jump to navigation

പാട്ടിന്റെ വഴികള്‍ സെപ്റ്റംബര്‍ 19, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മ.
trackback

പാട്ട് എനിക്ക് പലരിലേക്കുമുള്ള താക്കോലായിരുന്നു; പലതിലേക്കുമുള്ള പടിയും. നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെ “ആയിരം കണ്ണുമായ്…” എന്ന പാട്ട് പാടിപ്പഠിപ്പിച്ച് സ്കൂള്‍ വാര്‍ഷിക വേദിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ എന്റെ അക്കന്റെ(മൂത്ത സഹോദരി) കണ്ണൂകളില്‍ വല്ലാത്തൊരാനന്ദം ഞാന്‍ കണ്ടിരുന്നു. മറ്റുള്ളവരിലേക്കെത്താന്‍ കുഞ്ഞനുജന് ഒരുപായം നല്‍കിയ സന്തോഷമായിരുന്നോ അത് ?അറിയില്ല. അന്ന് എനിക്കൊന്നിനേക്കുറിച്ചും വല്യ നിശ്ചയമില്ലായിരുന്നു.

താളത്തിനൊത്ത് മേനിമുഴുവന്‍ ആട്ടി പാട്ടുപാടിത്തീര്‍ത്തനേരം കൂട്ടുകാര്‍ ഒന്നടങ്കം കയ്യടിച്ചപ്പോഴും എനിക്കൊന്നും മനസിലായില്ല. പക്ഷേ, സദാ ഗൌരവക്കാരിയായ(അതെ, അവര്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടേയില്ല) കുഞ്ഞൂഞ്ഞമ്മടീച്ചര്‍ വാത്സ്യല്യത്തോടെ ആശ്ലേഷിച്ചപ്പോള്‍ എനിക്കു തോന്നി, ഏതൊക്കെയോ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്.

അരിപൊടിക്കാനുള്ള മില്ലിലേക്കു പോകണമെങ്കില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചറുടെ പൂമുഖം കടക്കണമായിരുന്നു. സ്ക്കൂള്‍ മാറി വല്യക്ലാസുകളുടെ കനംവന്നകാലത്തും ആ ഗൌരവക്കാരി ടീച്ചറെ പലപ്പോഴും കാണേണ്ടിവന്നു. എന്റെ നിഴല്‍ റോഡില്‍ കാണുമ്പോ വാതില്‍ത്തുറന്ന് ഇറങ്ങിവന്ന് പലപ്പോഴും അവരാ ചോദ്യം ആവര്‍ത്തിച്ചിരുന്നു.
“നീ ഇപ്പോഴും പാട്ടുപഠിക്കുന്നുണ്ടോ?”
ഇല്ല; അപ്പോഴെന്നല്ല, ഒരിക്കലും ഞാന്‍ പാട്ടു പഠിച്ചിട്ടില്ല.

എന്നോടൊപ്പം എന്റെ പാട്ടും വളരുന്നുണ്ടായിരുന്നിരിക്കാം. ആഴ്ചയിലൊരിക്കല്‍, ബുധനാഴ്ച അവസാനത്തെ പീരിയഡ് പാട്ടു പഠിക്കാനുള്ളതായിരുന്നു. ഞങ്ങളില്‍ച്ചിലരെ പാട്ടു പാടിക്കാന്‍ ഏല്പിച്ചിട്ട് സംഗീത ടീച്ചര്‍ തൊട്ടപ്പുറത്തെ ഡ്രോയിംഗ് മാഷുമായി എന്തൊക്കെയോ പറഞ്ഞിരുന്നിരുന്നനേരവും ഞാന്‍ പാടി; മനസു നിറഞ്ഞ്. സംഗീത ടീച്ചറിന്റെ മനസുതുറക്കാനുള്ള താക്കോല്‍ മാത്രം എന്റെ പാട്ടുകളിലില്ലായിരുന്നു.

പാട്ടിനൊപ്പം ഞാനും വളരുന്നുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു പ്രഭാതം. ഗ്രാമവാസി ബേബിച്ചന്‍ വീട്ടിലേക്കു വരുന്നു. അത്തവണത്തെ പള്ളിപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നതു കക്ഷിയാ. എന്തെങ്കിലും പണിയേല്‍പ്പിക്കാന്‍ വരുന്നതായിരിക്കും. ഞാന്‍ വിചാരിച്ചു. അതെ ബേബിച്ചന്‍ പണിയേല്പിച്ചു. അങ്ങോര്‍ക്കഴിക്കുന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് ഞാന്‍ പാടണം. പള്ളിയിലെ പലപണികളും അറിയാമായിരുന്നെങ്കിലും വല്യവര്‍ക്കായി മാറ്റിവച്ച ഈ പണി എന്നിക്കു തന്നതിന്റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. എങ്കിലും ഞാന്‍ പാടി. അങ്ങനെ പള്ളിപ്പാട്ടുകാരനുമായി. പാട്ടും കുര്‍ബാനയുമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍‌ തുടങ്ങവേ ബേബിച്ചന്‍ വീണ്ടുമെത്തി. ഒരു വെള്ളക്കവര്‍ എന്റെ പോക്കലിട്ടു. എല്ലാവരും പോയശേഷം ഞാനാ കവര്‍ തുറന്നു നോക്കി. അഞ്ച് പുത്തന്‍ പത്തു രൂപാ നോട്ടുകള്‍ !! എന്റെ ആദ്യ പ്രതിഫലം.

പിന്നീട് വളര്‍ന്ന് അഞ്ചക്ക ശമ്പളം വരെ വാങ്ങിയെങ്കിലും ആ അമ്പതു രൂപാ തരുന്ന ഓര്‍മ്മകളുടെ മധുരം ഞാ‍നെങ്ങനെ മറക്കും?. പാട്ട് ഒരു വരുമാനമാര്‍ഗ്ഗവുമാണെന്ന് ആ പെരുന്നാള്‍ ദിനത്തില്‍ ബേബിച്ചനാണെനിക്കു പറഞ്ഞുതന്നത്. കോളജു പഠനകാലത്ത് പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ ഒരെളുപ്പവഴിയായിരുന്നു പാട്ടിന്റെ പ്രതിഫലം. ബേബിച്ചനു നന്ദി.

പാട്ടിനൊപ്പം ഞാന്‍ ക്ലാസുകളും ചവിട്ടിക്കയറി. എന്റെ സ്വരം ഒരു താക്കോലാണെന്ന് ഏറെക്കുറെ എനിക്കു ബോധ്യമായിരുന്നു. പത്താം തരം ട്യൂഷന്‍ ക്ലാസില്‍ മഴ പെയ്ത് ഇരുള്‍നിറയുമ്പോള്‍ നേരം കളയാനായി സോമന്‍ സാര്‍ എന്നെ വിളിക്കും. “ഒരു പാട്ടു പാടെടാ.” മഴയുടെ താളത്തിനൊപ്പം “ആയിരം പാദസരവും“ പാടി ഒരിക്കല്‍ ട്യൂഷന്‍ ക്ലാസില്‍നിന്നിറങ്ങുമ്പോള്‍ സോണിയ കുടചൂടി എന്റെ അരികില്‍ വന്നു പറഞ്ഞു. “പാട്ടെനിക്കിഷ്ടമായി കേട്ടോ“. കൂട്ടുകാര്‍ പലരും ലൈനടിക്കാന്‍ തിരഞ്ഞുവച്ച സുന്ദരിയായിരുന്നു സോണിയ. പ്രത്യേകിച്ചും എന്റെ കൂട്ടുകാരന്‍ അനിലിന്റെ സ്വപ്നങ്ങളിലെ കൊച്ചുകാമുകി. ആ മഴപ്പാട്ടിനുശേഷം അനില്‍ അധികമെന്നോടു മിണ്ടിയിട്ടില്ല. പാട്ട് ഒരു വാതില്‍ വെറുതെ തുറന്നതും മറ്റൊരെണ്ണം ഊക്കോടെ അടച്ചതും അന്നു ഞാന്‍ അറിഞ്ഞിരുന്നു.

കോളജുകാലത്ത് പാട്ടായിരുന്നു ഏക ആശ്വാസം. എനിക്കും കൂട്ടുകാര്‍ക്കും. അഞ്ചുപേര്‍ മാത്രമുള്ളതിനാല്‍ മിക്കപ്പോഴും ഇംഗ്ലീഷുക്ലാസു ഫ്രീ. പാട്ടുപാടി സോറപറഞ്ഞങ്ങനെ ഞങ്ങള്‍ ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ കൊട്ടയില്‍ത്തള്ളി. അങ്ങനെയൊരിക്കല്‍ നട്ടുച്ചനേരത്തെ ശാന്തതയില്‍ ഞങ്ങളിരിക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പി.ജി. ക്ലാസിലെ പെണ്‍കുട്ടികളിലാരോ “ഉയിരേ..ഉയിരേ..’’ പാടുന്നു. പുരുഷസ്വരം പൂരിപ്പിക്കേണ്ട ഭാഗമൊക്കെ ഞാന്‍ വെറുതെ ഇപ്പുറത്തിരുന്നു പാടി. ആരുമതു ശ്രദ്ധിക്കുമെന്നു കരുതിയില്ല. ഭിത്തികള്‍ മറയാക്കി ആ യുഗ്മഗാനം പൂര്‍ത്തിയായപ്പോള്‍, അതാ വരുന്നു മെലിഞ്ഞ് ഗോതമ്പിന്റെ നിറമുള്ള രശ്മി ഞങ്ങളുടെ ക്ലാസിലേക്ക്. സ്വപ്ന ദേവത മുന്നില്‍ വന്നകണക്കേ കൂട്ടുകാരൊക്കെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ അവള്‍ ഓടിവന്നെനിക്ക് കൈകള്‍ തന്നു. മെല്ലെയൊന്നു ചിരിച്ച് അവള്‍ പോയതും കൂട്ടുകാരന്‍ സിയാദ് എന്റെ കൈകളില്‍ മുത്തമിട്ടു. ഒരു വാതില്‍ക്കൂടി തുറന്നു എന്നല്ലാതെ എനിക്കൊന്നും തോന്നിയിരുന്നില്ല. പ്രേമത്തിന്റെ സാധ്യതകള്‍ അന്നെനിക്കന്ന്യവുമായിരുന്നു.

കൂട്ടുകാര്‍ക്കിടയില്‍ എന്റെ പാട്ടിനെ ഒതുക്കാനായിരുന്നു ഇഷ്ടം. പക്ഷേ അവരെന്നെ കോളജ് ഗാനമേള വേദിയിലേക്കു തള്ളിവിട്ടു. അവിടെ ഗായകരുടെ ബഹളം. ഒടുവില്‍ ആസ്ഥാന ഗായകര്‍ എനിക്കൊരു പാട്ടു തന്നു. ഗാനമേളയല്ലേ, ഈശ്വര ചിന്തയോടെ തുടങ്ങണമല്ലോ. അങ്ങനെ എസ് ബി കോളജിലെ കാവുകാട്ടുഹാളില്‍ ഞാന്‍ സ്വര്‍ഗ്ഗസ്ഥനാം പിതാവേ പാടി. നാലാം ക്ലാസില്‍ ആടിയാടിപ്പാടിയ ഞാന്‍ ഏറെ വളര്‍ന്നതായി അന്നെനിക്കു തോന്നി. ആ പാട്ട് കുറെയേറെ വാതിലുകള്‍ തുറന്നു. അതിലേറെ സൌഹൃദങ്ങളും.

കോളജ് ജീവിതം ഇന്റര്‍കോളജീയമായ കാലം. പല സംഘടനകളുടെ പേരില്‍ നാട്ടിലുള്ള കോളജുകളിലൊക്കെ കയറി ഇറങ്ങലായിരുന്നു പ്രധാന വിനോദം. കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന അത്തരമൊരു ക്യാമ്പ്. ഇടയ്ക്കെപ്പോഴോ ചിലരെന്നെ ഒരു പാട്ടു പാടാന്‍ നിര്‍ബന്ധിച്ചു. വേദിയില്‍ നിന്ന് ആമ്പല്‍ പൂവേ..പാടുന്നതിനിടയില്‍ ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടിയുടെ കണ്ണുകളിലേക്ക് ഞാന്‍ കൌതുകത്തോടെ നോക്കി(ഇല്ല, ആ കൌതുകത്തില്‍ പ്രേമമില്ലായിരുന്നു). ആമ്പല്‍ പൂവും കുറെയേറെ വാതിലുകള്‍ തുറന്നു; കുറെയേറെപ്പേര്‍ അഭിനന്ദനവും നല്ല വാക്കുകളുമായി ചുറ്റും കൂടിയപ്പോഴും ആ പെണ്‍കുട്ടി മാറി നിന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പാട്ടുകള്‍ക്കു തുറക്കാനാവാത്ത വാതിലുകളുമുണ്ടെന്ന് അന്നു ഞാന്‍ മനസില്‍ കുറിച്ചിട്ടു. ആ പെണ്‍കുട്ടി പിന്നിടു പക്ഷേ, എന്റെ സുഹൃത്തും വഴികാട്ടിയും പ്രണയിനിയും ജീവിത സഖിയുമൊക്കെയായി എന്നതു വേറേ കാര്യം.

ജേണലിസം പഠനകാലത്താണ് പാട്ടിന്റെ ശരിയായ നേര് ഞാന്‍ തിരിച്ചറിഞ്ഞത്. പാട്ടിന്റെ പര്യായം പേരിലാക്കിയ ഒരുവളെച്ചൊല്ലി അകാരണമായ ചില സങ്കടങ്ങള്‍ ആനാളുകളില്‍ എന്നെ പിന്തുടര്‍ന്നു. മറ്റുള്ളവരുടെ പാട്ടുകേള്‍ക്കുന്നതിലെ സുഖം അക്കാലത്ത് ഞാനറിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ വേദനകള്‍ നിറഞ്ഞ നേരത്ത് ‘’പാടാനോര്‍ത്തൊരു മധുരിത ഗാനം പാടി ഷഫീക്കും ഹിമശൈല സൈകതം പാടി രേഖയും(കഥാകൃത്ത് കെ.രേഖ) അങ്ങനെ മറ്റു പലരും, എന്റെ സംഗീതത്തെ എന്നിലേക്കുതന്നെ തിരിച്ചൊഴുക്കുകയായിരുന്നു.

പാട്ട് അങ്ങനെ എന്റെ ഉള്ളിന്റെ ഉള്ളു തുറക്കാനുള്ള താക്കോല്‍ മാത്രമായി. ഏകാന്തമായ ജീവിത നിമിഷങ്ങളില്‍ എന്നിലെ എന്നെയുണര്‍ത്തുന്ന ആ സംഗീതം മറ്റൊരു വാതിലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കുവേണ്ടി പാടുന്നതു ഞാന്‍ നിര്‍ത്തി.

ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ കീകളില്‍ വിരലമര്‍ത്തി മെല്ലെപ്പാടുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്; എന്റെ കുഞ്ഞുമോള്‍ ആ പാട്ടിനൊപ്പം താളം ചവിട്ടുന്നത്. എന്റെ ഉള്ളുരുക്കങ്ങളുടെ സംഗീതം അവളറിയുന്നുവോ?
അതെ, പാട്ടെനിക്കിപ്പോള്‍ താക്കോലല്ല; യാത്രയാണ്. എന്റെ പൊന്നോമന മകള്‍ക്കൊപ്പം ഒരു തീര്‍ത്ഥയാത്ര.

വിഭാഗം: ഓര്‍മ്മകള്‍

Advertisements

അഭിപ്രായങ്ങള്‍»

1. പെരിങ്ങോടന്‍ - ഫെബ്രുവരി 5, 2006

പാടാന്‍ കഴിവുള്ളവരെയെല്ലാം ഞാന്‍ അഹങ്കാരികളായാണു വീക്ഷിച്ചിരിക്കുന്നത്. ഞാന്‍ അവരില്‍ നിന്നു അകന്നു നില്‍ക്കുവാന്‍ ശീലിച്ചു. അവരിലാരുമായും നല്ല സൌഹൃദങ്ങള്‍ ഉണ്ടായതുമില്ല. ഇന്നിപ്പോള്‍ നല്ലൊരു സുഹൃത്ത് ഒരു ഗായകന്‍ കൂടിയാണെന്നറിയുമ്പോള്‍… ഈ സൌഹൃദം ഏറെകാലം നിലനില്‍ക്കണേ എന്നു ഞാനാഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ വരികള്‍ വായിച്ചിട്ടാണു്… സംഗീതം ജന്മസിദ്ധമായ കഴിവെന്നുള്ളതിനുപരി ആത്മീയതയിലേക്കുള്ള യാത്രയാണെന്ന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടോര്‍ത്തിട്ടാണു്.

2. ഇന്ദു | Indu - ഫെബ്രുവരി 5, 2006

മനോഹരമായി എഴുതിയിരിക്കുന്നു! എഴുത്തിലും പാട്ടൊഴുകുന്നു!

3. evuraan - ഫെബ്രുവരി 5, 2006

ഹൃദയ സ്പര്‍ശിയായ എഴുത്ത്.

4. ചില നേരത്ത്.. - ഫെബ്രുവരി 6, 2006

എത്ര താള ബോധത്തോടെയാണീ സംഗീതം എന്റെ മനസ്സിലേക്ക് ഒഴുകിയിറങ്ങിയത്..
മനോഹരമെന്ന വാക്കിനും പരിമിതികളുണ്ട്, അങ്ങയുടെ ഈ അനുഭവങ്ങളെ വിശേഷിപ്പിക്കുമ്പോള്‍..
-ഇബ്രു-

5. കണ്ണൂസ്‌ - ഫെബ്രുവരി 6, 2006

എവിടെയോ, എന്തോ ഒന്ന് എന്നെ സ്പര്‍ശിച്ചു..

ഇതിനേയാണോ സായിപ്പ്‌ “touching” എന്നു പറയുന്നത്‌?

6. അതുല്യ - ഫെബ്രുവരി 6, 2006

എൻ മേൽ വിഴുന്ത മഴതുള്ളിയേ
ഇത്തനാ നാൾ നീ എങ്കിരുന്തായ്‌…

ഒരു പാട്‌ നന്നായിരിയ്കുന്നു. കെ. രേഖയേ അറിയുമോ? എന്റെയും സുഹ്രത്താണു.

7. rathri - ഫെബ്രുവരി 6, 2006

സ്ക്കൂളിൽ പാട്ട്‌ പഠിപ്പിച്ചിരുന്ന ടീച്ചറുടെ പേർ ഇപ്പോഴും ഓർക്കുന്നില്ല. കാരണം ടീച്ചറെ എല്ലാവരും പാട്ടു ടീച്ചർ എന്നാണ്‌ വിളിച്ചിരുന്നത്‌.
ടീച്ചർ ഞങ്ങളെക്കൊണ്ട്‌ പാട്ടു പാടിപ്പിച്ചിരുന്നത്‌ കോറസ്സായിട്ടായിരുന്നു. അതായത്‌ ഒരു ബെഞ്ചിലെ കുട്ടികൾ എല്ലാവരും ഒരുമിച്ചു പാട്ട്‌ പാടണം. ശാസ്ത്രീയ സംഗീതവും ഞങ്ങളും തമ്മിൽ ആമയും തഴുതാമയും തമ്മിലുള്ള ബന്ധം പോലും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരാൾ ഒഴിച്ചു ബാക്കി എല്ലവരും പുസ്തകം മറയാക്കി അർമാദിച്ചു ചിരിക്കുകയിൽ കവിഞ്ഞ ഒരു പഠനം ഇല്ലായിരുന്നു. ഒരാൾ പിന്നീട്‌ നല്ല ഗായകനായി. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധം തോന്നുന്നു. പാട്ടു പഠിക്കാൻ പറ്റിയ ഒരു നല്ല അവസരമായിരുന്നു കളഞ്ഞു കുളിച്ചത്‌.
മഞ്ജീത്‌, മനോഹരമായിരിക്കുന്നു അനുഭവം.

കൂട്ടത്തിൽ ചോദിക്കട്ടെ. നമ്മുടെയെല്ലം കൌമാരത്തെ തൊട്ടുണർത്തിയ ചില പാട്ടുകൾ ഉണ്ടാകുമല്ലോ. നിങ്ങളുടെയെല്ലാം പാട്ടുകൾ ഏതാണ്‌? എന്റെ ചില പാട്ടുകൾ ഇതാ:

ഹൃദയം കൊണ്ടെഴുതന്ന കവിത……

മാനസ നിളയിൽ പൊന്നോളങ്ങൾ……

8. സാക്ഷി - ഫെബ്രുവരി 6, 2006

ഒരു രണ്ടുവരി പാടികേള്‍ക്കാന്‍ എന്താണൊരു വഴി. വല്ലാതെ കൊതിച്ചുപോയി.

9. കലേഷ്‌ കുമാര്‍ - ഫെബ്രുവരി 6, 2006

നല്ലൊരു പാട്ടു കേട്ട സുഖം….
നന്നായി എഴുതിയിരിക്കുന്നു!

10. അതുല്യ - ഫെബ്രുവരി 6, 2006

സാക്ഷീ, എന്നെ ഒന്ന് വിളിച്ചാ പോരേ? വെണ്ണയുള്ളപ്പോൾ നെയ്യ്‌ അന്വേഷിച്ച്‌ എന്തിനാ അമേരിക്കയിലു പോണേ?

11. മലയാളം ബ്ലോഗുകള്‍ - ഫെബ്രുവരി 6, 2006

really nice writing dear.. nice experience…

12. സു | Su - ഫെബ്രുവരി 6, 2006
13. -സു‍-|Sunil - ഫെബ്രുവരി 7, 2006

പാട്ട്‌ പലപ്പോഴും ലഹരിയാണ്, ചിലപ്പോള്‍ സമാധാനമാണ്, പലപ്പോഴും ഭാവനയാണ്! പാടുന്നവനുമതെ, കേല്‍ക്കുന്നവനുമതെ.-സു-(പാട്ട്‌ ഒഫീഷ്യലായി നിരോധിച്ച ഒരു രാജ്യത്തിരുന്നുകൊണ്ട് ഇതെഴുതുന്നു!)

14. മന്‍ജിത്‌ | Manjith - ഫെബ്രുവരി 7, 2006

പെരിങ്സ്,
പാട്ടുകാര്‍ മാത്രമല്ല സര്‍ഗ്ഗ സിദ്ധികളുള്ള മിക്കവര്‍ക്കും (ബ്ലോഗെഴുത്തുകാര്‍ക്കും) വന്നുചേരാവുന്നതാണീ അഹങ്കാരം. ഹര്‍ഷാരവങ്ങളുടെയും അഭിനന്ദനങ്ങളുടെയും പെരുമഴ നനയുമ്പോള്‍ സ്വന്തം ഉള്ളിലേക്കു നോക്കാന്‍ ചിലപ്പോ കഴിഞ്ഞെന്നു വരില്ല. അങ്ങനെ ഉള്ളുകാണാത്തവരെ കാണുമ്പോ ഒഴിഞ്ഞുമാറാന്‍ തോന്നുന്നതില്‍ അല്‍ഭുതമില്ല.

എവിടെയോ വായിച്ചിട്ടുണ്ട്, സ്വന്തം സൃഷ്ടിയെ നോക്കുമ്പോള്‍ കൊള്ളാം പൂര്‍ണ്ണമായിരിക്കുന്നു എന്ന തോന്നല്‍ വരുന്ന നിമിഷം കലാകാരന്‍ മരിക്കുമെന്ന്. ശരീരത്തിന്റെ മരണമല്ല സര്‍ഗസിദ്ധിയുടെ മരണമായിരിക്കാം ഇത് അല്ലേ?.

ആദ്യകാലങ്ങളില്‍ ഈ അവനവനുള്ളിലെത്തിനോട്ടം എന്റെയൊപ്പവുമില്ലായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ അതുകൂടിച്ചേര്‍ന്ന രണ്ടാം പകുതിയിലെ ജീവിത സംഗീതമാണെനിക്കിഷ്ടം. ഹെര്‍മന്‍ ഹെസെയുടെ അഗസ്റ്റസ് എന്ന ചെറുകഥയുടെ ഓര്‍മ്മകള്‍ ഈ കമന്റിനൊപ്പം ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ എന്തു ഭംഗി.
താങ്കളുടെ നല്ല സുഹൃത്തുക്കളുടെ കൂട്ടത്തിലാണ് എന്റെയും സ്ഥാനമെന്ന ചിന്ത എന്നെ ലഘുചിത്തനാക്കുന്നു 🙂

ഇന്ദു,
🙂 മൌനം വാചാലം.

ഏവൂരാന്‍,
താങ്കളുടെ ഹൃദയത്തെ തൊടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഇബ്രു,
ചിലനേരത്തെത്തുമ്പോള്‍ കിട്ടുന്ന ഹൃദയതാളം ഇവിടെയുണ്ടോ. ഞാന്‍ സംശയിക്കുന്നു.

കണ്ണൂസ്,

🙂

അതുല്യ,
🙂 രേഖ സഹപാഠിയും സഹപ്രവര്‍ത്തകയുമായിരുന്നു.

രാത്രി,
താങ്കള്‍ സംഗീതം പഠിക്കാതിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. വരികളില്‍ ഒഴുകിയെത്തുന്ന ആ സംഗീതം കേള്‍ക്കാന്‍ ബ്ലോഗില്‍ ടിക്കറ്റെടുക്കണ്ടല്ലോ. എന്റെ കൌമാരത്തെ തൊട്ടുണര്‍ത്തിയവയിലധികവും ശോകാര്‍ദ്ര ഗാനങ്ങളാണ്.
ഒരു കാലമീമണ്ണും ഞാനും…
പാടാനോര്‍ത്തൊരു മധുരിത ഗാനം…
എന്നിങ്ങനെ ചിലത്.

സാക്ഷീ,

രണ്ടു വരി പാടണമെന്നു തോന്നുമ്പോള്‍ ഞാന്‍ താങ്കളുടെ ബ്ലോഗ് ചിത്രങ്ങളിലേക്കു നോക്കും. പാടാനോര്‍ത്ത രണ്ടുവരി മറന്നുപോകും.

കലേഷ്,
🙂 ഇതൊന്നും പാട്ടല്ല എന്നറിയാം. ഉടനേ.

ഡ്രസില്‍,
നന്ദി.

സു,
🙂 🙂

എല്ലാവര്‍ക്കും നന്ദി.

15. അതുല്യ - ഫെബ്രുവരി 7, 2006

രേഖയുടെ സഹോദരൻ ദുബായിലുണ്ട്‌, ഈ ബ്ലോഗിലും.

16. മന്‍ജിത്‌ | Manjith - ഫെബ്രുവരി 7, 2006

അതുല്യ,
ആരാദ്, വിശാലനാ??

17. സു | Su - ഫെബ്രുവരി 7, 2006

ആരാ അത് അതുല്യച്ചേച്ചിയേ? രേഖയെ പരിചയപ്പെടാന്‍ ഭാഗ്യമില്ലെങ്കിലും ആ സഹോദരനെയെങ്കിലും പരിചയപ്പെടാംന്ന് കരുതീട്ടാ.

18. വിശാല മനസ്കന്‍ - ഫെബ്രുവരി 7, 2006

ഗംഭീരമായ എഴുത്ത്‌. ഫീൽ ചെയ്ത്‌ വായിച്ചു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ കയറി ‘താരും തളിരും മിഴി പൂട്ടി’ എന്ന ഗാനം ഞാൻ യേശുദാസ്‌ പാടിയ അതേപോലെന്നെ വള്ളിപുള്ളി തെറ്റിക്കാതെ ‘ആലപിച്ചു’കൊണ്ടിരിക്കുന്ന നേരത്തിങ്കൽ എന്റെ ക്ലാസ്‌ ടീച്ചറായിരുന്ന മാഗി ടീച്ചർ എന്നെ വെട്ട്‌പോത്ത്‌ നോക്കുമ്പോലെ ഒരു നോട്ടം നോക്കി.

അതീപ്പിന്നെ, ഞാനിന്നുവരെ സ്റ്റേജിൽ പാടിയിട്ടില്ല.!

ps: അതുല്യ ഉദ്ദേശിച്ച ആൾ ഞാനല്ല.

19. ചില നേരത്ത്.. - ഫെബ്രുവരി 7, 2006

അതുല്യ ചേച്ചി ഉദ്ദേശിച്ച ആള്‍ ഞാനുമല്ല.
(ഇതേ മാര്‍ഗ്ഗമുള്ളൂവെന്ന് തോന്നുന്നു, ആ ആങ്ങളയെ തിരിച്ചറിയാന്‍).
-ഇബ്രു-

20. Adithyan - ഫെബ്രുവരി 7, 2006

ഒരുപാടൊരുപാട്‌ അസൂയയോടെ എഴുതുന്ന ഒരു കമന്റാണിത്‌… അനുഗ്രഹീതനായ ഗായകാ, താങ്കൾക്കറിയില്ല ‘ഞങ്ങൾ’ക്കെന്താണ് നഷ്ടപ്പെട്ടതെന്ന്‌… ഞങ്ങൾ എന്നു പറഞ്ഞാൽ, പാടാൻ അറിയാത്തവർ… ഞാനൊക്കെ പാടാൻ തുടങ്ങിയാൽ കൂടെയുള്ളവർ അയൽരാജ്യത്തേക്ക്‌ വിസാ അന്വേഷിക്കും…

കോളേജിൽ എന്റെ ഒരു അടുത്ത സുഹ്രുത്ത്‌ നല്ലൊരു ഗായകനായിരുന്നു… ഓരോ പരിപാടി കഴിയുമ്പോളും അവനെ ആരാധനയോടെ തേടിയെത്തുന്ന പെൺകുട്ടികളെ നോക്കി അവനോട്‌ അസൂയപ്പെടുന്നത്‌ (ഇന്നും തുടരുന്നു) ഓർക്കുന്നു… അതേ അസൂയയോടെ ഇപ്പോ താങ്കളെ നോക്കുന്നു… എന്നെങ്കിലും ആ പാട്ടു കേൾക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ…

21. സൂഫി - ഫെബ്രുവരി 7, 2006

മഞ്ജിത്തെ,
തകർത്തു പെയ്യുന്ന തുലാമഴ പോലെ…
ഒഴുകിപ്പരക്കുന്ന അക്ഷരത്തുള്ളികളിലൂടെ
എന്റെ ഉള്ളിലും മഞ്ജിത്തിന്റെ ഗാനം പെയ്തിറങ്ങുന്നു..
ഒട്ടേറെ വാതിലുകൾതുറപ്പിച്ച ആ സ്വന സാന്ത്വനം കാതുകളിൽ വന്നു പതിക്കുന്ന സമയവും കാത്ത്…

22. Reshma - ഫെബ്രുവരി 7, 2006

‘പാട്ടിന്റെ വഴികള്’ രസിച്ചു. അതിലും ഇഷ്ടായത് അഭിനന്ദനങ്ങള് വന്നുവീഴുമ്പോൾ അഹൻകാരം ഒഴിവാക്കൻ പറഞ്ഞ് തന്ന വഴിയാണ്.

23. ചില നേരത്ത്.. - ഫെബ്രുവരി 8, 2006

കഥാകൃത്ത് രേഖ- ബയോഡാറ്റ (2005 – മാധ്യമം വാര്‍ഷിക പതിപ്പില്‍ നിന്ന് ചൂണ്ടിയത്).
പേര് : കെ. രേഖ.
ജനനം : 1975 സെപ്റ്റംബര്‍ 30
മാതാവ് : കെ. വസുമതി അമ്മ.
പിതാവ് : ഇ.എ. നായര്‍
വിദ്യാഭ്യാസം : എം.എ.ജേണലിസം ഡിപ്ലോമ
ജോലി : മലയാള മനോരമയില്‍ സബ് എഡിറ്റര്‍.
ഭര്‍ത്താവ് : കെ. മോഹന്‍ലാല്‍.
മകന്‍ : മാധവന്‍.
വിലാസം : മനോരമ, കോട്ടയം, ഫോണ്‍ :
0098471 36084.
കൃതികള്‍ : ജുറാസിക് പാര്‍ക്ക്, ആരുടേയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി).
അവാര്‍ഡുകള്‍ : ഗൃഹലക്ഷ്മി അവാര്‍ഡ്, മാതൃഭൂമി വിഷുപതിപ്പ് സമ്മാനം, രാജലക്ഷ്മി അവാര്‍ഡ്, ഇ.പി.സുഷമ എന്‍ഡോവ്മെന്റ്.

24. Makku - ഫെബ്രുവരി 8, 2006

Manu, This is really nice. Its amazing how you can link your singing with your life story and the way you write..interest the reader (ofcourse you are a journalist na..). But I still think you should sing on stages. I still remember getting 100 Rupees for singing when I was 10. One uncle was impressed with my singing (song was “kathirippooo…kunjari poovu..”) and he came on the stage and presented me this. Who thought that was my first prathibhalam! Ellam dheyvathinte oro varadanam..palliyil pona Sunday okke changu potti (thanuppu karanam padi kazhinjal puram vedanaya..pinne prayam munnottum !)padumpo orkkum ethellam adhehathinu vendi alle ennu..! But I really enjoy it. Many good time to come! Sing! Sing! sing for yourself..just park your car somewhere and sing loud imagining that you are performing in a stadium with 2000 people there! isn’t that something…no matter where you are do your best, the best that brings out of you! ennu swantham chechi.

25. സന്തോഷ് - ഫെബ്രുവരി 10, 2006

ഒരു മനോഹര ഗാനം പോലെ… നന്ദി!

സസ്നേഹം,
സന്തോഷ്

26. അരവിന്ദ് :: aravind - ഫെബ്രുവരി 22, 2006

മനോഹരം മന്‍‌ജിത്..
വേറെ ഒന്നും പറയാനില്ല.

പണ്ട് കോളേജ് ഡേയ്യില്‍ ഐറ്റംസിനിടക്കുള്ള ഗ്യാപ്പില്‍ കര്‍ട്ടന്‍ പൊക്കാതെ മറഞ്ഞിരുന്ന് “മറഞ്ഞിരുന്നാലും മനസ്സിന്റെ..” പാടിയതോര്‍മ്മ വന്നു.

വേണ്ട..തമാശ പറഞ്ഞു കുളമാക്കുന്നില്ല.

27. മന്‍ജിത്‌ | Manjith - ഫെബ്രുവരി 22, 2006

എന്നാലും പറയൂ അരവിന്ദ്

താങ്കള്‍ പറയുന്ന തമാശ കുളമാകില്ലെന്നുറപ്പുണ്ട്.

അടുത്ത പോസ്റ്റില്‍ മറഞ്ഞിരുന്നു പാടൂ

28. പാച്ചപ്പൊയ്ക - ഫെബ്രുവരി 26, 2006

നന്നായി പാടുന്നവരോട് സത്യത്തില്‍ എനിക്ക് എന്നും അസൂയായിരുന്നു…ഈ അസൂയ കോളജില്‍ എത്തിയപ്പോള്‍ ഒന്നു കൂടി… പ്രധാന കാരണം രാമനായിരുന്നു…സ്റ്റേജില്‍ സര്‍ഗ്ഗത്തിലെ സംഗീതെമേ…എന്ന ഗാനം സുന്ദരികളുടെ കൈയടി വാങ്ങുമ്പോള്‍ അസൂയ മാറി നില്‍ക്കാന്‍ ഒരു ചാന്‍സ്സുമില്ല…പക്ഷെ ഇന്നും ഒരു നല്ലൊരു കൂട്ട് അവനുമായിട്ടുണ്ട്. ഒരു ഗായകനിലെ നല്ല സൌഹൃദമായിരിക്കാം…

29. മുല്ലപ്പൂ || Mullappoo - ഏപ്രില്‍ 29, 2006

പാട്ടിന്റെ വഴികള്‍ .. ഹൃദയത്തിലൂടെ 🙂

30. Inji Pennu - മേയ് 20, 2006

ഇതു വായിച്ചിട്ട്നിക്കെന്തോ ഒരു സങ്കടം മനസ്സില്‍ വന്ന പോലെ! നല്ല രസം ഉണ്ടു.വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.

31. Physel - നവംബര്‍ 10, 2006

ഒരു ഭാവഗാനം പോലെ മനോഹരം!

32. Kiranz..!! - നവംബര്‍ 10, 2006

പെരിങ്ങോടരുടെ കമന്റ് വായിച്ചിട്ട് പേടി തോന്നുന്നു..എന്താണാവോ ഈശ്വരാ ഇങ്ങനെയൊരു കാഴ്ച്ചപ്പാട് ?

മഞ്ജിത് ഗുരുക്കളുടെ ഒരു പാട്ടെങ്കിലും ബ്ലൊഗില്‍ പോസ്റ്റ് ചെയ്തു കേള്‍ക്കാന്‍ ഒരു ആഗ്രഹം..ഇവിടെയെങ്ങാനും ഉണ്ടൊ എന്തെങ്കിലും അങ്ങനെയുള്ള പോസ്റ്റ് ?

33. Siji - നവംബര്‍ 25, 2006

ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഓര്‍മ്മകള്‍ വായിച്ചു.കുട്ടേടത്തിയുടെ ‘മോഹങ്ങള്‍’ വായിച്ചപ്പോള്‍ ഒരു ടെം മെഷീന്‍ കിട്ടിയിരുന്നെങ്കില്‍ 20 വര്‍ഷം പിന്നോട്ട്‌ തിരിച്ചു വെക്കാമായിരുന്നെന്നുതോന്നി.ഞാനൊരു തുടക്കകാരിയാണ്‌ .എല്ലാവരുടേയും ബ്ലോഗുകള്‍ വായിച്ചു വരുന്നതേയുള്ളു.നിങ്ങളുടെ എല്ലാ സൃീഷ്ടികളും വായിക്കുന്നതേയുള്ളു..ആശംസകള്‍..

34. neermathalam - നവംബര്‍ 28, 2006

🙂
u r blessed…!!!

35. Siji - ഡിസംബര്‍ 5, 2006

ഇവിടെ കെ.രേഖയും കടന്നുവന്നോ? ആരപ്പാ ആ സഹോദരന്‍?ഞാനും രേഖയും ഒരു കോളേജിലാ ഡിഗ്രിക്കു പടിച്ചത്‌.എന്റെ സീനിയറായിരുന്നു രേഖ.കഴിഞ്ഞകൊല്ലം രേഖയുടെ കഥാസമാഹാരം ഞാന്‍ കറന്റ്‌ ബുക്സില്‍ നിന്നും പുഴവഴി വാങ്ങിവായിച്ചതേയുള്ളു.ഒരുനാള്‍ ഞാനും ഒരു പുസ്തകമിറക്കും എന്നു കുശുമ്പോടെ ഞാനോര്‍ത്തു (പാവം,ആരംഭശൂരത്വമേയുള്ളു).മജ്ചിത്‌ ജേണലിസം പഠിച്ചയാളാണല്ലേ.ഞാന്‍ ഭാരതീയവിദ്യാഭവനില്‍ കുറച്ചുകാലം പഠിക്കാന്‍ ചേര്‍ന്നിരുന്നു.എം.എ യും അതും ഒരിമിച്ചുകൊണ്ടുപോകാന്‍ പറ്റാതായപ്പോള്‍ നിര്‍ത്തി.ഇപ്പോഴും അതോര്‍ത്ത്‌ സങ്കടം ഉണ്ട്‌.
പിന്നെ എനിക്കുപാട്ടുപാടാന്‍ അറിയാത്തതിനാല്‍ എന്റെ മക്കളെയെങ്കിലും പഠിപ്പിക്കണം എന്നുകരുതിയിരുക്കുകയാണുഞ്ഞാന്‍. മനുവിനെ കണ്ടാല്‍ എന്തായാലും,തേനും വയമ്പും,ഇന്നുമെന്റെ കണ്ണുനീരിലും ഒക്കെ പാടാതെ വിട്ടയക്കില്ല.ജാഗ്രതെ..(സുജേനേം കുറച്ചു പാട്ടു പഠിപ്പിക്കൂന്നെ)…

36. ദേവന്‍ - ഡിസംബര്‍ 5, 2006

കെ. രേഖയുടെ സഹോദരന്‍ നമ്മുടെ സ്വന്തം ഗന്ധര്‍വ്വന്‍. ബ്ലോഗിന്റെ പേരു കഥളീവനം- ബ്ലോഗ്ഗ് റോളില്‍ ഉണ്ട്.

37. റ്റെഡിച്ചായന്‍ | Tedy - ഡിസംബര്‍ 5, 2006

മഞ്ജിത്തേ, ദേ ഇത് ദ്ബടെ കൊണ്ടൂ ട്ടോ – കഴുത്തിനു നാലിഞ്ചു താഴെ ഇടതുവശത്തിരിയ്ക്കുന്ന ഒരു സാധനത്തില്‍…

ആദി പറഞ്ഞ പോലെ, ഇമ്മിണി അസൂയയും ഉണ്ട്… 😉 പാടാന്‍ ഞാന്‍ ഒരു പാട് ശ്രമിച്ചിരുന്നു… എവിടെയും എത്തിയില്ല… കാരണമെന്തെന്നോ..? “പാടാന്‍ അറിയില്ല” അതുകൊണ്ടു തന്നെ :-)) ഒരിയ്ക്കല്‍ വാശിതീര്‍ക്കാന്‍ ഞാന്‍ തന്നെ ട്യൂണ്‍ ഇട്ട ഒരു പാട്ട് പള്ളീല്‍ കൊയര്‍ ഇല്ലാതിരുന്ന ഒരു ദിവസം ഞാനങ്ങു കാച്ചി – അതോടെ വികാരിയച്ചന്‍ ആ ഭാഗത്തൂന്ന് എന്നെ ഗെറ്റൌട്ടുമടിച്ചു 😉

ശ്രമങ്ങള്‍ നിര്‍ത്തിയിട്ടില്ല… ഒരിയ്ക്കല്‍ ഞാനും പാടും… നമ്മടെ സ്പൈഡര്‍മാന്‍ തന്നെ എത്ര ശ്രമിച്ചിട്ടാ കൈയ്യീന്നു വല ചീറ്റിയ്ക്കാന്‍ പറ്റിയത്… 😉 ഹം ഹോംഗേ കാമിയാബ്.. ഹം ഹൊംഗേ കാമിയാബ്… ഏക്ക് ദിന്‍… :-))

38. വിചാരം - ജനുവരി 1, 2007

ഞാനിവിടെ എത്താന്‍ വൈകി .. പാട്ടിന്‍റെ വഴികള്‍ .. ഞാന്‍ എന്നും അസൂയയോട് മാത്രം കണ്ടിരുന്നവരാണ് പാട്ടുക്കാര്‍ എനിക്കവരോട് ഒത്തിരി ബഹുമാനമാണ് എന്‍റെ വീക്ഷണത്തില്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ് പാട്ടുക്കാര്‍ .. അവര്‍ക്കുണ്ടാവുന്ന വിഷമങ്ങള്‍ സ്വന്തം വേദനകളായി തന്നെ ഞാന്‍ കാണുന്നു, എന്‍റെ ആദ്യചങ്ങാതി (ഇപ്പോള്‍ അവന്‍ യു.എ.ഇല്‍ ഉണ്ടന്നാ അറിവ് കണ്ടിട്ട് 14 വര്‍ഷമാകുന്നു കാണാന്‍ മനസ്സ് കൊതിക്കുന്നു) നല്ലൊരു പാട്ടുക്കാരനായിരിന്നു പേരും എന്‍റേത് തന്നെ (ഉമര്‍ ഫാറൂഖ്) മഞ്ജിത്തിന്‍റെ വഴികളിലൂടെ ഞാനെന്‍റെ ചെറുപ്പത്തിലേക്കൊന്നു എത്തിനോക്കി അവിടെ മഞ്ജിത്തിന് പകരമെന്‍റെ ചങ്ങാതിയെ കണ്ടു.
നമ്മുക്കില്ലാത്ത ഏതൊരു കഴിവിനേയും അംഗീകരികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യങ്ങളിലൊന്ന് . മഞ്ജിത്ത് എന്ന പാട്ടുക്കാരന് ഇവിടെ വരാം maliyekkal2@gmail.com
ലേഖനം വളരെ നന്നായി ട്ടോ …


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: