jump to navigation

മൂന്നു സഹോദരിമാരും എന്റെ ജീവിതവും മേയ് 21, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, മന്‍‌ജിത്.
36 comments

മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.

തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാ‍നാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.

“സാറേ ഒരുഗ്രന്‍ സ്റ്റോറി”

തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.

കുഷ്ടരോഗികളോ? ഇക്കാലത്തോ?.

ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.

പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.

ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.

തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.

കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.

“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”

വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.

ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.

മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.

ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…

ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.

ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.

ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.

മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.

Advertisements

ചമ്മല്‍ കെ സംബന്ധം മേയ് 9, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.
76 comments

വെറുതെയിരിക്കുമ്പോഴും ഒറ്റക്കിരിക്കുമ്പോഴുമൊക്കെ ഇങ്ങനെ പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു ദുശ്ശീലമെനിക്കു പണ്ടേയുണ്ട്‌. ഞാന്‍ വലിയ പാട്ടുകാരിയൊന്നുമല്ല. തരക്കേടില്ലാതെ പാടി ഒപ്പിക്കും എന്നു പോലും പറയാന്‍ പറ്റില്ല. പക്ഷേ എനിക്കതിന്റെ യാതോരഹങ്കാരവുമില്ലതാനും. ഹോസ്റ്റലില്‍, കോളേജില്‍ എന്നു വേണ്ട എവിടെയും വെറുതെയിരിക്കുമ്പോ ഞാന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പാടിക്കളയും.

ഇന്ന പാട്ടേ പാടൂ എന്നു വാശിയുമില്ല. ആ നിമിഷം നാവിന്‍ തുമ്പില്‍ വരുന്നതേതോ അതപ്പോള്‍ പാടുക. അതാണെന്റെ പോളിസി.

'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' ആണു രാവിലെ മുതല്‍ മൂളുന്നതെങ്കില്‍ ഉച്ചയ്ക്കതു നേരെ

'വാര്‍മഴവില്ലേ, ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞു പോയോ…
നിരാലംബയായി നീ മാറിയില്ലേ'
എന്നിങ്ങനെ മെലഡിയായി മാറും. അടുത്ത നിമിഷത്തില്‍ 'എന്നവളേ അടി എന്നവളേ…' പാടുമ്പോ ഞാന്‍ തന്നെ 'ശെടാ, ഇതിപ്പോ എവിടുന്നു വന്നതാ എന്റെ നാവില്‍' എന്നത്ഭുപ്പെടാറുണ്ട്‌.

മുറി ഹിന്ദി മാത്രമേ അറിയുള്ളൂവെങ്കിലും ഹിന്ദി പാട്ടു പാടില്ല എന്നൊന്നും യാതോരു വാശിയുമെനിക്കില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ടെന്ന രീതിയില്‍, ലിറിക്സ്‌ ശരിയല്ലെങ്കിലും ഞാന്‍ പാടിക്കൊണ്ടേയിരിക്കും.

ഈ പാട്ടുപാടല്‍ കലാലയ ജീവിതത്തിലൊന്നും വലിയ ഉപദ്രവം ചെയ്തില്ലെങ്കിലും ജോലി കിട്ടിയപ്പോ ഞാനിനി ഡീസന്റായിരിക്കുമെന്നും ഓഫീസിലിരുന്നു പാട്ടു പാടില്ലെന്നും കൂട്ടുകാരുടെയും സഹമുറിയത്തിമാരുടെയും അഭ്യര്‍ത്ഥന മാനിച്ചു തീരുമാനമെടുത്തിരുന്നു.

ജോലിയുടെ ആദ്യ രണ്ടു മാസങ്ങള്‍ കടുത്ത ട്രെയിനിങ്ങിന്റേതായിരുന്നു. രാവിലെ ആറര മണി മുതല്‍ രാത്രി ഒന്‍പതും പത്തും മണി വരെ നീളുന്ന , ദിവസേന പരീക്ഷകളും, എക്സര്‍സൈസുകളുമൊക്കെയായി വല്ലാതെ റ്റെന്‍ഷനടിച്ചുള്ള ദിവസങ്ങള്‍. ട്രെയിനിംഗ്‌, അതിനു ശേഷമുള്ള സാമ്പിള്‍ പ്രോജക്റ്റ്‌ ഒക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായില്ലെങ്കില്‍ ജോലി എപ്പോ തെറിച്ചെന്നു ചോദിച്ചാല്‍ മതി.

ആറരക്കോഫീസിലെത്തിയാല്‍ എട്ടു മണിയാകുമ്പോള്‍ എല്ലാവരും റ്റെക്നോപ്പാര്‍ക്‌ കഫേറ്റീറിയയില്‍ പ്രാതല്‍ കഴിക്കാന്‍ പോകും. ഹോസ്റ്റലിലെ ബ്രേക്‍ഫാസ്റ്റ്‌ കഴിക്കുന്നതിനെക്കാള്‍ ഭേദം പട്ടിണി കിടക്കുന്നതാണെന്നു മനസ്സിലാക്കിയ എന്റെ ജീവിതത്തില്‍ ബ്രേക്‍ഫാസ്റ്റിനു സ്ഥാനമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. Breakfast like a king, Lunch Like a Prince, and Dinner like a beggar എന്നുള്ള തീയറികളൊക്കെ എനിക്കറിയാമായിരുന്നെങ്കിലും സ്ഥിരമായി ബ്രേക്ഫാസ്റ്റ്‌ കഴിക്കാതിരുന്നതിനാല്‍ എനിക്കുച്ചയാകാതെ വിശപ്പില്ലാരുന്നു.

ജോലി കിട്ടിയപ്പോഴും ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്‌ ചെയ്യുന്ന ഈ പരിപാടി ഞാന്‍ തുടര്‍ന്നു. എല്ലാവരും എട്ടു മണിക്കു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകുമ്പോഴും ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്റെ സീറ്റില്‍ തന്നെയിരിക്കും. ഓഫീസിലെ ബാക്കിയുള്ള സീനിയര്‍ ജോലിക്കാരൊക്കെ ഒന്‍പതു മണിക്കേ ഓഫീസില്‍ വരൂ. അതായത്‌, ഈ എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയത്ത്‌ വിശാലമായ ഓഫീസില്‍ ഞാനൊറ്റക്കാണെന്നു ചുരുക്കം.

അങ്ങനെ ട്രെയിനിംഗ്‌ പുരോഗമിച്ചു കൊണ്ടിരിക്കേ, എല്ലാരും ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോയ സമയത്തൊരിക്കല്‍, എനിക്കു പാടാന്‍ മുട്ടി. അടക്കാന്‍ പറ്റാത്ത മുട്ടല്‍. ഓ… എന്തോന്നു ട്രെയിനിംഗ്‌, എന്തോന്നോഫീസ്‌, കേള്‍ക്കാനിവിടെയെങ്ങും ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ നീട്ടി പാടി.

" ഓം ജയ ജഗദീശ്‌ ഹരേ….
സ്വാമി ജയ ജഗദീശ്‌ ഹരേ…
ഭക്ത്‌ ജനോംകി സങ്കട്‌..
ഇഷ്ട്‌ ജനോംകി സങ്കട്‌
ക്ഷണു മേം ദൂര്‍ കരേം..
ഓം ജയ ജഗ……"

പെട്ടെന്നു 2 ക്യുബിക്കിള്‍ അപ്പുറത്തൊരു കസേര ഉരുളുന്ന ശബ്ദം! ആരോ കസേര പിന്നിലേക്കു തള്ളി സീറ്റില്‍ നിന്നെഴുന്നേറ്റ്‌ നിന്നുവെന്ന് ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലായി.

ഈശ്വരാ… യേതവനാണു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകാതെ ഇവിടെയിരിക്കുന്നത്‌? എന്തായാലും എന്റെ കൂടെ ട്രെയിനിംഗ്‌ ഉള്ള യേതോ ഒരുത്തനാവുമല്ലോ. പോകാന്‍ പറ. എന്റെ ഓഫീസിലിരുന്നു ഞാന്‍ പാടും. ആരുണ്ടിവിടെ ചോദിക്കാന്‍, എന്നൊക്കെ ധൈര്യം ഭാവിച്ചിരുന്നു.

ഒരു ഷൂസിന്റെ ശബ്ദം അടുത്തടുത്തു വരുന്നതെനിക്കു കേള്‍ക്കാം. ഞാനാണെങ്കില്‍ ഒന്നുമറിയാത്ത പോലെ, വളരെ തിരക്കിട്ടു കീ ബോര്‍ഡിന്റെ കട്ടകള്‍ പൊട്ടിപോകുന്ന പോലെ എന്തൊക്കെയോ കോഡെഴുതുന്നു. തൊട്ടു പിന്നില്‍ ആരോ വന്നു നിന്നതു ഞാന്‍ അറിയുന്നുണ്ടെങ്കിലും , ഒന്നുമറിയാത്ത പോലെ ഭാവിച്ചു.

" ഹെല്ലോ… "

ശബ്ദത്തില്‍ നിന്നുതന്നെ എനിക്കാളെ മനസ്സിലായി. എന്റെ മാനേജര്‍!. ഈ കാലമാടനോടിത്രയും രാവിലെ ഓഫീസില്‍ വന്നിരിക്കാന്‍ ആരാണു പറഞ്ഞത്‌? ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി.

" എപ്പോളുമിങ്ങനെയാണോ ?" ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചപ്പോ എന്റെ മുഖത്തെ ഭാവം; ഈശ്വരാ, ഭൂമി പിളര്‍ന്നങ്ങു താണു പോയിരുന്നെങ്കില്‍!
***********
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നല്ലേ ? പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില ഇനമുണ്ട്‌. എന്നെ പോലെ.

എന്റെ ബാച്ചിലുള്ളവര്‍ (ഞങ്ങള്‍ മുപ്പതു പേരാണൊരുമിച്ചു ജോലിക്കു ചേര്‍ന്നത്‌) മാത്രമേ പരിസരത്തുള്ളൂ എന്നുറപ്പുള്ള സമയങ്ങളില്‍ ഞാന്‍ എന്റെ മുട്ടല്‍ നിര്‍ബാധം തീര്‍ത്തു പോന്നു. കൂടെയുള്ളവരെല്ലാം കോളേജുകളില്‍ നിന്നു ജസ്റ്റ്‌ പാസ്‌ഔട്ട്‌ റ്റീംസായിരുന്നതിനാല്‍, ചിലപ്പോളൊക്കെ എന്റെ ഈ ഏകാംഗ സംഗീതം, സംഘഗാനമായി മാറുകയും ചെയ്തിരുന്നു.

ട്രെയിനിംഗ്‌ കഴിഞ്ഞ് ഏകദേശം ഒരൊന്നന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം. മുംബൈയില്‍ ലൂപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ക്ലൈന്റ്‌സൈറ്റില്‍ ഞങ്ങള്‍ എട്ടു പത്തു പേര്‍ വരുന്ന റ്റീം, പ്രൊജക്റ്റ്‌ ഗോ ലൈവിന്റെ അവസാന തിരക്കുകളിലാണ്‌. പണികളൊന്നും തീരേണ്ടതു പോലെ തീര്‍ന്നിട്ടില്ല. ടെസ്റ്റിംഗ്‌ റ്റീം ഓരോ ദിവസവും ഓരോ പുതിയ പുതിയ ഇഷ്യൂ/ബഗ്ഗ്‌ കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഡെഡ്‌ലൈന്‍ മീറ്റ്‌ ചെയ്യാന്‍ വേണ്ടി എല്ലാവരും ശ്വാസം പിടിച്ചിരുന്നു പാതിരാ വരെ ജോലി ചെയ്യുന്നു.

പ്രോജക്റ്റ്‌ തീര്‍ക്കാന്‍ എസ്റ്റിമേറ്റു ചെയ്ത മനുഷ്യ പ്രയത്നവും (Estimated Man hours) യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നതും തമ്മില്‍ തീരെ ബന്ധമില്ലാതെയാകുന്നു എന്നു കണ്ടപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോള്‍, എല്ലാമൊന്നു നേരെയാക്കാന്‍ വേണ്ടി 2 ദിവസത്തേക്കു മാനേജര്‍ പറന്നെത്തിയിട്ടുണ്ട്‌.

എല്ലാവരും റ്റെന്‍ഷനിലാണ്‌. മാനേജറുമായിട്ടു മണിക്കൂറുകള്‍ ഡിസ്കഷന്‍. എവിടെയാണു നമ്മുടെ എസ്റ്റിമേഷന്‍ പിഴച്ചതെന്നറിയാനുള്ള ചര്‍ച്ചകള്‍. എസ്റ്റിമേഷന്‍ പിഴച്ചതല്ല, ഒരുപാട്‌ അഡീഷനല്‍ റിക്വയര്‍മെന്റ്സ്‌ വന്നതാണു പ്രശ്നമായതെന്നൊരു വിധം അങ്ങേരെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും പതുക്കെ ശ്വാസം നേരേ വീണു തുടങ്ങി. മാനേജര്‍ എന്തോ മീറ്റിങ്ങിനായിട്ടു മുറിയില്‍ നിന്നും പുറത്തേക്കു പോകുന്നതു കണ്ടു.

അതുവരെ പാടാന്‍ മുട്ടിയിരുന്ന ഞാന്‍..
"പഞ്ചാര പാലു മുട്ടായി…
എന്റെ പഞ്ചാര പാലു മുട്ടായി…
ഓഹോ..
പഞ്ചാര പാലു മുട്ടായി…
പിന്നേം പഞ്ചാര പാലു മുട്ടായി…."
എന്നു നീട്ടി പാടിയിട്ട്‌…
" ബാക്കിയെനിക്കറിയാന്‍ മേലല്ലോ … " എന്നതേ ഈണത്തില്‍ പാടിയിട്ട്‌.

"മല പോലെ വന്നതെലി പോലെ പോയല്ലോ…
ഡുമ്പപ്പ…ഡുമ്പപ്പ…ഡുമ്പപ്പ..ഡും…."
എന്നു പാടി തകര്‍ത്തിട്ട്‌

"ഇപ്പോ എല്ലാരുടേം 'മാനേജര്‍ വന്നിട്ടെന്താവുമീശ്വരാ' എന്നുള്ള റ്റെന്‍ഷന്‍ പോയില്ലേ' എന്നു ചോദിക്കാന്‍ വേണ്ടി പുറകോട്ടു തിരിഞ്ഞപ്പോള്‍….

ഒന്നര വര്‍ഷം മുന്‍പു ചിരിച്ച അതേ ചിരി ചിരിച്ച്‌…. എന്റെ മാനേജര്‍ തൊട്ടു പിന്നില്‍…

'ഇപ്പൊളുമൊരു മാറ്റോമില്ലാല്ലേ? ' എന്നെന്നോടും ' ഈ കക്ഷി എപ്പോഴുമിങ്ങനെയാണോ ?'എന്നു ബാക്കിയുള്ളവരോടും ചോദിക്കുന്നു.
ഈശ്വരാ…ഭൂമി പിളര്‍ന്ന് ആ കസേരയോടുകൂടി ഞാന്‍ താണു പോയിരുന്നെങ്കില്‍!

കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യ മാര്‍ച്ച് 5, 2006

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, വൈയക്തികം, സുജ.
29 comments

മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ്‌ കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ്‌ അസ്സൈന്‍മന്റ്‌ !

പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക്‌ വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത്‌ പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.

പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢ‌സ്വര്‍ഗത്തില്‍ കഴിയുന്ന സമയം.

വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.

“അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല ” എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ…

പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന്‌ വേണ്ടിയല്ലേ നമ്മളെല്ലാം.. ?

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട്‌ 2 ദിവസത്തിനകം വീസ സ്റ്റാമ്പ്‌ ചെയ്ത്‌ പാസ്പോര്‍ട്ട്‌ തിരിച്ചെത്തി !

അങ്ങനെ വിരുന്നുണ്ട്‌ തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക്‌ ചെയ്തു.

തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ്‌ സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.

തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ്‌ പുറപ്പെട്ടത്‌ തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്‌. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പുറപ്പെടാന്‍ വെറും 25 മിനിറ്റ്‌ മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്‌. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ ‘യെങ്ങനെ ‘യിന്റര്‍നാഷ്‌നല്‍’ പട്ടം കിട്ടിയെടാ ‘ എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക്‌ ഡയറക്ഷന്‍സ്‌ നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.

ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം ‘ഞങ്ങള്‍’ എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.

ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട്‌ വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്‌. ഞാനാളുകളെയൊക്കെ വകഞ്ഞ്‌ മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്‌. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്‌.

ആമയും മുയലുമോട്ടത്തിന്‌ പോയപോലെ ഞാന്‍ കുറച്ച്‌ ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത്‌ 2-3 സ്റ്റെപ്പ്‌ പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച്‌ ‘വയറിതാ മുന്നേ ഞാനിതാ പിന്നേ ‘ എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്‌. ഞാനുടനെ റിവേഴ്‍സ്‌ ഗിയറിലിട്ട്‌ പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ്‌ പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.

അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ്‌ കൊണ്ട്‌ ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !

ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്‌. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?

ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്‌.

ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.

‘കണ്ടവരുണ്ടോ’ എന്നാരിക്കുമോ? ഏയ്‌, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?

‘വാണ്ടട്‌’ എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.

ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര്‌ വായിച്ചിരുന്നെങ്കില്‍ ‘ജുഗുപ്സാവഹമെന്ന്’ പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട്‌ മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം.

എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. ‘കുട്ട്യേടത്തി, പ്ലീസ്‌ റിപ്പോര്‍ട്ട്‌ അറ്റ്‌ ദ ‘ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ട്‌’ കൌണ്ടര്‍’ എന്നാണാ പേപ്പറിലെഴുതിയിരിക്കണത്‌. എന്നിട്ടടിയില്‍ കോളേജ്‌ പിള്ളാര്‌ ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.

പിന്നീടങ്ങോട്ട് ‘ആരോ’ കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്‌.

‘ലോസ്റ്റ്‌ ആന്റ്‌ ഫൌണ്ടോ’ ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത്‌ തന്നെയുണ്ട്. മാലയുടെ അറ്റത്ത്‌ താലി, അതുമുണ്ട്‌. പേരെഴുതിയ മോതിരം, കാലിലെ പാദസരം… എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ്‌ തോളത്തുണ്ട്‌. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്‌. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്‌.

ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത്‌ ?

തെരക്കില്‌ ഞാന്‍ ഫ്ലൈറ്റ്‌ മാറിയോ മറ്റോ ആണോ കേറിയത്‌? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്‌? ദൈവമേ..എവിടെയെങ്കിലുമൊന്നു ‘ജക്കാര്‍ത്ത’ എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.

അങ്ങനെ നടന്നു നടന്നു ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.

” ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്‌? ”

” ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്‌”

എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട്‌ ക്ഷമ ചോദിക്കണേ?

“നിങ്ങളുടെ ഫ്ലൈറ്റ്‌ സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ”

എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ…

” സിങ്കപ്പൂര്‍ ഫ്ലൈറ്റ്‌ വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച്‌ സമയമേ കിട്ടിയുള്ളൂ. ”

അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!

“നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം ”

എന്തോന്ന് ? അയ്യേ…. ച്ചേ ച്ചേ…. ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത്‌ സാധനത്തിന്റെ കാര്യമായിവരീ പറയണത്‌ ? പണ്ട്‌ ദാസനും വിജയനും കൂടി ‘സാധനം കയ്യിലുണ്ടേ’ എന്ന് വിളിച്ച്‌ കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.

” നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്‌. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച്‌ പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. ”

ഓഹോ…. അപ്പമതാണു കാര്യം ??

” നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ്‌ ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട്‌ നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍.”

” ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക്‌ 200 ഡോളര്‍ തരും ”

ഇത്‌ കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത്‌ 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്‌/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്‌. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന്‌ മുന്‍പ്‌ 3 പ്രാവശ്യമാലോചിച്ച്‌ കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത്‌ മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക്‌ വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).

പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ്‌ ചെയ്തു കൊണ്ട്‌ ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.

ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..

തൊട്ടു മുന്‍പിലുള്ള ബാഗേജ്‌ ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാവരുമൊക്കെ പെട്ടിയെടുത്ത്‌ പോയിക്കഴിഞ്ഞിരുന്നതുകൊണ്ട്‌ ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.

അപ്പോള്‍ മറ്റവനാണല്ലേ പോയത്‌ ? അതിനകത്ത്‌ ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ? ഹായ്‌ ഹായ്‌.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച്‌ മാനേജര്‍ കൂടി പെട്ടിയെടുത്ത്‌ വരാന്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. ദൈവമേ… പെട്ടിയിനിയവര്‍ക്ക്‌ കിട്ടുമോ ?

എയ്‌..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?

ദൈവമേ… കിട്ടല്ലേ… അന്തോനീസ്‌ പുണ്യാളോ….വേളാങ്കണ്ണി മാതാവേ… മുതലക്കുടത്ത്‌ മുത്തപ്പോ… ചാവറയച്ചോ…. ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.

പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട്‌ പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്‌. ?

“അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി ” ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.

ഓ…ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക്‌ കാണുമതുപോലൊന്ന്.

എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്‌.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്‌.

കല്യാണം കഴിഞ്ഞു പോയി… ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു ‍പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.

പെട്ടിയെന്റെ അടുത്തെത്തി. ‘കുട്ട്യേടത്തി’ ടെക്നോപാര്‍ക്ക്‌, കേരള’

കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.

“അയ്യോ..അതെന്റെ പേരല്ലേ ‘ ???..’ഐടന്റിറ്റി തെഫ്റ്റ്‌’ !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.

ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..

അപ്പോ കാണാതെ പോയീന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ?

മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്‌. അപ്പോളേക്കുമെനിക്ക്‌ പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.

പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്‌. !!!!!

പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?

അതു നമ്മുടെ രമ്പുന്തനവരുതിക്കാര്‌ പറ്റിച്ച പണിയാണ്‌. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ്‌ ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ്‌ കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച്‌ ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ്‌ പ്രിന്റ്‌ ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ്‌ ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.

പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട്‌ വെള്ളമിറക്കിയത്‌ മിച്ചം !!!!!

അവള്‍!!! ഡിസംബര്‍ 15, 2005

Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, സുജ.
13 comments

നിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.

ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു… പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട്‌ സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത്‌ അമ്മൂമ്മയുടെ നേതൃത്വത്തില്‍‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത്‌ അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.

അവരിലൊരുപാട്‌ പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന്‌ വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍…. നൊന്ത്‌ പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച്‌ വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.

കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച്‌ നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **

ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത്‌ പോലെയാകില്ലേ അത്‌ എന്നവരില്‍ ചിലര്‍ക്ക്‌ ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.

കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട്‌ തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല…!!

* ആയുധങ്ങള്‍ : പേന്‍ ചീപ്പ്‌, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ്‌ കൊണ്ട്‌ ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍

ഞാ൯ അഞ്ചാമനാണ്‌ സെപ്റ്റംബര്‍ 5, 2005

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, കഥക്കൂട്ട്, മന്‍‌ജിത്, വൈയക്തികം.
5 comments

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ എന്റെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്ന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. “കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?.” ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാ൯‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാ൪ര്‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. ” പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?”. ഗാന്ധിയ൯‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. “മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ”. യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. “തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ചനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും”.

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു. ആല്ല ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമ൪‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള മൂത്ത ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീ൪‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങല്‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.

ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ട൪‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുട൯‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധ൪‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സ൪‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ര൯‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധ൪‍ണ്ണ കഴിഞ്ഞയുട൯‍ ആ വൃദ്ധ൯‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.
ഓടിയെത്തി ആ കയ്യില്‍ പിടിച്ചു പറഞ്ഞു. “ബാലേട്ട൯‍ പറഞ്ഞതു ശരിയാണ്‌. ഞാ൯‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു” . ബാലേട്ട൯‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു. ബാലേട്ടനോടു ചോദിക്കാ൯‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നത്‌?.

–കറത്താട്ട്‌ ബാലചന്ദ്ര൯‍ പാലക്കാട്ടെ ഒരു പ്രമുഖ ഗാന്ധിയനാണ്‌.