കട്‌..
ഇഷ്ട്‌ ജനോംകി സങ്കട്‌
ക്ഷണു മേം ദൂര്‍ കരേം..
ഓം ജയ ജഗ……"

പെട്ടെന്നു 2 ക്യുബിക്കിള്‍ അപ്പുറത്തൊരു കസേര ഉരുളുന്ന ശബ്ദം! ആരോ കസേര പിന്നിലേക്കു തള്ളി സീറ്റില്‍ നിന്നെഴുന്നേറ്റ്‌ നിന്നുവെന്ന് ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലായി.

ഈശ്വരാ… യേതവനാണു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകാതെ ഇവിടെയിരിക്കുന്നത്‌? എന്തായാലും എന്റെ കൂടെ ട്രെയിനിംഗ്‌ ഉള്ള യേതോ ഒരുത്തനാവുമല്ലോ. പോകാന്‍ പറ. എന്റെ ഓഫീസിലിരുന്നു ഞാന്‍ പാടും. ആരുണ്ടിവിടെ ചോദിക്കാന്‍, എന്നൊക്കെ ധൈര്യം ഭാവിച്ചിരുന്നു.

ഒരു ഷൂസിന്റെ ശബ്ദം അടുത്തടുത്തു വരുന്നതെനിക്കു കേള്‍ക്കാം. ഞാനാണെങ്കില്‍ ഒന്നുമറിയാത്ത പോലെ, വളരെ തിരക്കിട്ടു കീ ബോര്‍ഡിന്റെ കട്ടകള്‍ പൊട്ടിപോകുന്ന പോലെ എന്തൊക്കെയോ കോഡെഴുതുന്നു. തൊട്ടു പിന്നില്‍ ആരോ വന്നു നിന്നതു ഞാന്‍ അറിയുന്നുണ്ടെങ്കിലും , ഒന്നുമറിയാത്ത പോലെ ഭാവിച്ചു.

" ഹെല്ലോ… "

ശബ്ദത്തില്‍ നിന്നുതന്നെ എനിക്കാളെ മനസ്സിലായി. എന്റെ മാനേജര്‍!. ഈ കാലമാടനോടിത്രയും രാവിലെ ഓഫീസില്‍ വന്നിരിക്കാന്‍ ആരാണു പറഞ്ഞത്‌? ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി.

" എപ്പോളുമിങ്ങനെയാണോ ?" ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചപ്പോ എന്റെ മുഖത്തെ ഭാവം; ഈശ്വരാ, ഭൂമി പിളര്‍ന്നങ്ങു താണു പോയിരുന്നെങ്കില്‍!
***********
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നല്ലേ ? പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില ഇനമുണ്ട്‌. എന്നെ പോലെ.

എന്റെ ബാച്ചിലുള്ളവര്‍ (ഞങ്ങള്‍ മുപ്പതു പേരാണൊരുമിച്ചു ജോലിക്കു ചേര്‍ന്നത്‌) മാത്രമേ പരിസരത്തുള്ളൂ എന്നുറപ്പുള്ള സമയങ്ങളില്‍ ഞാന്‍ എന്റെ മുട്ടല്‍ നിര്‍ബാധം തീര്‍ത്തു പോന്നു. കൂടെയുള്ളവരെല്ലാം കോളേജുകളില്‍ നിന്നു ജസ്റ്റ്‌ പാസ്‌ഔട്ട്‌ റ്റീംസായിരുന്നതിനാല്‍, ചിലപ്പോളൊക്കെ എന്റെ ഈ ഏകാംഗ സംഗീതം, സംഘഗാനമായി മാറുകയും ചെയ്തിരുന്നു.

ട്രെയിനിംഗ്‌ കഴിഞ്ഞ് ഏകദേശം ഒരൊന്നന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം. മുംബൈയില്‍ ലൂപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ക്ലൈന്റ്‌സൈറ്റില്‍ ഞങ്ങള്‍ എട്ടു പത്തു പേര്‍ വരുന്ന റ്റീം, പ്രൊജക്റ്റ്‌ ഗോ ലൈവിന്റെ അവസാന തിരക്കുകളിലാണ്‌. പണികളൊന്നും തീരേണ്ടതു പോലെ തീര്‍ന്നിട്ടില്ല. ടെസ്റ്റിംഗ്‌ റ്റീം ഓരോ ദിവസവും ഓരോ പുതിയ പുതിയ ഇഷ്യൂ/ബഗ്ഗ്‌ കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഡെഡ്‌ലൈന്‍ മീറ്റ്‌ ചെയ്യാന്‍ വേണ്ടി എല്ലാവരും ശ്വാസം പിടിച്ചിരുന്നു പാതിരാ വരെ ജോലി ചെയ്യുന്നു.

പ്രോജക്റ്റ്‌ തീര്‍ക്കാന്‍ എസ്റ്റിമേറ്റു ചെയ്ത മനുഷ്യ പ്രയത്നവും (Estimated Man hours) യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നതും തമ്മില്‍ തീരെ ബന്ധമില്ലാതെയാകുന്നു എന്നു കണ്ടപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോള്‍, എല്ലാമൊന്നു നേരെയാക്കാന്‍ വേണ്ടി 2 ദിവസത്തേക്കു മാനേജര്‍ പറന്നെത്തിയിട്ടുണ്ട്‌.

എല്ലാവരും റ്റെന്‍ഷനിലാണ്‌. മാനേജറുമായിട്ടു മണിക്കൂറുകള്‍ ഡിസ്കഷന്‍. എവിടെയാണു നമ്മുടെ എസ്റ്റിമേഷന്‍ പിഴച്ചതെന്നറിയാനുള്ള ചര്‍ച്ചകള്‍. എസ്റ്റിമേഷന്‍ പിഴച്ചതല്ല, ഒരുപാട്‌ അഡീഷനല്‍ റിക്വയര്‍മെന്റ്സ്‌ വന്നതാണു പ്രശ്നമായതെന്നൊരു വിധം അങ്ങേരെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും പതുക്കെ ശ്വാസം നേരേ വീണു തുടങ്ങി. മാനേജര്‍ എന്തോ മീറ്റിങ്ങിനായിട്ടു മുറിയില്‍ നിന്നും പുറത്തേക്കു പോകുന്നതു കണ്ടു.

അതുവരെ പാടാന്‍ മുട്ടിയിരുന്ന ഞാന്‍..
"പഞ്ചാര പാലു മുട്ടായി…
എന്റെ പഞ്ചാര പാലു മുട്ടായി…
ഓഹോ..
പഞ്ചാര പാലു മുട്ടായി…
പിന്നേം പഞ്ചാര പാലു മുട്ടായി…."
എന്നു നീട്ടി പാടിയിട്ട്‌…
" ബാക്കിയെനിക്കറിയാന്‍ മേലല്ലോ … " എന്നതേ ഈണത്തില്‍ പാടിയിട്ട്‌.

"മല പോലെ വന്നതെലി പോലെ പോയല്ലോ…
ഡുമ്പപ്പ…ഡുമ്പപ്പ…ഡുമ്പപ്പ..ഡും…."
എന്നു പാടി തകര്‍ത്തിട്ട്‌

"ഇപ്പോ എല്ലാരുടേം 'മാനേജര്‍ വന്നിട്ടെന്താവുമീശ്വരാ' എന്നുള്ള റ്റെന്‍ഷന്‍ പോയില്ലേ' എന്നു ചോദിക്കാന്‍ വേണ്ടി പുറകോട്ടു തിരിഞ്ഞപ്പോള്‍….

ഒന്നര വര്‍ഷം മുന്‍പു ചിരിച്ച അതേ ചിരി ചിരിച്ച്‌…. എന്റെ മാനേജര്‍ തൊട്ടു പിന്നില്‍…

'ഇപ്പൊളുമൊരു മാറ്റോമില്ലാല്ലേ? ' എന്നെന്നോടും ' ഈ കക്ഷി എപ്പോഴുമിങ്ങനെയാണോ ?'എന്നു ബാക്കിയുള്ളവരോടും ചോദിക്കുന്നു.
ഈശ്വരാ…ഭൂമി പിളര്‍ന്ന് ആ കസേരയോടുകൂടി ഞാന്‍ താണു പോയിരുന്നെങ്കില്‍!

ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ ഏപ്രില്‍ 10, 2006

Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.
26 comments

അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനു നെയ്യുംകൂട്ടി ചോറുരുളകളാക്കി, കഥ പറഞ്ഞും, പാട്ടു പാടിയും, കാക്ക വന്നുരുള കൊത്തി പോയേ, എന്നുമൊക്കെ പറഞ്ഞു വായില്‍ വച്ചൂട്ടുന്ന അമ്മ. ഒക്കത്തിരിക്കുന്ന കുഞ്ഞ്‌ ചിലപ്പോള്‍ മൂന്നു വയസ്സുകാരനാവാം, ചിലപ്പോള്‍ അല്‍പം കൂടി മുതിര്‍ന്ന നഴ്‍സറിക്കാരിയാവാം. അപൂര്‍വം ചിലപ്പോള്‍ അമ്മയെക്കാള്‍ നീളമുള്ളതുകൊണ്ടു കുഞ്ഞിന്റെ കാലുകള്‍ നിലത്തൂടെ ഇഴയുന്നുണ്ടാവാം. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായ ഒരു കാഴ്ചയാണിത്‌.

ഇവിടെ വന്നപ്പോളോ ? ആറുമാസക്കാരി പാലുകുപ്പി തനിയെ കയ്യില്‍പ്പിടിച്ചു പാലു വലിച്ചു കുടിക്കുന്നു. പത്തുമാസക്കാരന്‍ സ്വന്തം കയ്യില്‍ സ്പൂണ്‍ പിടിച്ചു ഭക്ഷണം കോരി വായില്‍വച്ചു കഴിക്കുന്നു. നമ്മുടെ കുട്ടികളെ നമ്മള്‍ രണ്ടാം വയസ്സിലും മടിയിലിരുത്തി കുപ്പിയില്‍ നിന്നും പാലു കൊടുക്കുന്നു! കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ഈ വ്യത്യാസങ്ങള്‍ പലപ്പോളുമെന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികളേക്കാള്‍ ഇവിടുത്തെ കുട്ടികള്‍ക്കു പ്രത്യേകമായി എന്തെങ്കിലും കഴിവുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടോ, നമ്മുടെ കുട്ടികളെക്കാള്‍ പെട്ടെന്ന്‌ ഈ കുട്ടികള്‍ പക്വതയിലെത്തുന്നതു കൊണ്ടോ അല്ല ഇത്‌. ജനിച്ചു വീഴുമ്പോള്‍ മുതല്‍ ഈ കുഞ്ഞുങ്ങള്‍ അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നതുകൊണ്ടാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിലനില്‍പ്പിനു വേണ്ടി ഈ കുട്ടികള്‍ക്കിങ്ങനെയൊക്കെ ആകാതെ തരമില്ല എന്നും വ്യാഖ്യാനിക്കാവുന്നതാണ്‌.

ബ്രസ്റ്റ്‌ഫീഡ്‌ ചെയ്യുന്ന അമ്മമാരുടെയെണ്ണം 10 ശതമാനം മാത്രമേ ഉണ്ടാവൂ ഇവിടെ. ഇനി അഥവാ ചെയ്താലും ഒരാറുമാസം വരെ മാത്രം. പല്ലു വന്ന കുഞ്ഞിനെ എങ്ങനെ മുലയൂട്ടും എന്നല്‍ഭുതത്തോടെ എന്നോട്‌ ചോദിച്ചത്‌ എന്റെ കുഞ്ഞിന്റെ പീഡിയാറ്റ്രീഷന്‍ തന്നെയായിരുന്നു. ഫോര്‍മുല എന്ന പേരിലറിയപ്പേടുന്ന കൃത്രിമപ്പാല്‍ മാത്രം കുടിച്ചാണീ കുഞ്ഞുങ്ങള്‍ ആദ്യത്തെ 3 മാസം ജീവിക്കുന്നത്‌. അമ്മയുടെ മുലപ്പാലിന്റെ അതേ മണമുള്ള ഫോര്‍മുല പൊടി രൂപത്തിലും, നേരേ കുപ്പിയിലൊഴിച്ചു കുടിക്കാന്‍ പറ്റിയ 'റെഡി റ്റു യൂസ്‌' രൂപത്തിലും, പിന്നെ കുഞ്ഞിനു ഗ്യാസിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനുള്ളത്‌, കുഞ്ഞു തികട്ടാതിരിക്കാനുള്ളത്‌, പശുവിന്‍പാല്‍ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്കുള്ളത്‌..ഇങ്ങനെ പലപല ഭാവങ്ങളിലും ലഭ്യമാണ്‌. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ തന്നെ മുലയൂട്ടുന്നതാണു കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ നല്ലതെന്നും അവര്‍ ഓര്‍മിപ്പിക്കാറുണ്ട്‌.

മുലയൂട്ടല്‍ അത്ര വ്യാപകമല്ലാത്തതു കൊണ്ടാവണം 'പാസിഫയര്‍' ന്റെ ഉപയോഗം ഇവര്‍ക്കിടയില്‍ ഉണ്ടായത്‌. ജനിച്ചുകഴിഞ്ഞാല്‍ കുറച്ച്‌ ആഴ്ചകളിലേക്കു sucking reflux എല്ലാ കുട്ടികള്‍ക്കും തന്നെയുണ്ടെന്നാണു വൈദ്യശാസ്ത്രം പറയുന്നത്‌. നമ്മുടെ കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ആ സുരക്ഷിതത്വം കണ്ടെത്തുമ്പോള്‍ അമേരിക്കന്‍ കുട്ടികള്‍ റബ്ബറിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നിപ്പിളില്‍ ഇതു കണ്ടെത്തുന്നു എന്ന വ്യത്യാസം മാത്രം. ചെറുപ്പം മുതല്‍ ഈ പാസിഫയര്‍ ഇങ്ങനെ വായില്‍ തിരുകി (നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കുന്നതിനു പകരം എന്നും പറയാം) ശീലിക്കുന്നതു കൊണ്ടു ഒന്നരയോ രണ്ടോ വയസ്സു വരെ പാസിഫയര്‍ ശരീരത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകുന്ന പോലെ, ഇരുപത്തിനാലു മണിക്കൂറും ഇതു വായില്‍ തിരുകി, യാതോരു വിധ ചൈതന്യവും ഇല്ലാത്ത, ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നാറുണ്ടെനിക്ക്‌.

3-4 മാസമാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ അരച്ചു കൊടുക്കാന്‍ തുടങ്ങുന്നു. (ആരും അരച്ചും വേവിച്ചുമൊന്നും കഷ്ടപ്പെടുന്നില്ല, എല്ലാം വേവിച്ചരച്ചതു കുപ്പിയിലാക്കി മേടിക്കാന്‍ കിട്ടും).നാട്ടിലേതു പോലെ കുഞ്ഞുങ്ങളെ നോക്കാന്‍ മുത്തശ്ശിമാരോ വീട്ടിലെ മറ്റു മുതിര്‍ന്ന അംഗങ്ങളോ ഇവിടെയില്ലല്ലോ. മാതാപിതാക്കള്‍ 2 പേരും ജോലിക്കാരാണെങ്കില്‍ 6 ആഴ്ചത്തെ മറ്റേ‍ണിറ്റി ലീവിനു ശേഷം കുഞ്ഞിനെ ഡേകെയറിലോ മറ്റോ ഏല്‍പ്പിച്ച്‌ അമ്മ ജോലിക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന വരെ ആര്‍ക്കെങ്കിലും ഒരാള്‍ക്കു, (ആ ഒരാള്‍ ആരെന്നുള്ളതു ആര്‍ക്കാണോ വരുമാനം കൂടുതല്‍, വരുമാനം കൂടുതല്‍ ഉള്ള ആ ജോലി നല്ല ഒരു കരിയര്‍ ആണോ, അതോ വെറും പേ ച്ചെക്കു മാത്രമാണോ, തുടങ്ങി പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കും) ജോലി വേണ്ടെന്നു തീരുമാനിക്കുന്ന ആളുകളും ഇല്ലാതില്ല, സാമ്പത്തിക ശേഷി അനുവദിക്കുമെങ്കില്‍.

ഏകദേശം ഒന്‍പതു പത്തു മാസമാകുന്നതോടുകൂടി കുഞ്ഞുങ്ങള്‍ തനിയേ സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കോരി കഴിക്കാന്‍ പഠിക്കുന്നു. എന്റെ ഒരു വയസ്സുകാരിയെ ഡേക്കെയറിലാക്കാന്‍ നേരം, എന്റെ കുഞ്ഞിനു ഭക്ഷണം കോരി വായില്‍ വച്ചു കൊടുക്കുന്ന ഡേകയറിലേ വിടുള്ളൂ എന്ന വാശിയില്‍ ഞാന്‍ ഒരുപാടന്വേഷിച്ചു.

'ഒരു വയസ്സുകാരിക്കു കോരിക്കൊടുക്കുകേ'? ഞാന്‍ വിളിച്ച എല്ലാ ഡേകെയറിലേം മദാമ്മമാര്‍ അല്‍ഭുതം കൊണ്ടു വാ പൊളിച്ചു.

'പക്ഷേ എന്റെ കുട്ടിയെ ഞാന്‍ തനിയെ കഴിക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഷീ ഈസ്‌ നോട്ട്‌ ട്രെയിന്‍ഡ്‌ ഫോര്‍ ഫീഡിംഗ്‌ ഹെര്‍സെല്ഫ്‌''. ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി.

'അവള്‍ തനിയെ പഠിച്ചുകൊള്ളും! ഇല്ലെങ്കില്‍ ഞങ്ങള്‍ അവളെ ട്രെയിന്‍ ചെയ്യും'.

എന്റെ കുഞ്ഞു പകലു മുഴുവനും പട്ടിണിയാകുമല്ലോ ഈശ്വരാ.. എന്നാകുലപ്പെട്ടിരുന്ന ഞങ്ങളെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു ആദ്യത്തെ ആഴ്ച തന്നെ അവള്‍ സ്പൂണ്‍കൊണ്ടു തനിയെ ഭക്ഷണം കോരിക്കഴിക്കാന്‍ തുടങ്ങി. ഇന്ത്യക്കാരുടെ കുഞ്ഞോ അതോ അമേരിക്കന്‍ കുഞ്ഞോ എന്നതല്ല, മറിച്ച്‌, നമ്മള്‍ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിലാണു കാര്യം എന്നെനിക്കിതോടെ വ്യക്തമായി.

കുഞ്ഞുങ്ങളെ ഉറക്കുന്ന രീതിയിലാണു മറ്റൊരു പ്രധാന വ്യത്യാസം ഞാന്‍ കണ്ടത്‌. മൂന്നു വയസ്സു വരെ അല്ലെങ്കില്‍ രണ്ടു വയസ്സു വരെയെങ്കിലും, അമ്മ കൂടെക്കിടന്നു കൊട്ടിയോ, തൊട്ടിലിലാട്ടിയോ, തോളത്തിട്ടു കൊട്ടിയോ, കഥ പറഞ്ഞോ, പാലു കുടിപ്പിച്ചോ ഒക്കെയാണു നമ്മള്‍ കുട്ടികളെ ഉറക്കാറ്‌. പക്ഷേ ഇവിടെ ആറു മാസക്കാരി വെറുതെ കൊണ്ടു പൊയി തൊട്ടിലില്‍ കിടത്തിയാല്‍ തനിയേ ഉറങ്ങുന്നതു കണ്ടു ഞാന്‍ അന്തം വിട്ടു വായും പൊളിച്ചിരുന്നിട്ടുണ്ട്‌. അതും വൈകിട്ടുറക്കിയാല്‍, രാത്രിയിലെങ്ങും ഇടക്കൊന്നു പോലും ഉണര്‍ന്നു കരയാതെ തുടര്‍ച്ചയായി രാവിലെ വരെ. നമ്മളോ, ഇടക്കെത്രയോ വട്ടം കുഞ്ഞുങ്ങള്‍ ഉണരുന്നു, കരയുന്നു, കൂടെ അമ്മയും ചിലപ്പോള്‍ അച്ഛനും ഉണരുന്നു. പിന്നെ പാലു കൊടുത്തോ ആട്ടിയോ കൊട്ടിയോ പാട്ടു പാടിയോ ഒക്കെ എങ്ങിനെയോ ഉറക്കുന്നു. രാവിലെ ഉണരുമ്പോള്‍ അമ്മക്കും കുഞ്ഞിനും രാത്രി നന്നായുറങ്ങാത്തതിന്റെ ക്ഷീണം ബാക്കി.

അതിന്റെയൊന്നും യാതൊരു വിധ ആവശ്യവുമില്ലെന്നാ ഇവരു പറയുന്നത്‌. നാലു മുതല്‍ അഞ്ചു മാസത്തോടു കൂടി, അതായതു ഫോര്‍മുലയോ മുലപ്പാലോ മാത്രം എന്ന അവസ്ഥയില്‍ നിന്നു സോളിഡ്‌ ഫൂഡ്‌ കൂടി കഴിച്ചു തുടങ്ങുന്നതോടെ കുഞ്ഞിനു രാത്രി മുഴുവന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടുണര്‍ന്നു പാലു കുടിച്ചു വിശപ്പു തീര്‍ക്കേണ്ട ആവശ്യം തീരെ ഇല്ലാതാകുന്നു. ആ സമയത്തു കുഞ്ഞിനെ നമ്മള്‍ തനിയെ ഉറങ്ങാനും കൂടി പഠിപ്പിച്ചാല്‍ പിന്നീടങ്ങോട്ടു രാത്രി ഉണര്‍ന്നു കരയാതെ ആ കുഞ്ഞു തനിയെ ഉറങ്ങിക്കൊള്ളും. ആദ്യം ഇതു വായിച്ചപ്പോള്‍ ഞാനും ചിരിച്ചു തള്ളി. പക്ഷേ പിന്നീടു നേരില്‍ കണ്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനായില്ല.അമ്മയും അച്ഛനും സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നു. കുഞ്ഞതേ മുറിയിലോ മറ്റൊരു മുറിയിലോ, ക്രിബ്‌ എന്നറിയപ്പെടുന്ന തൊട്ടിലില്‍ രാത്രി മുഴുവനും സുഖമായുറങ്ങുന്നു. കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കട്ടിലില്‍ തന്നെ കിടത്തിയുറക്കുന്ന രീതി ഇവിടെ തീരെ ഇല്ല. കുഞ്ഞുണ്ടാവുന്ന ദിവസം മുതല്‍ തന്നെ, കുഞ്ഞു തൊട്ടിലില്‍ ഉറങ്ങി പരിശീലിക്കുന്നു. സഹശയന രീതി, സിഡ്സ്‌ (sudden infant death syndrome) മൂലം കുഞ്ഞുങ്ങള്‍ മരിക്കാനോ, ഉറക്കത്തില്‍ അമ്മ അറിയാതെ കുഞ്ഞിനു മേലേ കയ്യോ കാലോ മറ്റോ എടുത്തു വച്ചു കുഞ്ഞിനു ശ്വാസതടസ്സം നേരിടാന്‍ സാധ്യത ഉള്ളതുകൊണ്ടും ഡോക്ടര്‍മാര്‍ തീരെ പ്രോല്‍സാഹിപ്പിക്കുന്നില്ല.

കൂട്ടത്തില്‍ പറയട്ടെ, ഇവിടെ നമ്മുടെ നാട്ടിലെ പൊലെ തുണി കൊണ്ടു കെട്ടിയുണ്ടാക്കുന്ന ആട്ടുന്ന തൊട്ടില്‍ ഇല്ല. ഇവിടെ തൊട്ടില്‍ എന്നു പറയുന്നതു നമ്മുടെ കട്ടിലിന്റെ ഒക്കെ അത്ര തന്നെ വീതിയുള്ള, ഏകദേശം അതിന്റെ ഒരു പകുതിയില്‍ കൂടുതല്‍ നീളമുള്ള, കുഞ്ഞു വീണു പോകാതെ 4 വശത്തും കമ്പുകള്‍ വച്ചു കെട്ടിയ ഒന്നാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഉറക്കുന്നോ, അതോ നമ്മുടെ പരമ്പരാഗത ശൈലിയില്‍ കൂടെ കിടത്തി ഉറക്കുന്നോ എന്ന കാര്യത്തില്‍ എനിക്കത്ര തിട്ടമില്ല. "മലയാളികള്‍ വല്യ ജാടക്ക്‌ അമേരിക്കന്‍ രീതിയിലൊക്കെ വളര്‍ത്താമെന്നു വ്യാമോഹിച്ച്‌ ക്രിബ്‌ മേടിക്കും. പക്ഷേ, അമ്മയും കുഞ്ഞും കൂടി കട്ടിലില്‍ കിടന്നുറങ്ങും, ക്രിബ്‌ തുണികളൊക്കെ മടക്കിയൊതുക്കി വക്കാന്‍ പെട്ടി പോലെ ഉപയോഗിക്കും!" . ഒരു വയസ്സു പ്രായമുള്ള മകളുള്ള ഒരു സുഹൃത്തു പറഞ്ഞതാണിത്‌.

ഇവിടെ വന്നപ്പോള്‍ കണ്ട മറ്റൊരു അല്‍ഭുതമാണു ഇന്‍ഫന്റ്‌ കാര്‍സീറ്റ്‌. ഇതുവരെ പറഞ്ഞതൊക്കെ ഇവിടുത്തെ സമൂഹത്തിലെ നല്ല രീതികള്‍ എന്നുള്ള നിലയില്‍ ആളുകള്‍ ചെയ്യുന്നതാണെങ്കില്‍, കാര്‍സീറ്റാകട്ടെ, നിയമപ്രകാരം നിര്‍ബന്ധമായ ഒന്നാണ്‌. കുഞ്ഞുങ്ങള്‍ ജനിച്ച്‌ ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍തന്നെ കാര്‍ സീറ്റ്‌ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ മാത്രമേ കൊടുത്തു വിടാന്‍ പാടുള്ളൂ എന്നമേരിക്കയിലെ മിക്കവാറും സംസ്ഥാനങ്ങളിലും നിയമമുണ്ട്‌. ജനിക്കുമ്പോള്‍ മുതല്‍ ഒരു വയസ്സാകുന്നതു വരെ ഇന്‍ഫന്റ്‌ കാര്‍ സീറ്റിലാണു കുഞ്ഞുങ്ങള്‍ ഇരിക്കേണ്ടത്‌. ഈ കാര്‍ സീറ്റാവട്ടെ കാറിന്റെ പുറകിലത്തെ സീറ്റില്‍ പുറകോട്ടു തിരിച്ചാണു വക്കേണ്ടതും. ഒരു വയസ്സും, ഇരുപതു പൌണ്ട്‌ തൂക്കവുമായി കഴിഞ്ഞാല്‍ കുഞ്ഞിനു ഇന്‍ഫന്റ്‌ കാര്‍ സീറ്റില്‍ നിന്നും റ്റോഡ്‌ലര്‍ കാര്‍ സീറ്റിലേക്കു പ്രമോഷന്‍ കിട്ടുന്നു. 40 പൌണ്ട്‌ തൂക്കം വക്കുന്നതു വരെ കുഞ്ഞുങ്ങള്‍ കാര്‍സീറ്റില്‍ തന്നെയിരിക്കണം. 60 മുതല്‍ നൂറ്റിയന്‍പതോ അതിനു മുകളിലോ കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായുന്ന കാറുകളില്‍, കാറില്‍ തന്നെയുള്ള സീറ്റ്‌ബെല്‍റ്റ്‌ കുഞ്ഞുങ്ങളെ സീറ്റുമായി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ ഉപകരിക്കില്ല എന്നതുകൊണ്ടാണു, കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി ഇങ്ങനെയൊരു നിയമം.

ആദ്യമൊക്കെ ഇതെന്തൊരേര്‍പ്പാടെന്നു ചിന്തിച്ചെങ്കിലും പിന്നീടിതിന്റെ പലമാതിരി ഗുണങ്ങളും സൌകര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ ചിന്ത മാറി. (കുഞ്ഞിനേയും മടിയില്‍ വച്ചു പുറകിലിരുന്നതിനു 2 പ്രാവശ്യം പോലീസ്‌ പിടിക്കേണ്ടി വന്നു, ഈ ബോധോദയം ഉണ്ടാവാന്‍) രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാനും, വൈകിട്ടു തിരിച്ചു കൊണ്ടു വരാനുമൊന്നും 2 പേര്‍ക്കും കൂടി ഒരുമിച്ചു പോകാന്‍ പറ്റിയെന്നു വരില്ല. അപ്പോള്‍ കാര്‍സീറ്റില്ലാരുന്നെങ്കില്‍ എങ്ങനെ കുഞ്ഞിനെയും കയ്യില്‍ പിടിച്ച്‌ ഒറ്റക്കു ഡ്രൈവ്‌ ചെയ്യാന്‍ സാധിക്കും ? പൊടിക്കുഞ്ഞിനെ സീറ്റില്‍ ഒറ്റക്കിരുത്താനാവില്ലല്ലോ. ഇതാവുമ്പോള്‍ കുഞ്ഞിനെ കാര്‍ സീറ്റിലിരുത്തി ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കാതെ അമ്മക്കോ അച്ഛനോ ഒറ്റക്കു ഡ്രൈവ്‌ ചെയ്തെവിടെ വേണമെങ്കിലും, ഷോപ്പിങ്ങിനോ ജോലിക്കോ ഒക്കെ സുരക്ഷിതമായി പോകാം. കുഞ്ഞുങ്ങള്‍ക്കും അമ്മയുടെയോ അച്ഛന്റെയോ മടിയിലിരുന്ന് ഓരോ പ്രാവശ്യവും ബ്രേക്ക്‌ ചവിട്ടുമ്പോള്‍ മുന്നോട്ടാഞ്ഞു പോകുന്നതിന്റെ അസ്വസ്ഥതകള്‍ ഇല്ലാതെ കാഴ്ചകളൊക്കെ കണ്ടു മടുക്കുമ്പോള്‍ സുഖമായിരുന്നുറങ്ങുകയും ചെയ്യാം.

ഇനിയുമുണ്ടേറെ വ്യത്യാസങ്ങള്‍, നമ്മുടെ രീതിയും സായിപ്പിന്റെ രീതിയും തമ്മില്‍. സായിപ്പ്‌ അപ്പി ഇട്ടിട്ടു കുണ്ടി കഴുകില്ല എന്നുള്ളതാണല്ലോ നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്തുന്ന ആദ്യത്തെ വ്യത്യാസം. ഇക്കാര്യത്തില്‍ ഇവിടെയുള്ള മലയാളികള്‍ എന്താണാവോ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ ? സായിപ്പിന്റെ രീതിയോ, അതോ നമ്മുടെ രീതിയോ ? അറിയില്ല. എന്റെ മകളെ പരിശീലിപ്പിക്കാന്‍ സമയമാകുന്നേയുള്ളൂ. സ്കൂളില്‍ പോകുമ്പോളും പഠിപ്പിക്കുന്ന രീതിയിലുമൊക്കെ ഉള്ള വ്യത്യാസങ്ങള്‍, മുതിര്‍ന്ന കുട്ടികളുള്ള ഉമേഷ്ജിയോ, നിളേടച്ഛനോ ഒക്കെ പറയട്ടെ.

വാല്‍ക്കഷണം:അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മൂന്നു മക്കളുള്ള മലയാളി ദമ്പതികള്‍ മക്കളോടൊപ്പം നാട്ടിലെത്തി. തിരിച്ചു പോകാന്‍ നേരം പെട്ടികള്‍ പലതും കാലി. കാരണം 2 പെട്ടി നിറയെ മൂവര്‍സംഖത്തിനു കാര്യം സാധിച്ച ശേഷം തുടക്കാന്‍ വേണ്ട റ്റോയ്‌ലറ്റ്‌ പേപ്പറാരുന്നു:)

കലികാലം മാര്‍ച്ച് 26, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
120 comments

പതിവുള്ള മെയിലുകളൊന്നില്‍ വെറുതെയെഴുതി. അപ്പോ വേറെയെന്തൊക്കെയാണവിടെ 'വിശേഷങ്ങള്‍'? പ്രത്യേകിച്ചു 'വിശേഷ'മൊന്നുമില്ലല്ലോ അല്ലേ?

കല്യാണം കഴിഞ്ഞൊരു വര്‍ഷത്തോളമായ കൂട്ടുകാരിയോടിതൊക്കെയല്ലാതെ വേറെന്തു ചോദിക്കാന്‍?

"അയ്യേ എന്തു വിശേഷം? ഞങ്ങള്‍ക്കതൊന്നും വേണ്ടെന്നാ തീരുമാനം. ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ? "

ഒരു കുഞ്ഞുണ്ടാകുന്നതോടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുണ്ടാവുന്ന പരിധികളേപ്പറ്റിയും, അതുകൊണ്ടു കുഞ്ഞുങ്ങള്‍ വേണ്ട എന്നുള്ള അവളുടെ തീരുമാനത്തെപ്പറ്റിയുമൊക്കെ പലവട്ടം ഞങ്ങള്‍ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ തര്‍ക്കിച്ചിട്ടുണ്ട്‌, മണിക്കൂറുകളോളം.

"എന്നെക്കൊണ്ടു വയ്യാ, രാവെന്നോ പകലെന്നോ ഇല്ലാതെ കെടന്നു കഷ്ടപ്പെടാന്‍. അതുകൊണ്ടാര്‍ക്കാ, എന്താ പ്രയോജനം? "

" കഷ്ടപ്പാടുകള്‍ ഉണ്ട്‌, സമ്മതിക്കുന്നു. പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷത്തിനു പകരം വക്കുമ്പോള്‍ ആ കഷ്ടപാടുകളൊന്നും…"

" എന്തു സന്തോഷം? ഇപ്പോ എനിക്കിഷ്ടമുള്ളപ്പോ ഉണരാം. ഇഷ്ടമുള്ളപ്പോ ഉറങ്ങാം. ഒരു കുഞ്ഞുണ്ടെങ്കിലിതു വല്ലതും നടക്കുമോ? അതിനൊരു 2-3 വയസ്സു വരെയെങ്കിലുമൊക്കെ ആകുന്നതു വരെ ഇഷ്ടമുള്ളപ്പോള്‍ ഉറങ്ങുന്ന പോയിട്ടെപ്പോഴെങ്കിലുമൊന്നു സ്വസ്ഥമായുറങ്ങാന്‍ പറ്റുമോ?

" ഞങ്ങള്‍ 2 പേരും മാത്രമുള്ളെങ്കിലൊരു ദിവസം രാവിലെ ഉണരുമ്പോ, ഇന്നൊരു മൂഡില്ല, ഇന്നൊന്നും പാചകം ചെയ്യണ്ട എന്നു തീരുമാനിച്ചാല്‍ അത്ര തന്നെ. പക്ഷെ ഒരു കുഞ്ഞുണ്ടെങ്കിലോ?

“ഓഫീസില്‍പണി കൂടുതലുള്ള ദിവസം കുറച്ചു ലേറ്റായിട്ടിരിക്കാന്‍ പറ്റുമോ? ഒക്കെ സഹിക്കാം. എപ്പോളും അതിന്റെ അപ്പി മാറ്റാനും മൂത്രം തുടക്കാനുമെനിക്കു വയ്യ. കൊച്ചു കെടന്നു മുള്ളിയ മൂത്രമണമുള്ള അതേ ബെഡ്ഡില്‍ കെടന്നുറങ്ങുന്നതൊന്നുമോര്‍ക്കാന്‍ കൂടി പറ്റണില്ല. പിന്നെ മൂക്കൊലിപ്പിച്ചു നടക്കുമ്പോ മൂക്കു തൂക്കണം . വല്ല പനിയോ ചെവി വേദനയോ മറ്റോ വന്നാല്‍ പിന്നെ പറയണോ? രാത്രി മുഴുവനും ചീവീടു പോലെ കരഞ്ഞോണ്ടിരിക്കില്ലേ ഈ സാധനങ്ങള്‌. ഒന്നുറങ്ങാന്‍ പറ്റുമോ? മനസ്സമാധാനമുണ്ടോ?"

"ഒരു കുഞ്ഞിന്റെ പാല്‍പുഞ്ചിരി, അതിന്റെ കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം പറച്ചിലുകള്‍, അതു നമ്മളെ കെട്ടിപിടിച്ചുമ്മ വക്കുമ്പോ മനസ്സിനു കിട്ടുന്ന സന്തോഷം, നിനക്കറിയാഞ്ഞിട്ടാ."

“ഉവ്വുവ്വേ, വീടൊക്കെ എത്ര വൃത്തിയായിട്ടിട്ടാലും കാര്യമുണ്ടോ? ഒക്കെ വലിച്ചു വാരി എറിഞ്ഞു വൃത്തികേടാക്കില്ലേ? ഇനിയിതൊക്കെ പോകട്ടേ, കാശുചെലവോ? എത്ര ഉണ്ടാക്കിയാലും എന്തിനെങ്കിലും തികയുമോ? പുസ്തകം, കളിപ്പാട്ടം, തുണി, കുട, വടി എന്നുവേണ്ട ഒക്കെ ചെലവല്ലേ? കുഞ്ഞില്ലെങ്കില്‍ ആ പൈസ കൊണ്ടു നമുക്കു സുഖമായി, സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കിലോ, കുഞ്ഞിനും നല്ലൊരു ജീവിതം കൊടുക്കാന്‍ തികയൂല്ല, നമ്മുടെ ആവശ്യങ്ങളും മെനയായിട്ടു നടക്കൂല്ല.
ഇത്രേമൊക്കെ നഷ്ടങ്ങള്‍ സഹിച്ചിട്ടു വേണോ പാല്‍പുഞ്ചിരി കാണുമ്പോഴുള്ള സന്തോഷം? അതിനു ഞാനെന്റെ വീടു നെറയെ ചിരിക്കുന്ന കുട്ടികളുടെ പിക്‍ച്ചേര്‍സ്‌ ഒട്ടിച്ചു വക്കും".

"കൊള്ളാം, ഈ നഷ്ടത്തിന്റെ കണക്കൊക്കെ നിന്റെ അച്ഛനുമമ്മയും കൂട്ടിയിരുന്നെങ്കില്‍ ഇന്നിപ്പോ ഇങ്ങനെ വാദിക്കാന്‍ നീയുണ്ടാവുമാരുന്നോ?"

“അതവരുടെ വിഢിത്തം! അതിനു ഞാനുത്തരവാദിയല്ല. അവരു മണ്ടത്തരം കാണിച്ചു എന്നതുകൊണ്ടു ഞാനുമതൊക്കെ ചെയ്യണമെന്നുണ്ടോ? അവര്‍ക്കു പറ്റിയ തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത്‌?"

അവളോടു തര്‍ക്കിച്ചൊരിക്കലും ഞാന്‍ ജയിച്ചിട്ടില്ല. എങ്കിലും വെറുതെയാശ്വസിക്കും, ഇവളൊരു കല്യാണം കഴിക്കുന്നതോടെ ഈ ചിന്തയൊക്കെ മാറിക്കൊള്ളും.

കല്യാണം കഴിഞ്ഞു വര്‍ഷമൊന്നു കഴിഞ്ഞിട്ടും, തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ എനിക്കല്‍ഭുതമായി. പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോളും പകുതി തമാശയും പകുതി കാര്യവുമായി 'ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കുഞ്ഞികാലൊക്കെ .. ?"

"അയ്യോ, ഞാനിതെത്ര വട്ടം പറഞ്ഞിട്ടുള്ളതാ. നീ പ്രവചിച്ച പോലെ കല്യാണം കഴിഞ്ഞെന്നു കരുതി എന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല".

"ശരി, സമ്മതിച്ചു. പക്ഷേ ഇതങ്ങനെ സ്വയം തീരുമാനിക്കേണ്ട കാര്യമല്ലല്ലോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്താ?"

"എന്താ സംശയം? എന്റെ അതേ അഭിപ്രായം തന്നെ! ഞങ്ങള്‍ കുറേ ഡിസ്കസ്‌ ചെയ്തു ഇതിനെപറ്റി. 'അച്ഛാ' എന്നൊക്കെ വിളിച്ചൊരു കുഞ്ഞീ വീട്ടില്‍ നടക്കണതൊന്നും ചിന്തിക്കാന്‍ കൂടി പറ്റണില്ലെന്നാ പറയുന്നേ. എന്തോരു ശല്യമാരിക്കും. നമുക്കിപ്പോഴുള്ള ഈ സ്വാതന്ത്ര്യമൊന്നും ഉണ്ടാവൂല്ലല്ലോ. മാത്രോമല്ല, എന്റെ സ്നേഹം പങ്കിട്ടുപോകുമത്രേ. എനിക്കു കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കികഴിഞ്ഞു സമയമുണ്ടായിട്ടു വേണ്ടേ? അതു ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ചിന്തിക്കാന്‍ പറ്റുന്നതിലും… "

കഷ്ടം! എന്തേ ഈ കുട്ടി ഇങ്ങനെയായി പോയത്‌? ഞാനറിയുന്ന പട്ടത്തികളൊക്കെ 'അമ്മ' മനസ്സുള്ളവരാരുന്നല്ലോ. കലികാലം എന്നല്ലാതെന്തു പറയേണ്ടൂ.

പിന്നീടൊരിക്കല്‍ എന്റെ മകളുടെ ചില നല്ല ചിത്രങ്ങള്‍ ഞാന്‍ ഫോര്‍വേഡ്‌ ചെയ്തു. ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സു മാറിയാലോ?

"ഓ… ചോ ച്വീറ്റ്‌..ചോ ക്യൂട്ട്‌. എന്തു രസാടാ അതിന്റെ ചിരിയൊക്കെ.. അമുലിന്റെയൊക്കെ പരസ്യത്തില്‍ കാണുന്ന വാവകളെ പോലെ.. എന്റെ വക ഒരു ചക്കരയുമ്മ കൊടുക്കണം കേട്ടോ. "

ഈശ്വരാ തന്ത്രം ഫലിച്ചോ ?

"ഇതുപോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ ഡിയര്‍ ".

"പിന്നേ, വട്ടല്ലേ എനിക്ക്‌? വയറും ചുമന്ന്, ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു വശംകെട്ട്‌, വണ്ണോം വച്ച്‌.. എല്ലാം കഴിഞ്ഞാലെങ്കിലും വയറൊന്നു ചുങ്ങുമോ ? നെറയെ സ്ട്രെച്ച്മാര്‍ക്സുമായിട്ടു …ഒരു സാരിയുടുക്കാന്‍ പറ്റുമോ വൃത്തിയായിട്ട്‌ ? ഒരു നല്ല പാന്റ്സും ടോപ്പുമിട്ടാല്‍ ഭംഗിയുണ്ടോ ? ഒരു വണ്ടി വയറും വച്ച്‌.
ഒക്കെ പോരാഞ്ഞെവിടെയെങ്കിലുമൊന്നു വേഗമൊരുങ്ങി ഇറങ്ങി പോകാന്‍ പറ്റുമോ? കുഞ്ഞിനെ കുളിപ്പിച്ചൊരുക്കിയിറക്കി.. നിനക്കു പറ്റിയ അബദ്ധം എനിക്കു പറ്റില്ല മോളേ…"

കുറേ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍…
"ഒരു വിശേഷമുണ്ട്‌. ഞാന്‍ പ്രഗ്നന്റാണ്‌ ".

'ഉവ്വോ. സന്തോഷ വാര്‍ത്തയാണല്ലോ. എന്തു പറ്റി തീരുമാനമൊക്കെ മാറ്റിയേക്കാമെന്നു വച്ചത്‌ ?"

"എല്ലാ പ്രികോഷന്‍സുമെടുത്തിട്ടുണ്ടാരുന്നെടാ.. എന്നിട്ടും.. ഞാന്‍ സ്യൂ ചെയ്യാന്‍ പോവാണ്‌".

ഈശ്വരാ. നാട്ടിലുള്ള മനുഷ്യരും ഒന്നു പറഞ്ഞു രണ്ടാം വാക്കിനു സ്യൂ എന്നൊക്കെ പറഞ്ഞു തുടങ്ങിയോ?

"ആര്‍ക്കെതിരേ?"

"ഞാന്‍ കഴിച്ചിരുന്ന കൊണ്ട്രാസെപ്റ്റിവ്‌ റ്റാബ്ലറ്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരേ.."

ഇതു ദൈവം ചതിച്ച ചതിയാണ്‌. ദൈവത്തിനെതിരേയുള്ള കേസുകള്‍ എടുക്കുന്ന കോടതിയെവിടെയെങ്കിലുമുണ്ടോ ആവോ?

"അതെന്തോ വെണമെങ്കില്‍ ചെയ്യൂ.. കുഞ്ഞിന്റെ കാര്യത്തിലെന്തു തീരുമാനിച്ചു?"

"എന്തു തീരുമാനിക്കാന്‍? ഞങ്ങളറിഞ്ഞപ്പോ തന്നെ 3 മാസമായി. പണ്ടുമെനിക്കു 'മാസം തോറുമുള്ള ശല്യം' ചെലപ്പോ ഒക്കെ ഒന്നിടവിട്ടൊക്കെയല്ലേ വരാറുണ്ടാരുന്നുള്ളൂ? ഇങ്ങനെയൊരു പോസ്സിബിലിറ്റിയെ പറ്റി ചിന്തിക്കയേ ചെയ്യാതിരുന്നതു കൊണ്ടു..ഇനിയിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയണേ."

"വേണ്ടാ, ഒന്നും ചെയ്യണ്ടാ. ഇനിയങ്ങോട്ടു മനസ്സില്‍ നല്ലതു മാത്രം ചിന്തിക്കൂ. കുഞ്ഞിനെ അക്സപ്റ്റ്‌ ചെയ്യാന്‍ മനസ്സു കൊണ്ടു പ്രിപ്പയര്‍ ചെയ്യൂ. കുഞ്ഞുവാവയോടൊരുപാടു സംസാരിക്കണം കേട്ടോ. 'അണ്‍വാണ്ടഡ്‌' എന്നുള്ള ആ തോന്നല്‍ മാറ്റിയെടുക്കന്‍, 'അമ്മ ലവ്യൂ' എന്നെപ്പോളും പറയ…."

അവിടെ ഫോണ്‍ 'ടപ്പോ' ന്നു വക്കുന്ന സ്വരം ഞാന്‍ കേട്ടു.

എന്റെ മനസ്സസ്വസ്ഥമാണിപ്പോള്‍.

മക്കള്‍ ആദ്യം ജനിക്കേണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്‌?

അമ്മയുടെ ഹൃദയത്തില്‍ നിന്ന്‌ ഉദരത്തിലേക്കു മാറിയെങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാകേണ്ടത്‌? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്‌.. അവന്റെ ഭാവി എന്താകും?

പ്രാര്‍ത്ഥിക്കാന്‍ മാ‍ത്രമല്ലേ എനിക്കാവൂ. നല്ലതു വരട്ടെ.

കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യ മാര്‍ച്ച് 5, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.
29 comments

മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ്‌ കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ്‌ അസ്സൈന്‍മന്റ്‌ !

പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക്‌ വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത്‌ പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.

പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢ‌സ്വര്‍ഗത്തില്‍ കഴിയുന്ന സമയം.

വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.

“അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല ” എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ…

പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന്‌ വേണ്ടിയല്ലേ നമ്മളെല്ലാം.. ?

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട്‌ 2 ദിവസത്തിനകം വീസ സ്റ്റാമ്പ്‌ ചെയ്ത്‌ പാസ്പോര്‍ട്ട്‌ തിരിച്ചെത്തി !

അങ്ങനെ വിരുന്നുണ്ട്‌ തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക്‌ ചെയ്തു.

തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ്‌ സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.

തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ്‌ പുറപ്പെട്ടത്‌ തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്‌. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പുറപ്പെടാന്‍ വെറും 25 മിനിറ്റ്‌ മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്‌. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ ‘യെങ്ങനെ ‘യിന്റര്‍നാഷ്‌നല്‍’ പട്ടം കിട്ടിയെടാ ‘ എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക്‌ ഡയറക്ഷന്‍സ്‌ നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.

ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം ‘ഞങ്ങള്‍’ എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.

ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട്‌ വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്‌. ഞാനാളുകളെയൊക്കെ വകഞ്ഞ്‌ മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്‌. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്‌.

ആമയും മുയലുമോട്ടത്തിന്‌ പോയപോലെ ഞാന്‍ കുറച്ച്‌ ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത്‌ 2-3 സ്റ്റെപ്പ്‌ പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച്‌ ‘വയറിതാ മുന്നേ ഞാനിതാ പിന്നേ ‘ എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്‌. ഞാനുടനെ റിവേഴ്‍സ്‌ ഗിയറിലിട്ട്‌ പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ്‌ പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.

അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ്‌ കൊണ്ട്‌ ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !

ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്‌. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?

ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്‌.

ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.

‘കണ്ടവരുണ്ടോ’ എന്നാരിക്കുമോ? ഏയ്‌, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?

‘വാണ്ടട്‌’ എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.

ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര്‌ വായിച്ചിരുന്നെങ്കില്‍ ‘ജുഗുപ്സാവഹമെന്ന്’ പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട്‌ മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം.

എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. ‘കുട്ട്യേടത്തി, പ്ലീസ്‌ റിപ്പോര്‍ട്ട്‌ അറ്റ്‌ ദ ‘ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ട്‌’ കൌണ്ടര്‍’ എന്നാണാ പേപ്പറിലെഴുതിയിരിക്കണത്‌. എന്നിട്ടടിയില്‍ കോളേജ്‌ പിള്ളാര്‌ ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.

പിന്നീടങ്ങോട്ട് ‘ആരോ’ കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്‌.

‘ലോസ്റ്റ്‌ ആന്റ്‌ ഫൌണ്ടോ’ ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത്‌ തന്നെയുണ്ട്. മാലയുടെ അറ്റത്ത്‌ താലി, അതുമുണ്ട്‌. പേരെഴുതിയ മോതിരം, കാലിലെ പാദസരം… എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ്‌ തോളത്തുണ്ട്‌. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്‌. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്‌.

ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത്‌ ?

തെരക്കില്‌ ഞാന്‍ ഫ്ലൈറ്റ്‌ മാറിയോ മറ്റോ ആണോ കേറിയത്‌? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്‌? ദൈവമേ..എവിടെയെങ്കിലുമൊന്നു ‘ജക്കാര്‍ത്ത’ എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.

അങ്ങനെ നടന്നു നടന്നു ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.

” ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്‌? ”

” ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്‌”

എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട്‌ ക്ഷമ ചോദിക്കണേ?

“നിങ്ങളുടെ ഫ്ലൈറ്റ്‌ സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ”

എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ…

” സിങ്കപ്പൂര്‍ ഫ്ലൈറ്റ്‌ വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച്‌ സമയമേ കിട്ടിയുള്ളൂ. ”

അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!

“നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം ”

എന്തോന്ന് ? അയ്യേ…. ച്ചേ ച്ചേ…. ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത്‌ സാധനത്തിന്റെ കാര്യമായിവരീ പറയണത്‌ ? പണ്ട്‌ ദാസനും വിജയനും കൂടി ‘സാധനം കയ്യിലുണ്ടേ’ എന്ന് വിളിച്ച്‌ കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.

” നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്‌. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച്‌ പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. ”

ഓഹോ…. അപ്പമതാണു കാര്യം ??

” നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ്‌ ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട്‌ നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍.”

” ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക്‌ 200 ഡോളര്‍ തരും ”

ഇത്‌ കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത്‌ 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്‌/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്‌. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന്‌ മുന്‍പ്‌ 3 പ്രാവശ്യമാലോചിച്ച്‌ കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത്‌ മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക്‌ വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).

പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ്‌ ചെയ്തു കൊണ്ട്‌ ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.

ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..

തൊട്ടു മുന്‍പിലുള്ള ബാഗേജ്‌ ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാവരുമൊക്കെ പെട്ടിയെടുത്ത്‌ പോയിക്കഴിഞ്ഞിരുന്നതുകൊണ്ട്‌ ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.

അപ്പോള്‍ മറ്റവനാണല്ലേ പോയത്‌ ? അതിനകത്ത്‌ ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ? ഹായ്‌ ഹായ്‌.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച്‌ മാനേജര്‍ കൂടി പെട്ടിയെടുത്ത്‌ വരാന്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. ദൈവമേ… പെട്ടിയിനിയവര്‍ക്ക്‌ കിട്ടുമോ ?

എയ്‌..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?

ദൈവമേ… കിട്ടല്ലേ… അന്തോനീസ്‌ പുണ്യാളോ….വേളാങ്കണ്ണി മാതാവേ… മുതലക്കുടത്ത്‌ മുത്തപ്പോ… ചാവറയച്ചോ…. ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.

പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട്‌ പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്‌. ?

“അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി ” ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.

ഓ…ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക്‌ കാണുമതുപോലൊന്ന്.

എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്‌.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്‌.

കല്യാണം കഴിഞ്ഞു പോയി… ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു ‍പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.

പെട്ടിയെന്റെ അടുത്തെത്തി. ‘കുട്ട്യേടത്തി’ ടെക്നോപാര്‍ക്ക്‌, കേരള’

കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.

“അയ്യോ..അതെന്റെ പേരല്ലേ ‘ ???..’ഐടന്റിറ്റി തെഫ്റ്റ്‌’ !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.

ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..

അപ്പോ കാണാതെ പോയീന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ?

മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്‌. അപ്പോളേക്കുമെനിക്ക്‌ പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.

പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്‌. !!!!!

പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?

അതു നമ്മുടെ രമ്പുന്തനവരുതിക്കാര്‌ പറ്റിച്ച പണിയാണ്‌. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ്‌ ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ്‌ കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച്‌ ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ്‌ പ്രിന്റ്‌ ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ്‌ ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.

പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട്‌ വെള്ളമിറക്കിയത്‌ മിച്ചം !!!!!

മില്യണ്‍ ഡോളര്‍ ബേബി!(പ്ര. പു. 2) മാര്‍ച്ച് 1, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
32 comments

അപ്പോ നമ്മളിവിടെയാ നിര്‍ത്തിയത്.

വയറ്റിലൊരാന്തല്‍ പോലെ…

ങ്ഹാ പറയാന്‍ മറന്നു. ഒന്നര മാസമായി കടുത്ത കോണ്‍സ്റ്റിപ്പേഷന്‍. ഒന്നര മാസത്തിനിടയില്‍ പ്രകൃതിയുടെ രണ്ടാമത്തെ വിളി വന്നിട്ടേയില്ലെന്നു പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. എന്നാല്‍ തീറ്റിക്കു വല്ല കുറവുമുണ്ടോ ?

ഡോക്ടറിനോട്‌ പറയുമ്പോ അയണ്‍ റ്റാബ്ലറ്റ്‌ കഴിക്കുമ്പോ ചിലര്‍ക്കങ്ങനെ വരുമത്രേ. വെള്ളം നന്നായി കുടിക്കണം, നാരുള്ള ഭക്ഷണം കഴിക്കണമെന്നൊക്കെ സ്ഥിരം പല്ലവി. എന്നാലയണ്‍ റ്റാബ്ലറ്റങ്ങ്‌ നിറുത്തിക്കളയാമെന്ന് വച്ചാലോ, ഹീമോഗ്ലോബിന്‍ കൌണ്ട്‌ വല്ലാതെ കുറവും.

സെബസ്ത്യാനോസുപുണ്യാളന്റെ കപ്പേളേലെ പെരുന്നാളിനു കതിന പൊട്ടിക്കണ മാതിരി പൊട്ടീരാണ്‌ ഞാന്‍. പൊതുനിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തി (അല്ലെങ്കിലും ഗര്‍ഭിണിക്ക്‌ പൊതുനിയമങ്ങളിലെല്ലാം അയവ്‌ കിട്ടാറുണ്ടല്ലോ ) എന്റെ ഗുണ്ടുകളെല്ലം മള്‍ട്ടിമീഡിയ ആയിരുന്നു.

കൂടെ ജീവിക്കുന്ന ഭര്‍ത്താവെന്നു പറയുന്ന ആ പാവനാത്മാവിന്റെ മൂക്കിനെ പറ്റിയൊന്നോര്‍ത്തു നോക്കൂ. (അതു ദൈവത്തിന്‌ പറ്റിയ ഒരു ഡിസൈന്‍ എറര്‍/മിസ്റ്റേക്‌ ആണെന്നെനിക്ക്‌ പണ്ടേ തോന്നിയിട്ടുണ്ട്‌. ശ്വസിക്കുന്നതും മണം പിടിക്കുന്നതും കൂടി ഒരിടത്ത്‌ വച്ചത്‌. അല്ലെങ്കില്‍ പിന്നെ മൂക്കങ്ങ്‌ പെര്‍മനെന്റായിട്ടടച്ച്‌ വക്കാമാരുന്നു.)

അന്നു രാവിലെ വയറൊന്നിളകാനുള്ള മരുന്ന് (പ്രൂണ്‍ ജ്യൂസ് + സ്റ്റൂള്‍ സോഫ്റ്റ്നര്‍) കഴിച്ചിരുന്നു.

” മ്‌ഹ്‌..മരുന്ന് ഫലിച്ചൂന്നാ തോന്നണേ.”ബാത്‌റൂമിലേക്കോടുന്ന വഴി ഞാന്‍ ആത്മഗതം നടത്തി.

ഇല്ല..പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. !!!

പിന്നീട്‌ 7.30 ക്കുള്ള ‘ഓര്‍മ’കണ്ടുകൊണ്ടിരുന്നപ്പ്പോ വീണ്ടും അതേ ആന്തല്‍.. ഇക്കുറിയുമൊന്നും സംഭവിച്ചില്ല. പക്ഷേ സംശയം തോന്നിത്തുടങ്ങി… ഇതാരിക്കുമോ ഈ പ്രസവ വേദന.. ??

ഏയ്‌.ഇതാരിക്കില്ല.ആരോടാ ചോദിക്കുക ??

4 പെറ്റിട്ടുള്ള അഞ്ചാമത്തെ ഷൂട്ടിംഗ്‌ തീര്‍ത്ത്‌ വച്ചിരിക്കണ ചേച്ചിയെ വിളിച്ചു…

” ഓ…എടീ എനിക്കങ്ങിനെ പെയിനൊന്നും വരാറില്ല. നടുവിനൊരു വേദന ..അത്രേ ഉള്ളൂ.”
ഭാഗ്യവതി.

അക്കനെ വിളിച്ചു. ” എന്റെ സിസേറിയനല്ലാരുന്നോ 2 ഉം ? ”

അമ്മയെ വിളിച്ചു. “ഓ..എനിക്ക്‌ ചുമ്മാ ഒന്ന് ഒന്നിന്‌ പോണമെന്നു തോന്നും”

കഷ്ടം പാഴായ ജന്മങ്ങള്‍ !!! :))

അപ്പോളേക്കും മൂന്നാം വട്ടവും വന്നു, അതേ ആന്തല്‍ .സംശയമില്ല, ഇത്‌ ലവന്‍/ലവള്‍ തന്നെ.അത്താഴം കഴിച്ച്‌, കുളിച്ച്‌ ഫ്രഷ്‌ ആയി, രാത്രി 12മണിയോടെ ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി.

വീട്ടില്‍ന്നിറങ്ങുന്നതിന്‌ മുന്‍പേതന്നെ ഞങ്ങളുടെ 2 പേരുടെയും എല്ലാ ഒഫിഷ്യല്‍ റെക്കോര്‍ട്സും ഒരു പഴ്സിലാക്കി അത്‌ മനൂന്റെ പോക്കറ്റിലുണ്ട്‌. ഈ അമേരിക്ക മഹാരാജ്യത്ത്‌ ഞങ്ങള്‍ക്ക്‌ ജീവിക്കാനത്യാവശ്യമായ മുഴുവന്‍ സാധനങ്ങളുമെന്നു പറയാം. 2 പേരുടെയും ഡ്രൈവിംഗ്‌ ലൈസന്‍സ്‌, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ട്‌, ഹോസ്പിറ്റലിലെ പേഷ്യന്റ്‌ കാര്‍ട്‌, ക്രടിറ്റ്‌ കാര്‍ടുകള്‍, ഇന്‍ഷുറന്‍സ്‌ കാര്‍ടുകള്‍ എന്നുവേണ്ട സകല സംഭവങ്ങളുമതില്‍ തന്നെ. ഞങ്ങള്‍ ഞങ്ങളാണെന്ന് തെളിയിക്കാനും പിന്നെ ഹോസ്പിറ്റലില്‍ ചികില്‍സ കിട്ടാനുമിതെല്ലാം തന്നെ അത്യാവശ്യം വേണ്ടതാണ്‌.

കൂടാതെ ഞങ്ങളുടെ കയ്യിലാകെയുള്ള ഒരായിരതഞ്ഞൂറോളം ഡോളാറുമിതേ പഴ്സില്‍ത്തന്നെയുണ്ട്‌. അമേരിക്കയിലെ രീതികളൊന്നും ശരിക്കറിയാത്തത്‌ കൊണ്ട്‌ മാത്രം സംഭവിച്ച ഒരബധ്ധമാണത്‌. ഇവിടെയാരുമങ്ങനെ പഴ്സില്‍ പൈസയൊന്നും കൊണ്ടുനടക്കാറില്ല. ക്രടിറ്റ്‌ /ഡബിറ്റ്‌ കാര്‍ടുകളും പിന്നെ ചെക്ക്ബുക്കും.. ഇത്‌ രണ്ടുമുണ്ടെങ്കില്‍ ധാരാളം.

ഇവിടെ ക്യാഷെടുക്കുന്ന സ്ഥലങ്ങള്‍ തന്നെ വളരെ വളരെ കുറവാണ്‌. വല്ല റസ്റ്റോറന്റിലോ മറ്റോ എടുത്താലായി. ആശുപത്രിയില്‍ പോയപ്പോ കാശുകൊണ്ടുപോകേണ്ട യാതോരു കാര്യവുമില്ല. പക്ഷേ നാട്ടിലെ ഒരു ശീലമുണ്ടല്ലോ, കയ്യിലുള്ള കാശുമുഴുവനും പഴ്സില്‍ കൊണ്ടുനടക്കുന്ന രീതി..ആ ഒരു ഓര്‍മയിലാണ്‌ ഞങ്ങളന്നുണ്ടാരുന്ന കാശെല്ലാം പഴ്സിലാക്കി പോയത്‌.

രാത്രി മുഴുവനും കരഞ്ഞുമലറിവിളിച്ചും 2 പേരും ലേബര്‍ റൂമില്‍. എല്ലാ സൌകര്യങ്ങളുമുള്ള, അറ്റാച്ട്‌` ബാത്രൂമുമൊക്കയുള്ള മുറി. ഒരു നഴ്സമ്മയും രാത്രി മുഴുവന്‍ മുറിയിലുണ്ട്‌. ഡോക്ടര്‍മാര്‍ വന്നുമ്പോയുമിരിക്കുന്നു. രാവിലെ ഒരാറുമണിയായപ്പോളാ മോളൂസ്‌ പതുക്കെ പുറത്തേക്ക്‌ വന്നു തുടങ്ങിയത്‌.ഒരേഴുമണിയായിക്കാണും.

ഹന്നമോളങ്ങനെ തലയൊക്കെ പുറത്തിട്ട്‌ നമ്മുടെ സ്വാര്‍ത്ഥന്‍ തൃശ്ശൂര്‍ക്ക്‌ പോയ സ്റ്റയിലിലിരിക്കുവാണ്‌. വല്യ വയറിന്റെ അപ്പുറത്തെ കാഴ്ചകളൊന്നുമെനിക്കത്ര കാണാന്‍ പറ്റുന്നില്ലെങ്കിലും, റണ്ണിംഗ്‌ കമന്ററി പോലെ ഒരാളെല്ലാം പറഞ്ഞുകൊണ്ടിരിക്കണുണ്ട്‌.

പെട്ടെന്ന് കമന്റേറ്ററുടെ ശബ്ദമിടറുന്നതെന്നിക്ക്‌ മനസ്സിലായി. മുഖത്ത്‌ വല്ലാത്ത ഭാവഭേദങ്ങള്‍!!

കണ്ണുകള്‍ ഇറുക്കിയടക്കുന്നു, ഈശോയേ.. മാതാവേ.. എന്നെല്ലാം മാറി മാറി വിളിക്കുന്നു. കൈകൊണ്ട്‌ കണ്ണു പൊത്തുന്നു.., വീണ്ടും വിരലുകളകത്തി ഇടയിലൂടെ നോക്കുന്നു..വീണ്ടുമടയ്ക്കുന്നു.

“ഈശ്വരാ.. മാതാവേ, കാത്തുകൊള്ളണേ എന്നെല്ല്ലാം പിച്ചും പേയും പറയണപോലെ പറയണുണ്ട്‌.ഞാന്‍ കയ്യില്‍പിടിച്ചു കുലുക്കി
” എന്താ..എന്താ ..”

“എടാ..ചോര !!!! “”എടാ… നെറയെ ചോര.. ഒഴുകുവാടാ.. എന്തോരും ചോരയാടാ… എനിക്ക്‌ കാണാന്‍ വയ്യാ…”

പെട്ടെന്നൊരാള്‍ “ഞാനൊന്ന് ഒന്നിനുപോയിട്ട്‌ വരാമേ” എന്ന് പറയണ കേട്ടതോര്‍മയുണ്ട്‌.

എന്തായാലും ഈശോയും മാതാവുമൊക്കെയെന്റെ കൂടെ തന്നെയുണ്ടാരുന്നു. (എന്നെ എപ്പോളും പുള്ളിയിങ്ങനെ കൈവെള്ളയിലെടുത്താകൊണ്ടുനടക്കണെ. ഞാനഗ്രഹിക്കണതിനെക്കാളേറേ വാരിക്കോരി തന്നിട്ടേയുള്ളു എല്ലാം. ഇടക്കിടക്ക്‌, ടേയ്‌, നീ വല്യ ആളൊന്നുമല്ലാട്ടോ, എന്നോര്‍മിപ്പിക്കാനെന്നെയിങ്ങനെ ‘ഇട്ടപൊത്തോ’ ന്ന് താഴേക്കിടും. വീണ്ടുമിരട്ടി സ്നേഹത്തിലെന്നെ കോരിയെടുത്ത്‌ ‘ചുമ്മാ..ഇതൊക്കെയെന്റെ ഓരോ നമ്പറല്ലേടി പെണ്ണേ.’ ന്ന് പറഞ്ഞാശ്വസിപ്പിക്കും.)

യാതോരു പ്രശ്നങ്ങളുമില്ലാതെ രാവിലെ കൃത്യം 7.25 ആയപ്പോള്‍ ഹന്നമോള്‍ 2 കണ്ണുകളും മലര്‍ക്കെതുറന്ന് (as she was a post due date baby) പുറത്തു വന്നു. നഴ്സമ്മ കോരിയെടുത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ പപ്പായുടെ കയ്യില്‍ കൊടുത്തു.

പപ്പ സന്തോഷക്കണ്ണീരടക്കാനാവാതെ പൊന്നുമോളെ ഉമ്മകള്‍കൊണ്ട്‌ പൊതിഞ്ഞു.

അപ്പോളേക്കുമെന്റെ ആങ്ങള ആശുപത്രിയിലെത്തിയിരുന്നു. എല്ലാരെയുമൊക്കെ വിളിച്ചുപറഞ്ഞു.. കുളിപ്പീരും സ്റ്റിച്ചിടലുമൊക്കെ കഴിഞ്ഞ്‌ ലേബര്‍ റൂമില്‍ന്ന് മുറിയിലേക്ക്‌ മാറ്റാറായി.

“അളിയനിന്നലെ മുതലിരിക്കണ ഇരിപ്പല്ലേ ? ഒന്നു പോയി ഫ്രഷായി ബ്രേക്‌ഫാസ്റ്റും കഴിച്ച്‌ വരൂ. ഇപ്പോ ഞാനിവിടെയുണ്ടല്ലോ.”

കുറേ നിര്‍ബന്ധിച്ചപ്പോ മനു മനസ്സില്ലാമനസ്സോടെ കഴിക്കാന്‍ പോയി.പോയിട്ടൊരു രണ്ടുരണ്ടര മിനിറ്റായിക്കാണും. ബൂമറാങ്ങ്‌ പോലെ ദാ തിരിച്ചു വരണു.വാതില്‍ക്കല്‍നിന്നളിയനുമളിയനുംകൂടി എന്തൊക്കെയോ അടക്കം പറയുന്നു, എന്റെ ഭര്‍ത്താവാകുന്ന അളിയന്റെ മുഖത്ത്‌ വല്ലാതെ പേടിച്ചരണ്ട ഭാവം.. ആങ്ങള അളിയന്‍ പുറത്ത്‌ തട്ടുകേം ആശ്വസിപ്പിക്കുകേമൊക്കെ ചെയ്യണുണ്ട്‌. 2 പേരുംകൂടി എന്തോക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പോലേ. തലയില്‍ന്നും പുക പൊങ്ങണുണ്ട്‌.നഴ്സപ്പോളുമെന്നെ ഡ്രസ്സ്‌ മാറ്റിക്കുകയോ എന്തോ ഒക്കെ ചെയ്യുകയാ.

“എന്താ… എന്നാന്നേ പ്രശ്നം ” എന്നൊക്കെ ഞാന്‍ വിളിച്ച്‌ ചോദിക്കണുണ്ടെകിലും അതൊന്നുമാരും കേട്ട ലക്ഷണമില്ല.പെട്ടെന്നെന്തോ ഓര്‍ത്തപോലെ 2 പേരുങ്കൂടി വാണംവിട്ട പോലെ എവിടേക്കോ ഓടുന്നു.

5 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. 2 പേരും തിരിച്ച്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ റ്റെന്‍ഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്‌. എന്നാലുമാകെ ചമ്മിവളിച്ച മോന്തായം !!

“എന്നാന്നേ ?? ആരെങ്കിലുമൊന്ന് പറ ..പ്ലീസ്‌… ” ഞാന്‍ കെഞ്ചി.

2 പേരും മിണ്ടണില്ല..

“പ്ലീസാരെങ്കിലുമൊന്ന് പറയുവോ എന്നാന്ന്”

“എടീ.. നീ അളിയനെ വഴക്കൊന്നും പറയരുത്‌”

ആങ്ങള അളിയന്‍ മറ്റേ അളിയനൊത്താശ പറയുവാണ്‌.

“എന്നാന്നൊന്ന് പറഞ്ഞ്‌ തൊലക്കെടാ കൊച്ചേ..” (ഇളയ ആങ്ങളയായതുകൊണ്ടവനെനിക്കിപ്പോളും കൊച്ചാണ്‌. )

” എടീ.. അളിയന്റെ കയ്യീന്ന് പഴ്‌സ്‌ കാണാതെ പോയി. ”

“പേഴ്സ്‌ കാണാതെ പോകുകേ ? എങ്ങനെ ? ഈശ്വരാ ? എവടെ ? എന്റെ ദൈവമേ…”ഞാനാകെ കരച്ചിലായി.

“മനു ഇവിടുന്നെവിടേം പോയിട്ടില്ലല്ലോ.. ഇവിടെ ഈ മുറിയിലെവിടെയെങ്കിലും കാണുമെടാ… ഒന്ന് നോക്കാരെങ്കിലും പ്ലീസ്‌..”

ആലോചിക്കുന്തോറുമെനിക്കു ഭ്രാന്താവണ പോലെ തോന്നി. എല്ലാ കാര്‍ടുകളും പോയല്ലോ. ലൈസന്‍സാണ്‌ ഐടന്റിറ്റി കാര്‍ട്‌. അതില്ലാതെയെങ്ങനെ ?

“ഇല്ലെടീ… പഴ്സ്‌ കിട്ടി. നീ വിഷമിക്കാനൊന്നുമില്ല ”

“ആണോ ? എവിടുന്ന് ? എന്ത്യേ ?”

“അളിയന്‍ ബാത്‌റൂമില്‍ പോയപ്പോ അറിയാതെ അവിടെ മറന്ന് വച്ചതാ. ഇപ്പോ ഞങ്ങള്‌ ചെന്നപ്പോ അവിടെതന്നെയിരിപ്പുണ്ടാരുന്നു. കാര്‍ടൊന്നും പോയിട്ടില്ല. ”

“അളിയന്‍ പെട്ടെന്നാ റ്റെന്‍ഷനില്‍ ബാത്രൂമില്‍ പോയപ്പോ അവിടെയെടുത്ത്‌ വച്ചിട്ട്‌ മറന്നതാടീ”

ആവൂ… എന്തോരു സമാധാനം!!! പിന്നെയെന്തിനാണാവോ ഇതുങ്ങള്‌ രണ്ടുമിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയിരിക്കണേ ?

“പക്ഷേയുണ്ടല്ലോടീ… പഴ്സിലിരുന്ന പൈസ മുഴുവനും പോയി !!!!”

“………” എനിക്കൊന്നും മനസ്സിലായില്ല. പഴ്സു വച്ചിടത്ത്‌ തന്നെയിരിപ്പുണ്ടാരുന്നു, കിട്ടി.. കാര്‍ടൊന്നും പോയിട്ടില്ലായെന്നൊക്കെ പറഞ്ഞിട്ടിപ്പോ പറയണൂ പൈസ മുഴുവനും പോയെന്ന്. ഇതെങ്ങനെ ശരിയാകും ?

“എടീ.. പഴ്സാരോ എടുത്തിട്ട്‌ പൈസയെല്ലാമെടുത്തിട്ട്‌ കാര്‍ടും പഴ്സും വച്ചിട്ട്‌ പോയി !!!!!!!

ഈശ്വരാ…. കരയണോ ? ചിരിക്കണോ ? അവന്റെ തലേലിടിത്തീ വീഴുമെന്നു പറയണോ..അതോ.. ആ കള്ളന്റെ നല്ല മനസ്സിനെ ദൈവമനുഗ്രഹിക്കട്ടെ എന്ന് പറയണോ..ദൈവം പോലും തന്നോട്‌ ക്ഷമിക്കൂല്ലെടോന്ന് പറയണോ.

അതോ.. പ്രിയപ്പെട്ട കള്ളാ, താങ്കള്‍ക്കെത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക യെന്നോ..വല്ലാത്ത ധര്‍മസങ്കടം തന്നെ !!

പെട്ടെന്നാണ്‌ ഞാനതോര്‍ത്തത്‌..”അല്ലാ… നമ്മുടെ മുറിയില്‍ ബാത്രൂമുള്ളപ്പോള്‍ പിന്നെയെന്തിനാണ്‌ പുറത്ത്‌ ബാത്‌റൂമില്‍ ?”

“ഓ..ആണോ..ഈ മുറിയില്‍ ബാത്‌റൂമുണ്ടോ ? പിന്നെ എന്താളിയാ പുറത്ത്‌… ??”

“അത്‌ പിന്നേ.. അപ്പോളത്തെ റ്റെന്‍ഷനില്‍…. മുറിയില്‍ ബാത്‌റൂമുള്ള കാര്യം ഞാന്‍….”

***

അങ്ങനെ സ്വതവേ ഓട്ടക്കയ്യനായ അപ്പന്റെ ആയിരത്തഞ്ഞൂറു ഡോളര്‍ ഒരു നല്ല കള്ളനുകൊടുത്ത് ഞങ്ങടെ ഹന്നമോള്‍ വന്നു. ഇടക്കിടെ ഒന്നുമില്ലാത്തപ്പോള്‍ ചൊറിയാന്‍ ഞാനീ 1500 ഡോളര്‍ പുരാണം എടുത്തിടും. അപ്പോഴെല്ലാം ഞങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നതുപോലെ ഈ പുരാണത്തിനും ഭരതവാക്യം കുറിക്കട്ടെ.

ആയിരത്തഞ്ഞൂറു ഡോളര്‍ പോയെങ്കിലെന്താ, ഇതു നമ്മുടെ മില്യണ്‍ ഡോളര്‍ ബേബിയല്ലേ.

പ്രസവ പുരാണം ഫെബ്രുവരി 22, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
21 comments

9 മാസം വീര്‍ത്ത വയറുമായി 2004 നവംബറില്‍ ഞങ്ങളാദ്യമായി അമേരിക്കയിലേക്ക്‌ വിമാനം കയറുമ്പോള്‍ മനസ്സിലൊരായിരം വേവലാതികളുണ്ടായിരുന്നു.

” അയ്യോ.. ഫ്ലൈറ്റില്‍ കേറാന്‍ സമ്മതിക്കുമോ ? ഇത്രേം വല്യ വയറുമായിട്ട്‌…” കാണുന്നോര്‍ക്കും കേള്‍ക്കുന്നോര്‍ക്കും ചോദിക്കാനിത്‌ മാത്രം.

“പ്രശ്നമാണെന്നാ എല്ലാരും പറയണെ. ?? പഷേ ഇറക്കി വിടുമാരിക്കുമോ ??? ആരെയെങ്കിലും അങ്ങനെ വിട്ടിട്ടുള്ളതായിട്ടറിയാമോ ? ”

“എയ്‌.. ഇല്ലാരിക്കുമല്ലെ ?? ഗര്‍ഭിണിയെ അങ്ങനെ പെരുവഴിയിലിറക്കി വിടുമോ ???”

“ഫ്ലൈറ്റില്‍ കേറുമ്പോ പെട്ടെന്ന് പ്രഷര്‍ ഡിഫ്ഫറന്‍സ്‌ കൊണ്ടു ബി.പി. കൂടും. 7 മാസക്കാരു വരെ വിമാനത്തില്‍ വച്ച്‌ പ്രസവിക്കണതതുകൊണ്ടാ..”

“ആണല്ലെ??. ഒരു ഡോക്ടര്‍ ഉണ്ടാവൂല്ലെ ഫ്ലൈറ്റില്‌ ??? ”

ഫ്ലൈറ്റിലുണ്ടാവണ കുഞ്ഞിന്‌ ജീവിത കാലം മുഴുവനും ടിക്കറ്റ്‌ ഫ്രീന്നോ മറ്റോ എവിടെയോ കേട്ടിട്ടുണ്ട്‌ ഞാന്‍. ഫ്ലൈറ്റിലെങ്കില്‍ ഫ്ലൈറ്റില്‍. ചങ്കില്‌ തീ കത്തുമ്പോളും വെറുതെ ധൈര്യം ഭാവിച്ചു ഞാന്‍. സൈറ്റായ സൈറ്റൊക്കെ പരതി. ഒരിടത്തുമൊന്നും വ്യക്തമായി പറയുന്നില്ല. ഇതെന്തൊരു നിയമം ? അങ്ങനെ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കണതിന്‌ മുന്‍പല്ലേ പറയേണ്ടത്‌ ? ലുഫ്താന്‍സ ആണ്‌ ഫ്ലൈറ്റ്‌, ഫ്രാങ്ക്ഫര്‍ട്ട്‌ വഴി. അവരുടെ സൈറ്റില്‍ 35 ആഴ്ച വരെ പറക്കാമെന്നാണ്‌. പക്ഷേ ഞാന്‍ 36 ആഴ്ച കഴിഞ്ഞാണ്‌ പറക്കണത്‌. ഇനി ഇപ്പോ എന്തു ചെയ്യും ? ഡോക്ടറോട്‌ ചോദിച്ചാലോ ഒരു സര്‍ട്ടിഫിക്കേറ്റ്‌ തരാമോന്ന്.

“അയ്യയ്യോ കള്ള സര്‍ട്ടിഫിക്കറ്റൊന്നും ഞാന്‍ തരൂല്ല.മാത്രോമല്ല, ഇത്രേം ലാസ്റ്റ്‌ സ്റ്റേജില്‍ ഫ്ലൈ ചെയ്യണതിനോടുമെനിക്ക്‌ യോജിപ്പില്ല.”

ഒരു സര്‍ട്ടിഫിക്കറ്റിനാണോ നാട്ടില്‍ പഞ്ഞം ?? സകല തരികിടകളും അറിയുന്ന ഒരു ബന്ധു ആ ജോലി ഏറ്റെടുത്തു. ഡോക്ടറുടെ ലെറ്റര്‍ ഹെഡിലെഴുതിയ പ്രെസ്ക്രിപ്ഷന്‍ സാമ്പിള്‍ കൊടുത്തതോടെ എന്റെ ജോലി തീര്‍ന്നു. രാക്കുരാമാനം ഡോക്ടറുടെ സീലും ഒപ്പുമൊക്കെ വച്ച സര്‍ട്ടിഫിക്കേറ്റ്‌ റെടി. ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്‌ !!! സര്‍ട്ടിഫിക്കേറ്റ്‌ പ്രകാരം ഞാന്‍ 32 ആഴ്ച മാത്രം ഗര്‍ഭവതി…!!

വെറും അഞ്ചടി നാലിഞ്ചില്‍ തീര്‍ത്ത 50 കിലോ ഉള്ള ഉരുപ്പടി. (ആയിരുന്നു :(( ) ഞാന്‍. ഗര്‍ഭിണി പശൂനെ പോലെ തിന്നോണ്ടിരിക്കണമെന്നേതോ മഹാപാപി പറഞ്ഞത്‌ കേട്ട്‌ തിന്ന് തിന്ന് ബലൂണ്‍ പോലെ വീര്‍ത്തിപ്പോ 65 കിലോയിലെത്തി നിക്കണു. (ആ പറഞ്ഞവനെ ഇനി കണ്ടാല്‍ ഇരുട്ടടി അടിക്കും ഞാന്‍. ഈ ബലൂണിന്റെ കാറ്റൊന്ന് കുത്തിവിടാന്‍ ഞാന്‍ പെടണ പ്പെടാപ്പാടെനിക്കല്ലേ അറിയൂ ??).

എന്റെ സൈസിനൊരു medium ചുരിദാര്‍ ധാരാളം. തിരോന്തരത്തെ കടയായ കടയൊക്കെ ആനവയറും മന്തുകാലും ( 8 മാസമായപ്പോളേ കാലില്‍ നീരു വച്ച്‌ വീര്‍ത്തിരുന്നു) വച്ചേന്തി വലിഞ്ഞു നടന്ന് തപ്പി ഒരു XXL ( ആറടി പൊക്കക്കാരികള്‍ക്കുള്ളത്‌) ചുരിദാര്‍ മേടിച്ചതിനകത്ത്‌ ഞാന്‍ കേറി. ചുരിദാറിന്റെ പാന്റിടണ്ട ആവശ്യമില്ല. അത്രക്കുണ്ട്‌ റ്റോപ്പിന്റെ തന്നെ ഇറക്കം!!! ഒരു ദുപ്പട്ട കൂടി അങ്ങു വിരിചിട്ടു. ഭേഷായി.

എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന്‌ തോന്നത്തെ ഇല്ലല്ലോല്ലെ, എന്ന സ്റ്റെയിലില്‍ ഐയര്‍പോര്‍ട്ടിലൂടെ എന്റെ നടപ്പ്‌ കണ്ടാല്‍.. ആഹ എന്താ സ്മാര്‍ട്ട്‌ ?? എന്തൊരു ക്യാറ്റ്‌വാക്‌!!! എവിടേം ആരുമൊന്നും ചോദിക്കണില്ല.

“പ്ലീസ്‌…ആരെങ്കിലുമൊന്നെന്തെങ്കിലുമൊന്ന് ചോദിക്കൂന്നെ.. കഷ്ടപ്പെട്ടുണ്ടാക്കിയ സര്‍ട്ടിഫിക്കേറ്റ്‌ എവിടെയെങ്കിലുമൊന്ന് കാണിക്കണ്ടേ ???”

കഷ്ടം.. മല പോലെ വന്നതെലി പോലെ പോയി… !!! ആരും ഒരിടത്തുമൊന്നും ചോദിച്ചില്ല.:

സുഖമായിട്ട്‌ ഞങ്ങളങ്ങനെ വറുഗീസ്‌ കുറ്റിക്കാടന്റെ (പകര്‍പ്പവകാശം ആര്‍ക്കാ ഇതിന്റെ ?) നാട്ടിലെത്തി.ഇവിടെ എത്തിയപ്പോളാണടുത്ത പുലിവാല്‍. ലേബര്‍ റൂമില്‍ ഭര്‍ത്താവോ അമ്മയോ ആരെങ്കിലും കൂടെ നിക്കണം. നാട്ടില്‌ വിളിച്ചപ്പോ അമ്മ പറഞ്ഞത്‌ “അയ്യോ അവനത്രക്ക്‌ ധൈര്യമൊന്നുമില്ലാന്നെ. ബ്ലഡൊക്കെ കാണുംബോളെക്കും തല കറങ്ങി വീണാല്‍ പിന്നെ അവനെ പൊക്കികൊണ്ടുപോകാന്‍ വേറെ ഡോക്ടര്‍ വരേണ്ടി വരും. ”

ആറടി പൊക്കത്തില്‍ പന പോലെ വളര്‍ന്ന്‌ നിക്കണ മകന്റെ ധൈര്യത്തെപ്പറ്റി എന്തായാലും അമ്മക്കറിയണത്ര ഏഴെട്ടൊമ്പതു..പത്ത്‌ കൊല്ലം പരിചയം മാത്രമുള്ള എനിക്കറിയൂല്ലല്ലോ.
“ഒരു കാര്യം ചെയ്യ്‌. നാത്തൂനോട്‌ പറ കൂടെ നിക്കാന്‍” . അമ്മ പരിഹാരം നിര്‍ദേശിച്ചൂ.

അയ്യയ്യേ… മോശം മോശം. അത്‌ വെറുമെട്ടും പൊട്ടും തിരിയാത്തൊരു പെണ്‍കൊച്ച്‌!!! .അല്ലെങ്കില്‍ തന്നെ നാത്തൂന്‍ ലേബര്‍ റൂമില്‍. അയ്യേ.. അത്‌ ശരിയാവൂല്ല. ഇതൊക്കെ കഴിഞ്ഞ്‌ പുറത്തിറങ്ങി എനിക്കതിന്റെ മുഖത്ത്‌ നോക്കണ്ടായോ ? ആരും നിന്നില്ലെങ്കിലും വേണ്ടൂല്ല. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

“എടീ.. നീ ചെക്കപ്പിനൊക്കെ പോകുമ്പോ മനു കൂടെ കേറണുണ്ടല്ലോല്ലെ ? ഇവിടുത്തെ കാര്യമൊന്നും നിനക്കറിയാഞ്ഞിട്ടാ. ഡോക്ടറൊക്കെ ആണായാലും പെണ്ണായാലും വിശ്വസിക്കാന്‍ കൊള്ളത്തില്ല. മനു എപ്പോളും കൂടെ ഉണ്ടാവണം കേട്ടോ. ഡെലിവറിക്ക്‌ പോകുമ്പോളും മനു നിക്കണം ലേബര്‍ റൂമില്‍” .
4 superhit release ( 4 ഉം normal, 4 ഉം america യില്‍) കഴിഞ്ഞഞ്ചാമത്തെ release കാത്തിരിക്കണ ചേച്ചീടെ ഉപദേശം.

ഡിസംബര്‍ 15 ന്‌ റിലീസെന്നാണ്‌ നാട്ടിലെ സ്കാന്നിങ്ങിലൊക്കെ പറഞ്ഞിരുന്നത്‌. വാവയെ ഇടീച്ച്‌ കൊണ്ടുവരാന്‍ കുഞ്ഞുടുപ്പും, നല്ല കട്ടി ഉള്ള ബ്ലാന്‍കറ്റും സോക്ക്സുമൊക്കെ പാക്ക്‌ ചെയ്തൊരു ബാഗ്‌ റെഡിയാക്കി വച്ചു. (പട്ടിക്കും കുട്ടിക്കും മുട്ടിക്കും തണുപ്പില്ലെന്നാണെങ്കിലും ഇവിടുത്തെ തണുപ്പിനു മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍!!!). ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി റൂമിലേക്ക്‌ 1-2 വട്ടം ഡ്രൈവ്‌ ചെയ്ത്‌ പോയി നോക്കി(ഞങ്ങളിവിടെ പുതിയ ആള്‍ക്കാരാണല്ലോ).

15 കഴിഞ്ഞു..16 കഴിഞ്ഞു.. 17 കഴിഞ്ഞു…18 കഴിഞ്ഞു… ഒന്നും സംഭവിക്കുന്നില്ല.
“ഓ..എന്നാലിനി നാട്ടിലൊക്കെ സംവിധായകരു ചെയ്യണ പോലെ ക്രിസ്മസ്‌ റിലീസാരിക്കും” ഞങ്ങള്‍ വിചാരിച്ചു. റ്റെന്‍ഷന്‍ കാരണം ഇരിക്കാന്‍ പറ്റുന്നില്ല, നിക്കാന്‍ പറ്റുന്നില്ല, ഉറങ്ങാന്‍ പറ്റണില്ല. പരിചയത്തിലുള്ള വേറെ 2 വയറ്റുകണ്ണികള്‍ പണ്ടേ പെറ്റെന്നു കൂടി കേട്ടതോടെ എനിക്കിരിക്കപ്പൊറുതിയില്ലാതായി. നാട്ടിലാരുന്നെങ്കില്‍ എപ്പോളേ വെട്ടി കീറിയേനെ. ഇവിടെ അവസാന നിമിഷം വരെ നോക്കിയിട്ടേ അതു ചെയ്യുള്ളൂ.

ചെക്കപ്പൊക്കെ മുറക്ക്‌ നടക്കണുണ്ട്‌. 42 ആഴ്ച കഴിഞ്ഞിട്ടും, അതായത്‌ ഡ്യൂ ഡേറ്റ്‌ കഴിഞ്ഞിട്ടും 2 ആഴ്ച, നോക്കിയിട്ടേ അവരെന്തെങ്കിലും ചെയ്യൂ. അല്ലെങ്കില്‍ പിന്നെ വേറെന്തെങ്കിലും കോംബ്ലിക്കേഷന്‍, കുഞ്ഞിന്‌ മൂവ്‌മെന്റ്സ്‌ കുറയുകയോ അങ്ങനെയെന്തെങ്കിലും സംഭവിക്കണം. എന്റെ സന്താനമാണെങ്കില്‍ 24 മണിക്കൂറും ‘അല്ലെങ്കിലുമീ തള്ളക്ക്‌ 2 ചവിട്ടിന്റെ കുറവുണ്ട്‌. അപ്പനത്‌ ചെയ്യണില്ലെങ്കില്‍ പിന്നെ ഞാന്‍..അഹഹഹഹാ..ഇപ്പോളല്ലേ അമ്മയെ ചവിട്ടാന്‍ പറ്റൂള്ളൂ.. മാക്സിമം കൊടുത്തിട്ടേ ഞാനിവിടുന്ന് പിടി വിടുള്ളൂ” എന്നുള്ള സ്റ്റെയിലില്‍ ചവിട്ടു തന്നെ.

അങ്ങനെ കാത്ത്‌ കാത്തിരുന്ന്..(ഇല്ല… അവളല്ല…പറ്റിച്ചേ) ക്രിസ്മസ്‌ വന്നു. പുറത്ത്‌ വന്നിരുപത്തിനാല്‌ മണിക്കൂറുമീ പരട്ട തള്ളേടെ മോന്ത കാണുന്നതിലും ഭേദമവിടെ തന്നെയങ്ങ്‌ കൂടിയേക്കാമെന്നെന്റെ സന്തതി തീരുമാനിച്ചോ ??

മൂവ്‌മെന്റ്സ്‌ കുറഞ്ഞാലപ്പോ induce ചെയ്യാമെന്നല്ലേ പറഞ്ഞിരിക്കണേ ?? മൂവ്‌മെന്റ്സ്‌ കുറഞ്ഞൂന്നൊരു പുളുവടിച്ചാലോ ? നാടോടിക്കാറ്റിലെ വിജയനെ പോലെ ‘നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്‌ ‘ എന്നു പരിതപിച്ച്‌ കെട്ടും ഭാണ്ഡവുമായി രാവിലെ ഹോസ്പിറ്റലിലേക്ക്‌ വച്ചടിച്ചു. ആധി പിടിച്ച്‌ ഫോണിന്റെ മുന്നില്‍ തന്നെ കിടക്ക വിരിച്ച്‌ കിടപ്പായ സകല ജനങ്ങളെയും വിളിച്ച്‌ ‘ഇന്നെന്തായാലും പ്രസവിക്കും കേട്ടോ’ എന്നറിയിക്കാനും മറന്നില്ല.

“എപ്പോളാണ്‌ ലാസ്റ്റ്‌ മൂവ്‌മന്റ്‌ ഫീല്‍ ചെയ്തത്‌ ??”

ഒരു 10 മണിക്കൂര്‍ മുന്‍പേ. ” കുറക്കരുതല്ലോ. നുണക്കൊരു പഞ്ച്‌ വേണമല്ലോ.

” you mean no movements at all for last 10 hours ???”

ഡോക്ടറൊന്ന് ഞെട്ടിയോ ? ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും ‘ എന്ന് പറഞ്ഞ പോലെ ഇപ്പോളുടനെ എന്നെ ഞെക്കി പ്രസവിപ്പിക്കുമെന്നുള്ള വ്യാമോഹം കൊണ്ട്‌ തോന്നിയതാണതൊക്കെ.

ഡോക്ടര്‍ വയറില്‍ കൈ വച്ച്‌ നോക്കി. കറക്കാന്‍ ചെല്ലുംബോ പശുക്കള്‍ ചവിട്ടണ പോലെ ‘ആരടാ അവടെ എന്റപ്പനല്ലാതെ വേറൊരുത്തനെന്റെ അമ്മേടെ വയറേല്‍ കൈ വക്കണത്‌ ?? ഏടുക്കിനെടാ കൈ ‘ എന്ന് പറഞ്ഞെന്റെ സന്തതി കൊടുത്തു ഉഗ്രനൊരു ചവിട്ട്‌ !!! ഡോക്ടറുടെ കൈ ഷോക്കടിച്ച പോലെ തെറിച്ചു.

“ ഇതാണോ മൂവ്‌മെന്റ്സ്‌ ഇല്ലെന്ന് പറഞ്ഞത്‌ ?”

ചമ്മി നാറി. ‘ചമ്മല്‍ is the മങ്ങല്‍ of face and വിങ്ങല്‍ of heart എന്ന് പറഞ്ഞ മഹാനാരാണോ.

” may be… my baby was sleeping.. ”

“sleeping for 10 hours ??? ”

മാനം പോയി. ഇനി എങ്ങനെയും വീട്ടില്‍ പോയാല്‍ മതി. അപ്പോ ദാണ്ടെ വരണൂ അടുത്ത പാര!!!
“ആദ്യത്തെ pregnancy അല്ലെ ? usually first time mothers dont know how to count the movements. They cant actually distinguish between the movements. We do train them during the 5 th or 6 th month. But as you reached here in the last stage of your … ”

അതായത്‌ ആകപ്പാടെ ടോട്ടലി മൊത്തം ചുരുക്കി പറഞ്ഞാല്‍, എന്നെ അവരെണ്ണം പഠിപ്പിക്കാന്‍ പോവാണ്‌. വയറിലൊരു വല്യ മോണിറ്ററൊക്കെ വച്ച്‌ കെട്ടി, (ecg പോലെ ഒരു ഗ്രാഫ്‌ പേപ്പറില്‍ വയറിലെ ഓരോ മൂവ്‌മെന്റ്സും വരും. അവളാഞ്ഞ്‌ ചവിട്ടുമ്പോള്‍, ഗ്രാഫങ്ങ്‌ പൊങ്ങി അറ്റം വരെ പോകും) എന്റെ കയ്യില്‍ ഒരു കുന്ത്രാണ്ടം തന്നു. ഓരോ ചവിട്ടിനും ഞാനത്‌ ഞെക്കണം. അപ്പോ ഗ്രാഫില്‌ ചുവന്ന നിറത്തില്‍ വേറൊരു വര വരും. കൃത്യമായും കുഞ്ഞ്‌ ചവിട്ടിയ സമയത്ത്‌ തന്നെ ആണോ, ഞാന്‍ ക്ലിക്കിയതെന്ന് അവര്‍ക്ക്‌ ഗ്രാഫ്‌ നോക്കുമ്പോ പിടികിട്ടും. അങ്ങനെ 6-7 മാസമായി മുടങ്ങാതെ കിട്ടികൊണ്ടിരിക്കണ എന്റെ മകളുടെ ചവിട്ട്‌ കൃത്യമായി എണ്ണാന്‍/തിരിച്ചറിയാന്‍ പഠിച്ചൂന്നുറപ്പ്‌ വരുത്തി പെറാന്‍ പോയ എന്നെ അന്നുമവര്‌ വയറൊഴിയാതെ പറഞ്ഞു വിട്ടു.

കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല, അമേരിക്കയിലും കിട്ടുമെന്നന്നു മനസ്സിലായി. ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുതെന്ന് പറയണത്‌ വെറുതെയല്ല. ന്യൂ ഈയറും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ടെന്‍ഷന്‍ മൂത്ത്‌ ഞാനൊരു മുഴുപ്രാന്തിയായി മാറിയിരുന്നു, അപ്പോളേക്കും.

2 ആം തീയതി induce ചെയ്യാന്‍ രാവിലെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌ ആശുപത്രിയില്‍. അങ്ങനെ വൈകിട്ടാറുമണിക്ക്‌ ‘സൂര്യപുത്രി ‘ സീരിയല്‍ കണ്ടങ്ങനെ ഇരുന്നപ്പോള്‍ പെട്ടെന്ന്….

ആ കഥ അടുത്ത ലക്കത്തില്‍.

ബന്ധുബലം ജനുവരി 5, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
11 comments

ഈ അടുത്ത ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ കേട്ടത്‌….

രംഗം 1 : സ്വീകരണമുറി.

ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നെന്റെ പതിവ്‌ കലാപരിപാടികളായ പാത്രം കഴുകല്‍, അത്താഴം തയാറാക്കല്‍, അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയവ ഒരുവിധം ഒതുക്കി, ഒരു വയസ്സുകാരി വീടാകെ നിരത്തി ഇട്ടിരിക്കണ കളിപ്പാട്ടങ്ങള്‍ പെറുക്കിയൊതുക്കുന്ന തിരക്കില്‍..

“അമ്മേടെ മുത്തിനെ ക്കൊണ്ടമ്മ തോറ്റല്ലൊ… സാരല്ലാട്ടൊ..ഇന്നമ്മയിതൊക്കെ അടുക്കിയില്ലെങ്കില്‍ പിന്നെ നാളെ എന്താമ്മേടെ മുത്തിന്‌ നെരത്താനുള്ളത്‌ ?” എന്നൊക്കെ സീമന്തപുത്രിയോടോരൊന്നൊക്കെ പറയണുണ്ട്‌ ഞാന്‍.

” എടോ, താനാ അതുല്യേച്ചിയെ കണ്ടു പടിക്കെടോ.. അതുല്യേച്ചി അപ്പൂനെ വഴക്കൊന്നും പറയത്തില്ല, toys നെരത്തണതിനൊന്നും. താനല്ലേ പറയാറ്‌, നമ്മുടെ വീടു പോലെ mess ആയിട്ടീലോകത്തൊരു വീടുമുണ്ടാവില്ലാന്ന്. എടോ, അതുല്യേച്ചി ഒക്കെ living room ലെ സോഫായിലിരുന്ന് കഴിക്കുമെടോ. ”

ഫിലിയിലെ വീട്ടിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറുംബോ എന്റെ വക do’s and dont’s ല്‍ ‘യാതൊരു കാരണവശാലും ഞാനടക്കമാരും living room ലേക്ക്‌ കയ്യില്‍ പ്ലേേറ്റുമായിട്ട്‌ വരാന്‍ പാടില്ല.’ എന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം അറിയിക്കുകയാണതിയാന്‍ !!

” ഏടോ, താനൊരു പിന്തിരിപ്പന്‍ മൂരാച്ചിയാണെടോ, തനിക്ക്‌ പരാതിയല്ലേ, മൂവി എടുക്കണത്‌ കൊണ്ട്‌ തന്റെ പണികളൊന്നും നടക്കണില്ലാന്ന്. ആ രേഷ്മ പറഞ്ഞിരിക്കണ കണ്ടോ. എല്ലാരുമങ്ങനെയൊക്കെയാണെടോ.. ”

അല്ലാ… ഇപ്പോ ആരാ ഈ അതുല്യേച്ചി ? പറയണ കേട്ടാല്‍ തോന്നും, അമ്മാവന്റെ മകളാണെന്ന്..ആരാപ്പൊ ഈ അപ്പൂ ? അനന്തിരവനാ ??ആരാപ്പോ ഈ രേഷ്മാ ? ചിറ്റയാ ??

രംഗം 2 : തീന്മേശ

“എടോ, നമ്മള്‌ നാട്ടീന്നു കൊണ്ടന്നതൊക്കെ വായിച്ചു തീര്‍ന്നല്ലോ. കുറച്ചു പുസ്തകങ്ങള്‌ നാട്ടീന്നെത്തിക്കാനെന്താടോ ഒരു വഴി ? ”

” ഉം.. ഞാനുമോര്‍ത്താരുന്നു.. നമ്മുടെ ഡി സി ബുക്സിന്റെ membership ലെ പുസ്തകങ്ങല്‍ 2005 ലേം, 2006 ലേം മേടിചിട്ടില്ലല്ലോ. ഓണ്‍ലൈന്‍ മേടിക്കാന്‍ ശ്രമിച്ചോ ” ?

“ഓ.. അതൊക്കെ തീ വില കൊടുക്കണമെടോ. നമ്മുടെ പെരിങ്ങോടര്‌ 3 പുസ്തകം മേടിച്ചിട്ട്‌ 35 ദിര്‍ഹമേ ആയുള്ളൂത്രേ. ‘ഓര പ്രോനോബിസും’, ‘ചോര ശാസ്ത്ര’വും ‘ആല്‍ഫ’യും മേടിച്ചു”

” 35 ദിര്‍ഹമെന്നു പറയുമ്പോ ഏകദേശം 10 ഡോളറല്ലേ ? കിടിലം ഡീലായിപോയല്ലോ !! മൂന്നും നമ്മളു വായിച്ച സംഭവങ്ങളാണല്ലോ. ഇഷ്ടപ്പെട്ടോ ആവോ പെരിങ്ങോടര്‍ക്ക്‌”

” പിന്നേ… ചോരശാസ്ത്രം ഇഷ്ടായി. ആല്‍ഫ ഒരുവിധമൊക്കെ… പക്ഷേ ഓര പ്രൊനോബിസിനേക്കാള്‍ നല്ലത്‌ ‘ലന്തന്‍ ബത്തേരി’യാണെന്നാ പറഞ്ഞേ ”

” ആണോ ? അടിപ്പൊളി !!! ഞാനും പെരിങ്ങോടരുടെ ഭാഗത്താ.. അയ്യേ… അപ്പോ കോപ്പിയടിയാണെന്നൊക്കെ പറഞ്ഞ്‌ ബഹളം വച്ചിട്ടിപ്പോ പെരിങ്ങോടരുടെ മുന്നില്‍ ചമ്മി നാറിയല്ലേ ??? ”

” താന്‍ പോടോ കുന്തമേ… ചമ്മാനെന്തിരിക്കണൂ ? ഒരോരോ സംവാദങ്ങള്‍ … അത്രേ ഉള്ളൂ…”

” ഉവ്വുവ്വേ….”
അല്ല…ഇതിപ്പോ ആരാ ഈ പെരിങ്ങോടര്‌ ? ചിറ്റപ്പന്റെ മകനാരിക്കുമോ ?

രംഗം 3 : ഷോപ്പിങ്ങിന്‍ പോകുന്ന വഴി കാറില്‍

” ഇനി വിളിക്കുംബോ നമ്മുടെ ഡാഡിയോടാ ചന്ദ്രേട്ടന്റെ ബ്ലോഗുകളെ പറ്റി പറയാന്‍ മറക്കല്ലേ. അതൊക്കെ വായിച്ചിട്ടെങ്കിലും ഡാഡിക്കീ കമ്പ്യൂട്ടറിനോടുള്ള അലര്‍ജിയൊന്ന് മാറിക്കിട്ടുമോന്നറിയാമല്ലോ… പ്രായമായവര്‍ക്കു കമ്പ്യൂട്ടറൊന്നും പറഞ്ഞിട്ടില്ല.., വഴങ്ങത്തില്ല.. എന്നൊക്കെയുള്ള ഡാഡിടെ തോന്നലൊക്കെ മാറുമോന്നറിയാമല്ലോ. ”

” എനിക്കിപ്പോളും ചന്ദ്രേട്ടനൊരല്‍ഭുതമാണുട്ടോ !!! ചുമ്മാ ബ്ലോഗെഴുതുക മാത്രമല്ല, GB, MB, Download, upload സകല സംഭവങ്ങളുമറിയാം !!. കൂട്ടത്തില്‍ wikipedia പോലുമുണ്ട്‌.!!! ”

ആരാണാവോ ഈ ചന്ദ്രേട്ടന്‍ ? ബന്ധുവാ ???

രംഗം 4 :

“ഞാന്‍ ത്രിശൂര്‌ പടിച്ചോണ്ടിരുന്നപ്പോ ഐക്കഫിന്റെ ക്യാമ്പിനൊക്കെ പോകുമ്പോ കൊറേ ‘കൊടകര’ക്കാരുണ്ടാരുന്നൂ. പരിചയപ്പെടുന്ന സമയത്തവരോടൊക്കെ വീടെവിടേന്ന് ചോദിച്ചാല്‍ ‘umbrella land’ എന്നു പറയുമാരുന്നു. അടിപൊളി ഹ്യൂമര്‍ സെന്‍സാണീ ത്രിശൂര്‍കാര്‍ക്ക്‌. വിശാലന്റേം കൊടകരേടെമൊക്കെ വായിച്ചാഫ്ഫീസിലിരുന്ന് ചിരിച്ചു വട്ടാവും. ഈ വക്കാരി ഏതു നാട്ടുകാരനാണാവൊ ? അതിന്റെ കമന്റ്‌ പോലും വായിക്കാന്‍ പേടിയാ…ചിരിച്ച്‌ മുള്ളി പോകും !!!”

“നമ്മളൊക്കെ ഭാഗ്യം കെട്ടവരാണെടോ.. കൊച്ചിക്ക് വടക്കോട്ടെവിടേലും ജനിക്കണമാരുന്നു.. എല്ലാം ജീനിയസുകളാണ്‌. നമ്മുടെയൊക്കെ വീടുകളിലാരെങ്കിലും പുസ്തകം വല്ലോം കണ്ടിട്ടുണ്ടോ ? വായനയുണ്ടോ ?? അവരൊക്കെ മലയാളത്തിലെ സകലതും വായിച്ചു തീര്‍ന്നവരാ.. അവരുടെയൊക്കെ മുന്നില്‌ നമ്മളു വെറും ‘കുണ്ടുകുളത്തിലെ തവള ‘.”

” അപ്പറഞ്ഞതിനോടെനിക്കത്ര യോജിപ്പില്ല കേട്ടോ… ദേവനൊരൊന്നന്നര ആളല്ലേ ? തെക്കൂന്നാണല്ലോ .. ഉമേഷ്‌ ചേട്ടനൊരു രണ്ടുരണ്ടര ആളല്ലെ ? വടക്കനായിട്ടാണോ ??? എന്റമ്മോ.. എന്താ ഒരു നാളെജ്‌ ? സംസ്കൃതമൊക്കെ അടിച്ച്‌ വിടണ കേട്ടാല്‌ നമ്മള്‌ വായ പൊളിച്ചിരുന്നു പോകും..”

ചര്‍ച്ചകളിങ്ങനെ നീണ്ടു പോവുകയാണ്‌…

” ഈ കണ്ണൂരൊക്കെ ഇത്രേം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനൊക്കെ ഉണ്ടല്ലേ ? അല്ലെങ്കില്‍ പിന്നെ സൂ എങ്ങിനാ ? നമ്മുടെ നാടും പുരോഗമിക്കുവാല്ലേ… അതി വേഗം.. ബഹുദൂരം !!! ”

” ഈ വക്കാരി ഒന്നാന്തരം തീറ്റിപണ്ടാരമാണൂട്ടോ… ഓ..സദ്യ വിവരണം വായിച്ചു വായിലു കപ്പലോടി…പാവം, ജപ്പാനിലങ്ങനെ ഇന്ത്യന്‍ കടകളൊന്നും ഇല്ലാന്ന്‌ തോന്നണൂ ”

” നമ്മുടെ ആനിവേര്‍സറി അല്ല്യോ മാഷേ അടുത്തയാഴ്ച ?? ഞാന്‍ മറന്നേ പോയി കേട്ടോ… സിബൂന്റെ ആനിവേഴ്സറീടെ കാര്യം വായിച്ചപ്പ്പ്പളാ ഓര്‍ത്തത്‌… …” ?

ഇവിടെ ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. പക്ഷേ ജീവിതമിപ്പോ ഒരാഘോഷമാണു കേട്ടോ. പങ്കുവയ്ക്കലുകളുടെ, നര്‍മ്മഭാവനകളുടെ, ദുഖകഥകളുടെ, ഒരാഘോഷം. എന്നും കൊച്ചുവര്‍ത്തമാനങ്ങളുമായി ധാരാളം ബന്ധുക്കള്‍.
നാട്ടില്‍ അമ്മയെ വിളിച്ചപ്പോ ആകെ വിഷമം :
“നിങ്ങളവിടെ ഒറ്റയ്ക്കല്ലേയുള്ളു. കുഞ്ഞുമോടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും ആരുമില്ലല്ലോ കൂട്ടിന്‌”

ഫോണിന്റെ ഇങ്ങത്തലയ്ക്കല്‍ നിന്ന് എന്റെ നല്ല പാതി പറയുന്നതു കേട്ടു.

“ആരു പറഞ്ഞമ്മേ ഞങ്ങളൊറ്റയ്ക്കാണെന്ന്. നാട്ടിലുള്ളതിനേക്കാള്‍ ബന്ധുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്‌. എന്നും വര്‍ത്തമാനം പറഞ്ഞ്‌ ചിരിച്ച്‌ കളിച്ച്‌ ഞങ്ങളിവിടെ സസുഖം വാഴുന്നു. സംശയമുണ്ടെങ്കി ഞങ്ങടെ ബ്ലോഗുകള്‍ ഒന്നെടുത്തുനോക്കൂ അമ്മേ…”

അവള്‍!!! ഡിസംബര്‍ 15, 2005

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, സുജ.
13 comments

നിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.

ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു… പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട്‌ സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത്‌ അമ്മൂമ്മയുടെ നേതൃത്വത്തില്‍‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത്‌ അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.

അവരിലൊരുപാട്‌ പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന്‌ വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍…. നൊന്ത്‌ പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച്‌ വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.

കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച്‌ നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **

ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത്‌ പോലെയാകില്ലേ അത്‌ എന്നവരില്‍ ചിലര്‍ക്ക്‌ ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.

കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട്‌ തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല…!!

* ആയുധങ്ങള്‍ : പേന്‍ ചീപ്പ്‌, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ്‌ കൊണ്ട്‌ ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍