jump to navigation

പിഴച്ചതാര്‍ക്ക്? ജൂലൈ 2, 2006

Posted by മന്‍‌ജിത് കൈനിക്കര in കായികം, മന്‍‌ജിത്.
13 comments

അങ്ങനെ ലോകകപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ സൌന്ദര്യങ്ങള്‍ പുറത്തായി. അര്‍ജന്റീനയോ ബ്രസീലോ ഇല്ലാതെ ലോകകപ്പിന്റെ സെമിഫൈനല്‍ അരങ്ങേറുന്നു. ദുഃഖമുണ്ട്, പക്ഷേ പുറത്തേക്കു വഴിയൊരുക്കിയ മത്സരങ്ങളില്‍ അവര്‍ ഒരുതരത്തിലും വിജയം അര്‍ഹിച്ചിരുന്നില്ല എന്നതാണു നേര്.

മഹാന്മാരായ പരിശീലകര്‍ക്ക് ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നിരിക്കാം. എന്നാലും ഒരു ഫുട്ബോള്‍ പ്രേമി എന്ന സ്വാതന്ത്ര്യമുപയോഗിച്ചു പറഞ്ഞാല്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പരിശീ‍ലകര്‍ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് അവരുടെ തോല്‍‌വിയില്‍ നിഴലിച്ചു നിന്നത്.

ബ്രസീലിന്റെ കാര്യംതന്നെയെടുക്കാം. ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ അവര്‍ 4-4-2 എന്ന ശൈലിയായിരുന്നല്ലോ അവര്‍ സ്വീകരിച്ചിരുന്നത്. നാലു പ്രതിരോധനിരക്കാര്‍, നാലു മിഡ്ഫീല്‍ഡര്‍മാര്‍, രണ്ട് സ്ട്രൈക്കര്‍മാര്‍. ഒരോ മത്സരത്തിലും അവര്‍ ഈ ശൈലിയുമായി കളിച്ചു തെളിഞ്ഞിരുന്നു എന്നതും ശ്രദ്ധിക്കുക.

പക്ഷേ, ടൂര്‍ണമെന്റില്‍ ആദ്യമായി നേരിടേണ്ടിവന്ന മത്സര പരിചയമുള്ള ഒരു ടീമിനെതിരെ അവരുടെ പരിശീലകന്‍ പെട്ടെന്നു ശൈലി മാറ്റി. റൊണാള്‍ഡോ എന്ന ഒറ്റ സ്ട്രൈക്കറെ ഇറക്കി കാര്‍ലോസ് ആല്‍ബെര്‍ട്ടോ പെരേര ചൂതാട്ടം നടത്തി.

മധ്യനിരയില്‍ സഹതാരങ്ങള്‍ ആധിപത്യമുറപ്പിച്ചാല്‍ മാത്രം പ്രയോജനപ്പെടുന്ന സ്ട്രൈക്കറാണു റൊണാള്‍ഡോ എന്നാണെന്റെ പക്ഷം. കൃത്യതയാര്‍ന്ന പാസുകള്‍ പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കാന്‍ പറ്റിയ കളിക്കാരന്‍. എന്നാല്‍ എതിരാളികളായ ഫ്രാന്‍സ് സ്പെയിനുമായി കളിച്ചിറങ്ങുന്നതു കണ്ടശേഷമെങ്കിലും അവരുടെ മധ്യനിര മെച്ചപ്പെട്ടുവരുന്നത് പെരേര മനസിലാക്കാതെ പോയി.

പ്രതിരോധനിരക്കാരുടെ കത്രികപ്പൂട്ടില്‍ നിന്നും മിഡ്ഫീല്‍ഡര്‍മാര്‍ നല്‍കുന്ന അത്ര കൃത്യമല്ലാത്ത പാസുകളില്‍ നിന്നുപോലും അവസരമുണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ട്രൈക്കറെയോ, രണ്ടു സ്ട്രൈക്കര്‍മാരെയോ ബ്രസീല്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഒന്നു ചെറുത്തുനില്‍ക്കാനെങ്കിലുമാകുമായിരുന്നു എന്നെനിക്കു തോന്നുന്നു.

കളിയുടെ ആദ്യ പത്തു മിനിറ്റില്‍ മാത്രമേ ബ്രസീലിന് എന്തെങ്കിലും ചെയ്യാനായുള്ളൂ. തുടര്‍ന്ന് അവരുടെ വിഖ്യാതമായ മധ്യനിരയ്ക്കു താളംതെറ്റി. ജുനിഞ്ഞോ എന്ന സെന്‍‌ട്രല്‍ മില്‍ഫീല്‍ഡറെ ചുറ്റിപ്പറ്റി കളിമെനഞ്ഞെടുക്കാനുള്ള തന്ത്രം അമ്പേ പാളി.

എന്റെ നോട്ടത്തില്‍ ഈ ലോകകപ്പിലെ ബ്രസീലിന്റെ വിന്നിംഗ് കോമ്പിനേഷന്‍ ജപ്പാനെതിരെയായിരുന്നു. അവരുടെ മധ്യനിര നിറഞ്ഞു കളിച്ച മത്സരം. റൊണാള്‍ഡോയ്ക്കൊപ്പം നിസ്വാര്‍ത്ഥനായി കളിക്കുന്ന റൊബീഞ്ഞോയെ തുടക്കം മുതലിറക്കിയ തന്ത്രം. ജപ്പാന്‍ ബ്രസീല്‍ മത്സരത്തില്‍ തനിക്കു ഗോളാക്കിമാറ്റാമായിരുന്ന അവസരങ്ങള്‍ പോലും റോബിഞ്ഞോ സഹ സ്ട്രൈക്കര്‍ക്കു കൈമാറുന്ന കാഴ്ച അനുപമമായിരുന്നു. അതേ സമയം റോണാള്‍ഡോയ്ക്കൊപ്പം അഡ്രിയാനോ എറങ്ങിയപ്പോഴെല്ലാം കല്ലുകടിയുമുണ്ടായിരുന്നു. അഡ്രിയാനോ സ്വന്തം കാര്യം നോക്കുന്ന സ്ട്രൈക്കറാണല്ലോ.

വിംഗര്‍മാരായി കഫുനെയും കാര്‍ലോസിനെയും നിലനിര്‍ത്തി, മധ്യനിരയിലും മുന്‍‌നിരയിലും ജപ്പാനെതിരെ പരീക്ഷിച്ച ലൈനപ്പ് പിന്തുടര്‍ന്നിരുന്നെങ്കില്‍ ബ്രസീലിനെ അല്പം കൂടെ നന്നായി കളിക്കാമായിരുന്നു എന്നാണെന്റെ വിശ്വാസം.

**** ****
ജര്‍മ്മനിക്കെതിരെ അര്‍ജന്റൈന്‍ കോച്ചും ചില പിഴച്ച തീരുമാനങ്ങളെടുത്തു എന്നുതന്നെയാണു ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ കാമ്പിയാസോയ്ക്കു പകരം ഗോണ്‍സാലെസിനെ പരീക്ഷിച്ചതില്‍ തുടങ്ങി പെക്കര്‍മാന്റെ പാളിച്ചകള്‍. കളിയുടെ അവസാന ഘട്ടത്തില്‍ പ്ലേമേക്കര്‍ റിക്വല്‍മെയെ തിരിച്ചുവിളിച്ചതിലൂടെ അതു പൂര്‍ത്തിയാവുകയും ചെയ്തു.

റിക്വല്‍മെ ഉറക്കം തൂങ്ങിയ കളിയായിരുന്നു ഈ ലോകകപ്പിലത്രയും കാഴ്ചവച്ചത്. എന്നാലും അര്‍ജന്റീനയുടെ കളിമുഴുവന്‍ അയാളെ ചുറ്റിപ്പറ്റിയായിരുന്നു എന്നതു വിസ്മരിച്ചുകൂടാ.

എഴുപത്തെട്ടാം മിനിറ്റില്‍ ക്രെസ്പോയെ പിന്‍‌വലിച്ച് ക്രൂസിനെ ഇറക്കിയതായിരുന്നു ശരിക്കും അല്‍ഭുതപ്പെടുത്തിയത്.

യൂറോപ്പ്യന്‍ ടീമുകളെപ്പോലെ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു പെക്കര്‍മാന്റെ ലക്ഷ്യം എന്നുവേണം കരുതാന്‍. ഈ മാറ്റങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയതും അതുതന്നെ. ക്രെസ്പോയ്ക്കു പകരം മെസിയെ ഇറക്കുകയും റിക്വല്‍മെയെ പിന്‍‌വലിക്കാതെ ഗോണ്‍സാലസിനെ തിരിച്ചുവിളിച്ച് ആ സ്ഥാനത്തേക്ക് കാമ്പിയാസയെയോ അയ്മറെയോ ഇറക്കിയിരുന്നെങ്കിലോ? അര്‍ജന്റീന അല്പം കൂടി നന്നായി കളിക്കുമായിരുന്നു എന്നാണെന്റെ തോന്നല്‍.

ഷൂട്ടൌട്ടില്‍ ജര്‍മ്മനിയുടെ ലേമാന്‍ അസാധാരണമായ പ്രകടനം നടത്തിയെന്ന അഭിപ്രായം എനിക്കില്ല. അയാളയും കാമ്പിയാസോയും തൊടുത്ത ഷോട്ടുകള്‍ അത്ര ദുര്‍ബലവും ദയനീയവുമായിരുന്നു എന്നതാണു സത്യം. ഏതായാലും ഇറ്റലി ജയിച്ചതു നന്നായി. ജര്‍മ്മനിയോടു പിടിച്ചുനില്‍ക്കാന്‍ ഒരു ടീമായല്ലോ.

*** *** ***
ഷൂട്ടൌട്ടില്‍ ശരിക്കും താരമായത് പോര്‍ച്ചുഗലിന്റെ ഗോളി റിക്കാര്‍ഡോയാണ്. വിക്ടര്‍ ബായിയ എന്ന മികച്ച ഗോളിയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ 2004ലെ യൂറോകപ്പിനെത്തിയപ്പോള്‍ അല്‍ഭുതപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിക്കാര്‍ഡോ ഒരു സേവ് നടത്തിയും വിന്നിംഗ് കിക്ക് എടുത്തും താരമായിരുന്നു. ഇന്നലെ ഇംഗ്ലണ്ടിന്റെ ഓരോ ഷോട്ടുകള്‍ക്കു നേരെയും എത്ര കൃത്യതയോടെയാണയാള്‍ ചാടിയത്. ഒരെണ്ണം മുന്നോട്ടു ചാടിയും രക്ഷപ്പെടുത്തി. അനുപമം എന്നു മാത്രം ആ പ്രകടനത്തെ വിശേഷിപ്പിക്കാം.

*** *** ***
ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് കൈവരിച്ക പുരോഗതി അല്‍ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ടു കളികളിലും അവര്‍ അര്‍ഹിച്ച ജയമാണുനേടിയത്. ഒരു പക്ഷേ ലോകചാമ്പ്യന്മാരായ, 98ലെ മത്സരങ്ങളെക്കാള്‍ നന്നായി അവര്‍ ഈ രണ്ടു കളികളിലും പൊരുതി. സ്വന്തം പരിശീ‍ലകന്‍ പോലും എഴുതിത്തള്ളിയ ഒരു ടീം ഇങ്ങനെ ഒത്തൊരുമയോടെ കളിക്കുമ്പോള്‍ കയ്യടിക്കുകയല്ലാതെ എന്തു ചെയ്യാന്‍.

Advertisements

മൂന്നു സഹോദരിമാരും എന്റെ ജീവിതവും മേയ് 21, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, മന്‍‌ജിത്.
36 comments

മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.

തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാ‍നാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.

“സാറേ ഒരുഗ്രന്‍ സ്റ്റോറി”

തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.

കുഷ്ടരോഗികളോ? ഇക്കാലത്തോ?.

ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.

പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.

ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.

തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.

കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.

“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”

വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.

ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.

മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.

ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…

ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.

ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.

ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.

മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.

കമന്റടി മാര്‍ച്ച് 24, 2006

Posted by മന്‍‌ജിത് കൈനിക്കര in പ്രതികരണങ്ങള്‍, മന്‍‌ജിത്.
1 comment so far

ബ്ലോഗ് സ്പേസിലെ കമന്റടി ഞാന്‍ ശരിക്ക് ആസ്വദിക്കുന്നുണ്ട്. എഴുത്തിനൊപ്പം  വികസിക്കുന്ന സംവാദ നൂലുകളാണല്ലോ ബ്ലോഗെഴുത്തിന്റെ പ്രത്യേകത. പലരുടെയും ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ചുവടു പിടിച്ച് ഞാന്‍ ഇടപെട്ട സംവാദങ്ങള്‍ ഒന്നു കോര്‍ത്തിണക്കുകയാണിവിടെ. കൊള്ളാം, നന്നായി, തകര്‍പ്പന്‍ എന്നിങ്ങനെയുള്ള എളുപ്പവാക്കുകളേക്കാള്‍ പോസ്റ്റിന്റെ ആത്മാവുള്‍ക്കൊണ്ടു നടത്തിയ ചര്‍ച്ചകളാണ് ഏറെ പ്രസക്തമായി തോന്നുന്നത്. ഒക്കെ വീണ്ടുമിരുന്നു വായിക്കുമ്പോള്‍ ഒരു രസം, പിന്നെയൊരു ചിന്ത- എന്നെപ്പോലൊരു മണ്ടന്‍ വേറെയാരുണ്ട്. “Man is everything but arguement proof”  എന്ന  Robert Lyndന്റെ വാദം എവിടെയോ തെറ്റുന്നതും ഞാനറിയുന്നുണ്ട്.

 

:കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവ്യതിയാനങ്ങളെപ്പറ്റി ബെന്നി എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വികസന തല്‍‌പരര്‍ എന്ന പട്ടം നെറ്റിയില്‍ പതിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങളെ വിലയിരുത്തുകയാണു ബെന്നി. പ്രസ്തുത ലേഖനത്തില്‍ ഞാന്‍ നടത്തിയ ഇടപെടലുകള്‍.

ബെന്നീ, മധ്യവര്‍ഗ പ്രീണനംകൊണ്ടു മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലക്ഷ്യത്തെത്തുമെന്നു തോന്നുന്നില്ല. വികസന തല്‍‌പരര്‍ എന്ന പേരു നേടാനുള്ള ശ്രമങ്ങളൊക്കെ തുടക്കത്തില്‍ കയ്യടി നേടിയേക്കാമെങ്കിലും പിന്നീട് ബാധ്യതയാവില്ലേ എന്നൊരു സംശയമെനിക്കുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളെ വികസന വിരുദ്ധം എന്ന ഒറ്റവാക്കില്‍ നിര്‍വചിക്കാമെങ്കിലും വെണ്ണപ്പാളികളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങള്‍ക്കപ്പുറം തങ്ങളെ വിശ്വസിക്കുന്ന താഴേക്കിടയിലുള്ള ജനങ്ങള്‍ക്കുവേണ്ടി(വോട്ടിനു വേണ്ടി) നടത്തിയ ഇടപെടലുകള്‍ എന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. വികസനമെന്നാല്‍ ഐ.ടി, ബി.ടി എന്നൊക്കെയാണല്ലോ നാട്ടിലെ നിര്‍വചനം. ഈ വികസനങ്ങളൊക്കെ കൊണ്ടുവന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ചാലക ശക്തിയായ തൊഴിലാളി-ദരിദ്ര ജനതകള്‍ അതനുഭവിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നതല്ലേ സത്യം. കോരന്റെ കഞ്ഞി ഇപ്പോഴും കുമ്പിളിലാകുമ്പോള്‍ ഈ വികസന കാഴ്ചപ്പാടിന് ആന്ധ്രായിലെ ചന്ദ്രബാബുവിന്റെ ഗതിവരാനും സാധ്യതയില്ലേ. ടിവി ഷോക‍ളുടെയും കോര്‍പറേറ്റ് സദ്യകളുടെയും സാധ്യതകള്‍ ആസ്വദിക്കുന്ന സീതാറാം യെച്ചൂരിയേപ്പോലൊരാള്‍ പാര്‍ട്ടിയുടെ സെക്രട്ടറി കസേരയില്‍ വരാനിനി അധികനാള്‍ വേണ്ട. അപ്പോള്‍ പാര്‍ട്ടിയുടെ വികസന സിദ്ധാന്തങ്ങള്‍ മധ്യവര്‍ഗ്ഗവും കടന്നങ്ങു പോകില്ലേ ബെന്നീ. ഞാന്‍ നേരത്തേ പറഞ്ഞപോലെ കേരളത്തിനും ബംഗാളിനുമപ്പുറം കസേരയിലിരിക്കാന്‍ പാര്‍ട്ടി വികസന തല്പരര്‍ മാത്രമായാല്‍ പോര. മതതല്പരരും ജാതിതല്പരരുമാവണം. ഇറാനു വേണ്ടിയുള്ള കണ്ണിരൊഴുക്കല്‍ തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ കാണുമ്പോള്‍ പാര്‍ട്ടി മുസ്ലീം ലീഗിനെയും കേരളാ കോണ്‍ഗ്രസുകളെയും ഒക്കെ കടത്തിവെടട്ടി ആ വഴിക്കും വളരുകയാണെന്നു തോന്നണു. എത്ര പിളര്‍ന്നാലും ഉള്ളതിലും മികച്ചൊരു കമ്മ്യൂണിസ്റ്റ്-ഇടതു പക്ഷ പ്രസ്ഥാനം രൂപമെടുക്കാത്തതിനാല്‍ പാര്‍ട്ടിക്ക് കുറെക്കാലംകൂടി ഇങ്ങനെ നടക്കാം. തൊഴിലാളി താല്പര്യമെന്നു പറഞ്ഞു പോരാടിയ ചെറിയാച്ചന്‍ ഒരു സുപ്രഭാതത്തില്‍ ബിജെപിയുടെ കയ്യില്‍പ്പിടിച്ചതും പാര്‍ട്ടി പുറത്താക്കിയ ഉടനേ ഗൌരിയമ്മ കൃഷ്ണഭഗവാന്റെ അടുത്തേക്കോടിയതും സഖാവ് രാഘവന്‍ കോര്‍പറേറ്റ് രാഘവനായതും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗ്യം.

:കുട്ടിക്കാലത്തെ ആഗ്രഹ രൂപീകരണത്തെപ്പറ്റി സന്തോഷ് എഴുതിയ ആരായിത്തീരണം എന്ന ലേഖനത്തില്‍ ഞാന്‍ നടത്തിയ ഇടപെടലുകള്‍. സന്തോഷിന്റെ പോസ്റ്റ് ഏറെ ചിന്തിപ്പിച്ചു.

സാറന്മാര്‍ എന്തു ചോദിച്ചാലും ചെറുപ്പത്തിലെ ആഗ്രഹങ്ങളോടു നമ്മള്‍ സത്യസന്ധത പുലര്‍ത്താറില്ല എന്നതാണു സത്യം. പൌലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് തുടക്കത്തില്‍ ഈ വഴി ചിന്തിക്കുന്നുണ്ട്. ചുറ്റുപാടുകള്‍ കല്‍‌പിച്ചു നല്‍കുന്ന ഇഷ്ടങ്ങളുടെ പുറകേ പോയി നമ്മളൊക്കെ ആരൊക്കെയോ ആയിത്തീരുന്നു. എന്റെ നാട്ടില്‍ ഒരുവനുണ്ട്. സഹോദരങ്ങള്‍ എന്‍‌ജിനീയര്‍, ശാസ്ത്രജ്ഞന്‍, ഡോക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അവന്റെ ആഗ്രഹം ബസ് കണ്ടക്ടര്‍ ആവുക എന്നതായിരുന്നു. നാട്ടിലൂടെ പോവുന്ന പ്രൈവറ്റ് ബസുകളുടെ പുറകില്‍ ചെന്ന് തൊട്ടുനോക്കുക തുടങ്ങിയവയായിരുന്നു കക്ഷിയുടെ ബാല്യകാല വിനോദങ്ങള്‍. വളര്‍ന്നപ്പോള്‍(അഞ്ചടിയില്‍ താഴെയുള്ളതിനാല്‍ വളര്‍ന്നു എന്നു പറയാനാവില്ല) പല ബസുകാരുടെ അടുത്തെത്തിയിട്ടും ആരും പണി കൊടുത്തില്ല. ഒടുവില്‍ ഞങ്ങളുടെ നാട്ടുകാരനായ ബസു മുതലാളി തന്നെ അവനു പണി കൊടുത്തു. ആദ്യ ദിവസങ്ങളില്‍ ദീര്‍ഘദൂര യാത്രാ ബസില്‍ കണ്ടക്ടര്‍ പണി ചെയ്ത് ഛര്‍ദ്ദിച്ചു കിടന്നു. എന്നിട്ടും കക്ഷി തളര്‍ന്നില്ല. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ “ഇനിയാരാ ടിക്കറ്റെടുക്കാന്‍“ എന്ന ചോദ്യവുമായി ടിയാന്‍ മുന്നിലെത്തുമ്പോള്‍ എനിക്കദ്ദേഹത്തോടു വല്ലാത്ത ബഹുമാനം തോന്നും. ആഗ്രഹത്തിന്റെ ഗ്ലാമര്‍ നോക്കാതെ ജീവിതകാലം മുഴുവന്‍ അതിനെ പ്രണയിച്ചു സ്വന്തമാക്കിയ മഹാന്‍. ചിലപ്പോള്‍ തോന്നാറുണ്ട് പൊലീസാകാന്‍ ആഗ്രഹിക്കാതെ പൊലീസാകുന്ന പൊലീസുകാരും, രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കാതെ രാഷ്ട്രീയത്തിലിറങ്ങുന്ന നേതാക്കന്മാരും, സന്യാസികളാകാന്‍ ആഗ്രഹിക്കാതെ സന്യസിക്കുന്ന സന്യാസികളുമൊക്കെയല്ലേ സകല കുഴപ്പങ്ങള്‍ക്കും കാരണം. മറ്റു ചിലപ്പോള്‍ തോന്നാറുണ്ട്, മോഹങ്ങളുടെ ഭാരമില്ലാതെ കാറ്റിലലയുന്ന കരിയിലപോലെ എവിടെയെങ്കിലും ചെന്നു തങ്ങിനില്‍ക്കുന്നതാണേറെ സംതൃപ്തമെന്നും. ഏ ഏതാണോ ശരി? ഏതാണോ തെറ്റ്? . അല്ല ഇവിടെന്തിന് ശരി തെറ്റുകള്‍. അല്ലേ. സന്തോഷ് പോസ്റ്റ് കുറേ ചിന്തിപ്പിച്ചു. നന്ദി.

:ബുഷിന്റെ ഇന്ത്യാ സന്ദര്‍ശന സമയത്ത് ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങളുടെ ഒരു പ്രതീകാത്മക ചിത്രം തുളസിയുടെ ബ്ലോഗിലെത്തി. അവിടെ ഞാന്‍ എതിര്‍പ്പിന്റെ സ്വരങ്ങളുമായാണ് കടന്നെത്തിയത്. അതുകൊണ്ടു തന്നെ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവന്‍ എന്ന ഒരു വിശേഷണവും അവിടെനിക്കു കിട്ടിയിരുന്നു. വീണ്ടും വായിക്കുമ്പോള്‍ ഏറെ ആസ്വദിക്കാനൊക്കുന്നുണ്ട്. ഇതു വായിച്ചു കഴിയുമ്പോള്‍ എന്നില്‍ ഒരു ജോസഫ് അഡിസണ്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നെനിക്കു തോന്നിത്തുടങ്ങുന്നുണ്ട്. ഈ കമന്റടിക്കു ശേഷവും തുളസി എനിക്കിഷ്ടപ്പെട്ട കുറെയേറെമൂല്യങ്ങള്‍ കോരിയിട്ടു തരുന്ന ബ്ലോഗനായിത്തുടരുന്നു എന്നറിയുമ്പോള്‍ ഈ ഇടപെടലിനെ ഞാന്‍ സ്വയം ന്യായീകരിക്കുന്നു.

ഈ എതിര്‍പ്പില്‍ അത്ര കാര്യമുണ്ടോ?. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്തവരുടെ പോസ്റ്ററൊട്ടിക്കല്‍. അതിനപ്പുറം ഇതിലെന്ത്?. ബുഷിനെ എതിര്‍ക്കേണ്ടതെങ്ങനെ എന്നറിയാന്‍ ഈ മാക്സിസം ലെനിസം കാര്‍ ചാവസിനെ അറിയട്ടെ. ബുഷിനും കൂട്ടര്‍ക്കും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത അമേരിക്കയിലെ പാവങ്ങള്‍ക്ക് തണുപ്പുകാലത്ത് ഹീറ്റിങ് ഓയില്‍ കുറഞ്ഞനിരക്കില്‍ വിതരണം ചെയ്യുന്നത് ബുഷിന്റെ പ്രധാന വിമര്‍ശകനായ ചാവെസാണ്. ചാവെസിനു നന്ദി എന്ന പോസ്റ്ററും പിടിച്ചു നില്‍ക്കുന്ന ഡെലാവെയര്‍ നിവാസികളുടെ ദൃശ്യം കണ്ടപ്പോള്‍ ചാവെസിന്റെ ക്രിയാത്മകതയ്ക്കു മുന്നില്‍ ഞാന്‍ കുമ്പിട്ടു പോയി. നേരെ മറിച്ച് കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധര്‍ എന്നു പറഞ്ഞു നടക്കുന്നവരോട് എനിക്കൊരിക്കലും ആരാധന തോന്നിയിട്ടില്ല, തോന്നില്ല. സാമ്രാജ്യത്വ വിരുദ്ധത(ഈ വാക്ക് ശരിയാണോ സംശയം) ഇവര്‍ക്ക് ഒരു തൊഴില്‍ മാത്രമാണ്. അതു ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. തുളസിയുടെ മറ്റൊരു ഇഷ്ടവിഷയം കോള സമരമാണല്ലോ. അതിനെയും തെല്ലവജ്ഞയോടെ നോക്കാനേ എനിക്കു കഴിയൂ. മുന്നില്‍ നിക്കുന്നത് മയിലമ്മയൊക്കെയാണെങ്കിലും(പാവങ്ങള്‍!) തിരുവന്തോരത്തെ അജയന്‍ മുതല്‍ ഡല്‍ഹിയിലെ ക്ലോഡ് അല്‍‌വാരിസ് വരെയുള്ള സാമ്രജ്യത്വ വിരുദ്ധ പ്രഫഷണലുകളുടെ പാവകളിയല്ലയോ അതൊക്കെ. കുറേനേരത്തെക്ക് ഒരു സാമ്രജ്യത്വ ചാരനായതില്‍ മാപ്പ്!

2 തുളസീ, കോളാ സമരം ഞാന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ സത്യമാവില്ല. കണ്ടിട്ടുണ്ട്. മയിലമ്മയെപ്പറ്റി കുറേ സ്റ്റോറികള്‍ അടിച്ചിട്ടുമുണ്ട്. പക്ഷേ സമരപന്തലിലും പരിസരത്തും കണ്ട പലതും ഞാന്‍ എഴുതിയിട്ടില്ല. കാരണം പലതാണ്. ഒന്ന്. ഇതു കുറേപ്പേരുടെ വയറ്റിപ്പിഴപ്പാണ്. മറ്റൊന്ന് വെറുതേ ഉള്ളതെഴുതി കോളയുടെ കൈക്കൂലി വാങ്ങിയെന്നോ മറ്റോ കേള്‍ക്കുന്നതിനേക്കാള്‍ നല്ലത് മയിലമ്മയെക്കുറിച്ചെഴുതി ചുമ്മാ ഹീറോ ചമയുകയല്ലേ. താങ്കള്‍ പറഞ്ഞ ജല ചൂഷണം. വായുവില്‍ നിന്നും കോളയുണ്ടാക്കാനുള്ള വിദ്യ കണ്ടെത്തുംവരെ അവരോടു ക്ഷമിക്കൂന്നേ. ചൂഷണത്തിന്റെ കണക്കാണെങ്കില്‍ കോക്കകോള ഫാക്ടറി ഒരു ദിവസം എടുക്കുന്നതിന്റെ നാലിരട്ടി വെള്ളം പാലക്കാട്ടെ തന്നെ മലബാര്‍ സിമന്റ്സ് എടുക്കുന്നുണ്ട്. ഇങ്ങുമാറി ഏലൂരില്‍ മറ്റു പല ഫാക്ടറികളും ഏടുക്കുന്നുണ്ട്. തള്ളുന്ന വിഷത്തിന്റെ കണക്ക് പിന്നെ പറയാനുണ്ടോ. അപ്പോ പിന്നെ അവിടെയൊന്നുമെന്താ സമരമില്ലാത്തത്?. അപ്പോ കോളക്കാരുടെ അവശിഷ്ടത്തില്‍ വിഷം കണ്ടെത്തിയ കഥ. വിജയന്റെ ധര്‍മ്മപുരാണത്തിന്റെ തുടക്കം ഓര്‍മ്മവരുന്നു. പ്രജാപതിയുടെ മലത്തില്‍ വിരകളന്വേഷിക്കുന്നവര്‍ തൊട്ടപ്പുറത്തെ പയ്യന്റെ മലത്തില്‍ നിന്നെങ്കിലും അതു കണ്ടെത്തി കൊണ്ടുവരും. സുനീതക്കുട്ടിയോ മറ്റ് പരിസ്ഥിതി സംരക്ഷണ-സാമ്രാജ്യത്ത വിരുദ്ധ പ്രഫഷണലുകളോ കോളക്കാരുടെ മലമെടുത്തു പരിശോധിച്ച് വിഷമല്ലാതെ അമൃത് കണ്ടെത്തി വരും എന്നെനിക്കൊരു പ്രതീക്ഷയുമില്ല. ഏതായാലും ഒരു പത്രക്കാരനെന്ന നിലയില്‍ കോള സമരത്തിന്റെ ചില ഗുണ ഫലങ്ങള്‍ അനുഭവിച്ചവനാണിവന്‍. എന്തോരം കിടിലന്‍ സ്റ്റോറികളാ!. ചിലതൊക്കെ രാവിലെ നടന്ന് ഇങ്ങോട്ടെത്തുമായിരുന്നു. കോളക്കുപ്പിയില്‍ ബ്ലേഡ്, കോളക്കുപ്പിയില്‍ പഴുതാര, കോളക്കുപ്പിയില്‍ അണ്ഡകഡാഹം മുഴുവനും … അങ്ങനെ എന്തെല്ലാം സ്ടോറികള്‍!. സാമാന്യ ജനത്തിന്റെ ഭാവനാസമ്പത്ത് എത്രത്തോളമാണെന്ന് അന്നറിയാന്‍ കഴിഞ്ഞു. കോളാസമരം കുറച്ചുനാള്‍ക്കൂടി തുടരട്ടേ എന്നാണ് എന്റെ ആഗ്രഹം. പെരുമാട്ടി പ്രദേശത്തെ കുറേ പാവങ്ങള്‍ക്ക് ജീവിക്കാനൊരു തുകകിട്ടും. ഇങ്ങുമാറി പാലക്കാട് കലക്ടറാപ്പീസിന്റെ മുന്നില്‍ ഞങ്ങളുടെ തൊഴില്‍പ്പോയി എന്നു പറഞ്ഞു സമരം ചെയ്യുന്നവര്‍ക്ക് കോളക്കാരുടെ മണിയും കിട്ടും. വാര്‍ത്ത തേടി അലഞ്ഞു തിരിയുന്ന പത്രക്കാര്‍ക്ക് വയറു നിറയെ കിട്ടും. എങ്ങനെ നോക്കിയാലും ലാഭമേയുള്ളു ഈ കോള ഫാക്ടറികൊണ്ടും സമരംകൊണ്ടും. ഞാനിന്നുവരെ കോള കുടിച്ചിട്ടില്ല. എന്നാല്‍ പല കോളാ സമരക്കാരും അതു മാട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ട്.

:തമിഴ്, മലയാളം എഴുത്തുകാരെ താരതമ്യം ചെയ്ത് രാത്രിഞ്ചരന്‍ എഴുതിയ ലേഖനത്തില്‍ നടത്തിയ ഇടപെടലാണു മറ്റൊന്ന്. ഏതാനും നല്ല തമിഴ് സാഹിത്യകൃതികള്‍ വായിച്ചതിന്റെ ഹാങ്ങോവറില്‍ നടത്തിയ പ്രതികരണമായിരുന്നു അത്. സംവാദമങ്ങനെ വികസിച്ച് കൂടുതല്‍ ഇടപെടലുകള്‍ വന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ നിര്‍വചിച്ചതിങ്ങനെ – വെറുമൊരു പുഴു.

രാത്രി, വിറ്റഴിയുന്ന പ്രതികളുടെ കണക്കുനോക്കി സാഹിത്യന്‍റെ മേന്മയളക്കുന്നത്‌ സാഹസമല്ലേ. ആകെ അഞ്ഞൂറു വായനക്കാരേ ഉള്ളുവെങ്കിലും തമിഴ്‌ എഴുത്തുകാര്‍ ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ നമ്മള്‍ 3000 പ്രതികള്‍ വാങ്ങിക്കൂട്ടിയിട്ടും മേന്മയേറിയതൊന്നും കുറേനാളായി കിട്ടുന്നില്ല. ഖസാക്ക്‌ വേറിട്ടതുതന്നെ. പക്ഷേ പിന്നീടു വന്നവരെല്ലാം ഖസാക്കിന്‍റെ മുറ്റത്തും പുറമ്പോക്കിലുമൊക്കെ നിന്നു കറങ്ങുകയല്ലേ?. എന്‍റെ ചെറിയ വായനക്കിടയില്‍ ഖസാക്കിയന്‍ ശൈലിവിട്ടു നടന്ന 2 നോവലുകളേ ആകെ കണ്ടെത്തിയുള്ളു. വി ജെ ജയിംസിന്‍റെ ‘ചോരശാസ്ത്രവും’ ടി ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’യും. എന്‍റെ ചെറിയ സംശയം ഇതാണ്‌. ചാരുനിവേദിതയുടെ ‘സീറോ ഡിഗ്രി’ പോലൊന്ന് മലയാളത്തില്‍ പിറക്കാന്‍ എത്രനാള്‍ കാത്തിരിക്കണം.?

2 പെരിങ്ങോടന്‍, ശൈലിയോ മൌലികതയോ മുഖ്യമെന്നു ചോദിച്ചാല്‍ മൌലികത തന്നെ. അതിലാര്‍ക്കും സംശയമുണ്ടന്നു തോന്നുന്നില്ല. മൌലികതയ്ക്കടിസ്ഥാനം ചിന്തയാണു താനും. ഈ അളവുകോലില്‍ നിന്നു നോക്കുമ്പോള്‍ ആയുസിന്‍റെ പുസ്തകത്തിന്‌ ഒരു പ്രത്യേക സ്ഥാനമുണ്ട്‌. പക്ഷേ, ലന്തന്‍ബത്തേരിയുടെ മൌലികത, അദ്ദേഹത്തിന്‍റെ ചെറുകഥകളോടുള്ള അടുപ്പവും ആരാധനയും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, പ്രിയദര്‍ശന്‍ സിനിമകളുടെ മൌലികതയ്ക്കു തുല്യമാണ്‌.(പോഞ്ഞിക്കര റാഫിയുടെ ഓരാ പ്രോനോബിസ്‌ വായിക്കുക). ഖസാക്കിനുശേഷം മലയാളത്തില്‍ മൌലിക കൃതികളൊന്നും പിറന്നില്ല എന്നു പറയുന്നതും വിഢിത്തം തന്നെ. ഞാനങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പക്ഷേ കാതലായ പ്രശ്നം മറ്റൊന്നാണ്‌. മലയാളി, എഴുത്തുകാരും വായനക്കാരും, ചിന്തയേക്കാള്‍ ക്രാഫ്റ്റിന്‌ പ്രാധാന്യം നല്‍കിയില്ലേ എന്നു സംശയിക്കുന്നവനാണ്‌ ഞാന്‍. അങ്ങനെനോക്കുമ്പോള്‍ ഖസാക്കിന്‍റെ ക്രാഫ്റ്റും അതിനൊപ്പം ചിന്തയും പിന്തുടരാന്‍ ആളുണ്ടായതില്‍ അല്‍ഭുതം വേണ്ട. വിജയന്‍റെ തന്നെ ധര്‍മ്മപുരാണത്തിന്‌ പിന്തുടര്‍ച്ചക്കാരില്ലാതെ വന്നതിനും വേറേ കാരണം തിരയേണ്ട. ക്രാഫ്റ്റിനൊപ്പം സഞ്ചരിക്കാന്‍ എളുപ്പമാണെന്നാണ്‌ എന്‍റെ പക്ഷം. പക്ഷേ, ഉയര്‍ന്ന ചിന്തയ്ക്കൊപ്പം നടക്കുക, അതല്‍പ്പം പിടിപ്പതു പണിയാണ്‌. വി. കെ. എന്‍. കൃതികള്‍ അധികം വായിക്കപ്പെടാത്തതിനും അനുകരിക്കപ്പെടാത്തതിനും കാരണം മറ്റെന്താണ്‌?

(തുടരും)

ഞാ൯ അഞ്ചാമനാണ്‌ സെപ്റ്റംബര്‍ 5, 2005

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, കഥക്കൂട്ട്, മന്‍‌ജിത്, വൈയക്തികം.
5 comments

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ എന്റെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്ന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. “കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?.” ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാ൯‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാ൪ര്‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. ” പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?”. ഗാന്ധിയ൯‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. “മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ”. യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. “തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ചനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും”.

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു. ആല്ല ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമ൪‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള മൂത്ത ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീ൪‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങല്‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.

ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ട൪‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുട൯‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധ൪‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സ൪‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ര൯‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധ൪‍ണ്ണ കഴിഞ്ഞയുട൯‍ ആ വൃദ്ധ൯‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.
ഓടിയെത്തി ആ കയ്യില്‍ പിടിച്ചു പറഞ്ഞു. “ബാലേട്ട൯‍ പറഞ്ഞതു ശരിയാണ്‌. ഞാ൯‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു” . ബാലേട്ട൯‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു. ബാലേട്ടനോടു ചോദിക്കാ൯‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നത്‌?.

–കറത്താട്ട്‌ ബാലചന്ദ്ര൯‍ പാലക്കാട്ടെ ഒരു പ്രമുഖ ഗാന്ധിയനാണ്‌.