jump to navigation

ബൈബിള്‍ വായിക്കുമ്പോള്‍ ജനുവരി 30, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
4 comments

Critical Reading of Gospels: ഈശോ ജനിച്ചത്‌ ഒരു കാലിത്തൊഴുത്തിലോ?

ക്രൈസ്തവ മതം ചരിത്രത്തില്‍ അധിഷ്ഠിതമാണ്. സംശയമില്ല. എന്നാല്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ എല്ലാം അങ്ങനെയല്ല എന്നുവേണം കരുതാന്‍. എന്തിനേറെ വിശ്വാസങ്ങളും ആചാരങ്ങളും ചിലപ്പോള്‍ ബൈബിളധിഷ്ഠിതവുമല്ലെന്നു കാണാം. ബൈബിളിനൊപ്പം പാരമ്പര്യങ്ങളും ചാലിച്ച് എഴുതിച്ചേര്‍ത്തതാണ് ക്രൈസ്തവരുടെ വിശ്വാസങ്ങളിലധികവും.

ഈശോ ജനിച്ചത് കാലിത്തൊഴുത്തിലോ എന്നന്വേഷിക്കാന്‍ സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ഈയൊരു കാര്യവും മനസില്‍ കരുതേണ്ടിവരും. മത്തായി, യോഹന്നാന്‍ എന്നീ സുവിശേഷകന്മാര്‍ മാത്രമേ യേശുവിന്റെ സ്വന്തം ശിഷ്യന്മാരായുള്ളു. മറ്റു രണ്ടു സുവിശേഷകരും 12 പേരില്‍ ഉള്‍പ്പെട്ടിരുന്നില്ല.(മര്‍ക്കോസ് പത്രോസിന്റെയും ലൂക്കാ പൌലോസിന്റെയും ശിഷ്യനായിരുന്നു) ഇതില്‍ത്തന്നെ മത്തായി കാലിത്തൊഴുത്തെന്നു പറയുന്നില്ല. യോഹന്നാനാകട്ടെ യേശുവിന്റെ ജനനത്തേക്കുറിച്ചേ പറയുന്നില്ല (യോഹന്നാന്‍ തത്വശാസ്ത്രം കലര്‍ത്തിയാണല്ലോ സുവിശേഷമെഴുതിയിരിക്കുന്നത്.) . എന്നാല്‍ ലൂക്കാ വ്യക്തമായി കാലിത്തൊഴുത്ത് എന്നു പറയുന്നുണ്ട്.
(Luke 2:7

English: Basic English Bible:
And she had her first son; and folding him in linen, she put him to rest in the place where the cattle had their food, because there was no room for them in the house.

English: Webster’s Bible:
And she brought forth her first-born son, and wrapped him in swaddling-clothes, and laid him in a manger; because there was no room for them in the inn.


English: King James Version:And she brought forth her firstborn son, and wrapped him in swaddling clothes, and laid him in a manger; because there was no room for them in the inn.
മലയാളം സത്യവേദപുസ്തകം:
അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍കൂ സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. )

ലൂക്കായും മര്‍ക്കോസും സുവിശേഷമെഴുതിയപ്പോള്‍ വാമൊഴികളും കേട്ടറിവുകളും അതില്‍ക്കലര്‍ന്നു. ആദിമ ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ചൊല്ലറിവുകളായിരിക്കാം ലൂക്കായെ കാലിത്തൊഴുത്ത് എന്നു വ്യക്തമായി എഴുതാന്‍ പ്രേരിപ്പിച്ചത്.

‘സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ല’ – അപ്പോള്‍ ഈശോയോ?

ഈയൊരു സംശയം മിക്കവര്‍ക്കും ഉണ്ടാകാവുന്നതാണ്. ഞാന്‍ മനസിലാക്കിയിരിക്കുന്ന ഉത്തരം യേശു സ്ത്രീയില്‍ നിന്നു ജനിച്ചവനല്ല എന്നതാണ്!!!. അവന്‍ ജനിച്ചത് കന്യകയില്‍ നിന്നാണ്. ഇതെങ്ങനെ സാധിക്കും? അതെ, മറിയം ദൈവദൂതനോട് ചോദിച്ച അതേ സംശയം. സ്ത്രീകള്‍ സാധാരണ രീതിയില്‍ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ദൈവദൂതന്റെയോ പരിശുദ്ധാത്മാവിന്റെയോ സഹായം വേണ്ടല്ലോ. എന്നാല്‍ കന്യക പ്രസവിക്കണമെങ്കില്‍ അതുവേണം !

ബൈബിള്‍ വിവര്‍ത്തനത്തിലെ പാളിച്ചകളും ഇവിടെ ഓര്‍ക്കേണ്ടതാണ്. കന്യക ഗര്‍ഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കും എന്നത് മലയാളത്തിലെ ചില വിവര്‍ത്തനങ്ങള്‍ സ്ത്രീ ഗര്‍ഭം ധരിച്ച് എന്നാക്കിയിട്ടുണ്ട്. അരമായ (സുറിയാനി) ഭാഷയില്‍ നിന്നു നേരിട്ടു നടത്തിയ വിവര്‍ത്തനങ്ങളില്‍ ഈ തെറ്റ് അധികമുണ്ടാകാനിടയില്ല. കേരളത്തിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും വായിക്കുന്ന പി.ഓ.സി. ബൈബിളില്‍ ‘കന്യകയെ’ ‘സ്ത്രീ’ ആക്കിയിട്ടുണ്ട് എന്നാണെന്റെ ഓര്‍മ്മ.

ക്രൈസ്തവ പാരമ്പര്യങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. അതില്‍ത്തന്നെ പാശ്ചാത്യ പൌരസ്ത്യ വേര്‍തിരിവുകളുണ്ട്. പൌരസ്ത്യ പാരമ്പര്യങ്ങളും ആചാരങ്ങളുമാണ് കൂടുതലായും ബൈബിളിനോട് ചേര്‍ന്നു നില്‍ക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ബൈബിളില്‍ നിന്നു വ്യതിചലിച്ചുള്ള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്കാണ് ക്രൈസ്തവരുടെ ഇടയില്‍ ജനകീയത.(റോമാ സാമ്രാജ്യത്തിന്റെ സ്വാധീനമാകാം കാരണം) ‘കുരിശിന്റെ വഴി’ എന്നൊരു പരിപാടിയുണ്ട് ക്രിസ്ത്യാനികള്‍ക്ക്. അതില്‍ ഈശോയുടെ മൃതദേഹം മാതാവ് മടിയില്‍ക്കിടത്തുന്ന രംഗമുണ്ട്. ബൈബിളിലെവിടെയും അങ്ങനെയൊരു രംഗം കാണാനില്ല!.

പാശ്ചാത്യര്‍ യേശുവിനൊപ്പം മുപ്പത്തിമുക്കോടി വിശുദ്ധന്മാര്‍ക്കും പ്രാധാന്യം കൊടുക്കുന്നു. (തൊലിവെളുത്താല്‍ വിശുദ്ധ പദവിയിലെത്തുക എളുപ്പമാണുതാനും) എന്നാല്‍ പൌരസ്ത്യ വിശ്വാസത്തില്‍ വിശുദ്ധര്‍ അധികമില്ല. മറിയവും ആദിമ സഭയിലെ ഏതാനും പേരും മാത്രം. മറിയത്തിനു തന്നെ യേശിവിന്റെ അമ്മ എന്നൊരു സ്ഥാനം മാത്രം. യേശുവിനെ കയ്യില്‍പ്പിടിച്ചല്ലാതെ മറിയത്തിന്റെ ഒരു ചിത്രം പോലും പൌരസ്ത്യരുടെ ഇടയില്‍ കണ്ടുകിട്ടില്ല.

കേരളത്തിലും പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ് പൌരസ്ത്യ വിശ്വാസങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഏറ്റവും പഴക്കം ചെന്ന പള്ളികളെടുക്കൂ. മറിയത്തിന്റെ പേരിലല്ലാതെ ഒരെണ്ണമ്പോലും കാണില്ല. പോര്‍ച്ചുഗീസുകാരുടെ ഇറക്കുമതിയാണ് കൊന്ത, വെന്തിങ്ങ, കുരിശിന്റെ വഴി, ഒരു കപ്പല്‍ വിശുദ്ധന്മാര്‍ ആദിയായവ. പതിനായിരക്കണക്കിനു ദൈവങ്ങളുള്ള ഹിന്ദുക്കളുടെ ഇടയില്‍ പിടിച്ചു നിക്കണ്ടേ എന്നു കരുതിയാവും ഇത്രേം വിശുദ്ധന്മാരെ ഇറക്കുമതി ചെയ്തത് !

സിദ്ധാര്‍ത്ഥന്‍ എഴുതിയിരിക്കുന്നു:
Jesus ആയിരിക്കണാം യേശുവെന്നോ ഈശോ എന്നോ ഉച്ചരിക്കപ്പെട്ടതു്‌. judea ആവട്ടെ യൂദ ആയി.

നേരേ തിരിച്ചാവാനാണു സാധ്യത. കാരണം സെമറ്റിക് ഭാഷകളിലധികവും J ക്കു തുല്യമായ അക്ഷരമില്ല(ഉച്ചാരണമില്ല). അപ്പോള്‍ യേശു എന്ന ഹീബ്രു പദവും ഈശോ എന്ന അരമായ പദവും സായിപ്പ് സൌകര്യാര്‍ഥം Jesus ആക്കിയതാണ്. അതുപോലെ മറ്റു ജെകളും. ബൈബിളിന്റെ മൂല ഭാഷകളായ അരമായയിലും ഹീബ്രുവിലുമുള്ള ഉച്ചാരണങ്ങളോടല്ലേ നമ്മള്‍ നീതിപുലര്‍ത്തേണ്ടത് എന്നൊരു ചോദ്യമുണ്ട്.

Advertisements

കല്ലുവച്ച കഥ ജനുവരി 25, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
10 comments

നാലഞ്ചു വര്‍ഷമായി എല്ലാ റിപബ്ലിക് ദിനങ്ങളിലും എന്റെ അടിവയറ്റില്‍ നിന്നും ഒരു കല്ല് മുകളിലേക്കിരച്ചു കയറി തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന വേദനകളെ തട്ടിയുണര്‍ത്തും. സര്‍വ സാധാരണമായ വേദനകളിലൊന്നും തളരാത്ത ഈയുള്ളവന്റെ സകല കണ്ട്രോളും തകര്‍ത്ത ആ കല്ലിന് ഈ റിപബ്ലിക് ദിനത്തില്‍ അഞ്ചുവയസാകും.

ദീപിക ദിനപത്രത്തിന്റെ പാലാരിവട്ടത്തുള്ള ഓഫിസില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന കാലം. ലോകമെമ്പാടുമുള്ള വിദേശമലയാളികളെ തലതകര്‍ക്കുന്ന വാര്‍ത്തകളറിയിക്കാന്‍ അക്കാലത്ത് വല്ലാത്തൊരുത്സാഹമായിരുന്നു.

പപ്പുവാ ന്യൂഗിനിയയില്‍ നിന്നുള്ള രമേശന്‍, പെറുവില്‍ നിന്നുള്ള മാത്യു സാമുവല്‍ എന്നിങ്ങനെ ചില ആഗോളമലയാളികളുമായുള്ള ബന്ധമാണ് ഈ പണിയുടെ സുഖമറിയിച്ചത്. ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ടെന്നും അവരില്‍ പലരും തന്റെ തകര്‍പ്പന്‍ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നുമുള്ള തിരിച്ചറിവ് എന്നെ ആവേശം കൊള്ളിച്ചു. ഈ ആവേശം വീട്, നാട് തുടങ്ങിയ നൊവാള്‍ജിയന്‍ ചിന്തകളോടു വിടപറയാനും കാരണമായി എന്നു പറയേണ്ടതില്ലല്ലോ.

റിപബ്ലിക് ദിനത്തില്‍ ഭൂമിമലയാളത്തിലെ സകല പത്രക്കാരും പുട്ടടിച്ച് അതിവിശാലമായി കിടന്നുറങ്ങുമ്പോഴും കര്‍മ്മനിരതനായത് അതുകൊണ്ടാണ്.

തലേന്നു രാത്രി വാര്‍ത്തകള്‍ എല്ലാവര്‍ക്കും വയറു നിറയെ നല്‍കി പത്രമാപ്പീസിലെ ഡെസ്കില്‍ത്തന്നെ കിടന്നുറങ്ങിയ ഞാന്‍ ജനുവരി 26ന് ടെലിപ്രിന്ററിന്റെ നിലവിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്.

റിപബ്ലിക് ദിനത്തില്‍ ഇത്ര വിശാ‍ലമായി ഇവന്‍ നിലവിളിക്കുന്നതെന്തായിരിക്കും?. ഓ ഏതെങ്കിലുമൊരുത്തന്‍ തലേന്നു രാത്രിതന്നെ കുത്തിക്കുറിച്ച റിപബ്ലിക് ദിന പരേഡിന്റെ ലൈവ് റിപ്പോര്‍ട്ടായിരിക്കും. അടിക്കട്ടെ, ഒന്നൂടെ കിടന്നുറങ്ങാം.
എന്നാ‍ലും അതു ലൈവായി വരാന്‍ സമയമായില്ലല്ലോ?. ഇനി വല്ല തീവ്രനും ഏതെങ്കിലു ബഡാപാര്‍ട്ടിയുടെ നെഞ്ചത്ത് നിറയൊഴിച്ചുകാണുമോ?. ഒന്നു നോക്കിക്കളയാം. ടെലിപ്രിന്ററിന്റെ നീണ്ട നാവ് കയ്യിലെടുത്തു.
‘ഗുജറാത്തില്‍ വന്‍ഭൂകമ്പം’
ദൈവമേ!!!
ക്ലോക്കില്‍ നോക്കി.
സമയം ഒന്‍പത്. നീണ്ട ഉറക്കം പണിപറ്റിച്ചോ. ഇല്ല, ചൂടാറിയിട്ടില്ല. സംഭവം നടന്നത് 8:49ന്.

ന്യൂസ് റൂമിലേക്കോടി. ആഗോളമലയാളികള്‍ക്കായി ഒരു വമ്പന്‍ ബ്രേക്ക് നല്‍കി. ഭൂകമ്പത്തിന്റെ ബാക്കി കുലുക്കങ്ങള്‍ക്കായി കാത്തിരിപ്പായി. വന്‍ഭുകമ്പമുണ്ടായിട്ടും നാശനഷ്ടം അധികമില്ലെന്നാണ് പി.റ്റി.ഐ. പറയുന്നത്. അതു ശരിയാകുമോ?
ഭൂമിയങ്ങനെ ശക്തമായി വായ് പിളര്‍ക്കുമ്പോ എത്രയേറെ കല്ലുകള്‍ തെറിച്ചുവീണിട്ടുണ്ടാവും. ആരെങ്കിലുമൊക്കെ മരിച്ചു കാണുമല്ലോ.

എന്നെപ്പോലെ ഓഫിസിലിരുന്നു ബ്രേക്കടിക്കുന്ന പി.റ്റി.ഐക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ പാടില്ലല്ലോയെന്നു മനസില്‍ കരുതി. അപ്പോഴുണ്ട് പപ്പുവക്കാരന്‍ രമേശന്റെ മെയില്‍.
“ഞാന്‍ നോക്കിയിരിക്കുവാരുന്നു. ബിബിസിയില്‍ കാണിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി”

ദൈവമേ.. ഇവനൊന്നും വേറെ പണിയില്ലേ ബിബിസിയും നോക്കിയിരിക്കാന്‍. പെട്ടെന്നാണ് ബിബിസി എന്ന കൊളുത്ത് വീണത്. ‘ടെലിവിഷം’ തുറന്നു. ഊഹം തെറ്റിയിട്ടില്ല. കല്ലുകള്‍, കെട്ടിടങ്ങള്‍ ഒക്കെ അട്ടിക്കു വീണുകിടക്കുന്നു. ബിബിസിയുടെ ലൈവ് ദൃശ്യം. എന്നിട്ടും മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍) അവരും പറയുന്നില്ല.

മണി പത്തര. സഹായി പ്രദീപനെത്തി. ഓന്‍ വന്നല്ലോ. ഇനി സ്വന്തം മുറിയില്‍പ്പോയി ഒന്നു കുളിച്ചു മിനുങ്ങിവരാം.
എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പ്രദീപന്‍ വന്നതല്ല, പൊക്കോട്ടേന്നു ചോദിക്കാനിറങ്ങിയതാ. അവധിയായിട്ട് നീ വീട്ടില്‍ വരുന്നില്ലേയെന്നു അമ്മ സങ്കടത്തോടെ ചോദിച്ചത്രേ.
”ഉഗ്രനൊരു സംഭവമുണ്ട്, ഗുജറാത്തില്‍ ഭൂകമ്പം. ”
പത്രികാ കുമാരനെ പിടിച്ചു നിര്‍ത്താമെന്നു കരുതി ഒരു തോട്ടിയിട്ടു നോക്കി. അപ്പോ വരുന്നു മറുപടി.
”ഓ ഞാന്‍ കേട്ടായിരുന്നു. ആരും ചത്തിട്ടില്ലല്ലോ. ”
ഇവനോട് നിക്കാന്‍ പറഞ്ഞിട്ടുകാര്യമില്ല. ഏറ്റവുമൊടുവില്‍ക്കിട്ടിയ 15 എന്ന മരണ സംഖ്യ ‘നെറ്റില്‍’ ഒട്ടിച്ചിട്ട് ഞാന്‍ സഹായിക്കു നേരേ തിരിഞ്ഞു.
”പൊക്കോളൂ. പക്ഷേ, ഒരു അരമണിക്കൂറൂടെ ഇരിക്കണം ഞാനൊന്ന് റൂമില്‍പ്പോയി ഫ്രഷ് ആയിട്ടുവരാം”
”സാര്‍ താമസിക്കുമോ”
അവന്റെ സാര്‍ എന്ന വിളി അത്രയ്കു പിടിച്ചില്ല. എന്നാലും പറഞ്ഞു.
”ഏറിയാല്‍ ഒരു മണിക്കൂര്‍ അതിനപ്പുറം പോകില്ല. എന്നിട്ടും താമസിച്ചാല്‍ എന്നെയൊന്നു വിളിച്ചിട്ടു പോണം”

റുമിലേക്കു തിരിച്ചു. ഓഫിസില്‍ നിന്നും അരമണിക്കൂര്‍ യാത്രയേയുള്ളു മുറിയിലേക്ക്. എന്നാലും രാത്രികിടപ്പ് ഓഫിസില്‍ തന്നെ. ടെലിപ്രിന്ററീന്റ് താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമാണെന്നാണ് അന്നെന്റെ മതം.

റൂമിലെത്തി കുളിക്കൊരുക്കമായി എണ്ണ തേച്ചു നിക്കുമ്പോഴുണ്ട് അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്ന വേദന. ഓ വയറു വേദനയായിരിക്കും, സാരമില്ല. കുളിമുറിയിലേക്ക് നടക്കാനാഞ്ഞു.
ഇല്ല വേദന കനക്കുകയാണ്. കലും കയ്യുമൊക്കെ കൊളുത്തിപ്പിടിക്കുന്നു. എന്താ ഇങ്ങനെ?. ഇത്തരത്തിലൊന്ന് ആദ്യമായാണല്ലോ. വേദന കൂടുകയാണ്. ഒന്നു മൂത്രമൊഴിച്ചിട്ടുവരാം. ചെന്നു നിന്നതല്ലാതെ മൂത്രമൊന്നും വന്നില്ല. പക്ഷേ വേദന പെരുത്തു. കാലിന്റെ ബലം നഷ്ടപ്പെടുമ്പോലെ. ശരീരം നന്നായി വിയര്‍ക്കുന്നുമുണ്ട്.
വേദനകള്‍ ആരെയുമറിയിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ മെല്ലെ തറയിലിരുന്നു.
ആ.. അമ്മേ…അറിയാതെ ഉറക്കെ വിളിച്ചു പോയി.

സഹമുറിയന്‍ വിപി അമ്പൂരി രാവിലെ എവിടെയോ റിപബ്ലിക് ദിന പ്രഭാഷണം നടത്താന്‍ കുളിച്ചൊരുങ്ങി ഇറങ്ങിയത് അപ്പോഴാണ്. കൂട്ടുകാരനോട് ബൈ പറയാന്‍ കതകു തുറന്നപ്പോഴുണ്ട് തറയില്‍ക്കിടന്ന് പുളയുന്നു.
”എന്തു പറ്റി?”
”അറിയില്ല. ദേഹമാ‍കെ തളര്‍ത്തുന്ന വേദന.”
”എവിടെ? ”
”അതുമറിയില്ല, അടിവയറ്റിലാണെന്നു തോന്നണു. ”

പരോപകാരം ശിലമാക്കിയ വിപി പെട്ടെന്ന് ഒരു ഓട്ടോയും പിടിച്ചെത്തി. നേരേ അധികമകലെയല്ലാത്ത ലിസി ആശുപ്രത്രിയിലേക്ക്. അവിടെ, എല്ലാം പത്രമോഫീസിലേക്കാള്‍ കഷ്ടം. എല്ലാവരും അവധിയാഘോഷത്തിലാണ്. ഒരു ബെഡില്‍ കിടത്തിയതല്ലാതെ തിരിഞ്ഞുനോക്കാന്‍ ആരുമെത്തിയില്ല. കൂട്ടുകാരന്‍ വേദനകൊണ്ടു പുളയുന്നതു കണ്ട് വിപി എവിടെയോ ചെന്ന് ആരോടൊക്കെയോ കയര്‍ത്തു. അതിന്റെ ഫലമാണെന്നു തോന്നണു ഒരു നഴ്സിണി എത്തി.
”എവിടെയാ വേദന?”
”അടിവയറ്റില്‍”, ഞാന്‍ ഞരങ്ങിക്കൊണ്ടു പറഞ്ഞു.
”കഴിച്ചതു പിടിക്കാത്തതുകൊണ്ടുള്ള വയറുവേദനയായിരിക്കും”. നഴ്സമ്മയുടെ നിരീക്ഷണം.

അതുകേട്ടതും വിപിയുടെ സകല കണ്ട്രോളും പോയി.
”വയറു വേദനപോലും. അങ്ങനെയുള്ള വേദനകളിലൊന്നും വീഴാത്തയാളാ ഇത്. കിടന്നു കരയുന്നതു കണ്ടില്ലേ? ഇവിടെ ഡോക്ടര്‍മാര്‍ ആരുമില്ലേ? ”
”മിക്കവരും അവധിയാണ്. അത്യാഹിത വിഭാഗത്തില്‍ ഒരാളുണ്ട്. ഇപ്പോ വരും”.
”ഇത് അത്യാഹിതം തന്നെ. പെട്ടെന്നു വരാന്‍ പറ”.

വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള്‍ അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.

നഴ്സിണി പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ അത്യാസന്ന നില പരിശോധിക്കുവാന്‍ ഡോക്ടറെത്തി. കണ്ടാലറിയാം പഠിപ്പു കഴിഞ്ഞിറങ്ങിയതേയുള്ളു. ജൂനിയായതുകൊണ്ട് സീനിമാര്‍ പണിയേല്‍പ്പിച്ച് പോയതായിരിക്കും. വയറ്റില്‍ അവിടെയുമിവിടെയും അമര്‍ത്തി നോക്കിയിട്ട് ഡോക്ടര്‍ ലേഡി വിപിയോട് എന്തോ പറയുന്നതു കേട്ടു.

അപ്പന്‍ എന്നുമാത്രമേ വേദനയ്ക്കിടയില്‍ എനിക്ക് കേള്‍ക്കാനായുള്ളു. താന്‍ വേദനതിന്നുന്നതിന് അവരെന്തിന് പാവം കൂട്ടുകാരന്റെ അപ്പനു വിളിക്കണം? അതോ എന്റെ അപ്പനുവിളിക്കാനും മാത്രം കുഴപ്പങ്ങള്‍ വയറ്റിലെങ്ങാനുമുണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോ മറ്റൊരു നഴ്സിണിയെത്തി ചന്തിക്കു കുത്തി. വേദന കുറയാന്‍ എന്തോ ഒരു മരുന്ന്‌. വേദന തെല്ലൊന്നടങ്ങി. വിപി അരികിലെത്തിപ്പറഞ്ഞു.
”പേടിക്കാനൊന്നുമില്ല. അപന്‍ഡിസൈറ്റിസ് ആണെന്നാ ഡോക്ടറമ്മ പറയണത്. ചിലപ്പോ ഒന്നു കീറേണ്ടി വരും”.
ഓ അതാരുന്നോ. പലര്‍ക്കും വന്നതായി കേട്ടിട്ടുണ്ട്. ഒന്നും വരില്ലെന്നു നിനച്ച എനിക്കും-ഞാന്‍ ആലോചനയിലാണ്ടു. അരമണിക്കൂര്‍ കഴിഞ്ഞില്ല. വേദന വീണ്ടുമുണര്‍ന്നു. മുമ്പത്തേതിനാക്കാള്‍ ഉശിരില്‍. ദൈവമേ മരുന്നിനു കീഴ്പ്പെടാത്ത എന്തു വേദനായാണീത്. വിപി വീണ്ടും ഡോക്ടറുടെ മുറിയിലേക്കോടി. ഇങ്ങനെയുള്ള അസുഖമായാല്‍ അല്പം വേദന തിന്നേ തീരൂ. എന്നു പറഞ്ഞ് ലേഡീ ഡോക്ടര്‍ അദ്ദേഹത്തെ തിരിച്ചയച്ചു.

വേദനയുടെ തന്മാത്രകള്‍ ശരീരത്തിലെങ്ങും വ്യാപിച്ചു. നിസാഹയനായി തളര്‍ന്നു കരയുന്ന സുഹൃത്തിന്റെ രൂപം വിപിയുടെ രോഷം വീണ്ടുമുണര്‍ത്തി. അയാളവിടെ നിന്നുമിറങ്ങി, ആശുപത്രിയില്‍ കണ്ടവരോടെല്ലാം തട്ടിക്കയറി. രോഷത്തിന്റെ മുള്ളുകളേറ്റിട്ടാണോ എന്തോ, അവര്‍ എന്നെ ഒരു പ്രത്യേക മുറിയിലേക്കു മാറ്റി.

പിന്നെയും കുത്ത്. ചന്തിക്കു തന്നെ. കുത്തിനു പുറകേ വേറൊരു ഡോക്ടറെത്തി. വിപിയുടെ ചൂട് കണ്ട് ആശുപത്രിക്കാര്‍ വിളിച്ചു വരുത്തിയതാ ഈ മുതിര്‍ന്ന ഡോക്ടറെ. അങ്ങോരും വയറ്റിലവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കി. പക്ഷേ ലേഡി ചോദിക്കാത്ത ഒരു ചോദ്യം അദ്ദേഹം തൊടുത്തു. “മൂത്രമൊഴിക്കാന്‍ തോന്നണുണ്ടോ?”
“ഇല്ല, ഇല്ലേയില്ല. പകരം അവിടെയൊക്കെ കനത്ത വേദന. എന്തോ തറഞ്ഞു കയറുമ്പൊലെ”
“അപ്പോ അതാണു കാര്യം”
“ഏത്?”
“കല്ല്, മൂത്രത്തില്‍ കല്ല്. ഇത് അപ്പനുവിളിക്കേണ്ട കാര്യമൊന്നുമല്ല.”
പക്ഷേ ആ ലേഡിഡോക്ടറുടെ അപ്പനു വിളിക്കണമെന്നായി വിപി. സീനി ഡോക്ടര്‍ വിപിയെ കാര്യം പറഞ്ഞു മനസിലാക്കി.

എവിടെ നിന്നു വന്നതായിരിക്കും ഈ കല്ല്. ഉള്ളിലെ കല്ലിനേക്കുറിച്ചാലോചിച്ചു കിടന്നു. ഹൃദയം കല്ലുപോലെയാണെന്ന് കാമുകി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു. പക്ഷേ ഈ കല്ല് ഹൃദയത്തിലല്ലോ. അപ്പോഴാണ് എന്റെ അബോധത്തില്‍നിന്നും രാവിലെ ഗുജറാത്തില്‍ തെറിച്ചുവീണ കല്ലുകളുടെ രൂപം ഉയര്‍ത്തെഴുന്നേറ്റത്.

ദൈവമേ, ഞാന്‍ ചെല്ലാ‍മെന്നു പറഞ്ഞിട്ട് ചെന്നില്ല. ഭൂകമ്പം എന്തായിക്കാണും? പ്രദീപന്‍ വല്ലതും ബ്രേക്കിക്കാണുമോ? ആകുലതകള്‍ വിപിയോടു പറഞ്ഞപ്പോ അങ്ങോര്‍ കടിക്കാന്‍ ചെന്നു.

“നീ അവിടെക്കിടന്നു വിശ്രമിക്ക്. പത്തുരണ്ടായിരം പേര്‍ തട്ടിപ്പോയെന്നാ കേള്‍ക്കുന്നത്. അത്രയും പേര്‍ തട്ടിയ സംഭവവുമിട്ടിട്ട് ആ പയല്‍ പയ്യന്‍ വീട്ടില്‍പ്പോകുമോ?”
അതു തന്നെയായിരുന്നു എന്റെ ഭയവും.
“നീ എന്തായാലും വീട്ടിലൊന്നു വിളിച്ചറിയിക്ക് ”, ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
വീട്ടില്‍ വിളിച്ചപ്പോഴുണ്ട് അവിടെയെല്ലാരും പേടിച്ചിരിക്കുന്നു. വീട്ടിലെത്തിയോ എന്ന് രണ്ടുമൂന്നു തവണ പത്രമാപ്പീസില്‍ നിന്നും വിളിച്ചു ചോദിച്ചത്രേ. വിപി വിവരം പറഞ്ഞതും എനിക്കു കാര്യം പിടികിട്ടി. ഭൂകമ്പോം ബ്രേക്കുമൊക്കെ കുട്ടയിലിട്ട് പ്രദീപന്‍ വീട്ടില്‍ പോയിരുന്നു.

പിറ്റേന്നു പുലര്‍ച്ചെ വിവരമറിഞ്ഞ് ന്യൂസ് എഡിറ്റര്‍ ആശുപത്രിയിലെത്തിയപ്പോഴാ കാര്യം ഗുരുതരമാണെന്നറിയുന്നത്. ഗുജറാത്ത് ബ്രേക്കാ‍യി നല്‍കാത്തതു കാരണം ആഗോള മലയാളികളെല്ലാം ആകെ രോഷാകുലരാണത്രേ.

കല്ല് പുറത്തു ചാടിക്കാനുള്ള ശ്രമാമായി പിന്നീട്.
“ആവുന്നത്ര വെള്ളം കുടിച്ചോളൂ. ചിലപ്പോ അതു തനിയെ പുറത്തു പൊയ്ക്കോളും. പോയില്ലെങ്കില്‍ പിന്നെ അതു പൊട്ടിച്ചു പുറത്തുകളയാന്‍ വേറെ പരിപാടിയുണ്ട് ”
“അല്ല ഡോക്ടര്‍ ഈ കല്ലെങ്ങനാ എന്റെ കിഡ്നിയിലെത്തിയത്?”
“അതു താങ്കള്‍ തീരെ വെള്ളമടിക്കാത്തതുകൊണ്ടാ. പച്ചവെള്ളത്തിന്റെ കാര്യമാ പറഞ്ഞത്.
എസീ റൂമിലിരുന്നു ജോലിക്കു ഹരംകയറുമ്പോ ദാഹിക്കില്ല. ഫലം ദാ ഇങ്ങനെ കിടക്കാം. ഇതിനിയും വരാം.”

ഏതായാലും വെള്ളമടി ഉഷാറാക്കിയപ്പോള്‍ കല്ല് തനിയേ പുറത്തുകടന്നു.
ഡോക്ടര്‍ ഒന്നു രണ്ടു കരുതല്‍ മരുന്നുകളും ഒരു കുറിപ്പും നല്‍കിയ ശേഷം സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. കൂടെ വിലപ്പെട്ട ഉപദേശവും. വെള്ളമടി ഉഷാറാക്കിക്കോളൂ.
“ആശ്വാസം. എന്തും കഴിക്കാമല്ലോ. വെള്ളം എത്രവേണേല്‍ക്കുടിക്കാം. മറ്റൊന്നും കഴിക്കാന്‍ പാടില്ല എന്നു പറയരുത്”.
“ഉവ്വുവ്വ് താന്‍ കയ്യിലിരിക്കുന്ന കുറിപ്പൊന്നു നോക്കിക്കേ. അതിലുണ്ട് എല്ലാം”.
ഞാന്‍ കയ്യിലിരുന്ന കടലാസിലേക്കു നൊക്കി. കല്ലു രോഗികള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് വെണ്ടക്കാ അക്ഷരത്തില്‍ അച്ചടിച്ച കുറിപ്പ്. പാല്‍, കാരറ്റ്, തക്കാളി, അങ്ങനെതുടങ്ങി ഒഴിവാക്കേണ്ട ആഹാരങ്ങളുടെ നീണ്ട പട്ടിക.
ചുരുക്കത്തില്‍ പച്ചവെള്ളം മാത്രം കുടിക്കാം. ജീവിതം കോഞ്ഞാട്ടയായെന്നു പറഞ്ഞാ‍ല്‍ മതിയല്ലോ. വെറുതെ ആത്മഗതം നടത്തി.

പത്രമാപ്പീസ് രണ്ടാഴ്ചത്തേക്കു മറന്ന് വീട്ടിലെത്തി. അവിടെ അമ്മ കല്ലുരുക്കി ആദിയായ നാടന്‍ പ്രയോഗങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. വീടിനു ചുറ്റും ഇഷ്ടമ്പോലെയുള്ള ഈ കിളുന്തു ചെടി കല്ലുരുക്കുമോ. സംശയിച്ചു പക്ഷേ, അനുസരണയുള്ള പുത്രനായി രണ്ടാഴ്ചത്തേക്ക് എല്ലാം അനുസരിച്ചു. കല്ലുരുക്കിയുടെ കാരുണ്യംകൊണ്ടോ അമ്മയുടെ കൈഗുണം കൊണ്ടോ പിന്നീട് മൂന്നാലു വര്‍ഷത്തേക്ക് കല്ല് അടിവയറ്റില്‍ വേദന നല്‍കിയില്ല. പക്ഷേ കൊളുത്തിപ്പിടിക്കുന്ന ആ വേദന മനസില്‍ നിറഞ്ഞു നില്‍പ്പുണ്ട്.
****
കല്ലിനെ കീഴടക്കിയെന്നു കരുതി വീണ്ടും വെള്ളമടി നിര്‍ത്തിയ എന്നെ വീണ്ടും ആരോ കല്ലെറിഞ്ഞു വീഴ്ത്തി, അഞ്ചാമത്തെ വര്‍ഷം. രണ്ടാമത്തെ കല്ലുവച്ച കഥ പിന്നീട്.

യേശുദാസും റോയല്‍റ്റിയും പിന്നെ ചില വയറ്റിപ്പിഴപ്പുകളും ജനുവരി 17, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
8 comments

പ്രിയ വക്കാരീ താങ്കള്‍ക്കെന്റെ പ്രണാമം. ഇങ്ങനെയും ചിന്തിക്കുന്ന മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ നിക്ഷ്പക്ഷത എന്നാല്‍ ഒരാളെ വിമര്‍ശിക്കല്‍ എന്നൊരര്‍ത്ഥം മാത്രമേയുള്ളു എന്ന സംശയം എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. അവിടെ പത്രപ്രവര്‍ത്തനവുമായി കറങ്ങി നടന്ന കാലത്ത്‌ വിശേഷിച്ചും. വ്യക്തിവിമര്‍ശനം മാത്രമായാല്‍ അതിനെ നെഗറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌ എന്നു വിശേഷിപ്പിക്കാനെണിനിക്കിഷ്ടം. അതേ സമയം രണ്ടു വശങ്ങളും ചേര്‍ത്തുള്ള അവതരണം. അതില്‍ നിക്ഷ്പതയുണ്ടാവാന്‍ വഴിയുണ്ട്‌.

യേശുദാസിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹം വയറ്റിപ്പിഴപ്പിനുവേണ്ടി യുവഗായകരെ ഭീഷണിപ്പെടുത്തുന്ന ആളാണ്‌ എന്നെഴുതിത്തുടങ്ങിയാല്‍ ആ ലേഖനം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും എന്നാണെന്റെ പക്ഷം. നേരേ മറിച്ച്‌ ആ ലേഖനത്തില്‍ തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ ഒരു തെളിമയുണ്ടാകുമെന്നും കരുതുന്നു. വിക്കിപീഡിയയുടെ ശൈലിയും അതാണെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. വിക്കിപീഡിയയെക്കുറിച്ച്‌ വിക്കിപീഡിയയില്‍ത്തന്നെയുള്ള ലേഖനത്തില്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഉത്തമ ഉദാഹരണം.

വാസ്തവത്തില്‍ യേശുദാസിനെപ്പറ്റിയുള്ള മലയാളം വിക്കിയിലെ ലേഖനം പൂര്‍ത്തീകരിക്കാത്തതാണ്‌. അതെഴുതിയാള്‍ പാതിവഴിയാക്കിപോയി. അതൊന്നു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. വിശേഷിച്ചും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താന്‍ ഒരു ശ്രമം. അതിനിടയിലാണ്‌ ഇവിടെയൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌.

വക്കാരിക്കുള്ളതുപോലെ ബലമായ സംശയം എനിക്കുമുണ്ട്‌. യേശുദാസ്‌ റോയല്‍റ്റി ചോദിച്ചത്‌ തെറ്റായിപ്പോയോ?. തുളസി പറഞ്ഞതുപോലെ ബാബു രാജിന്റെയോ വയലാറിന്റെയോ ഗാനങ്ങള്‍ സ്റ്റേജില്‍ പാടരുത്‌ എന്നല്ല യേശുദാസ്‌ ആവശ്യപ്പെട്ടത്‌ എന്നാണെന്റെ അറിവ്‌. അത്‌ പ്രശ്നങ്ങളെ വികാരപരമായി കാണുന്ന ചിലരുടെ പ്രചരണമാണ്‌. മറിച്ച്‌ യേശുദാസിന്റെ തരംഗണി കസറ്റ്‌സ്‌ പുറത്തിറക്കിയ ഗാനങ്ങള്‍ പാടരുത്‌ എന്ന് ആ സ്ഥപനത്തിന്റെ നടത്തിപ്പുകാരനായ യേശുദാസിന്റെ മകന്‍ രേഖാമൂലം ആവശ്യപ്പെട്ടുവെന്നതാണ്‌ യാഥാര്‍ഥ്യം. പകര്‍പ്പവകാശങ്ങള്‍പ്പോലുള്ള അവകാശങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത മലയാളികള്‍ക്ക്‌ അതൊരു പുതുമയായതില്‍ അല്‍ഭുതമില്ല.

നമ്മുടെ നിഷാദ്‌ കീപ്പള്ളി ഏതോ ഒരു ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്‌. വിനയന്റെ അല്‍ഭുത ദ്വീപ്‌ ഹോളിവുഡില്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു നിഷാദിന്റെ ലേഖനത്തിനടിസ്ഥാനം. സത്യം എന്താണ്‌? അല്‍ഭുത ദ്വീപ്‌ അതുപോലെ തന്നെ ഹോളിവുഡില്‍ ഇറക്കാന്‍ ആരും പദ്ധതിയിടുന്നില്ല. അതിന്റെ കഥപോലും സ്വീകരിക്കുന്നില്ല. ആശയം മാത്രമേ പകര്‍ത്തുന്നുള്ളു. അപ്പോള്‍ ആശയത്തിന്റെ ഉടമയായ വിനയനെത്തേടിയാണ്‌ ഹോളിവുഡ്‌ സംവിധായകര്‍ കേരളത്തിലെത്തിയത്‌.

മറ്റ്‌ സിനിമകളിലെ ആശയങ്ങള്‍ മാത്രമല്ല സിനിമ അപ്പടിതന്നെ മോഷ്ടിക്കുന്ന വിനയനും ഇതര സംവിധായകരും, കൂടെ നമ്മള്‍ മലയാളികളും ഈ മാതൃക കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്‌ യേശുദാസ്‌. തരംഗിണി കസറ്റ്‌സ്‌ ഒരു കാലത്ത്‌ സിനിമാ ഗാനങ്ങളുടെ അവകാശം വിലയ്ക്കു വാങ്ങിയിരുന്നു. അതായത്‌ പ്രസ്തുത സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം തരംഗിണി കസറ്റ്‌സില്‍ നിക്ഷിപ്തമായിരിക്കും എന്നു സാരം. അപ്പോള്‍ ആ ഗാനങ്ങളുടെ അവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല. തരംഗിണിക്കുതന്നെയാണ്‌. അതില്‍ അല്‍ഭുതപ്പെടാനെന്തിരിക്കുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ണിമേനോന്‍ പാടിയ ഗാനങ്ങളുമുണ്ടാകാം. സംശയിക്കേണ്ട, അതിന്റെ പകര്‍പ്പവകാശവും തരംഗിണിക്കു തന്നെ. കേരളത്തിലിറങ്ങുന്ന എല്ലാ കസറ്റുകളിലും അത്‌ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. Unauthorised broadcasting…. അങ്ങനെ തുടങ്ങുന്ന ആ വരികള്‍ക്ക്‌ നമ്മള്‍ മലയാളികള്‍ വലിയ വില കല്‍പ്പിക്കാറില്ല എന്നത്‌ സത്യം. പകര്‍പ്പവകാശം നടപ്പാക്കാന്‍ യേശുദാസും അദ്ദേഹത്തിന്റെ മകനും തുനിഞ്ഞിറങ്ങിയത്‌ ചിലപ്പോ വയറ്റിപ്പിഴപ്പിനാകാം. ആയാലും തെറ്റില്ല. കാരണം അതിനാണല്ലോ അവരതിന്റെ റോയല്‍റ്റി പണംകൊടുത്തു വാങ്ങിയത്‌.

പിന്നെയുള്ളത്‌ ഗാനമേളക്കാരുടെ വയറ്റിപ്പിഴപ്പ്‌. അതും വെറുതെ കാടടച്ചു വെടിവയ്ക്കലാണ്‌. നാട്ടുമ്പുറത്തെ ഗാനമേളക്കാരനും പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി ബോധമുള്ളവനായിരിക്കണം എന്നാണെന്റെ പക്ഷം. തരംഗിണി ഇറക്കിയ കസറ്റുകളിലെ ഗാനങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവരും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അതാണല്ലോ നിയമം. ഇങ്ങനെ അനുമതി വാങ്ങാനെത്തുമ്പോള്‍ യേശുദാസ്‌ പാവം ഗാനമേളക്കാരെ ആട്ടിയോടിച്ചാലോ അല്ലെങ്കില്‍ അവരുടെ കുത്തിനുപിടിച്ച്‌ പണം ചോദിച്ചാലോ നമുക്കു വേണമെങ്കില്‍ അദ്ദേഹത്തെ വിമര്‍ശിക്കാം. അങ്ങനെയൊരു സംഭവം നടന്നതായി എനിക്കറിയില്ല. മധു ബാലകൃഷ്ണനും ഉണ്ണിമേനോനും അത്ര വയറ്റിപ്പിഴപ്പുകാരല്ലതാനും.

റോയല്‍റ്റി വിവാദ കാലത്ത്‌ പലരും യേശുദാസിനെ വിമര്‍ശിച്ചത്‌. ത്യാഗരാജ സ്വാമികളെ കൂട്ടുപിടിച്ചായിരുന്നു. സംഗീത സംവിധായകന്‍ ജയന്‍ ഇങ്ങനെപോലും ചോദിച്ചുകളഞ്ഞു: ”ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്‌, യേശുദാസ്‌ അവര്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നുണ്ടോ?… ”’കേവലം വികാരത്തള്ളല്‍ എന്നല്ലാതെ എന്തു പറയാന്‍. കൂട്ടിന്‌ അജ്ഞതയും. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ക്ക്‌ ആരും പകര്‍പ്പവകാശം സമ്പാദിച്ചിരുന്നതായി എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം അനുസരിച്ച്‌ അതിന്‌ ഇപ്പോള്‍ നിലനില്‍പ്പില്ല.

യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?. മമ്മൂട്ടി സിനിമയില്‍ നിന്നും നേടിയ പണം സിനിമയില്‍ത്തന്നെ നിക്ഷേപിക്കുന്നില്ല എന്നു ചിലര്‍ പരിഭവിക്കുന്നതുപോലെയാണിത്‌.

യേശുദാസും മമ്മൂട്ടിയുമൊക്കെ അവരുടെ ജീവിതത്തെ ക്രമപ്പെടുത്തി പണം സമ്പാദിച്ചവരാണെന്നാണെന്റെ പക്ഷം. ഇപ്പറഞ്ഞ വയറ്റിപ്പിഴപ്പു ഗായകരും നമ്മളില്‍പ്പലരും ചെയ്യാത്തതും അതുതന്നെ.

കാണുക, കറുപ്പ്‌ ജനുവരി 16, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
9 comments

വളരെ നാളുകള്‍ക്കു ശേഷം ഇന്നലെ ഒരു ഹിന്ദി സിനിമ കണ്ടു. ഇവിടെ മലയാളം പുതിയതൊന്നും കിട്ടാത്തതിനാല്‍ ഹിന്ദി ഒന്നു പരീക്ഷിക്കാമെന്നു കരുതി. സഞ്ജയ്‌ ലീലാ ബന്‍സാലി എന്ന പേരു കവറിനു പുറത്തു കണ്ടാണ്‌ ഡിവിഡി എടുത്തത്‌. പ്രതീക്ഷ തെറ്റിയില്ല. കണ്ടിരിക്കേണ്ട ചിത്രം. പല തരത്തിലും പെര്‍ഫെക്റ്റ്‌.

താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം വായിച്ചു കഴിഞ്ഞപ്പോള്‍ മരണം എന്ന മനുഷ്യാവസ്ഥയോട്‌ എനിക്ക്‌ വളരെ ആരാധന തോന്നി. ജീവന്‍ മശായി എന്ന കഥാപാത്രത്തെ വായിച്ചാല്‍ ആരാണ്‌ മരണത്തെ സ്നേഹിച്ചു പോകാത്തത്‌. ഇതുപോലെ ബ്ലാക്ക്‌ കണ്ട ശേഷം അന്ധത, മൂകത എന്നിങ്ങനെ മനുഷ്യന്‍ ഇഷ്ടപ്പെടാത്ത ദുരിതങ്ങളോടും ഒരാരാധന മനസില്‍. പിന്നെ കറുപ്പ്‌ എന്ന നിറത്തോടും.

ഹിന്ദി സിനിമ എന്നപൊതുവായ വിലയിരുത്തലിന്റെ പേരില്‍ ബ്ലാക്കിനെ ആരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയട്ടെ അതൊരു വലിയ നഷ്ടമാകും. തീര്‍ച്ചയായും കാണുക .

ഞാനെന്തൊരു മണ്ടനാ. നിങ്ങളെല്ലാം എപ്പൊഴേ കണ്ടുകാണും ഈ പടം. എന്നാലും കാണാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടിയുള്ളതാണ്‌ ഈ കുറിപ്പ്‌. നല്ലൊരു സിനിമ കണ്ടിട്ടും പറയാത്തവരോടുള്ള പ്രതിഷേധവും.

പച്ചമലയാളം, പച്ചപ്പരമാര്‍ത്ഥം ജനുവരി 7, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
5 comments

പച്ചമലയാളത്തിന്റെ താളുകള്‍ അയച്ചുതന്ന വയനശാലക്കാരന്‍ സുനിലിന്‌ നന്ദി.

പനച്ചിപെറ്റ പന്തിരുകുലം എന്ന ലേഖനം ഇരുത്തി വായിച്ചു. പഴയ സഹപ്രവര്‍ത്തകരെപ്പറ്റിയാകുമ്പോള്‍ ആവേശം കൂടുമല്ലോ. എഴുതിയത്‌ ഷാജി ജേക്കബാണെങ്കിലും ലേഖനത്തില്‍ ചില പരമാര്‍ഥങ്ങള്‍ ഇല്ലാതില്ല. ഷാജി വിമര്‍ശനം എന്ന നിലവിട്ട്‌ ചിലപ്പോഴൊക്കെ വ്യക്തിപരമായ ആക്രമണമഴിച്ചുവിടുന്നതൊഴിച്ചാല്‍ ലേഖനം ഉയര്‍ത്തുന്ന ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്‌.

മനോരമ മാനേജര്‍മാര്‍, ഏതുകാരണത്തിന്റെ പേരിലായാലും, മതില്‍ക്കെട്ടിനുപുറത്തെ എഴുത്ത്‌ നിരോധിച്ചെങ്കില്‍ അതു നല്ലതിനാണ്‌. പ്രസ്തുത എഴുത്തുകാര്‍ക്കും മലയാള സാഹിത്യത്തിനും. മാതൃഭൂമി, ഏഷ്യാനെറ്റ്‌, കൈരളി തുടങ്ങിയവര്‍ക്കൂടി ഈ നിരോധനം ഏര്‍പ്പെടുത്തിയാല്‍ നന്ന്. ആവിഷ്കാര സ്വാതന്ത്ര്യം, മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ്‌ ആരുമെന്നോട്‌ തല്ലുകൂടാന്‍ വന്നേക്കല്ലേ.

വാസ്തവത്തില്‍ ഷാജി ജേക്കബ്‌ വിമര്‍ശിക്കേണ്ടത്‌ രവി ഡിസിയെയാണ്‌. ടിയാന്‍ വന്നതില്‍പ്പിന്നെയാണ്‌ പത്രപ്രവര്‍ത്തകരും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കളങ്കങ്ങള്‍ പെരുകിയത്‌. അതു പക്ഷേ ആരും പറയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എന്‍.ബി.എസും തകര്‍ത്തു തരിപ്പണമാക്കിയത്‌ അപ്പന്‍ ഡീസീയാണെന്ന് ആരും പറഞ്ഞിരുന്നില്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഷാജി ജേക്കബിന്റെ ചില നിരീക്ഷണങ്ങളോട്‌ എനിക്കു തീരെ യോജിപ്പില്ല. “പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടയ്ക്കിടെ പരമ്പരയായും ഫീച്ചറായും നേര്‍ച്ചയ്ക്കെഴുതുന്ന ചില പൈങ്കിളികളും ഗോസിപ്പുകളുമല്ലാതെ യാതൊന്നും പനച്ചിയും ഈ ചെറുപ്പക്കാരും മനോരമയ്ക്കോ മലയാളിക്കോ നല്‍കിയിട്ടില്ല.” എന്ന അഭിപ്രായം.

ഷാജി ജേക്കബിന്റെ ലിസ്റ്റിലുള്ള ചിലരെങ്കിലും നല്ല പത്രപ്രവര്‍ത്തകരാണ്‌. മിക്കവരും ഒറ്റപ്പെട്ട നല്ല കഥകള്‍ എഴുതിയിട്ടുമുണ്ട്‌.

പനച്ചിപ്പുറം മലയാള പത്രലോകത്തുള്ള ഒന്നാം തരം എഡിറ്ററാണ്‌. പ്രതിഭയുള്ളവന്‍. എന്റെ നോട്ടത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച മിഡില്‍പ്പീസ്‌ കോളങ്ങള്‍ പനച്ചിയുടെ തരംഗങ്ങളിലും സ്നേഹപൂര്‍വ്വവുമാണ്‌.

ടോം ജെ മങ്ങാട്‌ ഒന്നാംതരം നോളജ്‌ എഡിറ്ററാണ്‌. കൂലിയെഴുത്തിന്റെ കാണാപ്പുറങ്ങല്‍ വ്യംഗ്യമായി സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചതുരംഗത്തമ്പുരാന്‍ മികച്ച സറ്റയറാണ്‌.

കെ ആര്‍ മീരയുടെ ഓര്‍മ്മയുടെ ഞരമ്പ്‌ എന്തുകൊണ്ടും മികച്ച കഥതന്നെ. രേഖയുടെ ‘മറന്നു വച്ചത്‌’ മനസില്‍ തട്ടാതിരിക്കില്ല.

ജി ആര്‍ ഇന്ദുഗോപന്‍ സ്പെഷ്യലൈസ്ഡ്‌ നോവല്‍ സങ്കേതത്തില്‍ മോഹനവര്‍മ്മയ്ക്കൊരു പിന്‍ഗാമിതന്നെ. കരിമണല്‍ഖനനത്തെപ്പറ്റി വിശദമായി അറിയാന്‍ അദ്ദേഹത്തിന്റെ ‘മണല്‍ജീവികള്‍’ വായിച്ചാല്‍മതി. നെയ്യാര്‍ഡാമിന്റെ സമീപത്തുള്ളവരുടെ ജീവിതത്തില്‍ മുതല എങ്ങനെ ഒരു പ്രഹേളികയാകുന്നുവെന്നറിയാന്‍ ‘മുതലലായനി’ വായിക്കുക. മലബാറിലേക്കു കുടിയേറിയ അച്ചായന്മാരുടെ പിന്‍തലമുറ അനുഭവിക്കുന്ന അസ്തിത്വ ദുഖമറിയാന്‍ ‘കൊടിയടയാളം’ ഓടിച്ചുനോക്കിയാല്‍ മതി. ബി.മുരളിയുടേതായി എത്രയോ നല്ല കഥകളുണ്ട്‌. ഈ സത്യമൊക്കെ അംഗീകരിക്കുകതന്നെ വേണം. പൈങ്കിളി, ഗോസിപ്പ്‌ എന്നൊക്കെപ്പറഞ്ഞ്‌ അടച്ചാക്ഷേപിക്കയുമരുത്‌.

പക്ഷേ ഷാജി ജേക്കബ്‌ മൊത്തത്തില്‍ പറഞ്ഞുവയ്ക്കുന്ന സത്യം, സത്യം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്ന പദവി മുതലാക്കി സാഹിത്യലോകത്ത്‌ മേയുന്നവര്‍ക്ക്‌ പ്രാധാന്യമേറുന്നത്‌ ആശ്യാസ്യമല്ല. ഈ കൂട്ടുകെട്ടിന്റെ നിഴല്‍പ്പാടിലമര്‍ന്നു പോയ കുറെയേറെ നവസാഹിത്യകാരന്മാരുണ്ട്‌ മലയാളത്തില്‍.

സന്തോഷ്‌ എച്ചിക്കാനം എന്ന കഥകൃത്ത്‌ ഒരു വാഗ്ദാനമാണ്‌. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനല്ലാത്തതിനാല്‍ സന്തോഷിന്റെ കഥകള്‍ ഒരു നിരൂപകനും വായനക്കാര്‍ക്കുമുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടില്ല. മനംനൊന്താവാം സന്തോഷ്‌ സീരിയല്‍ കഥകളെഴുതി തൂലികയിലെ മഷി വറ്റിക്കുന്നു. മലയാളത്തില്‍ സമീപകാലത്തു തെളിഞ്ഞ മികച്ച കവിയാണ്‌ പി രാമന്‍. രാമന്റെ കവിതകളെപ്പറ്റി നല്ലവാക്കെഴുതാന്‍ ഈ പത്രക്കാരാരും തയാറായിട്ടില്ല. എഴുത്തൊഴിഞ്ഞിട്ടുവേണ്ടേ ഇതിനൊക്കെ നേരം.

പത്രക്കാരനാണെങ്കിലും എനിക്ക്‌ സുഭാഷ്‌ ചന്ദ്രന്റെ കഥകള്‍ എല്ലാമിഷ്ടമാണ്‌. പക്ഷേ ഓനിപ്പോ നിശബ്ദനാണല്ലോ. ആര്‍ക്കറിയാം ചിലപ്പോള്‍ വീരേന്ദ്രകുമാര്‍ തന്റെ പേരില്‍ കഥയെഴുതാന്‍ പറഞ്ഞു കാണും.

മനോരമ സാഹിത്യത്തിന്റെ പ്രശ്നം, അവിടെ മികച്ച എഴുത്തുകാരുണ്ട്‌ എന്നാല്‍ എഴുതിത്തെളിയുന്നതിനുമുന്‍പ്‌ അവര്‍ക്കെല്ലം ഒന്നും രണ്ടും സമാഹാരമായിപ്പോയി എന്നതാണ്‌.
ഇല്ല അത്രയ്ക്കങ്ങുയരാന്‍ സമയമായില്ല.

ആനുകാലികങ്ങളില്‍ എഴുതാനൊക്കില്ലെങ്കില്‍ ഇവിടെ വരുക. ബൂലോകത്തില്‍. എഴുതിത്തെളിയുക കൂടുതല്‍. കവറിലിട്ടു പൈസ തരില്ല എന്നേയുള്ളു. ഇവിടെയുണ്ട്‌ നിങ്ങള്‍ക്കു വളരാന്‍ പറ്റിയ മണ്ണ്‍. എന്നിട്ടാവാം, സാഹിത്യകാരന്‍, സാഹിത്യകാരി തുടങ്ങിയ പട്ടാഭിഷേകങ്ങള്‍.

ഇനി ഒരു സത്യം പറയാം. ഞെട്ടരുത്‌. മനോരമക്കാലത്ത്‌ ഞാനും ഒരു പുസ്തകമിറക്കി. എഴുതാന്‍ കഴിവില്ലാത്തതിനാല്‍ എഴുത്തുകാരെയെല്ലാം ഞാനങ്ങ്‌ എഡിറ്റു ചെയ്തു. അതു പുസ്തകവുമായി. എങ്ങനെയുണ്ടെന്റെ ബുദ്ധി.

വായനശാലക്കാരാ, ബൂലോകരേ,അപ്പന്റെ ആത്മകഥ മാതൃഭൂമിയി തുടങ്ങിയെന്നു കേട്ടു. ആരെങ്കിലും ആ താളുകള്‍ കരിഞ്ചന്തയിലെത്തിച്ചാല്‍ ഉപകാരം.

ബന്ധുബലം ജനുവരി 5, 2006

Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.
11 comments

ഈ അടുത്ത ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ കേട്ടത്‌….

രംഗം 1 : സ്വീകരണമുറി.

ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നെന്റെ പതിവ്‌ കലാപരിപാടികളായ പാത്രം കഴുകല്‍, അത്താഴം തയാറാക്കല്‍, അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയവ ഒരുവിധം ഒതുക്കി, ഒരു വയസ്സുകാരി വീടാകെ നിരത്തി ഇട്ടിരിക്കണ കളിപ്പാട്ടങ്ങള്‍ പെറുക്കിയൊതുക്കുന്ന തിരക്കില്‍..

“അമ്മേടെ മുത്തിനെ ക്കൊണ്ടമ്മ തോറ്റല്ലൊ… സാരല്ലാട്ടൊ..ഇന്നമ്മയിതൊക്കെ അടുക്കിയില്ലെങ്കില്‍ പിന്നെ നാളെ എന്താമ്മേടെ മുത്തിന്‌ നെരത്താനുള്ളത്‌ ?” എന്നൊക്കെ സീമന്തപുത്രിയോടോരൊന്നൊക്കെ പറയണുണ്ട്‌ ഞാന്‍.

” എടോ, താനാ അതുല്യേച്ചിയെ കണ്ടു പടിക്കെടോ.. അതുല്യേച്ചി അപ്പൂനെ വഴക്കൊന്നും പറയത്തില്ല, toys നെരത്തണതിനൊന്നും. താനല്ലേ പറയാറ്‌, നമ്മുടെ വീടു പോലെ mess ആയിട്ടീലോകത്തൊരു വീടുമുണ്ടാവില്ലാന്ന്. എടോ, അതുല്യേച്ചി ഒക്കെ living room ലെ സോഫായിലിരുന്ന് കഴിക്കുമെടോ. ”

ഫിലിയിലെ വീട്ടിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറുംബോ എന്റെ വക do’s and dont’s ല്‍ ‘യാതൊരു കാരണവശാലും ഞാനടക്കമാരും living room ലേക്ക്‌ കയ്യില്‍ പ്ലേേറ്റുമായിട്ട്‌ വരാന്‍ പാടില്ല.’ എന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം അറിയിക്കുകയാണതിയാന്‍ !!

” ഏടോ, താനൊരു പിന്തിരിപ്പന്‍ മൂരാച്ചിയാണെടോ, തനിക്ക്‌ പരാതിയല്ലേ, മൂവി എടുക്കണത്‌ കൊണ്ട്‌ തന്റെ പണികളൊന്നും നടക്കണില്ലാന്ന്. ആ രേഷ്മ പറഞ്ഞിരിക്കണ കണ്ടോ. എല്ലാരുമങ്ങനെയൊക്കെയാണെടോ.. ”

അല്ലാ… ഇപ്പോ ആരാ ഈ അതുല്യേച്ചി ? പറയണ കേട്ടാല്‍ തോന്നും, അമ്മാവന്റെ മകളാണെന്ന്..ആരാപ്പൊ ഈ അപ്പൂ ? അനന്തിരവനാ ??ആരാപ്പോ ഈ രേഷ്മാ ? ചിറ്റയാ ??

രംഗം 2 : തീന്മേശ

“എടോ, നമ്മള്‌ നാട്ടീന്നു കൊണ്ടന്നതൊക്കെ വായിച്ചു തീര്‍ന്നല്ലോ. കുറച്ചു പുസ്തകങ്ങള്‌ നാട്ടീന്നെത്തിക്കാനെന്താടോ ഒരു വഴി ? ”

” ഉം.. ഞാനുമോര്‍ത്താരുന്നു.. നമ്മുടെ ഡി സി ബുക്സിന്റെ membership ലെ പുസ്തകങ്ങല്‍ 2005 ലേം, 2006 ലേം മേടിചിട്ടില്ലല്ലോ. ഓണ്‍ലൈന്‍ മേടിക്കാന്‍ ശ്രമിച്ചോ ” ?

“ഓ.. അതൊക്കെ തീ വില കൊടുക്കണമെടോ. നമ്മുടെ പെരിങ്ങോടര്‌ 3 പുസ്തകം മേടിച്ചിട്ട്‌ 35 ദിര്‍ഹമേ ആയുള്ളൂത്രേ. ‘ഓര പ്രോനോബിസും’, ‘ചോര ശാസ്ത്ര’വും ‘ആല്‍ഫ’യും മേടിച്ചു”

” 35 ദിര്‍ഹമെന്നു പറയുമ്പോ ഏകദേശം 10 ഡോളറല്ലേ ? കിടിലം ഡീലായിപോയല്ലോ !! മൂന്നും നമ്മളു വായിച്ച സംഭവങ്ങളാണല്ലോ. ഇഷ്ടപ്പെട്ടോ ആവോ പെരിങ്ങോടര്‍ക്ക്‌”

” പിന്നേ… ചോരശാസ്ത്രം ഇഷ്ടായി. ആല്‍ഫ ഒരുവിധമൊക്കെ… പക്ഷേ ഓര പ്രൊനോബിസിനേക്കാള്‍ നല്ലത്‌ ‘ലന്തന്‍ ബത്തേരി’യാണെന്നാ പറഞ്ഞേ ”

” ആണോ ? അടിപ്പൊളി !!! ഞാനും പെരിങ്ങോടരുടെ ഭാഗത്താ.. അയ്യേ… അപ്പോ കോപ്പിയടിയാണെന്നൊക്കെ പറഞ്ഞ്‌ ബഹളം വച്ചിട്ടിപ്പോ പെരിങ്ങോടരുടെ മുന്നില്‍ ചമ്മി നാറിയല്ലേ ??? ”

” താന്‍ പോടോ കുന്തമേ… ചമ്മാനെന്തിരിക്കണൂ ? ഒരോരോ സംവാദങ്ങള്‍ … അത്രേ ഉള്ളൂ…”

” ഉവ്വുവ്വേ….”
അല്ല…ഇതിപ്പോ ആരാ ഈ പെരിങ്ങോടര്‌ ? ചിറ്റപ്പന്റെ മകനാരിക്കുമോ ?

രംഗം 3 : ഷോപ്പിങ്ങിന്‍ പോകുന്ന വഴി കാറില്‍

” ഇനി വിളിക്കുംബോ നമ്മുടെ ഡാഡിയോടാ ചന്ദ്രേട്ടന്റെ ബ്ലോഗുകളെ പറ്റി പറയാന്‍ മറക്കല്ലേ. അതൊക്കെ വായിച്ചിട്ടെങ്കിലും ഡാഡിക്കീ കമ്പ്യൂട്ടറിനോടുള്ള അലര്‍ജിയൊന്ന് മാറിക്കിട്ടുമോന്നറിയാമല്ലോ… പ്രായമായവര്‍ക്കു കമ്പ്യൂട്ടറൊന്നും പറഞ്ഞിട്ടില്ല.., വഴങ്ങത്തില്ല.. എന്നൊക്കെയുള്ള ഡാഡിടെ തോന്നലൊക്കെ മാറുമോന്നറിയാമല്ലോ. ”

” എനിക്കിപ്പോളും ചന്ദ്രേട്ടനൊരല്‍ഭുതമാണുട്ടോ !!! ചുമ്മാ ബ്ലോഗെഴുതുക മാത്രമല്ല, GB, MB, Download, upload സകല സംഭവങ്ങളുമറിയാം !!. കൂട്ടത്തില്‍ wikipedia പോലുമുണ്ട്‌.!!! ”

ആരാണാവോ ഈ ചന്ദ്രേട്ടന്‍ ? ബന്ധുവാ ???

രംഗം 4 :

“ഞാന്‍ ത്രിശൂര്‌ പടിച്ചോണ്ടിരുന്നപ്പോ ഐക്കഫിന്റെ ക്യാമ്പിനൊക്കെ പോകുമ്പോ കൊറേ ‘കൊടകര’ക്കാരുണ്ടാരുന്നൂ. പരിചയപ്പെടുന്ന സമയത്തവരോടൊക്കെ വീടെവിടേന്ന് ചോദിച്ചാല്‍ ‘umbrella land’ എന്നു പറയുമാരുന്നു. അടിപൊളി ഹ്യൂമര്‍ സെന്‍സാണീ ത്രിശൂര്‍കാര്‍ക്ക്‌. വിശാലന്റേം കൊടകരേടെമൊക്കെ വായിച്ചാഫ്ഫീസിലിരുന്ന് ചിരിച്ചു വട്ടാവും. ഈ വക്കാരി ഏതു നാട്ടുകാരനാണാവൊ ? അതിന്റെ കമന്റ്‌ പോലും വായിക്കാന്‍ പേടിയാ…ചിരിച്ച്‌ മുള്ളി പോകും !!!”

“നമ്മളൊക്കെ ഭാഗ്യം കെട്ടവരാണെടോ.. കൊച്ചിക്ക് വടക്കോട്ടെവിടേലും ജനിക്കണമാരുന്നു.. എല്ലാം ജീനിയസുകളാണ്‌. നമ്മുടെയൊക്കെ വീടുകളിലാരെങ്കിലും പുസ്തകം വല്ലോം കണ്ടിട്ടുണ്ടോ ? വായനയുണ്ടോ ?? അവരൊക്കെ മലയാളത്തിലെ സകലതും വായിച്ചു തീര്‍ന്നവരാ.. അവരുടെയൊക്കെ മുന്നില്‌ നമ്മളു വെറും ‘കുണ്ടുകുളത്തിലെ തവള ‘.”

” അപ്പറഞ്ഞതിനോടെനിക്കത്ര യോജിപ്പില്ല കേട്ടോ… ദേവനൊരൊന്നന്നര ആളല്ലേ ? തെക്കൂന്നാണല്ലോ .. ഉമേഷ്‌ ചേട്ടനൊരു രണ്ടുരണ്ടര ആളല്ലെ ? വടക്കനായിട്ടാണോ ??? എന്റമ്മോ.. എന്താ ഒരു നാളെജ്‌ ? സംസ്കൃതമൊക്കെ അടിച്ച്‌ വിടണ കേട്ടാല്‌ നമ്മള്‌ വായ പൊളിച്ചിരുന്നു പോകും..”

ചര്‍ച്ചകളിങ്ങനെ നീണ്ടു പോവുകയാണ്‌…

” ഈ കണ്ണൂരൊക്കെ ഇത്രേം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനൊക്കെ ഉണ്ടല്ലേ ? അല്ലെങ്കില്‍ പിന്നെ സൂ എങ്ങിനാ ? നമ്മുടെ നാടും പുരോഗമിക്കുവാല്ലേ… അതി വേഗം.. ബഹുദൂരം !!! ”

” ഈ വക്കാരി ഒന്നാന്തരം തീറ്റിപണ്ടാരമാണൂട്ടോ… ഓ..സദ്യ വിവരണം വായിച്ചു വായിലു കപ്പലോടി…പാവം, ജപ്പാനിലങ്ങനെ ഇന്ത്യന്‍ കടകളൊന്നും ഇല്ലാന്ന്‌ തോന്നണൂ ”

” നമ്മുടെ ആനിവേര്‍സറി അല്ല്യോ മാഷേ അടുത്തയാഴ്ച ?? ഞാന്‍ മറന്നേ പോയി കേട്ടോ… സിബൂന്റെ ആനിവേഴ്സറീടെ കാര്യം വായിച്ചപ്പ്പ്പളാ ഓര്‍ത്തത്‌… …” ?

ഇവിടെ ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. പക്ഷേ ജീവിതമിപ്പോ ഒരാഘോഷമാണു കേട്ടോ. പങ്കുവയ്ക്കലുകളുടെ, നര്‍മ്മഭാവനകളുടെ, ദുഖകഥകളുടെ, ഒരാഘോഷം. എന്നും കൊച്ചുവര്‍ത്തമാനങ്ങളുമായി ധാരാളം ബന്ധുക്കള്‍.
നാട്ടില്‍ അമ്മയെ വിളിച്ചപ്പോ ആകെ വിഷമം :
“നിങ്ങളവിടെ ഒറ്റയ്ക്കല്ലേയുള്ളു. കുഞ്ഞുമോടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും ആരുമില്ലല്ലോ കൂട്ടിന്‌”

ഫോണിന്റെ ഇങ്ങത്തലയ്ക്കല്‍ നിന്ന് എന്റെ നല്ല പാതി പറയുന്നതു കേട്ടു.

“ആരു പറഞ്ഞമ്മേ ഞങ്ങളൊറ്റയ്ക്കാണെന്ന്. നാട്ടിലുള്ളതിനേക്കാള്‍ ബന്ധുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്‌. എന്നും വര്‍ത്തമാനം പറഞ്ഞ്‌ ചിരിച്ച്‌ കളിച്ച്‌ ഞങ്ങളിവിടെ സസുഖം വാഴുന്നു. സംശയമുണ്ടെങ്കി ഞങ്ങടെ ബ്ലോഗുകള്‍ ഒന്നെടുത്തുനോക്കൂ അമ്മേ…”

ഒന്നാം പിറന്നാള്‍ ജനുവരി 2, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
4 comments