jump to navigation

മുടി ഓഗസ്റ്റ് 24, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
trackback

സ്വതേ ശാന്തഗതിക്കാരനായ അച്ഛന്‍ കോപാകുലനാകുന്നതു വല്ലപ്പോഴുമേ കണ്ടിട്ടുള്ളു. മിക്കപ്പോഴും അതു മുടിയെച്ചൊല്ലിയാവും.

ഭക്ഷണത്തിനിരിക്കുമ്പോള്‍ ചോറിലോ കറിയിലോ തലമുടിനാരു കണ്ടാല്‍ പിന്നെയൊരു പൊട്ടിത്തെറിക്കലാണ്. മുടി എടുത്തുയര്‍ത്തി, ഇനി കഴിക്കില്ലാ എന്ന പ്രഖ്യാപനത്തില്‍ അവസാനിക്കും ആ രോഷപ്രകടനം.

ഞങ്ങള്‍ മക്കള്‍ ആറുപേരില്‍ ചിലര്‍ ആ ബഹിഷ്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യും. എന്തായാലും മുടികണ്ടതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും അച്ഛന്റെ ബഹിഷ്ക്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നുമാത്രമല്ല, പലപ്പോഴും അമ്മയ്ക്കുവേണ്ടി വാദിച്ചിരുന്നതും ഞാനാണ്.

ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ അവരുടെ മുടി തെല്ലും വീഴാതെ എങ്ങനെ ഭക്ഷണം വിളമ്പുന്നു എന്നതായിരുന്നു ചെറുപ്പം മുതല്‍ എന്റെ കൌതുകം. അത്രമേല്‍ ശ്രദ്ധിച്ചുചെയ്യുന്ന പാചകവിധിക്കിടയില്‍ ആണ്ടിലൊരിക്കലെങ്ങാന്‍ ഒരു മുടിവീണാല്‍ അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ആ മുടി എടുത്തുകളഞ്ഞ് ആഹാരം കഴിച്ചുകൂടെ? ഇതൊക്കെയായിരുന്നു എന്റെ ന്യായങ്ങള്‍.

അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, വീടിനു പുറത്തുള്ള മുടിബഹിഷ്കരണ വിവാദങ്ങളിലും എന്റെ അഭിപ്രായം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരെന്നെ വൃത്തികെട്ടവന്‍ എന്നു വിളിക്കുന്നതു കേള്‍ക്കാനും മറ്റുചിലര്‍ ആ അര്‍ത്ഥം വച്ചു നോക്കുന്നതു കാണാനും കഴിഞ്ഞിട്ടുണ്ട്.

പിന്നീടൊരു മുടിവിരോധിയെക്കാണുന്നത് സാറാ ജോസഫിന്റെ “മുടിത്തെയ്യമുറയുന്നു”(അങ്ങനെതന്നല്ലേ?) എന്ന കഥയിലാണ്. ഭാര്യയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുടിയില്‍ അസ്വസ്ഥചിത്തനാകുന്ന ഭര്‍ത്താവാണ്‌ അതിലെ കഥാപാത്രം. ആ കാര്‍കൂന്തല്‍ തന്റെ പുരുഷത്വത്തെ ചോദ്യംചെയ്യുന്നോ എന്ന സന്ദേഹമാണദ്ദേഹത്തിന്.

കഥ വായിച്ചശേഷം ഇനി അങ്ങനെ വല്ല സന്ദേഹങ്ങളുമുണ്ടോ ഈ മുടിവിരോധത്തിനു പിന്നിലെന്ന് അച്ഛനൊടു തമാശയ്ക്കു ചോദിച്ചിരുന്നു. അച്ഛന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു. തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരിയായിരുന്നിരിക്കാം അത്.

വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള സല്ലാപത്തിനിടയില്‍ സാന്ദര്‍ഭികമായി അദ്ദേഹം ഈ വിഷയമെടുത്തിട്ടു.

അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാര്യയുടെമേല്‍ അധികാരം സ്ഥാപിക്കാന്‍ പുരുഷന്‍ തേടുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു നമ്മുടെ മുടി തന്നെ. ചുറ്റുമുള്ള ജീവിതങ്ങള്‍ കാണുമ്പോള്‍ അതു ശരിയാണെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

മുടിമുറിച്ചിട്ടു കല്യാണപ്പന്തലിലെത്തിയാല്‍ മതി എന്നു പ്രതിശ്രുത വധുവിനോടാജ്ഞാപിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ അധികാര ചിഹ്നമാണെന്നെ ചിരിപ്പിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കീഴ്‌ശ്വാസമാണ് രണ്ടാമത്തെ അധികാര ദണ്ഡ്! കേട്ടപ്പോള്‍ ഞാനേറെ ചിരിച്ചു. പക്ഷേ പിന്നീടുള്ള നിരീക്ഷണത്തില്‍, കീഴ്‌ശ്വാസത്തിലൂടെ ഭാര്യയ്ക്കുമേല്‍ അധികാരം സ്ഥാപിക്കുന്ന( ഇതും നീ സഹിച്ചുകൊള്ളണം എന്ന വ്യംഗാര്‍ത്ഥത്തില്‍) പുരുഷ കേസരികളെയും കണ്ടെത്താനായി.

കുറേക്കാലം മുന്‍‌പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അരമന രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ ഇങ്ങനെ കീഴ്‌ശ്വാസാധികാരം പ്രയോഗിക്കുന്ന ഒരു പ്രസിഡന്റിനെയും കാണാനൊത്തു. അമേരിക്ക കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു ഈ കീഴ്‌ശ്വാസ വിദഗ്ദ്ധന്‍. തന്റെ അനുചരന്മാരിലാരോടെങ്കിലും ദേഷ്യപ്പെടേണ്ടതുണ്ടെങ്കില്‍ തന്റെ കീഴ്‌ശ്വാസങ്ങള്‍ അവന്റെ മേല്‍ കെട്ടിവച്ചാണു ജോണ്‍സണ്‍ ദേഷ്യപ്പെടല്‍ നടത്തിയിരുന്നത്. ഓരോരോ അധികാര ചിഹ്നങ്ങളേ 🙂

മുടിയെപ്പറ്റി ഇപ്പോഴോര്‍ക്കാന്‍ കാരണമുണ്ട്. അതെന്റെ പൊന്നോമന മകളാണ്. മുടിക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ടാവാം, അനുദിനം മുടികള്‍ പൊഴിഞ്ഞു കിളിര്‍ക്കുന്ന തലയാണെന്റേതു്. ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കാന്‍ നല്ലപാതിയുമുണ്ട്. ആരാദ്യം മുടിപൊഴിക്കും എന്ന കാര്യത്തില്‍ ഞങ്ങളുടെ തലകള്‍തമ്മില്‍ തര്‍ക്കത്തിലാണെന്നു തോന്നുന്നു.

മുടികൊഴിച്ചിലുകാരായ ഞങ്ങളുടെ പൊന്നോമന മകളോ? മുടിവിരോധിയായ വല്യപ്പന്റെ ജീനുകള്‍ അപ്പാടെ അവളിലേക്ക്‌ ആവേശിച്ചിരിക്കുകയാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്ന് “മുടി” എന്നതായിരുന്നു. ഇനി അപ്പനുമമ്മയ്ക്കും മലയാളം മനസിലായില്ലെങ്കിലോ എന്നു കരുതി “ഹെയറും” എളുപ്പത്തില്‍ പഠിച്ചു.

ഉറക്കമുണര്‍ന്നാല്പിന്നെ കക്ഷി മൈക്രോസ്കോപിക് കണ്ണുകളുമായി നടന്ന്, അപ്പനേയും അമ്മയേയും കൊഴിഞ്ഞു വീണുകിടക്കുന്ന മുടികള്‍ ചൂണ്ടിക്കാട്ടി വശംകെടുത്തും. കിടക്കയില്‍ത്തന്നെകാണും ഒരു ടണ്‍ മുടി. അതു മുഴുവന്‍ പെറുക്കിയെടുത്തുകളയാതെ അവിടെനിന്നിറങ്ങില്ല. വീടിന്റെ മുക്കിലും മൂലയിലുമുള്ള മുടിനാരുകള്‍ പെറുക്കിക്കളയുകതന്നെ അപ്പന്റെയും അമ്മയുടെയും പ്രധാനജോലി.

മുടിക്കാര്യത്തില്‍ എന്നെ എന്റെ അച്ഛന്റെ അച്ഛനാക്കുകയെങ്ങാനാണോ ഇനി അവളുടെ ലക്ഷ്യം? ആര്‍ക്കറിയാം? പിള്ളേര്‍ ദീര്‍ഘദര്‍ശികളാണല്ലോ.

Advertisements

അഭിപ്രായങ്ങള്‍»

1. ഇത്തിരിവെട്ടം|Ithiri - ഓഗസ്റ്റ് 25, 2006

എല്ലാം പുതിയ അറിവുകള്‍..
എം. പി നാരാണയണപിളളയുടെ പരിണാമത്തില്‍ മൂത്രത്തലൂടെ വെല്ലുവിളി നടത്തുന്ന ശ്വാനസുന്ദരന്‍ മാരെ അറിയാതെ ഓര്‍ത്തുപോയി..

നന്നായി എന്നു പ്രത്യേകം പറയുന്നില്ല..

2. പല്ലി - ഓഗസ്റ്റ് 25, 2006

എന്റെ അച്ചായനും മുടി കാണുന്നതു ദേഷ്യമായിരുന്നു.പലപ്പോഴും അതു കാരണം വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ടു.

3. കരീം മാഷ്‌ - ഓഗസ്റ്റ് 25, 2006

എനിക്കു മുടി കാണുന്നതിഷ്ടമാ…
പനകുല പോലുള്ള മുടി കാട്ടിയാ ഒരു പെണ്ണെന്നെ അഞ്ചു കൊല്ലം തീ തീറ്റിച്ചത്‌.

4. ദില്‍ബാസുരന്‍ - ഓഗസ്റ്റ് 25, 2006

ഞാനും മുടി കിട്ടിയാല്‍ എടുത്ത് കളഞ്ഞ് കഴിക്കാറാണ് പതിവ്. അധികാരങ്ങളും വെല്ലുവിളികളും ഇതിന്റെ പിന്നിലുണ്ട് എന്ന അറിവ് പുതിയതാണ്. നന്ദി!

(ഓടോ: പനങ്കുല പോലത്തെ മുടി… ഹായ്… ഹായ് ) 🙂

5. ഡാലി - ഓഗസ്റ്റ് 25, 2006

ഇങ്ങനെ ഒക്കെ ആണോ മുടിപുരാണം. ഞാന്‍ ഒരു ഭയങ്കര മുടി വിരോധിയാണ്. അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തില്‍ പോയിട്ട്, ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ പോലും മുടി (എന്റെ മുടി)കണ്ടാല്‍ എനിക്ക് കഴിക്കാന്‍ പറ്റില്ല. അപ്പോള്‍ ഇത് എനിക്ക് എന്റെ മേലുള്ള അധികാര ചിഹ്നം ആണോ എന്തോ?

6. bodhappayi - ഓഗസ്റ്റ് 25, 2006

നല്ല കണ്ടെത്തലുകള്‍. പക്ഷെ അത്ര മുടിവിരോധം എനിക്കില്ല. പണ്ടൊരിക്കല്‍ ഏതോ ഹോട്ടലില്‍ നെയ്‍റോസ്റ്റിന്‍റ് കൂടെ നല്ല നോണ്‍ വെജ് പാറ്റക്കുട്ടിയെ തറ്റാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്… 🙂

7. ikkaas|ഇക്കാസ് - ഓഗസ്റ്റ് 25, 2006

കുറച്ചുനാള്‍ മുന്‍പുവരെ ഞാനും മുടിവിരോധിയായിരുന്നു. ചോറിലോ കറിയിലോ മുടി കണ്ടാല്‍ ചോറൊരുവഴിക്കും പാത്രം വേറെവഴിക്കും പറക്കുമായിരുന്നു. പിന്നെ വീട്ടില്‍ ഞാനും ഉമ്മയും തനിച്ചായതു മുതല്‍ ചോറില്‍ മുടികണ്ടാല്‍ അതെടുത്തോന്നു ഗൌരവത്തില്‍ നോക്കും, പിന്നെ വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിക്കും, തീറ്റ തുടരും. ഇത് വീട്ടിലെ കഥ. ഹോട്ടലിലെങ്ങാനുമാണെങ്കില്‍ പൂരം പറയേണ്ടതില്ല.

8. Inji Pennu - ഓഗസ്റ്റ് 25, 2006

ഈ കീഴ്‌ശ്വാസം എന്ന് പറഞ്ഞാല്‍ എന്താണ്?

qw_er_ty

9. താര - ഓഗസ്റ്റ് 25, 2006

ഹഹ..കുട്ട്യേട്ടാ ഇതിഷ്ടപ്പെട്ടു. എങ്ങനെ മുടി പൊഴിയാതിരിക്കും? കുട്ട്യേട്ടനും കുട്ട്യേടത്തിയും കൂടി ഇങ്ങനെ വായിച്ചുകൂട്ടീം എഴുതിക്കൂട്ടിമിരുന്നാ തല ചൂടു പിടിക്കില്ലേ. അതാ പൊഴിയണത്.:) പാവം ഹന്നമോള്‍. ആ കുഞ്ഞിത്തലേല് കുറെ മുടിയുണ്ടെന്നാ കുട്ട്യേടത്തി പറഞ്ഞത്. ഇനീപ്പൊ അതെങ്കിലും കണ്ട് സമാധാനിക്കാം.
പിന്നെ എന്തൊക്കെ പറഞ്ഞാലും നീണ്ട പനങ്കുല പോലത്തെ മുടി കാണാനേ രസമുള്ളു. തറയിലും ഭക്ഷണത്തിലുമൊക്കെ വന്നാ ഒരു രസവുമില്ല.:)

10. Inji Pennu - ഓഗസ്റ്റ് 25, 2006

ഹയ് താരേ, ഇനി കുട്ട്യേട്ടാ‍ന്ന് വിളിക്കാന്‍ പറ്റില്ല. കുട്ട്യേട്ടന്‍ എന്ന് വേറൊരു ബ്ലോഗര്‍ ഇന്നലെ ഇറങ്ങിയേക്കണു…:)

11. ബിരിയാണിക്കുട്ടി - ഓഗസ്റ്റ് 25, 2006

ഇഞ്ചിയുടെ കീഴ്‌ശ്വാസം ഡൌട്ട് ഇവിടെ ആരാണാ‍വോ തീര്‍ത്തു കൊടുക്കാന്‍ പോണത് 🙂

അപ്പോ മഞ്‌ജിത്ത് ചേട്ടന്‍ കഷണ്ടി മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നതാണല്ലേ പ്രൊഫൈല്‍ ചിത്രം. 🙂

12. ikkaas|ഇക്കാസ് - ഓഗസ്റ്റ് 25, 2006

ഇഞ്ചീ, കീഴ്‌ശ്വാസമെന്നാല്‍ അധോവായു.
ഇനി അധോവായുവിന്റ്റെ പര്യായങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ ബിരിയാണിയോടു ചോദിക്കൂ

13. ദേവന്‍ - ഓഗസ്റ്റ് 25, 2006

അതു കുമാറ് തീര്‍ത്തു കൊടുക്കും. പുള്ളിയല്ലേ
മോഹന്‍ലാലിനെക്കൊണ്ട് “പങ്കജ കസ്തൂരി, ആശ്വാസം കീഴ്ശ്വാസത്തിനും!” എന്ന സ്ലോഗന്‍ പറയിച്ചത്!

14. Inji Pennu - ഓഗസ്റ്റ് 25, 2006

യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്!! എനിക്കെന്തൊ മനസ്സിലായി.!!!!!!!!!
യ്യ്യ്യ്യ്യ്യ്യ്!!

ശ്ശൊ! ഞാന്‍ എന്നിട്ട് ഇന്നലെ ഇതിനെക്കുറിച്ച് മാക്സിമം ആലോച്ചിചിട്ട് എനിക്ക് കിട്ടിയത് ഇനി പൊക്കമുള്ളവര്‍ മൂക്കില്‍ കൂടി ശ്വസം വിടുമ്പൊ അത് പൊക്കമില്ലാത്തോരുടെ മേത്ത് മുട്ടണതാണൊ എന്നൊക്കെ ആലോച്ചിച്ചു!!!!

യ്യ്യ്യ്യ്യ്യ്യ്യ്യ്യ്!!!! എനിക്ക് വയ്യ! ചമ്മിപ്പോയില്ലോ!!!! 😦 😦

15. ദില്‍ബാസുരന്‍ - ഓഗസ്റ്റ് 25, 2006

ഇഞ്ചി ചേച്ചീ,
നമ്മള്‍ സെറ്റായിപ്പോയി. ഇല്ലെങ്കില്‍ ഞാനൊരു 100 ഗോളെങ്കിലും അടിച്ചേനേ. :-))

എന്നാലും മോശം. ഇത് പോലും അറിയാണ്ടാണോ നാലുകെട്ടും മോട്ടോര്‍ ബോട്ടുമൊക്കെയായി ഇറങ്ങിയിരിക്കുന്നത്? (ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല)

16. ikkaas|ഇക്കാസ് - ഓഗസ്റ്റ് 25, 2006

നമ്മളും തൊടങ്ങാന്‍ പോണ് ദില്‍ബൂ പുതിയൊരു ബ്ലോഗ്: ‘എന്റെ നാലുസെന്റും എന്റെ മോട്ടോര്‍ ബൈക്കും’

17. ദില്‍ബാസുരന്‍ - ഓഗസ്റ്റ് 25, 2006

ഇക്കാസേ,
അത് കലക്കി മാഷേ 🙂

കൊച്ചിയില്‍ നിന്ന് വന്നാലുടന്‍ കുറുമാന്‍ മിക്കവാറും ‘എന്റെ നാല് പെഗ്ഗും എന്റെ അച്ചാറും’ എന്നൊരെണ്ണം തുടങ്ങും. നിങ്ങളൊക്കക്കൂടി ആ മനുഷ്യനെ നാശമാക്കും. അതിയാന് ഭാര്യേം പിള്ളാരുമൊക്കെയുള്ളതാട്ടോ… 🙂

18. ഉമേഷ്::Umesh - ഓഗസ്റ്റ് 25, 2006

ഇഞ്ചിക്കു “കീഴ്‌ശ്വാസം” എന്നു പറഞ്ഞതു മനസ്സിലായില്ല. “അധോവായു“ എന്നു പറഞ്ഞപ്പോള്‍ മനസ്സിലായി. വാഗ്ജ്യോതിയും ഗുരുകുലവുമൊക്കെ വായിക്കുന്നതിന്റെ ഗുണം!

മന്‍‌ജിത്തേ, കീഴ്‌ശ്വാസം നിങ്ങളുടെ ഒരു ഫാമിലി വീക്ക്‍നെസ്സാണെന്നു തോന്നുന്നല്ലോ. കുട്ട്യേടത്തിയും പറഞ്ഞിട്ടുണ്ടു്-ദാ ഇവിടെ.

19. saptavarnangal - ഓഗസ്റ്റ് 25, 2006

ഇക്കാസ്സിന്റെ കമന്റു കണ്ടപ്പോള്‍ കത്തി! ശ്രീജിത്തു എന്റെ പുതിയ ബ്ലോഗിന്റെ പേരു മാറ്റുന്നതിനെ കുറിച്ചു സൂചിപ്പിച്ചിരുന്നു, പുതിയ പേരു കിട്ടി ‘ എന്റെ ക്യാമറയും എന്റെ ഫോട്ടോകളും!’

qw_er_ty

20. Inji Pennu - ഓഗസ്റ്റ് 25, 2006

ദിബൂട്ടിയെ….നമ്മള് സെറ്റല്ലെ???? ഇക്കാസേ, എന്റെ നാല് ഇടിയും എന്റെ തൊഴിയും എന്ന് കേട്ടിട്ടുണ്ടൊ?

ഉവ്വ! എനിക്ക് ദേവേട്ടന്റെ പരസ്യമാണ് ക്ലിക്കിയെ.. മൊത്തം നേരം ടി.വി കാണുന്നോണ്ടാവും… 😦

എന്നാലും ഞാന്‍ ഇങ്ങിനെ ഒരു വാക്ക് ആദ്യായി കേക്കുവാണ്..:-( ശ്ശൊ! ഇനി ഞാന്‍ ജന്മത്ത് ഒരു ഡൌബ്ട്ടും ചോദിക്കില്ല…എനിക്ക് മതിയായി..:-(

21. പാപ്പാന്‍‌/mahout - ഓഗസ്റ്റ് 25, 2006

“എന്റെ നാലു മുടിയും, എന്റെ കീഴ്‌ശ്വാസവും” ദേ ഞാനിപ്പഴേ ബുക്കു ചെയ്തിരിക്കുന്നു 🙂

മുടി ചോറില്‍ — എന്റെ ഭാര്യ്യ്ക്കാണു കൂടുതല്‍ ടെന്‍‌ഷന്‍. ഞാന്‍ പയ്യെ മുടിയെടുത്ത് ഒരു സൈഡിലേക്കു വയ്ക്കുമ്പൊഴേക്കും അവളോടിയെത്തി സംഭ്രമത്തോടെ “എന്താ, എന്താ” എന്നു ചോദിക്കും. എനിക്കാണെങ്കില്‍ ആഹാരം കഴിക്കുന്ന സമയത്ത് സംഭാഷണമേ ഇഷ്ടമല്ല (നല്ല ആഹാരമാണെങ്കില്‍ വീക്കെയെന്‍ ഭാഷയില്‍ “കൊശുവോടെ” കഴിക്കുകയാവും, കൊള്ളാത്ത ആഹാരമാണെങ്കില്‍ ചിക്കന്‍ ടിക്കാ മസാലയെപ്പ്റ്റി ഗഹനമായി ചിന്തിക്കുകയാവും — രണ്ടു സമയത്തും ഇന്ററപ്‌ഷന്‍ ഇഷ്ടമല്ല). അങ്ങനെ അവള്‍ ചോദിച്ചു ബുദ്ധിമുട്ടിച്ച് എനിക്ക് ദേഷ്യം വന്ന് 2-3 തവണ എഴുന്നേറ്റുപോയിട്ടുണ്ട് വിവാഹജീവിതത്തിന്റെ തുടക്കത്തില്‍. ഇപ്പോ പ്രോട്ടോക്കോള്‍ സെറ്റ് ആയതിനാല്‍ നോ പ്രോബ്‌ളം.

22. Malayalee - ഓഗസ്റ്റ് 25, 2006

മഞ്ജിത്തെ, കൊള്ളാമല്ലോ മുടിപുരാണം. താങ്കളുടെ വിക്കി ലേഖനങ്ങളാണ് കൂടുതലും വായിച്ചിട്ടുള്ളത്. ചെറുതും വലുതും ഒക്കെയായ പലവക കൂട്ടിച്ചേര്‍ത്ത് ഒഴുക്കോടെ എഴുതിയിരിക്കുന്നു. “തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരി“ ഇഷ്ടമായി.

മുടിക്കാര്യത്തില്‍ ഞാന്‍ ചൂസിയാ. (പല തെന്നിന്ത്യന്‍ നടിമാരെയും പോലെ:)) അമ്മ, പങ്കാളി, മകള്‍ ഇവരുടെ മുടി കണ്ടാല്‍ (അതായത് വീട്ടിലെ ഭക്ഷണമെന്നര്‍ത്ഥം) അതങ്ങോട്ടു മാറ്റി വച്ച് സുഖമായങ്ങുണ്ണും, യാതൊരു പ്രശ്നവുമില്ലാതെ. മറ്റു വീടുകളിലെ ഭക്ഷണത്തിലായാലോ ഒരു വൈഷമ്യവും. പക്ഷേ പറയാനാകില്ലല്ലോ. അതിനാല്‍ ഒരു തരത്തില്‍ തീറ്റ അവസാനിപ്പിക്കും.

ആപ്പീസിലെ ഇന്ത്യാക്കാരോടൊപ്പമാണ് ഉച്ചയൂണ്. കൊണ്ടു വന്ന കറികള്‍ അങ്ങോട്ടുമിങ്ങോട്ടും “just try” എന്നൊക്കെ പറഞ്ഞ് പങ്കു വയ്ക്കുന്ന പതിവുണ്ടിവിടെ. അക്കൂട്ടത്തിലും കിട്ടാറുണ്ട് ചില മുടികള്‍ . പ്രയാസമാണെങ്കിലും ആ മുടികളെയും സഹിക്കാറുണ്ട്.

23. വക്കാരിമഷ്‌ടാ - ഓഗസ്റ്റ് 25, 2006

നല്ല സ്വാദുള്ള ഭക്ഷണമാണെങ്കില്‍ മുടിയല്ല ആളുതെന്നെ കിടന്നാലും നോ പ്രോബ്ലം. സ്വാദില്ലാത്തതാണെങ്കില്‍ എന്തില്ലെങ്കിലുമെന്താ (എന്തിലും എന്തൊക്കിലുമൊക്കെ സ്വാദുള്ളതുകൊണ്ട് വാരിവലിച്ച് തിന്ന ചരിത്രമേ ഉള്ളൂ. ഇതിനിടയ്ക്ക് മുടിയുണ്ടോ എന്നൊക്കെ നോക്കാന്‍ എവിടെ സമയം).

എന്റെ ചിറ്റയ്ക്ക് മുടി കിട്ടിയിട്ടില്ലെങ്കിലും അട്ട, പല്ലി ഇവയൊക്കെ യഥാസമയം കിട്ടുമായിരുന്നു. നാരായണന്റെ ഓലക്കടയില്‍ നിന്നും വാങ്ങിച്ച ദോശയും ചമ്മന്തിയും നല്ല ടേസ്റ്റോടെ കഴിച്ച ചിറ്റ ഇടയ്ക്ക് കുറച്ച് മൂത്തുപോയ വറ്റല്‍മുളകും നല്ല ടേസ്റ്റോടെ തന്നെ കമുകുറാ കടിച്ച് തിന്നു. അടുത്ത ഒരു മുളക് അമ്മയ്ക്ക് കിട്ടിയപ്പോള്‍ വായ്ക്കടുത്തേക്ക് കൊണ്ടുവരുന്ന വഴിക്ക് കണ്ണ് ചുമ്മാ ഒന്ന് മുളകിലുടക്കി. സാധാരണ മുളകുകള്‍ക്കില്ലാത്ത വരവര ഡിസൈനൊക്കെ കണ്ട് അമ്മ “ഓ, ഇങ്ങിനത്തേം മുളകോ” എന്ന് പറഞ്ഞ് കണ്ടുപിടുത്തം അച്ഛനെ കാണിച്ചപ്പോളാണ് സംഗതി മുളകല്ലായിരുന്നു, അട്ടയണ്ണനായിരുന്നു എന്ന് പുടികിട്ടിയത്.

ചിറ്റയ്ക്ക് പിന്നെ പാറ്റാ, ഈ അടുത്ത കാലത്ത് പല്ലി ഇവയും കിട്ടി.

ശരിക്കും പാതാളക്കരണ്ടി അപ്പോള്‍ ഉമേഷ്‌ജിയാണല്ലേ? എന്തൊക്കെ എവിടൊന്നെക്കെയാണോ പൊക്കിക്കൊണ്ട് വരുന്നത് 🙂

24. സ്നേഹിതന്‍ - ഓഗസ്റ്റ് 25, 2006

പുതിയ അറിവുകള്‍.

മുടി ഇരിയ്ക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ പ്രശ്നങ്ങള്‍ പലവിധം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: