jump to navigation

കല്ലുവച്ച കഥ ജനുവരി 25, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
trackback

നാലഞ്ചു വര്‍ഷമായി എല്ലാ റിപബ്ലിക് ദിനങ്ങളിലും എന്റെ അടിവയറ്റില്‍ നിന്നും ഒരു കല്ല് മുകളിലേക്കിരച്ചു കയറി തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന വേദനകളെ തട്ടിയുണര്‍ത്തും. സര്‍വ സാധാരണമായ വേദനകളിലൊന്നും തളരാത്ത ഈയുള്ളവന്റെ സകല കണ്ട്രോളും തകര്‍ത്ത ആ കല്ലിന് ഈ റിപബ്ലിക് ദിനത്തില്‍ അഞ്ചുവയസാകും.

ദീപിക ദിനപത്രത്തിന്റെ പാലാരിവട്ടത്തുള്ള ഓഫിസില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന കാലം. ലോകമെമ്പാടുമുള്ള വിദേശമലയാളികളെ തലതകര്‍ക്കുന്ന വാര്‍ത്തകളറിയിക്കാന്‍ അക്കാലത്ത് വല്ലാത്തൊരുത്സാഹമായിരുന്നു.

പപ്പുവാ ന്യൂഗിനിയയില്‍ നിന്നുള്ള രമേശന്‍, പെറുവില്‍ നിന്നുള്ള മാത്യു സാമുവല്‍ എന്നിങ്ങനെ ചില ആഗോളമലയാളികളുമായുള്ള ബന്ധമാണ് ഈ പണിയുടെ സുഖമറിയിച്ചത്. ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ടെന്നും അവരില്‍ പലരും തന്റെ തകര്‍പ്പന്‍ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നുമുള്ള തിരിച്ചറിവ് എന്നെ ആവേശം കൊള്ളിച്ചു. ഈ ആവേശം വീട്, നാട് തുടങ്ങിയ നൊവാള്‍ജിയന്‍ ചിന്തകളോടു വിടപറയാനും കാരണമായി എന്നു പറയേണ്ടതില്ലല്ലോ.

റിപബ്ലിക് ദിനത്തില്‍ ഭൂമിമലയാളത്തിലെ സകല പത്രക്കാരും പുട്ടടിച്ച് അതിവിശാലമായി കിടന്നുറങ്ങുമ്പോഴും കര്‍മ്മനിരതനായത് അതുകൊണ്ടാണ്.

തലേന്നു രാത്രി വാര്‍ത്തകള്‍ എല്ലാവര്‍ക്കും വയറു നിറയെ നല്‍കി പത്രമാപ്പീസിലെ ഡെസ്കില്‍ത്തന്നെ കിടന്നുറങ്ങിയ ഞാന്‍ ജനുവരി 26ന് ടെലിപ്രിന്ററിന്റെ നിലവിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്.

റിപബ്ലിക് ദിനത്തില്‍ ഇത്ര വിശാ‍ലമായി ഇവന്‍ നിലവിളിക്കുന്നതെന്തായിരിക്കും?. ഓ ഏതെങ്കിലുമൊരുത്തന്‍ തലേന്നു രാത്രിതന്നെ കുത്തിക്കുറിച്ച റിപബ്ലിക് ദിന പരേഡിന്റെ ലൈവ് റിപ്പോര്‍ട്ടായിരിക്കും. അടിക്കട്ടെ, ഒന്നൂടെ കിടന്നുറങ്ങാം.
എന്നാ‍ലും അതു ലൈവായി വരാന്‍ സമയമായില്ലല്ലോ?. ഇനി വല്ല തീവ്രനും ഏതെങ്കിലു ബഡാപാര്‍ട്ടിയുടെ നെഞ്ചത്ത് നിറയൊഴിച്ചുകാണുമോ?. ഒന്നു നോക്കിക്കളയാം. ടെലിപ്രിന്ററിന്റെ നീണ്ട നാവ് കയ്യിലെടുത്തു.
‘ഗുജറാത്തില്‍ വന്‍ഭൂകമ്പം’
ദൈവമേ!!!
ക്ലോക്കില്‍ നോക്കി.
സമയം ഒന്‍പത്. നീണ്ട ഉറക്കം പണിപറ്റിച്ചോ. ഇല്ല, ചൂടാറിയിട്ടില്ല. സംഭവം നടന്നത് 8:49ന്.

ന്യൂസ് റൂമിലേക്കോടി. ആഗോളമലയാളികള്‍ക്കായി ഒരു വമ്പന്‍ ബ്രേക്ക് നല്‍കി. ഭൂകമ്പത്തിന്റെ ബാക്കി കുലുക്കങ്ങള്‍ക്കായി കാത്തിരിപ്പായി. വന്‍ഭുകമ്പമുണ്ടായിട്ടും നാശനഷ്ടം അധികമില്ലെന്നാണ് പി.റ്റി.ഐ. പറയുന്നത്. അതു ശരിയാകുമോ?
ഭൂമിയങ്ങനെ ശക്തമായി വായ് പിളര്‍ക്കുമ്പോ എത്രയേറെ കല്ലുകള്‍ തെറിച്ചുവീണിട്ടുണ്ടാവും. ആരെങ്കിലുമൊക്കെ മരിച്ചു കാണുമല്ലോ.

എന്നെപ്പോലെ ഓഫിസിലിരുന്നു ബ്രേക്കടിക്കുന്ന പി.റ്റി.ഐക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ പാടില്ലല്ലോയെന്നു മനസില്‍ കരുതി. അപ്പോഴുണ്ട് പപ്പുവക്കാരന്‍ രമേശന്റെ മെയില്‍.
“ഞാന്‍ നോക്കിയിരിക്കുവാരുന്നു. ബിബിസിയില്‍ കാണിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി”

ദൈവമേ.. ഇവനൊന്നും വേറെ പണിയില്ലേ ബിബിസിയും നോക്കിയിരിക്കാന്‍. പെട്ടെന്നാണ് ബിബിസി എന്ന കൊളുത്ത് വീണത്. ‘ടെലിവിഷം’ തുറന്നു. ഊഹം തെറ്റിയിട്ടില്ല. കല്ലുകള്‍, കെട്ടിടങ്ങള്‍ ഒക്കെ അട്ടിക്കു വീണുകിടക്കുന്നു. ബിബിസിയുടെ ലൈവ് ദൃശ്യം. എന്നിട്ടും മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍) അവരും പറയുന്നില്ല.

മണി പത്തര. സഹായി പ്രദീപനെത്തി. ഓന്‍ വന്നല്ലോ. ഇനി സ്വന്തം മുറിയില്‍പ്പോയി ഒന്നു കുളിച്ചു മിനുങ്ങിവരാം.
എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പ്രദീപന്‍ വന്നതല്ല, പൊക്കോട്ടേന്നു ചോദിക്കാനിറങ്ങിയതാ. അവധിയായിട്ട് നീ വീട്ടില്‍ വരുന്നില്ലേയെന്നു അമ്മ സങ്കടത്തോടെ ചോദിച്ചത്രേ.
”ഉഗ്രനൊരു സംഭവമുണ്ട്, ഗുജറാത്തില്‍ ഭൂകമ്പം. ”
പത്രികാ കുമാരനെ പിടിച്ചു നിര്‍ത്താമെന്നു കരുതി ഒരു തോട്ടിയിട്ടു നോക്കി. അപ്പോ വരുന്നു മറുപടി.
”ഓ ഞാന്‍ കേട്ടായിരുന്നു. ആരും ചത്തിട്ടില്ലല്ലോ. ”
ഇവനോട് നിക്കാന്‍ പറഞ്ഞിട്ടുകാര്യമില്ല. ഏറ്റവുമൊടുവില്‍ക്കിട്ടിയ 15 എന്ന മരണ സംഖ്യ ‘നെറ്റില്‍’ ഒട്ടിച്ചിട്ട് ഞാന്‍ സഹായിക്കു നേരേ തിരിഞ്ഞു.
”പൊക്കോളൂ. പക്ഷേ, ഒരു അരമണിക്കൂറൂടെ ഇരിക്കണം ഞാനൊന്ന് റൂമില്‍പ്പോയി ഫ്രഷ് ആയിട്ടുവരാം”
”സാര്‍ താമസിക്കുമോ”
അവന്റെ സാര്‍ എന്ന വിളി അത്രയ്കു പിടിച്ചില്ല. എന്നാലും പറഞ്ഞു.
”ഏറിയാല്‍ ഒരു മണിക്കൂര്‍ അതിനപ്പുറം പോകില്ല. എന്നിട്ടും താമസിച്ചാല്‍ എന്നെയൊന്നു വിളിച്ചിട്ടു പോണം”

റുമിലേക്കു തിരിച്ചു. ഓഫിസില്‍ നിന്നും അരമണിക്കൂര്‍ യാത്രയേയുള്ളു മുറിയിലേക്ക്. എന്നാലും രാത്രികിടപ്പ് ഓഫിസില്‍ തന്നെ. ടെലിപ്രിന്ററീന്റ് താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമാണെന്നാണ് അന്നെന്റെ മതം.

റൂമിലെത്തി കുളിക്കൊരുക്കമായി എണ്ണ തേച്ചു നിക്കുമ്പോഴുണ്ട് അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്ന വേദന. ഓ വയറു വേദനയായിരിക്കും, സാരമില്ല. കുളിമുറിയിലേക്ക് നടക്കാനാഞ്ഞു.
ഇല്ല വേദന കനക്കുകയാണ്. കലും കയ്യുമൊക്കെ കൊളുത്തിപ്പിടിക്കുന്നു. എന്താ ഇങ്ങനെ?. ഇത്തരത്തിലൊന്ന് ആദ്യമായാണല്ലോ. വേദന കൂടുകയാണ്. ഒന്നു മൂത്രമൊഴിച്ചിട്ടുവരാം. ചെന്നു നിന്നതല്ലാതെ മൂത്രമൊന്നും വന്നില്ല. പക്ഷേ വേദന പെരുത്തു. കാലിന്റെ ബലം നഷ്ടപ്പെടുമ്പോലെ. ശരീരം നന്നായി വിയര്‍ക്കുന്നുമുണ്ട്.
വേദനകള്‍ ആരെയുമറിയിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ മെല്ലെ തറയിലിരുന്നു.
ആ.. അമ്മേ…അറിയാതെ ഉറക്കെ വിളിച്ചു പോയി.

സഹമുറിയന്‍ വിപി അമ്പൂരി രാവിലെ എവിടെയോ റിപബ്ലിക് ദിന പ്രഭാഷണം നടത്താന്‍ കുളിച്ചൊരുങ്ങി ഇറങ്ങിയത് അപ്പോഴാണ്. കൂട്ടുകാരനോട് ബൈ പറയാന്‍ കതകു തുറന്നപ്പോഴുണ്ട് തറയില്‍ക്കിടന്ന് പുളയുന്നു.
”എന്തു പറ്റി?”
”അറിയില്ല. ദേഹമാ‍കെ തളര്‍ത്തുന്ന വേദന.”
”എവിടെ? ”
”അതുമറിയില്ല, അടിവയറ്റിലാണെന്നു തോന്നണു. ”

പരോപകാരം ശിലമാക്കിയ വിപി പെട്ടെന്ന് ഒരു ഓട്ടോയും പിടിച്ചെത്തി. നേരേ അധികമകലെയല്ലാത്ത ലിസി ആശുപ്രത്രിയിലേക്ക്. അവിടെ, എല്ലാം പത്രമോഫീസിലേക്കാള്‍ കഷ്ടം. എല്ലാവരും അവധിയാഘോഷത്തിലാണ്. ഒരു ബെഡില്‍ കിടത്തിയതല്ലാതെ തിരിഞ്ഞുനോക്കാന്‍ ആരുമെത്തിയില്ല. കൂട്ടുകാരന്‍ വേദനകൊണ്ടു പുളയുന്നതു കണ്ട് വിപി എവിടെയോ ചെന്ന് ആരോടൊക്കെയോ കയര്‍ത്തു. അതിന്റെ ഫലമാണെന്നു തോന്നണു ഒരു നഴ്സിണി എത്തി.
”എവിടെയാ വേദന?”
”അടിവയറ്റില്‍”, ഞാന്‍ ഞരങ്ങിക്കൊണ്ടു പറഞ്ഞു.
”കഴിച്ചതു പിടിക്കാത്തതുകൊണ്ടുള്ള വയറുവേദനയായിരിക്കും”. നഴ്സമ്മയുടെ നിരീക്ഷണം.

അതുകേട്ടതും വിപിയുടെ സകല കണ്ട്രോളും പോയി.
”വയറു വേദനപോലും. അങ്ങനെയുള്ള വേദനകളിലൊന്നും വീഴാത്തയാളാ ഇത്. കിടന്നു കരയുന്നതു കണ്ടില്ലേ? ഇവിടെ ഡോക്ടര്‍മാര്‍ ആരുമില്ലേ? ”
”മിക്കവരും അവധിയാണ്. അത്യാഹിത വിഭാഗത്തില്‍ ഒരാളുണ്ട്. ഇപ്പോ വരും”.
”ഇത് അത്യാഹിതം തന്നെ. പെട്ടെന്നു വരാന്‍ പറ”.

വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള്‍ അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.

നഴ്സിണി പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ അത്യാസന്ന നില പരിശോധിക്കുവാന്‍ ഡോക്ടറെത്തി. കണ്ടാലറിയാം പഠിപ്പു കഴിഞ്ഞിറങ്ങിയതേയുള്ളു. ജൂനിയായതുകൊണ്ട് സീനിമാര്‍ പണിയേല്‍പ്പിച്ച് പോയതായിരിക്കും. വയറ്റില്‍ അവിടെയുമിവിടെയും അമര്‍ത്തി നോക്കിയിട്ട് ഡോക്ടര്‍ ലേഡി വിപിയോട് എന്തോ പറയുന്നതു കേട്ടു.

അപ്പന്‍ എന്നുമാത്രമേ വേദനയ്ക്കിടയില്‍ എനിക്ക് കേള്‍ക്കാനായുള്ളു. താന്‍ വേദനതിന്നുന്നതിന് അവരെന്തിന് പാവം കൂട്ടുകാരന്റെ അപ്പനു വിളിക്കണം? അതോ എന്റെ അപ്പനുവിളിക്കാനും മാത്രം കുഴപ്പങ്ങള്‍ വയറ്റിലെങ്ങാനുമുണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോ മറ്റൊരു നഴ്സിണിയെത്തി ചന്തിക്കു കുത്തി. വേദന കുറയാന്‍ എന്തോ ഒരു മരുന്ന്‌. വേദന തെല്ലൊന്നടങ്ങി. വിപി അരികിലെത്തിപ്പറഞ്ഞു.
”പേടിക്കാനൊന്നുമില്ല. അപന്‍ഡിസൈറ്റിസ് ആണെന്നാ ഡോക്ടറമ്മ പറയണത്. ചിലപ്പോ ഒന്നു കീറേണ്ടി വരും”.
ഓ അതാരുന്നോ. പലര്‍ക്കും വന്നതായി കേട്ടിട്ടുണ്ട്. ഒന്നും വരില്ലെന്നു നിനച്ച എനിക്കും-ഞാന്‍ ആലോചനയിലാണ്ടു. അരമണിക്കൂര്‍ കഴിഞ്ഞില്ല. വേദന വീണ്ടുമുണര്‍ന്നു. മുമ്പത്തേതിനാക്കാള്‍ ഉശിരില്‍. ദൈവമേ മരുന്നിനു കീഴ്പ്പെടാത്ത എന്തു വേദനായാണീത്. വിപി വീണ്ടും ഡോക്ടറുടെ മുറിയിലേക്കോടി. ഇങ്ങനെയുള്ള അസുഖമായാല്‍ അല്പം വേദന തിന്നേ തീരൂ. എന്നു പറഞ്ഞ് ലേഡീ ഡോക്ടര്‍ അദ്ദേഹത്തെ തിരിച്ചയച്ചു.

വേദനയുടെ തന്മാത്രകള്‍ ശരീരത്തിലെങ്ങും വ്യാപിച്ചു. നിസാഹയനായി തളര്‍ന്നു കരയുന്ന സുഹൃത്തിന്റെ രൂപം വിപിയുടെ രോഷം വീണ്ടുമുണര്‍ത്തി. അയാളവിടെ നിന്നുമിറങ്ങി, ആശുപത്രിയില്‍ കണ്ടവരോടെല്ലാം തട്ടിക്കയറി. രോഷത്തിന്റെ മുള്ളുകളേറ്റിട്ടാണോ എന്തോ, അവര്‍ എന്നെ ഒരു പ്രത്യേക മുറിയിലേക്കു മാറ്റി.

പിന്നെയും കുത്ത്. ചന്തിക്കു തന്നെ. കുത്തിനു പുറകേ വേറൊരു ഡോക്ടറെത്തി. വിപിയുടെ ചൂട് കണ്ട് ആശുപത്രിക്കാര്‍ വിളിച്ചു വരുത്തിയതാ ഈ മുതിര്‍ന്ന ഡോക്ടറെ. അങ്ങോരും വയറ്റിലവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കി. പക്ഷേ ലേഡി ചോദിക്കാത്ത ഒരു ചോദ്യം അദ്ദേഹം തൊടുത്തു. “മൂത്രമൊഴിക്കാന്‍ തോന്നണുണ്ടോ?”
“ഇല്ല, ഇല്ലേയില്ല. പകരം അവിടെയൊക്കെ കനത്ത വേദന. എന്തോ തറഞ്ഞു കയറുമ്പൊലെ”
“അപ്പോ അതാണു കാര്യം”
“ഏത്?”
“കല്ല്, മൂത്രത്തില്‍ കല്ല്. ഇത് അപ്പനുവിളിക്കേണ്ട കാര്യമൊന്നുമല്ല.”
പക്ഷേ ആ ലേഡിഡോക്ടറുടെ അപ്പനു വിളിക്കണമെന്നായി വിപി. സീനി ഡോക്ടര്‍ വിപിയെ കാര്യം പറഞ്ഞു മനസിലാക്കി.

എവിടെ നിന്നു വന്നതായിരിക്കും ഈ കല്ല്. ഉള്ളിലെ കല്ലിനേക്കുറിച്ചാലോചിച്ചു കിടന്നു. ഹൃദയം കല്ലുപോലെയാണെന്ന് കാമുകി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു. പക്ഷേ ഈ കല്ല് ഹൃദയത്തിലല്ലോ. അപ്പോഴാണ് എന്റെ അബോധത്തില്‍നിന്നും രാവിലെ ഗുജറാത്തില്‍ തെറിച്ചുവീണ കല്ലുകളുടെ രൂപം ഉയര്‍ത്തെഴുന്നേറ്റത്.

ദൈവമേ, ഞാന്‍ ചെല്ലാ‍മെന്നു പറഞ്ഞിട്ട് ചെന്നില്ല. ഭൂകമ്പം എന്തായിക്കാണും? പ്രദീപന്‍ വല്ലതും ബ്രേക്കിക്കാണുമോ? ആകുലതകള്‍ വിപിയോടു പറഞ്ഞപ്പോ അങ്ങോര്‍ കടിക്കാന്‍ ചെന്നു.

“നീ അവിടെക്കിടന്നു വിശ്രമിക്ക്. പത്തുരണ്ടായിരം പേര്‍ തട്ടിപ്പോയെന്നാ കേള്‍ക്കുന്നത്. അത്രയും പേര്‍ തട്ടിയ സംഭവവുമിട്ടിട്ട് ആ പയല്‍ പയ്യന്‍ വീട്ടില്‍പ്പോകുമോ?”
അതു തന്നെയായിരുന്നു എന്റെ ഭയവും.
“നീ എന്തായാലും വീട്ടിലൊന്നു വിളിച്ചറിയിക്ക് ”, ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
വീട്ടില്‍ വിളിച്ചപ്പോഴുണ്ട് അവിടെയെല്ലാരും പേടിച്ചിരിക്കുന്നു. വീട്ടിലെത്തിയോ എന്ന് രണ്ടുമൂന്നു തവണ പത്രമാപ്പീസില്‍ നിന്നും വിളിച്ചു ചോദിച്ചത്രേ. വിപി വിവരം പറഞ്ഞതും എനിക്കു കാര്യം പിടികിട്ടി. ഭൂകമ്പോം ബ്രേക്കുമൊക്കെ കുട്ടയിലിട്ട് പ്രദീപന്‍ വീട്ടില്‍ പോയിരുന്നു.

പിറ്റേന്നു പുലര്‍ച്ചെ വിവരമറിഞ്ഞ് ന്യൂസ് എഡിറ്റര്‍ ആശുപത്രിയിലെത്തിയപ്പോഴാ കാര്യം ഗുരുതരമാണെന്നറിയുന്നത്. ഗുജറാത്ത് ബ്രേക്കാ‍യി നല്‍കാത്തതു കാരണം ആഗോള മലയാളികളെല്ലാം ആകെ രോഷാകുലരാണത്രേ.

കല്ല് പുറത്തു ചാടിക്കാനുള്ള ശ്രമാമായി പിന്നീട്.
“ആവുന്നത്ര വെള്ളം കുടിച്ചോളൂ. ചിലപ്പോ അതു തനിയെ പുറത്തു പൊയ്ക്കോളും. പോയില്ലെങ്കില്‍ പിന്നെ അതു പൊട്ടിച്ചു പുറത്തുകളയാന്‍ വേറെ പരിപാടിയുണ്ട് ”
“അല്ല ഡോക്ടര്‍ ഈ കല്ലെങ്ങനാ എന്റെ കിഡ്നിയിലെത്തിയത്?”
“അതു താങ്കള്‍ തീരെ വെള്ളമടിക്കാത്തതുകൊണ്ടാ. പച്ചവെള്ളത്തിന്റെ കാര്യമാ പറഞ്ഞത്.
എസീ റൂമിലിരുന്നു ജോലിക്കു ഹരംകയറുമ്പോ ദാഹിക്കില്ല. ഫലം ദാ ഇങ്ങനെ കിടക്കാം. ഇതിനിയും വരാം.”

ഏതായാലും വെള്ളമടി ഉഷാറാക്കിയപ്പോള്‍ കല്ല് തനിയേ പുറത്തുകടന്നു.
ഡോക്ടര്‍ ഒന്നു രണ്ടു കരുതല്‍ മരുന്നുകളും ഒരു കുറിപ്പും നല്‍കിയ ശേഷം സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. കൂടെ വിലപ്പെട്ട ഉപദേശവും. വെള്ളമടി ഉഷാറാക്കിക്കോളൂ.
“ആശ്വാസം. എന്തും കഴിക്കാമല്ലോ. വെള്ളം എത്രവേണേല്‍ക്കുടിക്കാം. മറ്റൊന്നും കഴിക്കാന്‍ പാടില്ല എന്നു പറയരുത്”.
“ഉവ്വുവ്വ് താന്‍ കയ്യിലിരിക്കുന്ന കുറിപ്പൊന്നു നോക്കിക്കേ. അതിലുണ്ട് എല്ലാം”.
ഞാന്‍ കയ്യിലിരുന്ന കടലാസിലേക്കു നൊക്കി. കല്ലു രോഗികള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് വെണ്ടക്കാ അക്ഷരത്തില്‍ അച്ചടിച്ച കുറിപ്പ്. പാല്‍, കാരറ്റ്, തക്കാളി, അങ്ങനെതുടങ്ങി ഒഴിവാക്കേണ്ട ആഹാരങ്ങളുടെ നീണ്ട പട്ടിക.
ചുരുക്കത്തില്‍ പച്ചവെള്ളം മാത്രം കുടിക്കാം. ജീവിതം കോഞ്ഞാട്ടയായെന്നു പറഞ്ഞാ‍ല്‍ മതിയല്ലോ. വെറുതെ ആത്മഗതം നടത്തി.

പത്രമാപ്പീസ് രണ്ടാഴ്ചത്തേക്കു മറന്ന് വീട്ടിലെത്തി. അവിടെ അമ്മ കല്ലുരുക്കി ആദിയായ നാടന്‍ പ്രയോഗങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. വീടിനു ചുറ്റും ഇഷ്ടമ്പോലെയുള്ള ഈ കിളുന്തു ചെടി കല്ലുരുക്കുമോ. സംശയിച്ചു പക്ഷേ, അനുസരണയുള്ള പുത്രനായി രണ്ടാഴ്ചത്തേക്ക് എല്ലാം അനുസരിച്ചു. കല്ലുരുക്കിയുടെ കാരുണ്യംകൊണ്ടോ അമ്മയുടെ കൈഗുണം കൊണ്ടോ പിന്നീട് മൂന്നാലു വര്‍ഷത്തേക്ക് കല്ല് അടിവയറ്റില്‍ വേദന നല്‍കിയില്ല. പക്ഷേ കൊളുത്തിപ്പിടിക്കുന്ന ആ വേദന മനസില്‍ നിറഞ്ഞു നില്‍പ്പുണ്ട്.
****
കല്ലിനെ കീഴടക്കിയെന്നു കരുതി വീണ്ടും വെള്ളമടി നിര്‍ത്തിയ എന്നെ വീണ്ടും ആരോ കല്ലെറിഞ്ഞു വീഴ്ത്തി, അഞ്ചാമത്തെ വര്‍ഷം. രണ്ടാമത്തെ കല്ലുവച്ച കഥ പിന്നീട്.

Advertisements

അഭിപ്രായങ്ങള്‍»

1. Anonymous - ജനുവരി 25, 2006

ethu nalla rasamundu tto vayikkan…i like to read about your previous work..its very interesting.

2. ചില നേരത്ത്.. - ജനുവരി 25, 2006

“വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള്‍ അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.“
ഇതു തന്നെയല്ലെ N D E(Near Death Experience) എന്ന് പറയുന്ന പ്രതിഭാസം. പല കഥാകൃത്തുകളും വളരെ മനോഹരമായി അവതരിപ്പിച്ച രീതി. സങ്കുചിത മനസ്കന്റെ കഥയിലും ഇതുപോലൊന്ന് വായിച്ചതോര്‍ക്കുന്നു.
ഞാന്‍ പറഞ്ഞത് ഇതൊരു കഥയാണെന്നല്ല, ഒഴിവു ദിനത്തിലെ രോഗങ്ങളും പാതിരായ്ക്കുള്ള പ്രസവങ്ങളും(ബന്ധുക്കളുടെ) ഓര്‍മ്മിപ്പിക്കുന്നു ഈ അനുഭവം.

3. Anonymous - ജനുവരി 26, 2006

“മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍)” മഞ്ചിത്തേ ഈ മാന്ത്രികസംഖ്യകള്‍‌ക്ക്‌ ഇപ്പോ മാന്ത്രികത നഷ്ടപ്പെട്ടുവെന്ന്‌ തോന്നുന്നില്ല്യേ?ഫ്രണ്ട് പെജില്‍ തന്നെ മുറിഞ കയ്യുകളും വേറിട്ട തലകളും കബന്ധങളും കൊടുത്ത് നമ്മുടെ മനസ്സൊരു ചകിരി പരുവമാക്കിയില്ല്യേ?
ഇങനെ എന്തുകൊണ്ടാണ് പത്രങള്‍ റിപ്പോറ്ട്ട് ചെയ്യുന്നത്?
കഥ നല്ലതായിട്ടുണ്ട്.-സുനില്‍-

4. സാക്ഷി - ജനുവരി 26, 2006

നല്ല വായനാനുഭവം. നന്ദി.

5. സു | Su - ജനുവരി 26, 2006

ഇനി വല്ല ഭൂകമ്പവും വരുമ്പോഴായിരിക്കും കല്ലുവേദന വരുന്നത് .

6. Kuttyedathi - ജനുവരി 26, 2006

അല്ലെന്റെ സൂവെ, ഭൂകംബമൊന്നുമില്ലാതെ തന്നെ വീണ്ടുമിങ്ങേര്‍ക്കു കല്ലു വന്നെന്നെ… പൊടി കുഞ്ഞിനെയുമെടുത്ത്‌ പാതിരാത്രി താങ്ങി പിടിച്ച്‌ എമെര്‍ജന്‍സിയില്‍ കൊണ്ടോയ പാടെനിക്കല്ലേ അറിയൂ.. :(( മാത്ത്യുമറ്റത്തിന്റെ ഒക്കെ തുടരന്‍ പോലെ ആ കഥ മനു തന്നെ പറയട്ടെ..)

പറ്റിച്ചതാന്നെ… കല്ലനാണെന്നും, ഞങ്ങള്‌ കുടുംബം മൊത്തമായിട്ടും ചില്ലറയായിട്ടും കല്ലിന്റെ ആള്‍ക്കാരണെന്നും, രാവിലെ ഉണര്‍ന്നാല്‍ ചായക്ക്‌ പകരം ഇവരൊക്കെ അമ്മ ഉണ്ടാക്കി കൊടുക്കണ ‘കല്ലുരുക്കി’ എന്നു പറയണ എന്തോ ഒരു ചെടി അരച്ച വെള്ളമാണ്‌ കുടിക്കണതുമെന്നൊക്കെ ഉള്ള സത്യങ്ങള്‍ മറച്ച്‌ വച്ച്‌.. :(( പാവം ഞാന്‍ !! ഇനിയിപ്പമതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം ???

7. christophergibson47374507 - ജനുവരി 28, 2006

I read over your blog, and i found it inquisitive, you may find My Blog interesting. So please Click Here To Read My Blog

http://pennystockinvestment.blogspot.com

8. ഗന്ധര്‍വ്വന്‍ - മാര്‍ച്ച് 25, 2006

മ്റുത്യുവിന്റെ സംഹാര ന്റുത്തം അരങ്ങേറുന്ന സ്റ്റേജിനു പുറകില്‍ പ്റൊമ്പ്റ്റിങ്ങിനു നിന്നിരുന്ന മാന്‍ ജിത്തിനു വയറു വേദന. വാറ്‍ത്തകളെ വരമൊഴി ആക്കുന്ന മടിമുകളും(laptop)ഉപേക്ഷിച്ചു ആശുപത്രി കിടക്കയിലേക്കു. പുറകെ ദുരന്തം വറ്‍ണ ശബളം ആക്കിത്താ എന്നു പറഞ്ഞു നൂസ്‌ എഡിറ്ററ്‍.

പത്റപ്റവറ്‍ത്തനതിന്റെ ഇടവഴിയിലേക്കെത്തിയ അവധി ദിന വായന മോശമായില്ല.

9. ബെന്നി::benny - മേയ് 5, 2006

കല്ലന്‍ അനുഭവത്തിന് ഇവിടെയുമില്ല പഞ്ഞം.

കല്യാണം കഴിഞ്ഞ ഉടനെയാണ് സംഭവമുണ്ടായത്. ഗ്യാസാണെന്നാണ് ഞാന്‍ കരുതിയത്. സകലവിധ ഇംഗ്ലീഷ് മരുന്നുകളും ഇഞ്ചിയും ഞാനടിച്ചുനോക്കി. ഫലമുണ്ടായില്ല. അവസാനം, ഒരു അര്‍ദ്ധരാത്രിക്ക് സംഭവം മൂത്തു. അയല്‍‌പക്കക്കാരനായ ജോസേട്ടന്‍ എവിടെനിന്നോ ഒരു ഓട്ടോ തേടിപ്പിടിച്ച് കൊണ്ടുവന്ന് എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

എന്നെക്കാണേണ്ട താമസം, രോഗം ഗ്യാസാണെന്ന് ഡോക്ടര്‍ വിധിയെഴുതി. ജലൂസില്‍ പോലത്തെ എന്തോ സിറപ്പും പിന്നെ കുറേ ഗുളികകളും തന്ന് 100 രൂപ വാങ്ങി ആ ദുഷ്ടന്‍. സത്യം പറയണമല്ലോ, അന്നു രാത്രി പിന്നെ വേദന ഉണ്ടായില്ല.

അടുത്ത കല്ലുകടി ഉണ്ടാവുന്നത്, പിറ്റെദിവസം ഓഫീസില്‍ വെച്ചാണ്. ഓഫീസിലെ തറയില്‍ ഞാന്‍ ഉരുണ്ടുമറിയുന്നതുകണ്ട്, സുഹൃത്ത് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.

ഇംഗ്ലീഷ് ഒട്ടും വശമില്ലാതിരുന്ന ഒരു ഉറുദു ഡോക്ടറാണ് എന്നെ നോക്കിയത്. ‘യെവന്‍ കല്ലന്‍ തന്നെ’ എന്നയാള്‍ തറപ്പിച്ചു പറഞ്ഞു. സ്കാനിംഗില്‍ 8 മില്ലീമീറ്റര്‍ നീളമുള്ള 3 കല്ലുകള്‍ കണ്ടെത്തി.

പിന്നെ അവിടുനിന്നിങ്ങോട്ട് കോഴിമുട്ടയില്ല, പാലില്ല, തക്കാളിയില്ല. സകല വെള്ളങ്ങളും ഞാന്‍ കൂട്ടുകയും ചെയ്തു. യേത്?

ഭാഗ്യത്തിന് ഉറുദു ഡോക്ടറുടെ വൈദ്യോപദേശത്തിന് ശേഷം എനിക്ക് കല്ലുകടി ഉണ്ടായിട്ടില്ല.

മന്‍‌ജിത്തിന്റെ വിവരണം വായിക്കുമ്പോള്‍ പേടിയാവുന്നു. കല്ലന്‍ തിരിച്ചു വരുമോ ആവോ?

10. ദേവന്‍ - മേയ് 6, 2006

ഗുണ്ട്‌ ഓഫ്‌ ദ ആണ്ട്‌ – 1992
പ്യൂണ്‍ ശശി: “ദേവാ, നമ്മടെ രവിയണ്ണനു മൂത്രത്തില്‍ കല്ല് കലശലായിട്ടൊണ്ട്‌”

ദേവന്‍: “എങ്ങനെ മനസ്സിലായി? മൂപ്പര്‍ക്കു വേദനയുണ്ടോ?”

ശശി: “അല്ലന്നേ, ഞാന്‍ രാവിലേ പാണ്ട്രീലു ചായ ഇട്ടോണ്ട്‌ നിക്കുമ്പ ഠപഠപ്പോന്ന് കല്ലേറു ശബ്ദം. ചാത്തനേറായിരിക്കുവെന്ന് കരുതി ഒച്ച കേട്ട ബാത്ത്‌ റൂം സൈഡിലോട്ട്‌ പോയി നോക്കി. രവിയണ്ണന്‍ മൂത്രപ്പെരേന്ന് ഒഴിച്ചിട്ട്‌ ഇറങ്ങി പോകുന്നതും കണ്ട്‌- ചെന്നു നോക്കിയപ്പോ യൂറിനലിനകത്ത്‌ ഉരുളക്കിഴങ്ങിന്റെ അത്രേമൊണ്ട്‌, മൂന്നാലു കല്ല്.”


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: