jump to navigation

വിക്കി ക്വിസ് ടൈം (ലക്കം 2) മേയ് 1, 2006

Posted by മന്‍‌ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.
33 comments

1.ഇംഗ്ലണ്ടിലെ ബര്‍മൈങ്ഹാമിലാണു ഞാന്‍ ജനിച്ചത്. മഹാത്മാ ഗാന്ധിയുടെ പ്രസംഗം കേട്ട് ഇന്ത്യയിലെത്തി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്ത്യന്‍ കോഫീ ഹൌസിലിരുന്നു കാപ്പികുടിക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ ഓര്‍ക്കാറുണ്ട്. ഞാനാരാണെന്നു പറയാമോ?

2.വാനരസേന എന്ന ബാലസംഘടന രൂപീകരിച്ചാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരിലൊരാള്‍ പൊതുപ്രവര്‍ത്തനത്തിനെത്തിയത്. അതാരാണെന്നു പറയാമോ?

3.ദേവദാസി സ്ത്രീസമൂഹത്തില്‍പ്പെട്ട ഒരാളെ ‘ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നു രാജീവ് ഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ആരാണീ സ്ത്രീരത്നം?

4.ലിനക്സിന്റെ ചിഹ്നം ഒരു പെന്‍‌ഗ്വിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പെന്‍‌ഗ്വിന്റെ പേരെന്താണ്?(ഓമനപ്പേര്).

5.വാള്‍ സ്ട്രീറ്റ് എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ പ്രതീകമാണ്. ഇതുപോലെ ഫ്ലീറ്റ് സ്ട്രീറ്റ് എന്നതും ഒരു സൂചകം അല്ലെങ്കില്‍ പ്രതീകമാണ്. എന്തിന്റെയെന്നു പറയാമോ?

6.An Essay On Criticism അലക്സാണ്ടര്‍ പോപ്പിന്റെ പ്രശസ്തമായ രചനയാണ്. ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നതാണീ രചന?

7.കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലുള്ളതില്‍ ഏറ്റവും പഴയ സിനഗോഗാണ് പരദേശി സിനഗോഗ്‌. എവിടെയാണിതു സ്ഥിതി ചെയ്യുന്നത്?

8.സമുദ്ര നിരപ്പിലും താഴെയുള്ള ഇന്ത്യയിലെ ഏക പ്രദേശം കേരളത്തിലാണ്. ഏതാണത്?

9.പ്രതാപ മുതലിയാര്‍ ചരിതം(Prathapa Mudaliyar Charitham) ഒരു തമിഴ് നോവലാണ്. എന്താണിതിന്റെ പ്രത്യേകത?

10.ജലധാരകളുടെ നാട്(Land of Many Waters) എന്നാണ് ഒരു തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പേരിനര്‍ത്ഥം. ഏതാണാ രാജ്യം?

വിക്കി ക്വിസ് ടൈം രണ്ടാം ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉത്തരങ്ങള്‍ കമന്റായി ചേര്‍ക്കുക. ഉത്തരങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 13, 2006.

ക്വിസ് മാസ്റ്റര്‍ക്കൊഴികെ ആര്‍ക്കും വിക്കി ക്വിസ് ടൈമില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നതിനൊപ്പം മുകളിലുള്ള പരസ്യങ്ങളിലും വല്ലപ്പോഴും ഞെക്കുക. വല്ലതും തടയുകയാണെങ്കില്‍ ഈ മത്സരത്തിന് സമ്മാനങ്ങളും ഏര്‍പ്പെടുത്താമെന്നു കരുതുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും സ്വാഗതം.

Advertisements

വിക്കി ക്വിസ് ടൈം 1 ഏപ്രില്‍ 19, 2006

Posted by മന്‍‌ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.
17 comments

വിക്കി ക്വിസ് ടൈമിലേക്ക് ഏവര്‍ക്കും സ്വാഗതം. വിക്കിപീഡിയയില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള എളിയ ശ്രമമാണിത്. പ്രധാനമായും മലയാളം വിക്കിപീഡിയ, ഇംഗ്ലീഷ് വിക്കിപീഡിയ എന്നിവയിലെ ലേഖനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളായിരിക്കും ക്വിസ് ടൈമിന്റെ ഉള്ളടക്കം.

ദ്വൈവാരിക എന്ന നിലയിലാണ് വിക്കി ക്വിസ് ടൈം തുടക്കമിടുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്രമനമ്പര്‍ അനുസരിച്ച് കമന്റായി ചേര്‍ത്താല്‍ മതി. കമന്റ് മോഡറേഷന്‍ എന്ന സങ്കേതത്തിലൂടെ ക്വിസ് മാസ്റ്റര്‍ എല്ലാവരുടെയും ഉത്തരങ്ങള്‍ ഫലപ്രഖ്യാപന ദിവസം ഒരുമിച്ചു നല്‍കുന്നതായിരിക്കും. ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതാതിരിക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

ഒരു തുടക്കമായതിനാല്‍ തല്‍ക്കാലം മറ്റുള്ളവരുടെ അഭിനന്ദനം മാത്രമാണിപ്പോള്‍ സമ്മാനം(ചിലപ്പോള്‍ അതുമുണ്ടാകണമെന്നില്ല). പ്രായോജകര്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരെങ്കിലും സന്നദ്ധമായാല്‍ സമ്മാ‍നവുമുണ്ടാകും.

ആദ്യ ലക്കത്തിലെ ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. തുടക്കമെന്ന നിലയില്‍ വളരെ ലളിതമായ ചോദ്യങ്ങളാണ് ഇത്തവണ. ഇവയ്ക്കെല്ലാം ഉത്തരം മലയാളം വിക്കിപീഡിയയിലോ ഇംഗ്ലീഷ് വിക്കിപീഡിയയിലോ ഉണ്ട്. ഉത്തരങ്ങള്‍ മേയ് ഒന്നിനു മുന്‍പ് കമന്റായി ചേര്‍ക്കുക. ഒരിക്കല്‍ക്കൂടി സ്വാഗതം.

1. അരുണാചല്‍ ഭാഷയിലെ ഒരു വാക്കില്‍ നിന്നാണ് അരുണാചല്‍ പ്രദേശ് എന്ന ഭൂമിശാസ്ത്ര നാമമുണ്ടായത്. ആ വാക്കിന്റെ മലയാളം അര്‍ത്ഥമെന്ത്?

2. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ആരായിരുന്നു ടോപ് സ്ക്കോറര്‍?

3. ഗോദയെ കാത്ത് (Waiting for Gode) എന്ന പ്രശസ്തമായ നാടകത്തിന്റെ രചയിതാവാര്?

4. എഹേല എന്ന സിംഹള പദത്തിന് മലയാളികളുടെ സുപ്രാധാനമായ ഒരാഘോഷവുമായി പരോക്ഷമായി ബന്ധമുണ്ട്. എന്താണെന്നു പറയാമോ?

5. ഇന്ത്യയില്‍ ജനിച്ച് പിന്നീട് മറ്റൊരു രാജ്യത്തെ പൌരത്വമെടുത്ത് ഏറെ പ്രശസ്തയായിത്തീര്‍ന്ന ഒരു വനിതയുടെ ചരമദിനമാണ് ഫെബ്രുവരി 1. ആരാണതെന്നു പറയാമോ?

6.1944 ജൂലൈയില്‍ അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള ബ്രിട്ടന്‍‌വുഡില്‍ ചേര്‍ന്ന ആഗോള സാമ്പത്തിക വിദഗ്ധന്മാരുടെ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഇന്നു പ്രശസ്തമായ ഒരു രാജ്യാന്തര സാമ്പത്തിക സ്ഥാപനം നിലവില്‍ വന്നത്. ഏതാണാ സ്ഥാപനം?

7.റോബിന്‍ വാറന്‍ ഏതു നിലയിലാണ് പ്രശസ്തനായിരിക്കുന്നത്?

8.പതിനെട്ടരക്കവികള്‍ എന്ന പേരില്‍ പ്രശസ്തരായ, പതിനഞ്ചാം നൂറ്റാണ്ടിലെ കവിശ്രേഷ്ഠന്മാരില്‍ നാലു പേരുടെയെങ്കിലും പേരു പറയാമോ?

9.ദശപുഷ്പങ്ങളില്‍ രണ്ടെണ്ണമാണ് ഹൈന്ദവാചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്കുപയോഗിക്കുന്നത്. ഏതൊക്കെയാണവ?

10.ക്ളോണിങ്ങിലൂടെ പിറന്ന ചെമ്മരിയാടിന് ഡോളി എന്ന പേരു നല്‍കിയത് ഒരു പ്രശസ്ത ഗായികയുമായി ബന്ധപ്പെടുത്തിയാണ്. ആരാണാ ഗായിക?

ജന്മദേശത്തെപ്പറ്റി ഒരു ലേഖനം ഫെബ്രുവരി 14, 2006

Posted by മന്‍‌ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.
1 comment so far

വിക്കിപീഡിയയില്‍ എന്തെഴുതും എന്നു ശങ്കിച്ചിരിക്കുന്നവര്‍ക്ക് ഒരു വഴി ഇതാ. ജനിച്ചു വളര്‍ന്ന ദേശത്തെക്കുറിച്ചല്പം വിക്കിയിലെഴുതി വയ്ക്കൂ. ഒരു മാതൃകയായി പെരിങ്ങോടിനെപ്പറ്റി രാജ് എഴുതിയത് താഴെ ചേര്‍ക്കുന്നു.

പെരിങ്ങോട്

കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം. ‘അറിവിന്റെ തമ്പുരാന്‍’ എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയില്‍ പ്രശസ്തമായി. തൃശൂര്‍, മലപ്പുറം ജില്ലകളോട് അതിര്‍ത്തി പുലര്‍ത്തുന്ന ഈ ഗ്രാമം വള്ളുവനാട് എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തില്‍ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങള്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, കുന്ദംകുളം എന്നിവയാണു്.


ചരിത്രം

ചരിത്രകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി കോവിലകത്തിന്റെ ആസ്ഥാനകേന്ദ്രം എന്ന നിലയില്‍കൂടിയാണു്. തൃശൂരിലെ ശക്തന്‍‌തമ്പുരാനോടുള്ള സൌന്ദര്യപ്പിണക്കങ്ങള്‍ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി കോവിലകത്തുള്ളതെന്നു് കരുതപ്പെടുന്നു. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള സദ്യവട്ടം ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. മലയാളം ഭാഷാകവിയായ തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന എഴുത്തച്ഛന്‍ കുടുംബങ്ങള്‍ എന്നും വിശ്വസിച്ചുപോരുന്നുണ്ട്.

സമകാലികം

കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തില്‍ പ്രസക്തമാക്കുന്ന വിഷയങ്ങള്‍. കേരളസംസ്ഥാന യുവജനോത്സവങ്ങളില്‍ പഞ്ചവാദ്യം എന്ന മത്സരയിനത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ ഗുരുകുലസമ്പ്രദായത്തില്‍ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായിട്ടുണ്ട്. പെരിങ്ങോട് ഹൈസ്കൂള്‍ പഞ്ചവാദ്യ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.
ആയുര്‍വേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദനായിരുന്ന പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങള്‍ റിജുവനേഷന്‍ തെറാപ്പി തേടിവരുന്നയിടങ്ങളില്‍ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങള്‍ മാറിയിട്ടുണ്ട്.

വിക്കിപീടിയ ഡിസംബര്‍ 19, 2005

Posted by മന്‍‌ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.
9 comments

വിക്കിപീടിയ (Wikipedia) എല്ലാ ഭാഷകളിലും സ്വത്രന്തവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീടിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍‍ വിക്കിപീടിയ എല്ലാകാലവും സ്വത്രന്തവും സൌജന്യവും ആയിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ത്തന്നെയാണ്‌ വിക്കിപീടിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്‌. വിക്കിപീടിയ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവതിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്‍റെ അടിസ്ഥാനം. 2001 ജനുവരി 15നാണ്‌ വിക്കിപീടിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീടിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്‍റെ പൂരകസംവിധാനമായാണ്‌ വിക്കിപീടിയ ആരംഭിച്ചത്‌. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീടിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീടിയയെ നിയന്ത്രിക്കുന്നത്‌.
201 ഭാഷകളില്‍ വിക്കിപീടിയയുടെ പതിപ്പുകളുണ്ട്‌. എട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ([1]) ഈ സംരംഭത്തിന്‍റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീടിയ പ്രവര്‍ത്തിക്കുന്നു.