jump to navigation

നെജാദ് അതു പറയരുതായിരുന്നു ഡിസംബര്‍ 11, 2005

Posted by മന്‍‌ജിത് കൈനിക്കര in ഇറാന്‍, നെജാദ്, രാജ്യാന്തരം, രാഷ്ട്രീയം.
trackback

ണ്ടാം ലോക മഹായുദ്ധകാലത്ത്‌ ലക്ഷക്കണക്കിന്‌ യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തെന്നാണ്‌ ജര്‍മ്മനിയും ഓസ്ട്രിയയും പറയുന്നത്‌. ഇതു ശരിയെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിനു ഭൂമികൊടുക്കേണ്ടത്‌ ഈ രാജ്യങ്ങളാണ്‌. പലസ്തീനിലെ മുസ്ലീംകള്‍ എന്തിന്‌ ഈ ഭാരം ചുമക്കണം?”

പോയവാരം രാഷ്ട്രത്തലവന്മാരുടെ വാചകമടിയില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണിത്‌. ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഒന്നു ഞെട്ടിയതോടൊപ്പം എന്റെ മനസ്‌ പെട്ടെന്ന് കുറേനേരം ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ മുഖത്തേക്കു തറച്ചുനോക്കി നിന്നു.
ഇല്ല, അവരാരും ഇതു കേട്ടിട്ടില്ല. ഞാന്‍ സുല്ലിട്ടു. ഇവിടെ തിരിച്ചെത്തി. എന്റെ ബ്ലോഗില്‍. എന്നിട്ടു പറയുകയാണ്‌. പ്രിയപ്പെട്ട നെജാദേ നിങ്ങള്‍ പറഞ്ഞത്‌ ചെറ്റത്തരമാണ്‌.

ഓര്‍ക്കുന്നുണ്ടോ?, എന്തായിരുന്നു പുകില്‌. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇറാനുവേണ്ടി ഉണ്ടാക്കിയ പുകിലിന്റെ കാര്യമാണ്‌. ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇന്ത്യയുടെ നടപടി അവിടാര്‍ക്കും പിടിച്ചില്ല. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി ഓഫിസിലിരുന്ന സഖാവ്‌ കാരാട്ടു മുതല്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പുകാലത്ത്‌ അഭിനവ സഖാവു കരുണാകരന്‍ വരെ ഈ നടപടിയില്‍ അങ്ങു പ്രതിഷേധിച്ചു കളഞ്ഞു. നമുക്കും കിട്ടണം വോട്ട്‌ എന്ന പ്രമാണത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പോലും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ല എന്നു പ്രസ്താവനയിറക്കി.

ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇസ്രയേലിനെ തുടച്ചു നീക്കണം എന്നു പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ്‌ ഇറാനിലെ പുതിയ ദൈവം ഇന്നലെ ചരിത്രത്തില്‍ തികച്ചും അജ്ഞത നടിച്ച്‌ മറ്റൊരു ചൂടന്‍ പ്രസ്താവനയിറക്കിയത്‌. ഇറാന്‍ എന്ന കുഞ്ഞാടിനുവേണ്ടി സ്വരമുയര്‍ത്തിയ നമ്മുടെ ധീര സഖാക്കളാരും ഈ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. കാരണം കൊച്ചിയിലെ ജൂതത്തെരുവില്‍ ഇനിയും നാലോ അഞ്ചോ യഹൂദരേ ബാക്കിയുള്ളു. അവരിലാരും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മെനക്കെടുമെന്നു തോന്നുന്നില്ല. വോട്ടുബാങ്കില്ലാത്തവരുടെ മേല്‍ ഏതു തെമ്മാടി കുതിര കയറിയാലും നമുക്കാര്‍ക്കും ഒന്നുമില്ലല്ലോ.

പ്രിയപ്പെട്ട യഹൂദ സഹോദരീ സഹോദരന്മാരേ, ഞാന്‍ ലോകത്തൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെപോലും പ്രസിഡന്റല്ല. എന്റെ പ്രതിഷേധംകൊണ്ട്‌ ആരെയും സ്വാധീനിക്കാനുമാവില്ല. എങ്കിലും, അധികമാരും എത്തിനോക്കാത്ത ഈ ബൂലോകത്താളിലിരുന്നു ഞാന്‍ പറയട്ടെ, എന്റെ മനസ്‌ നിങ്ങളോടൊപ്പമാണ്‌.

ശ്രീമാന്‍ നെജാദിന്റെ വാക്കുകളിലേക്കു മടങ്ങിവരാം. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ്‌ ആ വാക്കുകളില്‍നിന്നു മനസിലാക്കുന്നത്‌. നാസി പീഡന തുരങ്കങ്ങളില്‍ ശ്വാസം മുട്ടി മരിച്ച അറുപതു ലക്ഷത്തോളം യഹൂദരുടെ ആത്മാക്കളെ കണ്ടില്ലെന്നു നടിക്കാനേ ശ്രീ നെജാദിനിപ്പോ പറ്റുള്ളു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതു തെളിയിക്കുന്നു. കഴുകന്‍ ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ താങ്കളുടെ മരണവെപ്രാളം മനസിലാക്കാം നെജാദ്‌. പക്ഷേ, ഉദ്ദേശിച്ച കാര്യം നടത്താന്‍ ചരിത്രത്തെ വിഷവാതക അറയിലിട്ട്‌ ശ്വാസം മുട്ടിച്ചു കൊല്ലരുതായിരുന്നു.

നെജാദിന്റെ ലക്ഷ്യം വ്യക്തമാണ്‌. അമേരിക്ക വട്ടമിട്ടു പറക്കുമ്പോള്‍ ചുറ്റുമുള്ള അറബ്‌ രാജ്യങ്ങളുടെ പിന്തുണ നേടുക. പല കാര്യങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന അറബിലോകത്തെ മുസ്ലിംകളെ ഒരുമിപ്പിക്കാന്‍ ഇതിലുംമികച്ചൊരു മാര്‍ഗ്ഗമില്ലല്ലോ. ഇസ്രയേലിനെ ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞുകൊണ്ടിരിക്കുക. പോയവാരത്തിലെ ഈ തോണ്ടലിനു പിന്നിലും മറ്റൊരു ലക്ഷ്യവും കാണില്ല.

ഒന്നോര്‍ത്താല്‍ യഹൂദരേപ്പോലെ പീഡനമനുഭവിച്ച ഒരു ജനത ചരിത്രത്തിലുണ്ടോ. നെജാദ്‌ പറയുന്നത്‌ യഹൂദര്‍ ജര്‍മ്മനിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെങ്കില്‍ അവര്‍ക്കു രാജ്യം കൊടുക്കേണ്ടത്‌ ജര്‍മ്മനിയിലാണെന്നാണ്‌. ന്യായം കൊള്ളാം. പക്ഷേ ഇപ്പറയുന്ന ജനകോടികള്‍ എങ്ങനെ ജര്‍മ്മനിയിലെത്തി?.

അതേ, പത്തിരുപതു നൂറ്റാണ്ടുകാലം ലോകത്തുള്ള സകല ക്രിസ്ത്യാനികളും സകല മുസല്ന്മാമാരും മെക്കിട്ടു കയറിയത്‌ യഹൂദരുടെ മേലായിരുന്നല്ലോ. ലോകമെമ്പാടും ചിതറിക്കപ്പെട്ട അവര്‍ ഒരു രാജ്യമില്ലാതെ അലഞ്ഞു. ഭൂലോകത്തിലുള്ള മനുഷ്യര്‍ മുഴുവന്‍ അവരെ വിദ്വേഷത്തോടെ നോക്കി. പണ്ടത്തെ കഥകളില്‍ വില്ലന്മാരുടെ വേഷം യഹൂദന്മാരുടെ കുപ്പായമണിയിച്ചതിനും മറ്റൊരു കാരണമില്ല. വെനീസിലെ വ്യാപാരിയിലെ ഷൈലോക്ക്‌ ഏറ്റവും നല്ല ഉദാഹരണം. ഈ ജൂതവിരോധം തലയ്ക്കു പിടിച്ചാണല്ലോ ഹിറ്റ്‌ലര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്തത്‌.

ലോകം മുഴുവന്‍ ചിതറിക്കപ്പെട്ട്‌ സ്വന്തമായി അതിരുകളില്ലാതെ അലഞ്ഞ ആ ജനതയ്ക്ക്‌ ചരിത്രം നല്‍കിയ പ്രായ്ശ്ചിത്തമാണ്‌ ഇസ്രയേല്‍. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്നു പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുഖം ചരിത്രത്തിന്റെ തിരിച്ചടിയാണ്‌. രാജ്യമില്ലാത്ത പലസ്തീന്‍ ജനതയോട്‌ ഞാന്‍ പുറംതിരിഞ്ഞു നില്‍ക്കുകയല്ല. പക്ഷേ അവര്‍ കൂട്ടുപിടിക്കേണ്ടത്‌ നെജാദിനെപ്പോലെ ചരിത്ര സത്യങ്ങള്‍ക്കുമേല്‍ വെള്ളപൂശുന്നവരെയല്ല എന്നു പറഞ്ഞുവെന്നു മാത്രം.


7 comments:

evuraan said…

താലിബാൻ ഭരണം നാമ്പ് പിടിക്കവേ അവരവിടെയുണ്ടായിരുന്ന ബുദ്ധപ്രതിമകൾ തകർത്തെറിഞ്ഞ കാര്യമോർമ്മ വരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള, മനുഷ്യന്റെ വളർച്ചയുടെ ദൃഷ്ടാന്തങ്ങൾ ഉടച്ചെറിയാൻ അവരുടെ ന്യായങ്ങൾ വിചിത്രമായിരുന്നു.

നിജാദിന് ആവുമായിരുന്നെങ്കിൽ അത് സംഭവിക്കുകയും ചെയ്തേക്കാം.സിറിയൻ genocide(മലയാളം വാക്ക് കിട്ടിയില്ല..) ലെബനന്റെ ചരിത്രം എന്നിവ ഉദാഹരണങ്ങൾ.

പെരിങàµ�ങോടനàµ�â€� said…

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു അമേരിക്കക്കാരനോടു് ഞാന്‍ ഒരിക്കല്‍ ചോദിച്ചു: “അല്ല സായ്പേ ആ യഹൂദരു് കുറേ അനുഭവിച്ചതല്ലേ, അവര്‍ക്ക് നാട്ടുകാരെല്ലാം കൂടി ഒരു വീട് കെട്ടിക്കൊടുത്തൂന്നു് ധരിച്ചാല്‍ പോരെ?”

സായ്പിന്റെ മറുപടി ഇപ്രകാരമായിരുന്നു; ഇസ്രായേല്‍ എന്ന രാഷ്ട്രത്തിനു് വേണ്ടി ജൂതന്മാരുടെ ആത്മീയഗുരുക്കള്‍ കാലങ്ങള്‍ക്ക് മുമ്പേ നടത്തിപ്പോന്ന ആഹ്വാനങ്ങളും പതിയെയുള്ള ജൂതക്കുടിയേറ്റങ്ങളുടേയും കുറച്ചു് അദ്ദേഹം കുറച്ചുനേരം ലക്ചര്‍ തന്നു. പിന്നെ ഒരു ആരോപണവും, ഇസ്രായേല്‍ എന്ന രാജ്യത്തിലെ ഭൂസ്വത്തുക്കള്‍ ധനാഢ്യരായ ജൂതര്‍ കൈയടക്കിയതുമായ കഥകള്‍.

“അപ്പോള്‍ കാശു് കൊടുത്തു് അവര്‍ വാങ്ങിയ ഭൂമി തിരികെ ലഭിക്കുവാനാണോ ഇപ്പോള്‍ പാലസ്തീനുകാര്‍ സമരം ചെയ്യുന്നതു്.”

കാശു് കൊടുത്തു് ഭൂമി സ്വന്തമാക്കിയെന്നതു് അര്‍ദ്ധസത്യമത്രെ, ബലം പ്രയോഗിച്ചും ജൂതര്‍ അറബികളെ ഇസ്രായേലില്‍ നിന്നു് തുരത്തിയെന്നു് സായ്പ്.

പലരും പല രീതിയില്‍ വ്യാഖാനിച്ചു കാണുന്നു, എങ്കിലും നൂറ്റാണ്ടുകളോളം നീണ്ടു നിന്ന പലായനങ്ങളിലും (ക്രി.വ. ഒന്നാം ശതകം മുതല്‍ ഇസ്രായേല്‍ രാജ്യം സ്ഥാപിതമായ കാലം വരേയ്ക്കും) ജൂതജനത കാണിച്ച ആത്മവീര്യം എടുത്തു പറയേണ്ടതൊന്നാണു്. ജൂതരുടെ ദൈവരാജ്യത്തിലേക്ക് – ഒരു് കാലത്തു് അവരുടെ കൂടെ സ്വന്തമായിരുന്ന ഭൂമിയിലേക്കുള്ള മടങ്ങിപ്പോക്ക് ഇത്ര പ്രശ്നഭരിതമായതെന്തേ?

ചരിത്രം തേരോടിച്ച വഴിത്താരകളിലൂടെയുള്ള മടങ്ങിപ്പോക്കായിരുന്നു അതു്. പലര്‍ക്കും മുറിവേല്‍ക്കും – കാരണം പലരും ഭൂമിയുടെ അവകാശികളത്രെ!

à´šà´¿à´² നേരതàµ�à´¤àµ�.. said…

നെജാദ് പറഞ്ഞത് ഞാനെന്തായാലും ആദ്യമായല്ല കേള്‍ക്കുന്നത്.
നിരവധി ചരിത്രകാരന്മാര്‍ ഇത്തരം ജൂത പീഡന കഥകളുടെ ആധികാരികതയെ കുറിച്ചും അതിന്റെ ഊതിവീറ്പ്പിക്കപ്പെട്ട കണക്കുകളെ കുറിച്ചും എക്കാലവും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇറാനെതിരേ അമേരിക്ക കൊണ്ടുവന്ന നയത്തിനല്ലേ താങ്കള്‍ നെജാദിന്റെ പ്രസ്താവനയ്ക്ക് നല്‍കിയ വിശേഷണം ഭൂഷണമാവുക.ധാര്‍മ്മിക ബോധം ഇനിയും വറ്റാത്ത കമ്മ്യൂണിസ്റ്റുകാറ് ഇന്ത്യയുടെ നയമില്ലായ്മയിലെ അപാകത ചൂണ്ടികാണിച്ചതില്‍ തെറ്റ് പറയാനെന്തിരിക്കുന്നു?.
ലോക ഭൂപടത്തില്‍ ഇസ്രായേല്‍ എങ്ങിനെ സ്ഥാനം നേടി?..അശരണരായ അനേകം വരുന്ന പലസ്തീന്‍കാരന്റെ കൃഷിഭൂമിയും കിടപ്പാടവും,രാജ്യമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ഭൂമി എന്ന പേരും പറഞ്ഞ് ബ്രിട്ടന്റെ സഹായത്തോടെ കയ്യടക്കിയ നാള്‍ തൊട്ട് തുടങ്ങിയതല്ലേ പശ്ചിമേഷ്യയിലെ രക്തചൊരിച്ചില്‍.
ഇസ്രയേല്‍ എന്ന രാജ്യം പലസ്തീനില്‍ സ്ഥാപിക്കുന്നതിനെതിരെയും ആ രാഷ്ടത്തിന്റെ പ്രായോഗികതയെ കുറിച്ചും ജൂതനായ ആല്‍ബറ്ട്ട് എയ്ന്‍സ്റ്റീന്‍ അടക്കമുള്ളവറ് എതിരായിരുന്നു. യഹൂദി മെനാച്ചത്തെ പോലെയുള്ള അധികാരമോഹികള്‍ പക്ഷേ ചതിപ്രയോഗത്തിലൂടെ അത് നേടുക തന്നെയുണ്ടായി.
അമേരിക്കയുടെ വാണിജ്യതാല്പര്യങ്ങള്‍ക്ക് എതിര്‍ നില്‍ക്കാന്‍ കരുത്തുള്ള ഒരു അറബിരാജ്യവും പശ്ചിമേഷ്യയില്‍ ഇല്ലെന്ന് നെജാദിന്‍ നന്നായറിയാം.പിന്നെ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പോരുള്‍?.
അത് പശ്ചിമേഷ്യയിലെ ശാശ്വത സമാധാനമല്ലാതെ മറ്റൊന്നുമല്ല.അതിന്‍ എതിര് നില്‍ക്കുന്നത് ഇസ്രായേലല്ലാതെ മറ്റാരുമല്ല.
മുസ്ലീങ്ങള്‍ ആശയപരമായി എക്കാലവും ജൂതറ്ക്കെതിരായിരുന്നു.അതിനെ കായികമായി എതിരിട്ട ചരിത്രം നിങ്ങള്‍ക്ക് ഒരു കാലത്തും വായിക്കുവാന്‍ കഴിയില്ല. പലസ്തീന്‍ പ്രശ്നം ഇസ്ലാമുമായല്ല കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്, മറിച്ച് ഭൂമി നഷ്ടപ്പെട്ട അതിന്റെ അവകാശികളുടെ നിരന്തരമായ ഏറ്റുമുട്ടലുമായാണ്‍.
പാലസ്തീന്‍‌കാറ് ഒരിക്കലും ചരിത്രത്തിന്റെ തിരിച്ചടിക്ക് അറ്ഹരാവേണ്ടവരല്ല. ജൂതജനതയൂടെ പീഡനങ്ങള്‍ക്ക്(?) അവരൊരിക്കലും കൂട്ട് നിന്നിട്ടില്ല. ഇനി അത്തരം വാദത്തെ ശരിവെച്ചുവെന്നിരിക്കട്ടെ, എങ്കില്‍ കുതിരകയറിയെന്ന് പറയപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ ചരിത്രതിരിച്ചടി ബാധിക്കില്ലേ? അല്ലെങ്കില്‍ ബാധകമല്ലേ?.
കൊന്നുകുഴിച്ച് മൂടപ്പെട്ട ജനവിഭാഗത്തിന്റെ യഥാറ്ത്‌ഥ കണക്കെടുക്കുകയാണെങ്കില്‍, റഷ്യന്‍ സേന കൊന്ന് മൂടിയ ചെച്നിയന്‍ സ്വാതന്ത്ര്യപോരാളികളുടേയും മിലോസെവിച്ചിന്റെ സെറ്ബ് സേന കൊന്നൊടുക്കിയ ബോസ്നിയക്കാരുടേയും കൊസോവക്കാരുടെയും ഷാരോണ്‍ കൂട്ടക്കൊല ചെയ്ത ജെനിനിലേയും ഗാസയടക്കമുള്ള പലെസ്തീനിലേയും അമേരിക്കന്‍ സൈന്യം ഇറാക്കിലും അഫ്ഗാനിലും ഹിന്ദു തീവ്രവാദികള്‍ ഇന്ത്യയിലും താക്സിന്‍ ഷിനവത്ര തായ്‌ലാന്റിലും കൊന്നൊടുക്കിയ മുസ്ലിങ്ങളുടെ കണക്കെടുക്കണം. ഇത് വെറും ഒന്നോ രണ്ടോ ദശകത്തിനിടെ സംഭവിച്ചതാണ്‍.
മനസ്സ് ഒപ്പം നിറ്ത്തേണ്ടത് പീഡിതറ്ക്കൊപ്പമാണ്, പീഡകറ്ക്കൊപ്പമല്ല.
നെജാദ്, പലെസ്തീന്‍‌കാരുടെ വിമോചനപോരാളിയല്ല.മറിച്ച് ആത്മാഭിമാനം നഷ്ടപ്പെട്ട ഭരണകറ്ത്താക്കിടയിലെ ആത്മവിശ്വാസവും ആത്മധൈര്യവുമുള്ള ധീര യോദ്ധാവാണ്‍.
പോരാളികളെ ഗറ്ഭം ധരിക്കാന്‍ പലെസ്തീനില്‍ മാതാക്കന്മാര്‍ ഒരുപാടുള്ളിടത്തോളം കാലം നെജാദിനെ പോലുള്ളവരെയായിരിക്കില്ല, യാസറ് അറാഫത്തിനെയും ശൈഖ് യാസീനെയും അഹ്‌മദ് റന്‌തീസിയെയും പോലെയുള്ളവരെയായിരിക്കും അവറ് മുന്നണി പോരാളികളാക്കുക..
ഭൂമിക്ക് ഒരു പാട് അവകാശികളുണ്ട്..പക്ഷെ അത് യഥാര്‍ത്‌ഥ അവകാശിക്ക് ലഭിയ്ക്കുമ്പോഴേ ഭൂമിയില്‍ ശാന്തിയും സമാധാനവും നിലവില്‍ വരൂ.
ഇനി ഇന്നത്തെ വാചകം:ഇറാനെതിരെ ആക്രമണത്തിന്ന് മടിക്കില്ലെന്ന് ഇസ്രയേല്‍.(കൈവശമുള്ള ആണവായുധങ്ങളുടെ വ്യാപ്തിയെ കുറിച്ച് കമാന്ന് മിണ്ടാത്ത ദ്രോഹികളാ.
ലോക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാ.)

മനàµ�â€�ജിതàµ�‌ | Manjith said…

ഇബ്രൂ,
ചരിത്രം. അതു വലിയൊരു തമാശ തന്നെയാ.
ഉദാഹരണത്തിന്‌ ഞാനിവിടെ ഫിലാഡെല്‍ഫിയയില്‍ എല്ലാ ഞായറാഴ്ചയും ഒരു മലയാളം കത്തോലിക്കാപ്പള്ളിയില്‍ പോകാറുണ്ട്‌. അവിടെ നില്‍ക്കുമ്പോ ചരിത്രത്തിന്റെ തമാശയോര്‍ത്ത്‌ ചിലപ്പോ ചിരിക്കും. ഈ പള്ളി സത്യക്രിസ്ത്യാനികള്‍ ആരുടെ കയ്യില്‍ നിന്നാണെന്നോ വിലയ്ക്കുവാങ്ങിയത്‌?. യഹൂദരുടെ കയ്യില്‍നിന്ന്.

താങ്കള്‍ പറഞ്ഞ പകുതിക്കാര്യങ്ങളോട്‌ എനിക്കു യോജിപ്പുണ്ട്‌. ചിലവയോടു തീരെയില്ല.
1) നെജാദ്‌ ആഗ്രഹിക്കുന്നത്‌ പശ്ചിമേഷ്യയിലെ സമാധാനമാണ്‌.
*സമാധാനത്തിന്റെ അര്‍ഥം മാറ്റിയാല്‍ സമ്മതിക്കാം.
2)നെജാദ്‌ ശബ്ദിക്കുന്നത്‌ പലസ്തീന്‍കാര്‍ക്കുവേണ്ടിയാണ്‌.
*പലസ്തീന്‍കാര്‍ക്കു വേണ്ടി ആരും ഇതുവരെ ഉപ്പുരസമുള്ള ചുടുകണ്ണീര്‍ ഒഴുക്കിയിട്ടില്ല. എല്ലാം മുതലക്കണ്ണിര്‍. നെജാദ്‌ അതിലൊരു ചെറുമുതല.
3)ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ധാര്‍മ്മിക ബോധം വറ്റാത്തതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌.
*എനിക്കു തീരെ വിശ്വാസമില്ല.

ക്രിസ്ത്യാനികളെ ചരിത്രം തിരിച്ചടിക്കുന്നതു കാണാണമെങ്കില്‍ ചരിത്രത്തിന്‌ ഒരമ്പതു വര്‍ഷംകൂടി കൊടുക്കൂ ഇബ്രു. അങ്ങനെ ഒരാനികള്‍ ഇവിടെങ്ങും കാണുമെന്ന് എനിക്കു തോന്നുന്നില്ല.

പിന്നെ ഞാനൊരിടത്തും ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ എല്ലാ ചെയ്തികളെയും അനുകൂലിച്ചിട്ടില്ല. എന്റെ മനസ്‌ രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ചത്തൊടുങ്ങിയ യഹൂദര്‍ക്കൊപ്പമാണ്‌. എന്റെ മനസ്‌ വേറേ അനേകകോടികള്‍ക്കൊപ്പമാണ്‌. അവരില്‍ പക്ഷേ, ലാദനില്ല, സദ്ദാം ഹുസൈനില്ല, നരേന്ദ്ര മോദിയില്ല, ബുഷുമില്ല. നേരിട്ടും അല്ലാതെയും സ്വരമില്ലാത്തവരെ പീഡിപ്പിക്കുന്ന ആരുടെകൂടെയുമില്ല ഞാന്‍.

താങ്കളുടെ ഭരതവാക്യം എനിക്കിഷ്ടപ്പെട്ടു.
”ഭൂമിക്ക് ഒരു പാട് അവകാശികളുണ്ട്..പക്ഷെ അത് യഥാര്‍ത്‌ഥ അവകാശിക്ക് ലഭിയ്ക്കുമ്പോഴേ ഭൂമിയില്‍ ശാന്തിയും സമാധാനവും നിലവില്‍ വരൂ.

*അവകാശികള്‍ ആരാണെന്നതാണല്ലോ എല്ലാറ്റിന്റെയും കാതലായ പ്രശ്നം.

ഇബ്രൂ ഇതിങ്ങനെ വായിച്ചെഴുതി വീണ്ടുമെഴുതിയിര്‍ക്കുമ്പോള്‍ മനസിലെ ഗ്രാമഫോണില്‍ ആ പാട്ടുകേള്‍ക്കാം. നമ്മുടെ മലയാള ഭാഷയിലുള്ള ആ പാട്ട്‌ താങ്കളും കേള്‍ക്കുന്നില്ലേ…???

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…..

മനസില്‍ എവിടെയോ ഒരാശ്വാസമില്ലേ ഇബ്രൂ….??

ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്‌ നന്ദി.

പെരിങàµ�ങോടനàµ�â€� said…

ഇബ്രു,
താങ്കള്‍ പറഞ്ഞത് സത്യമാണു്, ഇന്നു് ലോകത്തിലേറ്റവും പീഢിക്കപ്പെടുന്ന ജനത മുസ്ലീമുകള്‍ തന്നെയാണു്. കഴിഞ്ഞ രണ്ടു് ദശകത്തിലും കാര്യങ്ങള്‍ താങ്കള്‍ എഴുതിയതു് പോലെ തന്നെ. വിയോജിക്കുന്നില്ല.

താങ്കള്‍ എഴുതിയ മറ്റൊന്നിനെ കുറിച്ചു് പറയട്ടെ. മുസ്ലീങ്ങള്‍ ആശയപരമായി എന്നും ജൂതര്‍ക്കെതിരായിരുന്നു എന്ന പരാമര്‍ശത്തെ കുറിച്ചു്. ആശയപരമായി മുസ്ലീങ്ങള്‍ കാട്ടുന്ന അസഹിഷ്ണുതയാണോ അവര്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം എന്നു പോലും ചിന്തിക്കുവാന്‍ ആ വരികള്‍ പ്രേരിപ്പിക്കുന്നു. ഈ ആശയപരമായ എതിര്‍പ്പ് പലയിടങ്ങളിലും കായികമായിട്ടുള്ള എതിര്‍പ്പായിട്ടില്ലേ? ഒരു കാലത്തു് പ്രബലരായിരുന്ന മുസ്ലീം ശക്തികളാല്‍ തകര്‍ക്കപ്പെട്ട അന്യമതസ്ഥരുടെ ബിംബങ്ങള്‍ എന്തുമാത്രമുണ്ട്. പലര്‍ക്കും അവരവരുടെ ചരിത്രത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഇതുമൂലം അസാധ്യമായിട്ടില്ലേ?

ചരിത്രത്തിനെ പണ്ടെന്നും പണ്ടുപണ്ടെന്നും തരം തിരിച്ചുകൊണ്ടു് നീതി ആരുടെ ഭാഗത്തെന്നു് പറയുക പ്രയാസം. ഇസ്രായേല്‍ എന്ന നാടിനെ കുറിച്ചുള്ള ജൂതരുടെ മതവികാരങ്ങള്‍ അതു് ഇന്നോ ഇന്നലെയോ ഉണ്ടായതോ ബ്രിട്ടന്‍ ചാര്‍ത്തിക്കൊടുത്തതോ അല്ലെന്നു് ഇബ്രുവിനും അറിവുണ്ടാകണം. അപ്രകാരമാണെങ്കില്‍ ഇപ്പോളീ പറയുന്ന ഭൂമിയുടെ അവകാശം (അതു് സത്യമാണെങ്കില്‍ കൂടി) അതിന്റെ പേരിലുള്ള കലാപങ്ങള്‍ മറ്റെന്തിന്റേയോ മുഖംമൂ‍ടിയാണു്. അതിന്റെ നന്മയില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്.

മഞ്ജിത്തിന്റെ കമന്റ് കാണുന്നതിനു് മുമ്പ് എഴുതി തുടങ്ങിയതായിരുന്നു് ഇത്. അതിലെ അവസാന വരി ആദ്യമേ ഓര്‍ത്തിരുന്നുവെങ്കില്‍ ഇത്രകൂടി എഴുതുമായിരുന്നില്ല. എവിടെയൊക്കെയോ നന്മ നമ്മളേയും കാത്തിരിക്കുന്നുണ്ടാവും അല്ലേ ഇബ്രൂ?

ദേവരാഗം said…

അശാന്തിയുടെ പതിനായിരക്കണക്കിനു വർഷങ്ങൾ.
ഒരുകാലത്തും മിഡിൽ ഈസ്റ്റെന്നു വിളിക്കപ്പെടുന്ന സ്ഥലത്തെ ജനതയുടെ യഥാർത്ഥ കഥ ആരും പറഞ്ഞിട്ടില്ല. ഇസ്രയേലിയും പലസ്തീനിയും ഒരുപോലെ കുറ്റക്കാരായ മഹാ പാതകങ്ങളുടെ, ജൂതനും അറബിയും വെറുതേ വേദന തിന്ന കഥകൾ.

എനിക്കറിയാവുന്ന ചരിത്രം:
തുർക്കിയിലെ ഓട്ടോമാന്റെ സാമ്രാജ്യമായിരുന്നു ക്രി വ ആയിത്തഞ്ഞൂറിനു ശേഷം (അതിനു മുൻപ് അവിടെ ചില ഗോത്രങളുണ്ടായിരുന്നു- ബാബറി മസ്ജിദ്-രാമജന്മ ഭൂമി പോലെ പ്രയോജനമില്ലാത്ത അന്വേഷണം) ലെബനോൺ, സിറിയ, ജോർ‍ഡാൻ, പാലസ്തീൻ, ഇസ്രയേൽ എന്നൊക്കെ ഇന്നറിയപ്പെടുന്ന നാടുകളത്രയും. ഓട്ടോമാൻ ജർമനിക്കു പിന്തുണ പ്രഖ്യാപിച്ച് ഒന്നാം ലോക മഹായുദ്ധത്തിൽ “ചെളി തിന്നതോടെ” ഓട്ടോമാൻ സാമ്രാജ്യം വീതം വയ്ക്കപ്പെട്ടു. സിറിയയും ലെബനോണും അടങുന്ന ഭാഗം ഫ്രാൻസും ബാക്കി ബ്രീട്ടനും കയ്യാളി.

സ്വാതന്ത്ര്യ സമരം ശക്തമാകുമെന്നു കണ്ട ബ്രിട്ടൻ പാലസ്തീൻ പ്രവിശ്യയെ രണ്ടായി വെട്ടിമുറിച്ചു (ഇന്ത്യ്-പാക്ക് വെട്ടിനെക്കാൾ ശക്തമായ വെട്ട്) ജോർദാൻ നദിക്കിക്കരെയുള്ള 75% ഭൂമി അറബി പാലസ്തീനും അക്കരെയുള്ള ബാക്കി ജൂത പാലസ്തീനുമാക്കി. ജോർദാൻ നദിക്കിക്കരെയുൾല അറബിപ്പാലസ്തീൻ പലസ്തീനിയല്ലാത്ത എമീർ അബ്ദുല്ലയെ ഏൽപ്പിച്ചു. ആ സ്ഥലം ജോർദാൻ ആയി, പാലസ്തീനിക്ക് ആ നാട് പോയി.

ബാക്കി വന്ന തുണ്ടത്തിനു ജൂതനും അറബിയും വീണ്ടും കുത്തിച്ചത്തു. ജോർദാനിനെക്കുറിച്ച് എന്നാൽ ആരും ഓർത്തുമില്ല. 1947 ലെ യൂ എൻ റെസല്യൂഷൻ അവശേഷിച്ച 25% പാലസ്തീനിൽ കിടന്നു ചാകുന്ന അറബിയേയും ജൂതനേയും വീണ്ടും രണ്ടു നാടാക്കി. ജൂതർ അവരുടെ ഭാഗവും അടിച്ചുമാറ്റിയ ഭാഗവും കൂടി ഇസ്രായേൽ എന്ന രാജ്യമാണെന്നു പ്രക്യാപിച്ചു., എന്നാൽ അറബികൾ യുദ്ധം പ്രഖ്യാപിച്ചു. ലെബനോൺ, ഈജിപ്ത്, ഇറാക്ക്, സൌദി, യെമെൻ, സിറിയ, ജോർദാൻ എന്നീ രാജ്യങളുടെ സഖ്യം ഇസ്രയേലിനെ നിലം പരിശാക്കി. നാലു ലക്ഷം ആളുകൾ രാജ്യം വിട്ടു പോയി (മിക്കവരും യുദ്ധം ഭയന്നു പലായനം നടത്തിയെന്ന് ഇസ്രയേലും, ജൂതരെ ഭയന്ന് ഓടിയെന്ന് പലസ്തീനും) 10 ലക്ഷം ആളുകൾ ഇതിനു ശേഷം മടങ്ങി വന്നു. ഇന്ന് തർക്കഭൂമിയായിരിക്കുന്ന ഗാസയും ഗോലൻ കുന്നുകളും ഇസ്രയേലോ പാലസ്തീനോ അല്ലായിരുന്നു യഥാക്രമം അതു ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങൾക്ക് യുദ്ധത്തിൽ കൈമോശം വന്ന പ്രവിശ്യകളാണ്. അരാഫത്തിനു സ്വന്തം നാടിനു വേണ്ടി പ്രത്യെകിച്ചൊന്നും ചെയ്യാനായില്ല, കുറേ പലസ്തീനികളെ കൊലക്കു കൊടുത്തതല്ലാതെ.

എനിക്കറിയാവുന്ന പലസ്തീൻ
അശാന്തിക്കഥകൾ ഓരോ ദിവസവും കാണുന്നു. ഭയപ്പെടുത്തുന്ന ചിത്രങ്ങളോടെ. യന്ത്രത്തോക്കു കുട്ടികൾക്കു നേരേ ചൂണ്ടുന്ന ജൂതപ്പട്ടാളക്കാരന്റെ. തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന പലസ്തീനിയുടെ. വെടിപ്പാടുകൾ കൊണ്ട് അരിപ്പപോലെയായ കെട്ടിടങളുടെ, കോടാനുകോടി രൂപ വിലയുള്ള അമേരിക്കൻ കൂട്ടക്കൊല യന്ത്രങ്ങളുടെ കല്ലും കവിണിയും തോക്കുമായി നിൽക്കുന്ന പിഞ്ച്ഉ ബാലന്മാരുടെ, ബോംബുവീണു തകർന്ന കെട്ടിടങളുടെ. ഇസ്രയേൽ മതാധിഷ്ഠിത രാഷ്ട്രമല്ലെന്നും മറ്റും ആ രാജ്യത്തിന്റെ പ്രഖ്യാപനം എന്നാൽ ജൂതരല്ലാതെയുള്ള ആർക്കും അവിടെ പട്ടാളത്തിൽ ചേരാനോ വസ്തുവകകൾ വാങ്ങാനോ അനുവാദമില്ലെന്നാണ് അറിവ്.

jyothish said…

ഹിറ്റ്ലര്‍ ജൂതന്മാരെ പീഡിപ്പിച്ചു, കൊന്നു. പക്ഷെ അനേകായിരങ്ങള്‍ വീന്റും ശേഷിച്ചു. ഹിറ്റലറെ തോല്‍പ്പിച്ചുവന്നവര്‍ ജൂതന്മാരെ ഒന്നടങ്കം നാട്ടില്‍നിന്നും ഓടിച്ചു. കുരിശ് വന്നു വീണത് പാലസ്തീന്‍കാരുടെ തലയില്‍. ഇന്ത്യക്കാര്‍ മുസ്ലിം സ്നേഹം പറഞ്ഞ് എല്ലാ മുസ്ലീങളെയും അറെബ്യയിലേക്ക് ഓടിച്ചിരുന്നെങ്കിലോ?

Advertisements

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: