jump to navigation

വാഴ്‌ത്തപ്പെട്ട സഖാവ്‌ വല്യപ്പന്‍ സെപ്റ്റംബര്‍ 16, 2006

Posted by മന്‍‌ജിത് കൈനിക്കര in കഥ.
trackback

കുന്നേല്‍ മത്തായിച്ചന്‍ എന്ന എന്റെ വല്യപ്പന്‍, പുള്ളിക്കാരന്റെ സ്വന്തം ശവമടക്കിനാണ്‌ ആദ്യമായും അവസാനമായും പള്ളിയില്‍ പോയത്‌. കാര്യമങ്ങനെയാണെങ്കിലും ഞങ്ങളുടെ പള്ളിയില്‍ രൂപക്കൂട്ടിലിരിക്കുന്ന പല പുണ്യാളന്മാരേക്കാളും നേര്‌ ആ ജീവിതത്തിനുണ്ടായിരുന്നു എന്നപക്ഷക്കാരനാണ്‌ കൊച്ചുമകനായ ഞാന്‍.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതം തനിക്കു വിശന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കഴിക്കാതിരുന്നതാണെന്ന് കെ പി അപ്പനേക്കാളും മുന്നേ എനിക്കു പറഞ്ഞു തന്നതും ഈ പള്ളിവിരോധിതന്നെ.

പിടിപ്പതു പണിയൊന്നും ചെയ്തുകൂടാത്ത ഞായറാഴ്ചകളില്‍ കുന്നേല്‍ മത്തായിച്ചന്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ചരിത്രമറിയാത്ത, എനിക്കു ശേഷമുള്ള തലമുറ ചോദിച്ചേക്കാം. അവര്‍ക്കു നല്‍കാന്‍ ഏറ്റവും ചെറിയ ഉത്തരം ആ നേരങ്ങളില്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാനായി അങ്ങോര്‍ അത്യധ്വാനം ചെയ്യുകയായിരുന്നു എന്നതാണ്‌.

ചെളിപുരണ്ടു കനംവച്ചാലും കഴുത്തില്‍ നിന്ന് വെന്തിങ്ങ ഊരിമാറ്റാത്ത സത്യക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഞങ്ങളുടെ കരയില്‍, കയ്യില്‍ അരിവാളും നെല്‍ക്കതിരുമായി നെഞ്ചുവിരിച്ചു നടന്ന മത്തായിച്ചന്‍, ആളൊരു ദിനേശനായിരുന്നു എന്നു മാത്രം ചരിത്രകാരനായ ഈ കൊച്ചുമകന്‍ സാക്ഷ്യപ്പെടുത്താം.

റോമില്‍പ്പോയി കമ്മ്യൂണിസം പ്രസംഗിക്കാന്‍ മാര്‍ക്സുപോലും ധൈര്യം കാണിക്കുമായിരുന്നില്ല. അപ്പോഴാണ്‌ പകല്‍വിശുദ്ധന്മാരുടെ ഇടയില്‍ സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും എങ്ങനെ പരത്താം എന്നാലോചിച്ച്‌ മത്തായിച്ചന്‍ ജീവിതം പാഴാക്കിയത്‌. സ്വന്തം മക്കളെപ്പോലും കമ്മ്യൂണിസ്റ്റുകാരാക്കാന്‍ പറ്റാത്ത ആ മനുഷ്യന്‍ ഇപ്പോല്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍, മാര്‍ക്സിനൊപ്പം തമ്പുരാന്റെ വലത്തുഭാഗത്തുണ്ടായിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന.

പള്ളീല്‍ കേറാത്ത വല്യപ്പന്‍ എങ്ങനെ സ്വര്‍ഗ്ഗത്തിക്കേറും എന്നൊരു സംശയവും ചരിത്രബോധമില്ലാത്ത പിന്‍തലമുറയിലേതെങ്കിലുമൊരുത്തന്‍ ചോദിക്കാന്‍ സാധ്യതയുണ്ട്‌. മാര്‍ക്സിന്റെ കാര്യത്തില്‍ എനിക്കത്ര നിശ്ചയം പോരാ. നല്ലമനുഷ്യനായിരുന്നു എന്നാരൊക്കെയോ പറഞ്ഞു തന്നിട്ടുള്ളതുകൊണ്ട്‌ വെറുതേ പ്രാര്‍ഥിച്ചെന്നു മാത്രം. പക്ഷേ വല്യപ്പന്‍ സ്വര്‍ഗ്ഗത്തില്‍ കേറുമെന്ന കാര്യത്തില്‍ എനിക്കു സംശയങ്ങളൊന്നുമില്ല.

കേറാന്‍ ചെല്ലുമ്പോ ആരെങ്കിലും തടഞ്ഞാല്‍ അവിടൊരു ഒക്ടോബര്‍ വിപ്ലവമോ ഒളിപ്പോരോ നടത്താനുള്ള മരുന്ന് അങ്ങോരുടെ കയ്യിലുണ്ടാകുമെന്നതു വേറേകാര്യം. കയ്ക്കരുത്തു കാട്ടി സ്വര്‍ഗ്ഗത്തില്‍ക്കേറിക്കളയും എന്നല്ല ഈ ചരിത്രകാരന്‍ ഉദ്ദേശിക്കുന്നത്‌.( അര്‍ഹതയില്ലാത്തിടത്ത്‌ ഇടിച്ചു കയറാന്‍ വിപ്ലവം ദുരുപയോഗപ്പെടുത്തരുത്‌ എന്നൊരു പ്രമാണം മത്തായിച്ചന്റെ സിദ്ധാന്തപ്പുസ്തകത്തിലുണ്ടായിരുന്നു താനും.) മറിച്ച്‌ വല്യപ്പന്റെ വീരകൃത്യങ്ങളൊക്കെ അകലെമാറിനിന്നു നോക്കിക്കാണുന്നതിനിടയില്‍, അങ്ങോര്‍ ഒരിക്കല്‍ ദൈവവുമായി നേരിട്ടു സംസാരിക്കുന്നതു കണ്ടു എന്ന് രേഖപ്പെടുത്തുകയാണിവിടെ.

സംസാരം എന്നൊക്കെപ്പറഞ്ഞാല്‍ ചരിത്രത്തില്‍ വെള്ളം കലരും. അതുകൊണ്ട്‌ ആ സംഭാഷണത്തെ ആര്‍ത്തനാദം, നിലവിളി തുടങ്ങിയവയോ, അതിനോടു ചേര്‍ന്നുനില്‍ക്കുന്നതോ ആയ പദങ്ങളോ ഉപയോഗിച്ചുവേണം രേഖപ്പെടുത്തുവാന്‍. ചങ്കിന്റെ അടിത്തട്ടീന്നുള്ള വിളി എന്നൊരര്‍ഥം തീര്‍ച്ചയായുമുണ്ടാകണം.

സംഭവമിങ്ങനെയാണ്‌. നാട്ടുകാരുടെ പരാതിപരിഹാരക്രിയകള്‍, സങ്കട ഹര്‍ജി പരിഗണിക്കല്‍, അല്‍പസ്വല്‍പ്പം അടിപടി(ഗറില്ലാ യുദ്ധം) എന്നിങ്ങനെ പാര്‍ട്ടി ഏല്‍പ്പിച്ച ഭാരിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റുന്നതിനിടയില്‍, വല്ലപ്പോഴും ഇത്തിരി നേരം കിട്ടിയാല്‍ മത്തായിച്ചന്‍ ഒളിവുജീവിതത്തിലേക്ക്‌ ഊളയിടും. കുടുംബത്തില്‍ നിന്നും അല്‍പ്പമകലെ താമസിക്കുന്ന മൂത്ത മകന്റെ പുരയിടത്തിലേക്കായിരിക്കും ആ മുങ്ങല്‍.

അങ്ങനെയൊരു നട്ടുച്ചനേരത്ത്‌ ഒളിത്താവളത്തിലെത്തുമ്പോഴാണ്‌ മൂത്ത മരുമകളുടെ (അതായത്‌ എന്റെ അമ്മയുടെ) കഷ്ടപ്പാടുകള്‍ മത്തായിച്ചന്റെ കണ്ണില്‍പ്പെടുന്നത്‌. അധ്വാനിക്കുന്നവരുടെ തോളോടുചേര്‍ന്നുനിന്നുമാത്രം ശീലമുള്ള സഖാവ്‌ , തന്റെ മനസിന്റെ പാര്‍ട്ടിപരിപാടിയില്‍ എന്തൊക്കെയോ എഴുതിച്ചേര്‍ത്തു.

പിറ്റേന്ന് ഉച്ചവെയിലാറിയ നേരത്ത്‌ തന്റെ ‘ഒളിത്താവളം തീസിസ്‌’ നടപ്പാക്കാന്‍ വല്യപ്പന്‍ വിണ്ടും ഞങ്ങളുടെ വീട്ടിലെത്തി. കഷ്ടപ്പാടിന്റെ വേദപുസ്തകം ഒറ്റയ്ക്കുവായിക്കുന്ന മരുമകളെ ഒരുകൈ സഹായിക്കുക എന്നൊരു ഹ്രസ്വകാല പദ്ധതി മാത്രമേ ആ വരവിലുണ്ടായിരുന്നുള്ളു. വന്നതും മരുമകളുടെ കയ്യില്‍നിന്നും അല്‍പ്പം മോരുംവെള്ളം വാങ്ങിക്കുടിച്ച്‌ വല്യപ്പന്‍ പശുത്തൊഴുത്തിലേക്കു നടന്നു.

മക്കളെ മേയിച്ചു മടുത്ത മരുമകള്‍, പശുവിനെ വരുതിയിലാക്കാന്‍ പെടാപ്പാടുപെടുന്നതു കണ്ടതാണ്‌ അങ്ങോരുടെ മനസില്‍ ഇങ്ങനെയൊരു തീസിസ്‌ രൂപംകൊള്ളാനുണ്ടായ പ്രധാന പ്രചോദനം.

തൊഴുത്തില്‍നിന്നും പശുവിനെയുംകൂട്ടി സഖാവു വല്യപ്പന്‍ പുരയിടത്തിലെ കളകള്‍ വെട്ടിനിരത്താനിറങ്ങി. അധ്വാനം അല്‍പ്പമൊന്നടങ്ങിയ ആശ്വാസത്തില്‍ വരാന്തയിലെത്തിയ എന്റെ അമ്മ, ദീപികപ്പത്രം വായിക്കാനെടുത്തു. ചരമപ്പേജ്‌ തപ്പിയെടുത്തുവന്നതും പുരയിടത്തില്‍ നിന്നും ഒരു നിലവിളികേട്ടു.

ഏതാണ്ട്‌ ഇതേ സമയത്താണ്‌ നേരത്തേവിട്ട സ്ക്കൂളില്‍നിന്നും ഞാനുമവിടെയെത്തിയത്‌. വീട്ടിലേക്കു കയറവേ ആദ്യം കേട്ടത്‌ ആ നിലവിളിയാണ്‌. അമ്മയുടെ കൈപിടിച്ച്‌ പറമ്പിലേക്കോടി. അവിടെക്കണ്ടകാഴ്ച ഞങ്ങളുടെ ചങ്കിലേക്ക്‌ തീകോരിയിട്ടു. ലാത്തിച്ചാര്‍ജിനിടയിലെ‍ പോലീസുകാരനെപ്പോലെ, നമ്മുടെ പശു, ആ ധീരസഖാവിനെ കുത്തിനിലത്തിട്ട്‌ വിറളിപിടിച്ചുനില്‍ക്കുന്നു.

വിപ്ലവ വീര്യം ആവുന്നത്ര പുറത്തെടുത്ത്‌ മത്തായിച്ചന്‍ പശുവിന്റെ നാലുകാലിലും പിടിച്ച്‌ ജീവന്മരണപോരാട്ടത്തിലാണ്‌. മര്‍ദ്ദനമേറ്റു തളര്‍ന്ന അനേകം ധീരസഖാക്കന്മാരേപ്പോലെ വല്യപ്പ്ന്റെ കൈകളിലൊന്ന് ബലഹീനമായി. കാളക്കൂറ്റനേക്കാള്‍ വീറുള്ള പശു സ്വതന്ത്രമായിക്കിട്ടിയ കാല്‌ വല്യപ്പന്റെ നെഞ്ചുലക്ഷ്യമാക്കി വീശി.

ഞാനും അമ്മയും കണ്ണടച്ചു. ആ നിമിഷം‍ സോവ്യറ്റ് യൂണിയനില്‍പ്പോലുമെത്തുന്ന സ്വരത്തില്‍ ”എന്റെ ദൈവമേ…” എന്നൊരു നിലവിളി ഞാന്‍ കേട്ടു. കണ്ണുതുറന്നു നോക്കിയതും പശുവിന്റെ മൂക്കുകയറില്‍പ്പിടിച്ച്‌ വല്യപ്പന്‍ നടന്നുവരുന്നു.

ഒറ്റശ്വാസത്തിലൊരു ദൈവത്തിനു സ്തോത്രം പാടിയശേഷം ഞാന്‍, അവിശ്വസനീയതയോടെ സഖാവു വല്യപ്പന്റെ മുഖത്തേക്കു നോക്കി.

ആ വിപ്ലവപ്പോരാട്ടത്തിനിടയില്‍ ആരാവും ദൈവത്തെ വിളിച്ചത്‌. സഖാവു കുന്നേല്‍ മത്തായി എന്ന എന്റെ വല്യപ്പനോ അതോ പശുവോ ??.

എന്റെ അമ്മയൊഴികെ ആരുടെയടുത്തും മൂത്തപിശാചിന്റെ രൂപമിറക്കുന്ന, ആ പശുവാകാന്‍ തീരെസാധ്യതയില്ല. അപ്പോള്‍പ്പിന്നെ….?.

രംഗബോധമുള്ള ചരിത്രകാരനായതിനാലും തലയ്ക്കുവെളിവില്ലാത്ത ചാനല്‍ റിപ്പോര്‍ട്ടര്‍ അല്ലാത്തതിനാലും ഞാന്‍ ആ ചോദ്യം വല്യപ്പനോടു ചോദിച്ചില്ല. ഒരിക്കലും.

ഈ ചരിത്ര രചനപൂര്‍ത്തിയാക്കുമ്പോള്‍ ധൈര്യത്തോടെ ഞാന്‍ പ്രര്‍ത്ഥിക്കട്ടെ:
”സഖാവു വല്യപ്പാ, സ്വര്‍ഗ്ഗ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ.”

Advertisements

അഭിപ്രായങ്ങള്‍»

1. കണക്കൻ - ഡിസംബര്‍ 16, 2005

കിടിലം എന്നത് ഒരു ക്ലീഷേ ആയിക്കഴിഞ്ഞു. ന്നാലും പറയ്യാണ്ടെ വയ്യ. നോക്ക്‌ സന്തോഷായി.പാരിദോഷികായിട്ട് പ്പൊന്നുല്ല്യാലോ നൊമ്മടെ കയ്യില്.

2. പെരിങ്ങോടന്‍ - ഡിസംബര്‍ 16, 2005

മഞ്ജിത്തിന്റെ ആദ്യത്തെ പോസ്റ്റ് വായിച്ചു് മനസ്സില്‍ വന്ന വികാരങ്ങളെല്ലാം മറച്ചുവച്ച് ഒരു വിപ്ലവത്തിന്റെ ഒഴുക്കില്‍പ്പെട്ട് ഞാന്‍ എഴുതിയ കമന്റ് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഈ “വാക്കില്‍” ഞാന്‍ ചെയ്ത ഒരു അപരാധമായിട്ടു തന്നെ ഇന്നും എന്നെയാ കമന്റ് വേദനിപ്പിക്കുന്നു. വിപ്ലവത്തിനു് വികാരങ്ങള്‍ക്ക് താഴെയെവിടെയോ ആണു് സ്ഥാനമെന്നു് ഞാനീയിടെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. “അഞ്ചാമന്‍” ഇന്നും എനിക്ക് പ്രിയപ്പെട്ട പോസ്റ്റായി തന്നെ തുടരുന്നു. സ. വല്യപ്പന്റെ ആത്മാവിനു് നിത്യശാന്തി കൈവരട്ടെ!

3. അതുല്യ - ഡിസംബര്‍ 16, 2005

സഖാവെന്നു പറയുന്നവൻ തിരിഞ്ഞു നടന്ന ചരിത്രമുണ്ടോ?
പെരിങ്സ്, വികാരമല്ലേ വിപ്ലവത്തിലെത്തിക്കുന്നതു നമ്മളേ? ഒരു ദിവസം ചാടിയിറങ്ങി വിപ്ലവം കാണിച്ച്, പിറ്റേന്ന് മംഗളം വായിച്ചിരുന്നവരുണ്ടോ?
പോസ്റ്റിനു “ലാൽ സലാം”.

4. Adithyan - ഡിസംബര്‍ 16, 2005

ഇവിടെ മുഴുവൻ സഖാക്കന്മാരും സഖാക്കൾടെ കൊച്ചു മക്കളും സഖിമാരും ഒക്കെയാണല്ലെ…

മനസിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റായ ഈയുള്ളവന്റെ വക ഒരു ലാൽ സലാം…

മഞ്ചിത്തിന്റെ ഓർമ്മകൾ ഒഴുകിവന്ന രീതി കൊള്ളാം…
‘വാഴ്ത്തപ്പെട്ട ലെനിൻ‘ എന്ന ഒരു പുസ്തകത്തിന്റെ കാര്യം ഓർത്തു പോയി…

5. .::Anil അനില്‍::. - ഡിസംബര്‍ 16, 2005

ബ്ലോഗുകള്‍ക്കിത് പുണ്യകാലം.

6. അതുല്യ - ഡിസംബര്‍ 16, 2005

സഖാവെന്നു പറയുന്നവൻ തിരിഞ്ഞു നടന്ന ചരിത്രമുണ്ടോ?
പെരിങ്സ്, വികാരമല്ലേ വിപ്ലവത്തിലെത്തിക്കുന്നതു നമ്മളേ? ഒരു ദിവസം ചാടിയിറങ്ങി വിപ്ലവം കാണിച്ച്, പിറ്റേന്ന് മംഗളം വായിച്ചിരുന്നവരുണ്ടോ?
പോസ്റ്റിനു “ലാൽ സലാം”.

7. പെരിങ്ങോടന്‍ - ഡിസംബര്‍ 16, 2005

അതുല്യേ മംഗളമെന്നതു് “ഇക്കിളി” വികാരം മാത്രമല്ലയോ?

8. വക്കാരിമഷ്‌ടാ - ഡിസംബര്‍ 16, 2005

“..ആ വിപ്ലവപ്പോരാട്ടത്തിനിടയില്‍ ആരാവും ദൈവത്തെ വിളിച്ചത്‌. സഖാവു കുന്നേല്‍ മത്തായി എന്ന എന്റെ വല്യപ്പനോ അതോ പശുവോ ??….”

കലക്കീട്ടോ…….. ഇതെല്ലാം വായിച്ച് വായിച്ച് ഇപ്പോ തലേ വേറൊന്നുമില്ല…. (അല്ല, തലേ പണ്ടേ ഒന്നൂല്ലായിരുന്നു, ഇപ്പോ ഇതെങ്കിലുംണ്ട്)

9. കലേഷ്‌ കുമാര്‍ - ഡിസംബര്‍ 16, 2005

മഞ്ചിത്തേ, നന്നായിട്ടുണ്ട്!
രസകരമായ വായന.
പാവം അപ്പൂപ്പൻ!

10. വര്‍ണ്ണമേഘങ്ങള്‍ - ഡിസംബര്‍ 16, 2005

അടി തെറ്റിയാൽ ഏത്‌ സഖാവും പടച്ചോനെ വിളിച്ചു പോകും..
“എന്റെ മർക്സേ..”,”എന്റെ ലെനിനേ..”
എന്നാരും വിളിച്ച ചരിത്രമില്ല(ന്ന്‌ തോന്നുന്നു..!)അപ്പോ അതു തന്നെ നമ്മുടെ സഖാവിനും പറ്റിയത്‌ എന്ന്‌ കരുതി സ്വർഗ രാജ്യം നേർന്ന്‌ മുട്ടിപ്പായി പ്രർത്ഥിക്കാം..!

11. മന്‍ജിത്‌ | Manjith - ഡിസംബര്‍ 16, 2005

കണക്കാ,
കണക്കനില്ലെങ്കില്‍ ഈ ബൂലോകം ഒരു വട്ടപ്പൂജ്യം.( സ്ഫടികം തിലകനോട്‌ കടപ്പാട്‌)

പെരിങ്ങോടരേ,
താങ്കള്‍ നയിച്ച വിപ്ലവക്കുത്തൊഴുക്കില്‍പ്പെട്ടാണല്ലോ ഞാനിവിടെയെത്തിയത്‌. മലയാളവേദിയില്‍ പകച്ചു നിന്ന എന്നെ, താങ്കള്‍ വിക്കിയിലേക്കു വിട്ടു( ആ വഴി താങ്കളിപ്പോ നടക്കാനിറങ്ങാറേയില്ലെന്നതു വേറേ കാര്യം). ബ്ലോഗിലെത്താനും പ്രധാന പ്രചോദനങ്ങളിലൊന്ന് പെരിങ്ങോടചരിതം തന്നെ.
പിന്നെ ആ വിപ്ലവത്തിന്റെ ബാക്കിപത്രം – ഗൂഗിളത്തില്‍ മലയാളം എന്നടിക്കുമ്പോ ദാ ഇപ്പോ 38 പേജുകളാണ്‌.
അഭിമാനത്തോടെ പറയട്ടെ നിങ്ങളെന്നെ ബ്ലോഗനാക്കി.
നമോവാകം

അതുല്യ,
ഈ വഴിവന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്‌.

ആദിത്ത്യോ,
ലാല്‍ സലാം!

അനില്‍,
ബ്ലോഗിലെത്തിയതിന്‌ നന്ദി.

വക്കാരിമഷ്ടാ,
ありがとう, 再度来られる

കലേഷ്‌,
നന്ദി.

വര്‍ണമേഘമേ,
സഖാവു വല്യപ്പന്റെ അനുഗ്രഹങ്ങള്‍ നേരുന്നു.

എല്ലാവര്‍ക്കും നന്ദി.

12. സൂഫി - ഡിസംബര്‍ 16, 2005

മഞ്ജിത്തേ,

മഹാനായ യേശു തന്നെഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് വിശ്വസിക്കാനാണു എനിക്കു താൽ‌പ്പര്യം..
(വെന്തിങ്ങ ഊരിമാറ്റാത്ത സത്യക്രിസ്ത്യാനികള്‍ എന്നോടു വഴക്കിനു വരല്ലേ.. ഇതെന്റെ സ്വകാ‍ര്യ കാഴ്ചപ്പാടാണു കേട്ടോ)
സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും പറയുന്ന ഏതൊരു മഹാനും എന്റെ കണ്ണില് സാക്ഷാൽ സഖാവുതന്നെ! അങ്ങനെയുള്ളപ്പോൽകുന്നേല്‍ മത്തായിച്ചന്‍ എന്ന മഞ്ജിത്തിൻന്റെ വല്യപ്പന്‍, തമ്പുരാന്റെ വലത്തുഭാഗത്തു തന്നെ ഉണ്ടായിരിക്കും എന്നാണെന്റെ വിശ്വാസം!

പക്ഷെ മാ‍ർക്സും ഏംഗത്സും, പിന്നെ വാല്ല്യപ്പനും ദൈവവിരോധികളായതെങ്ങനെയെന്നു മാ‍ത്രമെനിക്ക് മനസ്സിലാ‍കുന്നില്ല.
സൂ‍ഫി

13. ദേവന്‍ - ഡിസംബര്‍ 19, 2005

നിലവിളിച്ചതു പശു തന്നെ. അതുല്യേടെ ബ്ലോഗ്ഗിലും ആവർത്തിച്ച എന്റെ ക്ഷീരബല :നമ്മുടെ ഒന്നോ രണ്ടോ തലമുറക്കപ്പുറമുള്ളവർ അമാനുഷിക ശക്തിയുള്ള അസാമാന്യ പ്രതിഭകളായിരുന്നു.

വല്യപ്പച്ചൻ ആൾ ഒറിജിനൽ ആയിരുന്നു. കൊറിയൻ യുദ്ധത്തിൽ ഒരു വെറും പെറ്റി ഓഫീസറായി വീര ചരമമടഞ സ്വന്തം മകനെക്കുറിച്ചോർത്ത് വിഷമിക്കറുണ്ടോ എന്ന (ഊളൻ സായിപ്പിന്റെ) ചോദ്യത്തിനു “എന്റെ വിഷമത്തിന്റെ ആയിരത്തിൽ ഒരംശം തീറ്ച്ചയായും അവനും അവകാശപ്പെട്ടതാണെന്ന് (1000 പേർ ആ ദിവസങളിൽ യുദ്ധത്തിൽ മരിച്ചിരുന്നു) പറഞ്ഞ ചെയർമാൻ മാവോയെപ്പോലെ ഒരൊറിജിനൽ. ഇന്ന് ആ ജാതി മനുഷ്യരില്ല. ഒരു കെട്ടിടത്തിൽ വിമാനമിടിച്ചാൽ ഇസ്കൂൾ ബെഞ്ചിന്റെ അടിയിലൊളിച്ചിട്ട് ഒന്നുകൊണ്ടും ഭയപ്പെടേണ്ടാ എന്നു പറയുന്ന നേതാക്ക്കളുടെ കാലമിത്

14. സൂര്യോദയം - നവംബര്‍ 10, 2006

സമത്വവും സോഷ്യലിസവും മനസ്സില്‍ സൂക്ഷിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ എന്നും ബഹുമാനിക്കുകയും അങ്ങനെ ആകാന്‍ ശ്രമിക്കുകയും ചെയ്യുന്ന് ആള്‍ എന്ന നിലയ്ക്ക്‌ ആരാധനാലയങ്ങളില്‍ പോകുക എന്നതൊരു പ്രാധാന്യമുള്ള വിഷയമായിരുന്നില്ല. പക്ഷെ, എന്റെ അച്ഛനടക്കമുള്ള പല കമ്മ്യൂണിസ്റ്റുകാരും മനസ്സില്‍ നിശബ്ദമായി പ്രപഞ്ചശക്തിയായ ദൈവത്തെ ശ്രദ്ധിക്കുന്നെണ്ടെന്നാണ്‌ എന്റെ വിലയിരുത്തല്‍…

താങ്കളുടെ ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു.

15. Peelikkutty!!!!! - നവംബര്‍ 10, 2006

വൈകിയാണു വായിച്ചത്…ന്നാലും പറയാതെ വയ്യ.വളരെ നല്ല് പോസ്റ്റ്.

qw_er_ty


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: