jump to navigation

മൂന്നു സഹോദരിമാരും എന്റെ ജീവിതവും മേയ് 21, 2006

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, മന്‍‌ജിത്.
trackback

മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.

തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാ‍നാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.

“സാറേ ഒരുഗ്രന്‍ സ്റ്റോറി”

തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.

കുഷ്ടരോഗികളോ? ഇക്കാലത്തോ?.

ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.

പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.

ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.

തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.

കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.

നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.

“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”

വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.

ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.

മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.

ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…

ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.

ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.

ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.

മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.

Advertisements

അഭിപ്രായങ്ങള്‍»

1. കുറുമാന്‍ - മേയ് 21, 2006

മാധവി, ലക്ഷ്മി, ദേവകിമാരുടെ ശരീരം മുരടിപ്പിക്കാന്‍ മാത്രമെ കുഷ്ട രോഗത്തിനു കഴിഞ്ഞത്. അവരുടെ മനസ്സ് മുരടിച്ചതായിരുന്നില്ല….. പക്ഷെ, ആഴ്വഞ്ചേരി തമ്പ്രാക്കളുടേയും മറ്റു നാട്ടുകാരുടേയും മനസ്സ് പണ്ടേ മുരടിച്ചതായിരുന്നു.

വായിച്ചിട്ട് കണ്ണുകള്‍ ഈറനണിഞ്ഞു മഞ്ജിത്ത് മാഷെ…….

2. അതുല്യ :: atulya - മേയ് 21, 2006

ഒരുപാട്‌ സഹോദരിമ്മാരും സഹോദരന്മാരും ഒക്കെ നമ്മുടെ മുമ്പില്‍. മഞ്ചിത്ത്‌ കണ്ടെത്തിയവര്‍ ഇവര്‍. ആരും കാണാതെ ഇനിയും ഒരുപാടു പേര്‍. ഒര്‍പാട്‌ മഞ്ചിത്തുകളുണ്ടാവട്ടേ

3. GANDHARVAN - മേയ് 21, 2006

മാധവി, ലക്ഷ്മി, ദേവകി- ശാരദാകാശ സന്താശ സൌഖ്യളായി വാഴുന്നുണ്ടാകണം- നമുക്കറിയാത്തിടത്തു.

നമുക്കു കഷ്ടം വക്കാം, സഹ്തപിക്കാം ( ഇതെല്ലാം നാം ആ സ്ഥിതിയില്‍ ആയെങ്കിലോ എന്ന ഉപബോധ മനസ്സിന്റെ വെപ്റാളം).

മഞ്ജിത്തിലെ മനുഷ്യസ്നേഹി തൊഴില്‍ ചെയ്യുമ്പോഴും മാനവികതയോടു നീതി പുലറ്‍ത്തുന്നു. പത്റങ്ങള്‍ എപ്പൊഴും പത്റധറ്‍മത്തിന്റെ സുവറ്‍ണ നിയമങ്ങള്‍ അനുസരിച്ചേ പ്റവറ്‍ത്തിക്കുകയുള്ളു.

ഒരു സംഭവത്തെ , രാഷ്ട്റിയമായ, നിയമപരമായ, മതപരമായ , സാമുഹികമായ ഏതെങ്കിലും തല്‍പര്യമുള്ളതാണോ -ഉണറ്‍ത്തുന്നതാണൊ എന്നു വിവേചിച്ചതിനു ശേഷം മാത്റമെ പ്റസിദ്ധീകരിക്കുകയുള്ളു . കുഷ്ടരോഗികളായ സഹോദരികള്‍ അവറ്‍ക്കു താല്‍പര്യമുള്ളതല്ല, എല്ലാ അമ്പല- പള്ളി മുറ്റങ്ങളിലെ സ്ഥിരം കാഴ്ച്ച.

എന്നാല്‍ ഇന്‍ഡ്യന്‍ പ്റെസിഡന്റ്‌ ശ്റദ്ധിച്ച ഒരു വാറ്‍ത്ത ദേശീയ പ്റാധാന്യമുള്ളതാകുന്നു. പൊടിപ്പും തൊങ്ങലും അമാനുഷികതയും , അത്ഭുതങ്ങളും ചേറ്‍ത്തെഴുതാന്‍ പാത്റീഭവിക്കപ്പെടുന്നു. കലികാല വൈഭവം.

ഒഴുക്കുകള്‍ക്കെതിരെ പ്റയാണം ചെയ്യണമെങ്കില്‍ കടുത്ത പ്റയാസങ്ങളെ നേരിടാനും , ലക്ഷ്യ്‌ ബോധത്തോടെ പ്റവറ്‍ത്തിക്കുന്നതിനും സന്നദ്ധനാകണം. ഈ ഗുണങ്ങള്‍ മഞ്ജിത്തില്‍ കാണുന്നു.

4. കണ്ണൂസ്‌ - മേയ് 21, 2006

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
സ്നേഹമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം

==

ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലുണ്ട-
യ്യന്‍ പുലയനിലുണ്ടാ-
ദിത്യനിലുണ്ടണുകൃമിയിലുണ്ട-
തിന്‍ ബഹിര്‍സ്ഫുരണം..

==

ഉള്ളൂരിനു തെറ്റു പറ്റിയിരിക്കും!!

5. Anonymous - മേയ് 21, 2006

മലപ്പുറം ജില്ലയിലെ എന്റെ കൊച്ചുഗ്രാമം എനിക്കോര്‍മ്മ വരുന്നു. എന്റെ ദേശത്ത് ഒരുഭാഗത്ത്‌ മാത്രം കുഷ്ഠരോഗികളെ കണ്ടിരുന്നു. എന്റെ കുട്ടിക്കാലത്ത്‌ ഞങളുടെ ദേശത്ത്‌ ഒരു ഡോക്ടര്‍ കൂടെയുണ്ടായിരുന്നില്ല്യ. അങനെ ലെപ്രസി നിവാരണത്തിനായി ഒരു ദിവസം ഭാസ്കരന്‍ എന്നരാളേ ഗവണ്മെന്റ്‌ നിയമിച്ചു. അഥവാ അദ്ദേഹം ഞങളുടെ ദേശത്തിലെ മുഴുവന്‍ ഡോക്ക്ടറായി എന്ന് പറയുകയാവും ഭേദം.എഴുപതുകളുടെ തുടക്കത്തില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം കൂടെ ഞങളുടെ ഗ്രാമത്തിലുണ്ടായിരുന്നില്ല!ഇന്നാകട്ടെ മുട്ടിന്മുട്ടിന് ഹോസ്പിറ്റ്ുകളും. ഇപ്പോ ഇത്തരം രോഗങളെക്കുറിച്ച്‌ കേള്‍ക്കാറില്ല.-സു-

6. ഡ്രിസില്‍ - മേയ് 21, 2006

ദൈവത്തിന്റെ ചില വികൃതികള്‍ കാണുമ്പോള്‍, ആ വികൃതികള്‍ക്ക് പാത്രമായവരോട് സഹതാപമെന്ന വികാരമുദിക്കുന്നു. ചിലപ്പോള്‍ ദയ എന്ന വികാരം. ഇത് വായിച്ചപ്പോള്‍, മഞ്‌ജിത്തിനോട് ആദരവ് തോന്നുന്നു (ഇതും ഒരു വികാരം.).

7. ബെന്നി::benny - മേയ് 21, 2006

പത്രപ്രവര്‍ത്തനം ഇപ്പോള്‍ കൂലിത്തല്ലു പോലൊരു തൊഴിലാണ്. എത്ര കൊടുക്കാം എന്നതിനനുസരിച്ച് തല്ലിന്റെ ഊക്ക് കൂടും. കൂലിത്തല്ലിലെ എന്നപോലെ കൂലിയെഴുത്തിലും യാതൊരു വിധ എത്തിക്സുമില്ല. ഇന്ന് സിപിഎമ്മിന്റെ കൂലിയെഴുത്താണെങ്കില്‍ നാളെയത് കോണ്‍ഗ്രസ്സിനു വേണ്ടിയാകും. പവറിന്റെയും മണിയുടെയും പ്ലേയാണ് മാധ്യമരംഗം. ഈ കൂത്തരങ്ങില്‍ എവിടെയെങ്കിലും നന്മയുടെ ഒരു കിരണമെങ്കിലും നെഞ്ചിലേറ്റുന്ന പത്രപ്രവര്‍ത്തര്‍ ഉണ്ടോ ആവോ?

മന്‍‌ജിത്തേ, നന്ദി!

8. സുനില്‍ - മേയ് 21, 2006

കണ്ണൂസേ, ഇതാണ് പത്രപ്രവര്‍തനത്തിന്റെ മറ്റൊരുദാഹരണം. ആഴ്‌വാഞ്ചേരി തംബ്രാകളെപ്പോലെ അവിടേ വേറെയും ജനങളുണ്ടായിരുന്നു.ആരും തിരിഞു നോക്കിയില്ല. ആതവനാട്` പൂരത്തിന് പോയതിനാല്‍ ആഴ്‌വാഞ്ചേരി തമ്മ്പ്രാക്കളുടെ അടുത്ത്‌ പോയി. ഇന്നത്തെ തലമുറ അറിയുകകൂടിയില്ലാത്ത പഴയ ആഢ്യത്വം അദ്ദേഹവും ഗതകാലസ്മരണകള്‍ ഉരുവിടുമ്പോള്‍ പറഞിട്ടുണ്ടാകണം. പിന്നെ പെട്ടെന്ന്‌ കഥഗതി മാറുന്നത്‌ ദയകാംഷിക്കുന്നവരുടെ അടുത്തെക്കാണ്. ഇത്‌ തീര്‍ച്ചയായും പരോക്ഷമായി ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നേരേ നമുക്ക്‌ ദ്വേഷ്യം തോന്നിപ്പിക്കും. വാസ്തവംമവരും മറ്റുള്ളവരെ പ്പോലെയാണെന്നതാണ്‌. ഉള്ളൂരിന്റെ തെറ്റാണോ അത്‌? -സു-

9. വക്കാരിമഷ്ടാ - മേയ് 21, 2006

ഞാനുദ്ദേശിക്കുന്നതു തന്നെയാണോ സുനിലും ഉദ്ദേശിക്കുന്നത് എന്ന് ശരിക്കങ്ങറിയില്ല, എങ്കിലും ആ മൂന്നു സഹോദരിമാരുടെ ദുഃഖം പങ്കുവെയ്ക്കാന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പരാമര്‍ശം എത്രമാത്രം സഹായിച്ചൂ എന്നൊരു സംശയം. അതില്ലായിരുന്നെങ്കിത്തന്നെയും ഈ കുറിപ്പ് ശരിക്കും ഉള്ളില്‍ തട്ടുന്നതാണ്. സുനില്‍ പറഞ്ഞതുപോലെ, തമ്പ്രാക്കള്‍ മാത്രമല്ലല്ലോ ആ സഹോദരിമാരെ തിരിഞ്ഞുനോക്കാത്തതായി അവിടെയുണ്ടായിരുന്നത്. അദ്ദേഹം മഞ്ജിത്തുമായി പങ്കുവെച്ചത് വേണമെങ്കില്‍ വ്യക്തിപരമെന്നു പറയാവുന്ന, പഴയ തലമുറയിലെ ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രവും.

പക്ഷേ ഒരു റിപ്പോര്‍ട്ടറുടെ കടമ എന്നതിനുപരി മഞ്ജിത് കാണിച്ച ആ മനുഷ്യത്വവും, പിന്നെയും അവരെ സന്ദര്‍ശിക്കുവാനും അവരുടെ സ്ഥിതി അറിയുവാനും കാണിച്ച ആ താത്‌പര്യവും അധികം ആള്‍ക്കാര്‍ കാണിക്കാത്തതുതന്നെ. ഇങ്ങിനത്തെ നന്മകള്‍ വെളിച്ചത്തുകൊണ്ടുവരുന്നത് കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമാകുമെന്ന് തോന്നുന്നു. നമ്മള്‍ കാണുന്ന കുറേയധികം ആള്‍ക്കാര്‍ നല്ലവര്‍ തന്നെ. പക്ഷേ പലപ്പോഴും സ്ഥിതിവിശേഷങ്ങളില്‍ എന്തു ചെയ്യണം, എങ്ങിനെ ചെയ്യണം എന്നൊന്നും അറിയാന്‍ പാടില്ല. ഒരു അപകടം ഉണ്ടായാല്‍ തന്നെ,ആരെങ്കിലും മുന്‍‌കൈയെടുത്താല്‍ അതുവരെ അറച്ചുനിന്ന പലരും സഹായിക്കാനായി മുന്നോട്ടു വരും. പക്ഷേ ഒന്നു തുടങ്ങിക്കിട്ടാനാണ് പലപ്പോഴും ബുദ്ധിമുട്ട്. സ്കൂള്‍ തലം മുതല്‍ക്കേ കുട്ടികളെ ഇക്കാര്യങ്ങള്‍ പരിശീലിപ്പിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

ഒരു ദിവസം തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അവസാനത്തെ കമ്പാര്‍ട്ട്‌മെന്റില്‍ ഓടിക്കയറാന്‍ ഒരു നാടോടിപ്പയ്യന്‍ ശ്രമിച്ചു-പിടുത്തം കിട്ടാതെ അവന്‍ പാളത്തിലേക്ക് വീണു. ഞാനുള്‍പ്പടെ എല്ലാവരും ഒരു രണ്ടുമിനിറ്റ് നേരത്തേക്ക് അവന്‍ കിടക്കുന്നതും നോക്കി നിന്നു. അവനെ എടുത്ത് പ്ലാറ്റ്ഫോമില്‍ കിടത്താന്‍ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും എന്തോ എനിക്ക് കഴിഞ്ഞില്ല. അല്പം കഴിഞ്ഞപ്പോള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ട്രെയിനില്‍നിന്നും ഒരാള്‍ ഇറങ്ങിവന്ന് അവനെ എടുത്ത് പ്ലാറ്റ്ഫോമില്‍ കിടത്തി. അവനൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. എങ്കിലും രണ്ടുമിനിറ്റോളം അവന്‍ പാളത്തില്‍ കിടക്കുന്നത് ഞാന്‍ നോക്കി നിന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ അറച്ചുനിന്നുപോകുന്നു. മഞ്ജിത്ത് അവിടെ സന്ദര്‍ഭോചിതമായി പ്രവര്‍ത്തിച്ചു.

10. കണ്ണൂസ്‌ - മേയ് 21, 2006

സുനിലേ, പറഞ്ഞത്‌ ശരിയാണ്‌. അതു ഞാന്‍ ഓര്‍ക്കാഞ്ഞിട്ടും അല്ല. ഉള്ളൂര്‍ പറഞ്ഞതും തമ്പ്രാന്റെ മാത്രമല്ല, അയ്യന്‍ പുലയന്റേയും, ആദിത്യന്റേയും, അണുകൃമിയുടേയും ഒക്കെ കാര്യമല്ലേ? ഇവിടെ തമ്പ്രാക്കള്‍, സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധി ആയെന്നു മാത്രം.

ഇതു വായിച്ചപ്പോള്‍, നമ്മുടെ സ്വന്തം ഗ്രാമത്തില്‍ എത്ര പേര്‍ ഇങ്ങനെ ജീവിക്കുന്നുണ്ടാവും എന്ന് വിചാരിക്കുകയായിരുന്നു ഞാന്‍. തീര്‍ച്ചയായും ഉണ്ടാവും. അതറിയുകയോ അന്വേഷിക്കുകയോ ചെയ്യാതെ, ഞാന്‍ തമ്പ്രാക്കളെ പഴി പറയുന്നതില്‍ എന്തര്‍ത്ഥം?

വെളിനാടുകളിലും മറ്റും ഒരല്‍പ്പം സുഖ സൌകര്യത്തോടെ ജീവിക്കുന്നവര്‍, സ്വന്തം നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കുന്നത്‌ നന്നായിരിക്കുമെന്ന് തോന്നുന്നു. ഞങ്ങള്‍ കാവശ്ശേരിക്കാര്‍ക്ക്‌ ദുബായില്‍ അങ്ങനെ ഒരു സംഘടന ഉണ്ട്‌. Kavassery Overseas Charitable Trust. നാട്ടിലുള്ള പാവങ്ങളില്‍ പാവങ്ങളായവര്‍ക്ക്‌ ആരോഗ്യം, വിവാഹം, വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍ക്ക്‌ ധനസഹായം (non-returnable) നല്‍കുന്നു. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ 100 പേര്‍ക്കോളമായി 3 ലക്ഷം രൂപയോളം നല്‍കിയിട്ടുണ്ട്‌. ഇതിന്റേയും പരാധീനത, ആവശ്യക്കാരെ കണ്ടു പിടിച്ച്‌ സഹായിക്കാന്‍ ഒരു സംവിധാനം ഇല്ലെന്നതാണ്‌. എങ്കിലും, അണ്ണാര്‍ക്കണ്ണനും തന്നാലായത്‌ എന്നു പറഞ്ഞ പോലെ ഞങ്ങള്‍ മുന്നോട്ട്‌ പോവുന്നു.

ഒരേ സ്ഥലത്ത്‌ താമസിക്കുന്ന ഒരേ ഗ്രാമത്തിലുള്ള പ്രവാസികള്‍ക്ക്‌ ഇത്തരം ഒരു സംരഭം തുടങ്ങാന്‍ പ്രചോദനം ആവുകയാണെങ്കില്‍ ആവട്ടെ എന്ന് വിചാരിച്ചാണ്‌ ഈ കാര്യം ഇവിടെ എഴുതുന്നത്‌.

11. വക്കാരിമഷ്ടാ - മേയ് 21, 2006

വളരെ നല്ലൊരു ആശയം കണ്ണൂസെ… നന്ദി.

12. സുനില്‍ - മേയ് 21, 2006

കണ്ണൂസേ, ഗള്‍ഫ് നാടുകളില്‍ ഇത്തരം പ്രവര്‍ത്തനങള്‍ എന്റെ പരിചയം വച്ച് ധാരാളമുണ്ട്‌. ഞാനും അങനെ പലതില്‍ പകുതിയും മുഴുവനുമായി ഭാഗഭാക്കാണ്. അമേരിക്കന്‍ ഐക്യനാടുകളിലേയും മറ്റുനാടുകളിലേയും സ്ഥിതി അറിയില്ല്യ.-സു-

13. സുനില്‍ - മേയ് 21, 2006

വക്കാരിയുടെ വാക്കുകള്‍ നമ്മുടെ അവസ്ഥയെ കാണിക്കുന്നു. എത്രയോ തവണ അനുഭവപ്പെട്ടിരിക്കുന്നു. “പള്‍സ് പോളിയോ”വിരുദ്ധസമിതിയുടെയും തര്‍ജനി മാസികയുടെയും ഒരു പ്രവര്‍തകനായ ഹരി ഇന്നലെ അറസ്റ്റിലായപ്പോഴാണ് അതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ തന്നെ താല്‍പ്പര്യം കാണിക്കുന്നത്‌. ഞാനല്ലാത്ത ഒരാള്‍ മുന്‍പിലുണ്ടാവണം, എന്നാല്‍ ഞാന്‍ “കഴിയുന്ന”സഹായം ചെയ്യുമെന്ന് പറഞ് മെനങാത്തടിയായി “ഇനേറ്ഷ്യ”യോടെ ഇരിക്കും. ഇതെന്റെ അവസ്ഥയെങ്കില്‍, ഒരുപാടാളുകള്‍ അങനെത്തന്നെ എന്ന്‌ വക്കാരി പറയുന്നു.-സു-

14. ദേവരാഗം - മേയ് 21, 2006

ആ മൂന്നു പേര്‍ക്ക്‌ ധനസഹായം എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മുപ്പതാണ്ട്‌ വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നതിലും നല്ല പ്രവര്‍ത്തനമായി മഞ്ജിത്തേ.
പള്‍സ്‌ പോളിയോക്കെതിരേ ആരെങ്കിലും പ്രവര്‍ത്തനം നടത്തുന്നുണ്ടോ സുനില്‍?പണ്ട്‌ പ്രകൃതി ചികിത്സകന്‍ സി ആര്‍ ആര്‍ വര്‍മ്മ ഇതിന്റെ നന്മതിന്മകളെപ്പറ്റി സംശയം ഉന്നയിച്ചപ്പോ അങ്ങേര്‍ക്കു നേരേെ കൊല വിളി സര്‍ക്കാര്‍ മുതല്‍ കവലയിലെ രാഷ്ട്രീയ ഊച്ചാളി വരെ ഉയര്‍ത്തിയിരുന്നു

15. ഡ്രിസില്‍ - മേയ് 21, 2006

വക്കാരിയുടെ വാക്കുകള്‍ക്ക് ഒരു പിന്തുടര്‍ച്ച..
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കണ്ണൂര്‍ കലക്‍ടര്‍ മുന്‍‌കൈ എടുത്ത്, കണ്‍നൂരില്‍ ഒരു ജനകീയ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. അപകട സമയങ്ങളില്‍ യഥാസമയം ഇടപെടാന്‍ അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും, അവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്‌തു. റോഡപകടങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലും അവര്‍ ഇടപെടുന്നതിനും യഥാസമയം പ്രവര്‍ത്തിക്കുന്നതിനും ധൈര്യം പകരുകയായിരുന്നു ഉദ്ദേശം. അത്തരം അപകടങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന കേസുകളും നൂലാമാലകളും ഈ വളണ്ടിയര്‍മാരെ ബാധിക്കില്ലായിരുന്നു. (പൊതുജനം കേസുകള്‍ ഭയന്നാണല്ലൊ, അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പച്ചമനുഷ്യരെ ‘തൊടാന്‍’ ശ്രമിക്കാത്തത് ). പക്ഷെ, ആ സ്‌ക്വാഡ് കൂ‍ടുതല്‍ കാലം നിലനിന്നില്ല എന്നാണ് എന്റെ അറിവ്.

16. സുനില്‍ - മേയ് 21, 2006

ഇന്നലെരാത്രിയാണ് ഹരിയെ അറസ്റ്റ് ചെയ്തത്‌.കൈരളി പീപ്പിളിലാണ് വാര്‍ത്ത ഞാന്‍ കണ്ടത്‌. ഇവിടെ ചെറിയ ഒരു വാര്‍ത്ത് കാണാം:http://www.chintha.com/node/691
ഹരി ചിന്തയിലെ തര്‍ജനിമാസികയുടേ ടീമിലുണ്ട്.-സു-

17. ബിന്ദു - മേയ് 21, 2006

ഇതുപോലെ മാനസിക രോഗം ബാധിച്ച സഹോദരിമാര്‍.. അവരിലൊരാള്‍ മരിച്ചതറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ, പത്രങ്ങളില്‍ വായിച്ചിരുന്നല്ലൊ. ഇതുപോലെ എത്ര പേര്‍.. തൊട്ടടുത്തുള്ളവര്‍ പോലും ഒന്നും ചെയ്യുന്നില്ല.

മന്‌ജിത്ത്‌ താങ്കളൊരു നല്ല കാര്യമാണ്‌ ചെയ്തത്‌.

(അറിയാതെ ഞാനിപ്പോഴും അനോണിയായി കമന്റ്‌ വയ്ക്കാനൊരുങ്ങുന്നു)

18. മന്‍ജിത്‌ | Manjith - മേയ് 21, 2006

കുറുമാനേ, ഇവിടെയെത്തി വായിച്ചതില്‍ സന്തോഷം.

അതുല്യേ, ഞാന്‍ കണ്ടു എന്നേയുള്ളു. കണ്ടെത്തിയത് ആ പാവം പ്രാദേശികനാണല്ലോ.

സുനിലും വക്കാരിയും പറഞ്ഞതു ശരിയാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം ചിലപ്പോള്‍ ഈ വിവരണത്തില്‍ കല്ലുകടിയുണ്ടാക്കുന്നുവെന്നു മനസിലാക്കുന്നു. സാന്ദര്‍ഭികമായി പറഞ്ഞുവെന്നേയുള്ളൂ. ആ സഹോദരിമാരെ ശ്രദ്ധിക്കാതിരുന്നതില്‍ തമ്പ്രാക്കള്‍ മാത്രം കൂടുതല്‍ തെറ്റുകാരന്‍ എന്നൊന്നുമില്ല. പിന്നെ സ്റ്റോറികള്‍ത്തേടിയലയുമ്പോള്‍ എന്റെ പ്രയോരിറ്റി തമ്പ്രാക്കന്മാരേക്കാള്‍ ഇതുപോലെയുള്ള സഹോദരിമാരായിരുന്നു. അതു വ്യംഗമായൊന്നു സൂചിപ്പിക്കാന്‍ ശ്രമിച്ചതാണു. പരാജയപ്പെട്ടെന്നു തോന്നണു.

ഗന്ധര്‍വോ, അത്രയ്ക്കൊന്നുമില്ലെന്നേ 🙂

ബെന്നീ, ഉണ്ടാവാം. അവരെ ആരറിയാന്‍.

ഡ്രസില്‍, നന്ദി 🙂

കണ്ണൂസേ, ഇത്തരം വാര്‍ത്തകള്‍ നാട്ടില്‍ ഒട്ടേറെ പാവങ്ങള്‍ക്കു തുണയാകുന്നുണ്ട്. പത്രങ്ങളുടെ ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കുന്ന പ്രവാസി മലയാളികളില്‍ നിന്നാണ് സഹായമേറെയുമെത്തുന്നത്. ദീപിക ഓണ്‍ലൈനിലായിരുന്ന കാലത്ത് കണ്ണൂരില്‍ ബോംബുപൊട്ടി കാലു തകര്‍ന്ന അസ്നയെന്ന പെണ്‍കുട്ടിയെത്തേടി സഹായങ്ങള്‍ പ്രവഹിക്കുന്നതു ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ ഗുണപരമായ ഒരു വശം. കണ്ണുസും സുനിലുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നറിഞ്ഞതില്‍ സന്തോഷം.

ദേവാ, നന്ദി.

ബിന്ദൂ നന്ദി. അനോണിയായി അവതരിക്കണമെന്നു തോന്നുമ്പോഴൊക്കെ ഇവിടെ വേണമെങ്കില്‍ വന്നോളൂ 🙂

19. വക്കാരിമഷ്ടാ - മേയ് 21, 2006

മഞ്ജിത്ത് പറഞ്ഞത് കാര്യം. ഇത്തരം സഹായങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്റെ നല്ലൊരു വശം. ഇക്കാര്യത്തില്‍ ഒരു പത്രക്കൂട്ടായ്മ എത്രമാത്രം പ്രാവര്‍ത്തികമാകും? കൂട്ടായ്മയില്ലെങ്കിലും കുഴപ്പമില്ലാ എന്നു തോന്നുന്നു. എങ്കിലും എല്ലാ പത്രങ്ങളും ഒരുമിച്ച് സഹകരിക്കുകയാണെങ്കില്‍ കുറച്ചുകൂടി ആള്‍ക്കാര്‍ക്ക് ഇത്തരം സഹായങ്ങള്‍ കിട്ടുമോ എന്നൊരു സംശയം.

20. Adithyan - മേയ് 21, 2006

ഒന്നു സഹതാപം ‘രേഖപ്പെടുത്താം’ എന്നു വിചാരിച്ചതാണ്… പിന്നെ കമന്റ്കുള്‍ ഒക്കെ കണ്ടപ്പോള്‍ വേണ്ട എന്നു വച്ചു.

മഞ്ചിത്‌, താങ്കള്‍ ചെയ്തതൊരു നല്ല കാര്യം.

21. കണ്ണൂസ്‌ - മേയ് 22, 2006

സുനില്‍, മന്‍ജിത്ത്‌

പത്രങ്ങളില്‍ വാര്‍ത്ത വന്ന ശേഷം പിരിവെടുത്ത്‌ സഹായമെത്തിക്കുന്ന തരത്തിലുള്ള ഒരു കൂട്ടായ്മ ആയിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചത്‌. അത്‌ തീര്‍ച്ചയായും നല്ലൊരു കാര്യം തന്നെ, പക്ഷേ മന്‍ജിത്ത്‌ എഴുതിയ സഹോദരിമാരെ പോലെ തന്നെ പത്ര വാര്‍ത്ത പോയിട്ട്‌ അയല്‍ക്കാരുടെ പോലും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത പാവങ്ങളും ഉണ്ടാവില്ലേ ഓരോ നാട്ടിലും?

ഇവിടെയാണ്‌ പ്രാദേശികമായ ഒരു കൂട്ടായ്മയുടെ പ്രസക്തി. ഞങ്ങളുടെ സഹായ സംരംഭങ്ങള്‍ കാവശ്ശേരി പഞ്ചായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്‌. ഇത്തരത്തില്‍ ഒരു പ്രവാസി സംഘടന നിലവിലുണ്ടെന്ന് അറിയുന്ന നാട്ടിലെ പൊതുകാര്യ പ്രസക്തരായ മാന്യര്‍, അര്‍ഹരെന്ന് അവര്‍ക്ക്‌ തോന്നുന്നവര്‍ക്ക്‌ സഹായം നല്‍കണം എന്ന് ശിപാര്‍ശ ചെയ്യുന്നു. ഒരു കൊച്ചു ഗ്രാമം ആയതിനാല്‍ മെംബര്‍മാര്‍ക്ക്‌ ആര്‍ക്കെങ്കിലും ഈ ശിപാര്‍ശയുടെ സത്യാവസ്ത re-check ചെയ്യാവുന്നതേ ഉള്ളു. അര്‍ഹരാണെങ്കില്‍ അവര്‍ക്ക്‌ സഹായം ചെയ്യുന്നു. ഞങ്ങള്‍ക്ക്‌ കൊടുക്കാവുന്നതില്‍ അധികം ആവശ്യമുള്ള കേസ്‌ ആണെങ്കില്‍ സമാനമായ മറ്റു സംഘടനകളുടേയും നല്ല മനസ്സുള്ള വ്യക്തികളുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ (1) ഒരു സാധാരണക്കാരന്‌ പോലും പ്രശ്നം എളുപ്പത്തില്‍ ശ്രദ്ധയില്‍ കൊണ്ടു വരാം. (അന്ന് മന്‍ജിത്ത്‌ എത്തിയില്ലായിരുന്നുവെങ്കില്‍ രമേഷിന്‌ ഈ പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?) (2) ചെറുതെങ്കിലും സഹായം ആവശ്യമുള്ള സമയത്തിന്‌ എത്തിക്കാം. (3) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന, അര്‍ഹിക്കാത്ത കരങ്ങളില്‍ സഹായം എത്തിച്ചേരുന്നു എന്ന സംശയം ഒഴിവാക്കാം.

22. kuma® - മേയ് 22, 2006

വായിച്ചു. വായിച്ചൂന്ന്.

23. മന്‍ജിത്‌ | Manjith - മേയ് 22, 2006

ആദി,
കുമാര്‍ജീ

നന്ദി, ഇവിടെയെത്തിയതിന്.

24. L G - മേയ് 22, 2006

ആ ചേച്ചിമാരോടു എനിക്കു സഹതാപഅം തൊന്നണില്ല്യ. ആരാധന തോന്നുന്നു. മൂന്നു പേര്‍ എന്തു ധീരമായി ആയിരിക്കും ഒറ്റ്ക്കു ഒരു ഓല്‍ക്കുടിലില്‍ ജീവിച്ചേ? കുഷ്ടം ബാധിച്ച അവര്‍ മഞ്ജിത്തേട്ടനു പനി പിടിക്കരുതു എന്നു ഓര്‍ക്കുംബോള്‍ അവരുടെ മനസ്സിനെ സ്തുതിക്കാന്‍ തോന്നുന്നു. മനസ്സില്‍ കുഷ്ടം ബാധിച്ച ഞാനടക്കമുള്ള എത്ര്യോ പേര്‍ ഇവിടെ ഉണ്ടു! അവരുടെ മുന്നില്‍ ആ മൂന്നു പുഷ്പങ്ങളും മുല്ല്‍പ്പൂ പോലെ പരിശുദ്ധം,നിഷ്ക്കളങ്കം.

25. യാത്രാമൊഴി - മേയ് 22, 2006

വളരെ നന്നായി എഴുതിയിരിക്കുന്നു മന്‍ജിത്.
ചിന്തയിലും പ്രവൃത്തിയിലും ഒരുപോലെ ഔന്നത്യം പുലര്‍ത്തുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ശ്രമകരം തന്നെ. താങ്കളുടെയും, കണ്ണൂസിനെപ്പോലെയുള്ളവരുടെയും ശ്രമങ്ങള്‍ തികച്ചും പ്രശംസാര്‍ഹം തന്നെ!

26. Kuttyedathi - മേയ് 22, 2006

This post has been removed by the author.

27. മന്‍ജിത്‌ | Manjith - മേയ് 22, 2006

എല് ജീ പോസ്റ്റിന്റെ ആത്മാവില് തൊട്ടതിനു നന്ദി.യാത്രാമൊഴീ നല്ല വാക്കുകള് പ്രചോദനമാകുന്നു, നന്ദി.

*ഒരു വീട്ടില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ വേണമെന്നു ജയലളിത പറഞ്ഞതെത്ര ശരി.

28. ബിന്ദു - മേയ് 22, 2006

അബദ്ധം പറ്റിയതു കണ്ടു. ഇപ്പോള്‍ എനിക്കൊരു സംശയം !! 🙂
അയ്യോ ഒരു നാനി !

29. വക്കാരിമഷ്ടാ - മേയ് 23, 2006

ശരിയാ, പണ്ടൊരൊറ്റവാക്കുകൊണ്ട് ഒരായിരം കമന്റൊപ്പിച്ചതില്‍‌പിന്നെ ഇതാദ്യമാ…ഇത്രനാളും എങ്ങിനെ പിടിച്ചുനിന്നു……. 🙂

30. Ajith Krishnanunni - മേയ് 23, 2006

മഞ്ജിത്‌, അല്‍പം വഴി വിട്ട ചിന്ത ആണെങ്കില്‍ കൂടി എനിക്കിപ്പോള്‍ ഓര്‍മ വരുന്നതു മറ്റൊരു സംഭവമാണു. കുറചു വര്‍ഷം മുന്‍പു അനന്തപുരിയില്‍, ഒരു മാനസികവിഭ്രാന്തിയുള്ള ആള്‍ ഒരാളെ മുക്കി കൊന്നപ്പോള്‍ അതിന്റെ തല്‍സമയം TV യില്‍ കാണിച്ചു പരസ്യം കൂട്ടിയ സംഭവം ആണതു. അന്ന് എന്റെ മനസില്‍ ഉറച്ച വിശ്വാസം, ഒരു പത്ര പ്രവര്‍ത്തകന്റെ പ്രൊഫഷനലിസം എന്നാല്‍ തന്നിലുള്ള മനുഷ്യനെ കൊന്നു കളയുക എന്നതാണു..

ഒരു വീണ്ടു വിചാരത്തിനു ശ്രമിക്കാം…–>

31. Anonymous - മേയ് 28, 2006

hello manjith
i am anoop
do u remember me
one old part time reporter at malappuram manorama
now i am working with manorama online.com
anoop_a_s@yahoo.com

32. anoop as - മേയ് 28, 2006

Ø-Äc¢- É-ù-EÞW- Ø-çLÞ-×¢- æµÞ-Ií ²-Ká¢- É-ù-ÏÞ-ÈÞ-Õá-Kß-Üï- Î-¾í¼ß-Jí.- Õ-{-æø- ÏÞ-Æã-Öíºß-µ-ÎÞ-ÏÞ-Ãí §- çÌïÞ-·í µ-æI-Já-K-Äí.- çÉ-øá-µ-Ií Ø¢-Ö-Ï¢- çÄÞ-Kß- çÈÞ-Aß-Ï-Äá¢- É-Ý-Ï- Øá-Ùã-Jí Ä-æK….-
èÆ-Õ¢- ®-æKÞ-øÞZ- ©-Ií çµ-çGÞ…-

33. aaa - ജൂണ്‍ 21, 2006

അപകടം

34. സുനില്‍ കൃഷ്ണന്‍ - ജൂലൈ 5, 2006

പത്രപ്രവര്‍ത്തകന്റെ ജോലി ഒരു പക്ഷേ അത് വാര്‍ത്തയാക്കുന്നതോടെ തീര്‍ന്നുപോയേക്കാം. പക്ഷേ അതനുഭവിച്ച മനുഷ്യന്‌ എത്ര പിഴിഞ്ഞാലും ഉണക്കുവാനാവില്ല അകത്തെ നനവ്‌. മരം മഴയെ അനുഭവിക്കുന്നത് ഇലകള്‍ കൊണ്ടും വേരുകള്‍ കൊണ്ടും കൂടിയാണ്‌. ഇലയ്ക്ക് അകം കൊണ്ടും പുറം കൊണ്ടും അറിയാം നനവിനെ, നല്ല മനുഷ്യനും.

35. ചില നേരത്ത്.. - ജൂലൈ 5, 2006

ഇപ്പോഴാണിത് വായിക്കുന്നത്..വാര്‍ത്തകളുടെ വെളിച്ചത്തില്‍.. നിഴലുകളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സത്യസന്ധമായ കുറിപ്പ്..

36. thira - ജൂലൈ 10, 2006

വാര്‍ത്തകളുടെ പിന്‍ഭാഗത്ത് നില്‍ക്കുന്ന ഇവര്‍ക്ക് നേരെ കണ്ണ് തുറക്കാന്‍,വായനയുടെ ഉമ്മറത്തെത്തിക്കാന്‍ കഴിഞ്ഞ നല്ല മനസ്സിന്…എവിടെയോ ഒരു നീറ്റല്‍…–>


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: