jump to navigation

രാജാവ്‌ ഇപ്പോഴും നഗ്നന്‍ തന്നെ! സെപ്റ്റംബര്‍ 9, 2005

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
2 comments

ചുഴലിക്കൊടുങ്കാറ്റ്‌ അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരദേശത്ത്‌ അത്ര പുതിയ സംഭവമൊന്നുമല്ല. വേനല്‍ക്കാലം എത്തിക്കഴിഞ്ഞാല്‍ ഇടക്കിടെ ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഭാസം. ഡെന്നിസ്‌ എന്നോ, അലന്‍ എന്നോ ഓമനത്തമുള്ള പേരിട്ട്‌ അവർ അതിനെ കാത്തിരിക്കും. പക്ഷേ ഓഗസ്റ്റ്‌ അവസാനം വീശിയടിച്ച കാത്രീനയെന്ന ചുഴലിക്കൊടുങ്കാറ്റ്‌ ചില്ലറക്കാരിയായിരുന്നില്ല. അതു വീശിയടിച്ചത്‌ ലോകപോലീസുകാരന്റെ നഗ്നതയിലേക്കാണ്‌. ലോകം മുഴുവന്‍ നന്നാക്കിയെടുക്കാന്‍ നടക്കുന്ന അമേരിക്ക എന്ന വന്‍ശക്തിക്ക്‌ സ്വന്തം ജനതയെ ഒരു പ്രകൃതിക്ഷോഭത്തില്‍ നിന്നു കരകയറ്റാനുള്ള ശക്തിയില്ലെന്ന സത്യം തുറന്നുകാട്ടുകയായിരുന്നു കാത്രിന. പോയവാരം അമേരിക്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമായ ന്യൂഓര്‍ലിയന്‍സില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ അതിദയനീയമാണ്‌. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തെയാണ്‌ ഈ കാഴ്ചകള്‍ അനുസ്മരിപ്പിക്കുന്നത്‌. അക്രമം, പകല്‍ക്കൊള്ള, ബലാത്സംഗം, പിടിച്ചുപറി; എല്ലാം നോക്കി അമ്പരന്നു നിൽക്കുന്ന ഭരണകൂടം. അമേരിക്ക മുഖം കുനിക്കുകയാണ്‌. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ. കത്രീനയേക്കാള്‍ സംഹാരരുദ്രമായ സുനാമിയെ ഏഷ്യയിലെ മൂന്നാം ലോകരാജ്യങ്ങള്‍ ഇതിലും എത്രയോ ആസൂത്രണ മികവോടെയാണ്‌ കൈകാര്യം ചെയ്തത്‌.

എവിടെ ബുഷ്‌

അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരത്തുള്ള ലൂയിസിയാന സംസ്ഥാനത്താണ്‌ കാത്രിന കനത്ത നാശംവിതച്ചത്‌. ഇവിടത്തെ പ്രധാന നഗരമായ ന്യൂഓര്‍ലിയന്‍സ്‌ അപ്പാടെ വെള്ളത്തിനടിയിലായി. സമുദ്രനിരപ്പിനും താഴെയുള്ള ഈ നഗരത്തിലെ ജനങ്ങള്‍ അപ്പാടെ കുടിയൊഴിപ്പിക്കപ്പെട്ടു. ദുരന്തത്തെ നേരിടാന്‍ ഈ തുറമുഖനഗരാധികൃതര്‍ കാര്യമായ തയാറെടുപ്പുകള്‍ ഒന്നും തന്നെ നടത്തിയില്ല എന്നു പറയാം. ഒടുവില്‍ ഇന്ത്യയിലെക്കൊ നടക്കാറുള്ളതുപോലെ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തും സംഭവിച്ചു. പരസ്പരം പഴിചാരല്‍. ന്യൂഓര്‍ലിയന്‍സ്‌ മേയറായ റേ നാഗിനാണ്‌ ആദ്യവെടിപൊട്ടിച്ചത്‌. ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഫെഡറല്‍ ഗവൺമന്റ്‌ സഹായിക്കുന്നില്ല എന്നായിരുന്നു നാഗിന്റെ പരിദേവനം. നഗരം മുഴുവന്‍ വെള്ളത്തിലായിട്ടും ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയില്ല എന്ന വലിയ പിഴവു വരുത്തിയ ആളാണെങ്കിലും റേ നാഗിന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല.
അമേരിക്കന്‍ ഭരണകൂടം ഉറക്കത്തിലാണോ?. എല്ലാവരുടെയും ചോദ്യമിതാണ്‌. വിമര്‍ശനങ്ങളുടെ കുന്തമുന പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിലേക്കാണു നീങ്ങുന്നത്‌. ഇറാഖിലെ ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ കോടികള്‍ പൊടിക്കുന്ന ബുഷിന്‌ ന്യൂഓര്‍ലിയന്‍സിലെ ജനങ്ങളെ ദുരന്തത്തില്‍ നിന്നും കരകയറ്റാനുള്ള കരുത്തില്ലേ?. കത്രീന നാശം വിതച്ചു കടന്നു പോയിട്ട്‌ ഒരാഴ്ചയിലേറെയായി. ഇതുവരെ വീടുനഷ്ടപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനായിട്ടില്ല. എന്തിനേറെ ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനും കൃത്യമായ കണക്കില്ല. കഷ്ടം!. ലോകത്തെ മൊത്തം നിയന്ത്രിക്കാനിറങ്ങുന്ന ബുഷിന്‌ ഒരു ചെറു നഗരം പോലും സംരക്ഷിക്കാനുള്ള കെല്‍പ്പില്ലെന്നു തെളിഞ്ഞില്ലേ?.
ഏതായാലും ചില പൊടിക്കയ്കളൊക്കെ കാട്ടി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അങ്കി സാം. തകര്‍ന്നു തരിപ്പണമായ നഗരത്തില്‍ച്ചെനു വീടു നഷ്ടപ്പെട്ടവരുടെ കൂടെ ഫോട്ടോയ്ക്കു പോസു ചെയ്യുക, ആദിയായ ഗിമ്മിക്കുകളുമായി പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്‌ ബുഷിപ്പോള്‍. ഇടയ്ക്ക് ഒന്നും ശരിയായില്ല എന്നൊരു കുറ്റസമ്മതവും നടത്തി. ഇവിടുത്തുകാര്‍ക്ക് ഇത്രയൊക്കെ മതിയെന്നേ. ഞാനിപ്പോള്‍ ഓര്‍ക്കുന്നതു മറ്റൊന്നണ്‌. 9/11നു ശേഷം ന്യൂയോര്‍ക്കില്‍ ഗിലാനി എന്നൊരു മേയറില്ലായിരുന്നെങ്കില്‍ അമേരിക്കയുടെ സ്ഥിതി എന്താകുമായിരുന്നു?.

കാറ്റും മഴ്യയും കറുത്തവര്‍ക്കു മാത്രമോ

കാത്രീനയുടെ ദുരന്ത ദൃശ്യങ്ങളിലേക്ക്‌ കണ്ണു തുറന്നവര്‍ മറ്റൊരു കാര്യം കണ്ട്‌ അത്‍ഭുതപ്പെടുന്നതും കണ്ടു. ന്യൂഓര്‍ലിയന്‍സില്‍ കറുത്തവര്‍ മാത്രമേയുള്ളോ. ഈ ചോദ്യത്തില്‍ നിന്നാണ്‌ അമേരിക്കയില്‍ പട്ടിണിപ്പാവങ്ങളുടെ സ്ഥിതിയെന്ത്‌ എന്നറിയാനുള്ള അന്വേഷനങ്ങള്‍ ആരംഭിക്കേണ്ടത്‌. ഇവിടത്തെ മാധ്യമങ്ങളൊക്കെ മടിച്ചുമടിച്ചാണെങ്കിലും ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്തിത്തുടങ്ങി. കറുത്തവര്‍ക്കുമേല്‍ ദുരന്തം പെയ്തിറങ്ങിയതുകൊണ്ടാണോ ആശ്വാസമെത്താന്‍ ഇത്ര വൈകിയത്. പ്രതിധ്വനികള്‍ ഏറെയുള്ള ഈ ചോദ്യത്തിന്റെ അലകള്‍ മാറ്റാനുള്ള ശ്രമത്തിലാണു ഭരണകൂടമിപ്പോള്‍.
ന്യൂഓര്‍ലിയൻസില്‍ കറുത്ത വംശജര്‍ അല്‍പം കൂടുതലാണ്‌. 67 ശതമാനതോളം. പക്ഷെ ബാക്കിയുള്ള വെള്ളക്കാരെല്ലം എവിടെപ്പോയി?. ഇതാണ് അമേരിക്കയുടെ ചിത്രം. സമ്പത്തെല്ലാം എങ്ങോട്ടു പോകുന്നു എന്നിപ്പോള്‍ മനസിലായില്ലേ? വിലകൂടിയ കാറുകളും മറ്റു സൌകര്യങ്ങളുമൊക്കെ തൊലി വെളുത്തവര്‍ക്കു മാത്രം. പട്ടിണിപ്പാവങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സര്‍ക്കാരിന്റെ ബസ്‌ തന്നെ വേണം. കാറുളള സായിപ്പുമാരൊക്കെ കാറ്റുവരുന്നതിനു മുന്‍പ്‌ ഓടി രക്ഷപെട്ടു. വെള്ളക്കാര്‍ സുരക്ഷിതരായാല്‍ പിന്നെ ഭരണവര്‍ഗ്ഗത്തിനും പ്രശ്നങ്ങളൊന്നുമില്ലല്ലോ. പിന്നെ കാറ്റായാല്‍ എന്ത്‌ മഴയായാലെന്ത്‌. മനസിലായില്ലേ മാന്യന്മാരുടെ രാജ്യത്തിന്റെ പുറമ്പൂച്ചുകള്‍.

Advertisements

അഞ്ചാമന്‍ സെപ്റ്റംബര്‍ 5, 2005

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
2 comments

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. “കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?.” ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാന്‍‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാര്‍‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. ” പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?”. ഗാന്ധിയന്‍‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. “മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ”. യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. “തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ഛനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും”.

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു.

അല്ല്ല, ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമര്‍‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള എന്റെ ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീര്‍‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങള്‍‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.

ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ടര്‍‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുടന്‍‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധര്‍‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സര്‍‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ന്‍‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധര്‍‍ണ്ണ കഴിഞ്ഞയുടന്‍‍ ആ വൃദ്ധന്‍‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.

ഓടിയെത്തി ആ കയ്യില്‍പ്പിടിച്ചു പറഞ്ഞു. “ബാലേട്ടന്‍‍ പറഞ്ഞതു ശരിയാണ്‌. ഞാന്‍‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു” . ബാലേട്ടന്‍‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു.

ബാലേട്ടനോടു ചോദിക്കാന്‍‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍, എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നതു കാണുന്നത്?.

–കറത്താട്ട്‌ ബാലചന്ദ്രന്‍‍ പാലക്കാട്ടെ പ്രമുഖ ഗാന്ധിയനാണ്‌.

ഞാ൯ അഞ്ചാമനാണ്‌ സെപ്റ്റംബര്‍ 5, 2005

Posted by മന്‍‌ജിത് കൈനിക്കര in ഓര്‍മ്മകള്‍, കഥക്കൂട്ട്, മന്‍‌ജിത്, വൈയക്തികം.
5 comments

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ എന്റെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്ന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. “കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?.” ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാ൯‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാ൪ര്‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. ” പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?”. ഗാന്ധിയ൯‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. “മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ”. യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. “തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ചനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും”.

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു. ആല്ല ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമ൪‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള മൂത്ത ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീ൪‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങല്‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.

ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ട൪‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുട൯‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധ൪‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സ൪‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ര൯‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധ൪‍ണ്ണ കഴിഞ്ഞയുട൯‍ ആ വൃദ്ധ൯‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.
ഓടിയെത്തി ആ കയ്യില്‍ പിടിച്ചു പറഞ്ഞു. “ബാലേട്ട൯‍ പറഞ്ഞതു ശരിയാണ്‌. ഞാ൯‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു” . ബാലേട്ട൯‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു. ബാലേട്ടനോടു ചോദിക്കാ൯‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നത്‌?.

–കറത്താട്ട്‌ ബാലചന്ദ്ര൯‍ പാലക്കാട്ടെ ഒരു പ്രമുഖ ഗാന്ധിയനാണ്‌.