ഇവാനോവിന്റെ പുത്രന്‍ ഇവാനോവ് ജൂണ്‍ 28, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.2 comments
മഹാനായൊരു കളിക്കാരന്റെ പുത്രന്‍ റഫറിയായി ജനിച്ചാല്‍ എങ്ങനെയിരിക്കും? ഒരേകദേശ രൂപം ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന കുപ്രസിദ്ധമായ ഹോളണ്ട് – പോര്‍ച്ചുഗല്‍ മത്സരത്തില്‍നിന്നു ലഭിക്കും.
അച്ചടക്ക രാഹിത്യത്തിനു പേരുകേട്ട രണ്ടു ടീമുകള്‍ തമ്മിലുള്ള കളി നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടത് വലന്റൈന്‍ ഇവാനോവ് എന്ന റഷ്യക്കാരനായിരുന്നല്ലോ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മഞ്ഞയും ചുവപ്പും വീശി കളിനിയന്ത്രിച്ച ഇവാനോവിനെ ഒടുവില്‍ ലോകം മുഴുവനും, എന്തിനേറെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പോലും, കയ്യൊഴിഞ്ഞു.
ഒരാള്‍ മാത്രമേ ഇവാനോവിനെ പിന്തുണയ്ക്കാനെത്തിയുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് വലന്റൈന്‍ കോസ്മിച്ച് ഇവാനോവ്. ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ ഈ പിതാവിന്റെ പേരു പണ്ടേ പതിഞ്ഞിട്ടുണ്ട്. അറുബോറന്‍ കപ്പുകളിലൊന്നായി വിലയിരുത്തപ്പെടുന്ന 1962ലെ ചിലി ലോകകപ്പില്‍ ബ്രസീലിന്റെ വാവയ്കും ഗരിഞ്ചയ്ക്കുമൊപ്പം ടോപ് സ്കോറര്‍ പദവി അലങ്കരിച്ച കളിക്കാരനായിരുന്നു അച്ഛന്‍ ഇവാനോവ്. സോവിയറ്റ് യൂണിയന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍.
മകനെ ന്യായീകരിക്കാനെങ്കിലും മഹാനായ ഈ താരം ചൂണ്ടിക്കാട്ടിയ കാര്യം ശ്രദ്ധേയമാണ്. ഫെയര്‍ പ്ലേ എന്നു പറഞ്ഞ് റഫറിമാര്‍ക്ക് ക്ലാസെടുത്ത ഫിഫയ്ക്കുതന്നെ അതു കളിക്കളത്തില്‍ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റി വല്യ നിശ്ചയമില്ല എന്നത്രേ അച്ഛന്‍ ഇവാനോവ് പറഞ്ഞത്. “കര്‍ക്കശക്കാരാവുക” എന്ന നിര്‍ദ്ദേശവുമായി റഫറിമാരെ കളിക്കളത്തിലേക്കു പറഞ്ഞുവിട്ട ഫിഫ, പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കു ശേഷവും കാര്‍ഡുകള്‍ പുറത്തെടുക്കുന്നതിനെപ്പറ്റി ഒരു നിര്‍ദ്ദേശവും നല്‍കിയില്ല. കുറഞ്ഞ പക്ഷം വൃത്തികെട്ട കളിക്കു പേരുകേട്ട ഹോളണ്ടും തെമ്മാടിത്തരങ്ങളില്‍ ഒട്ടും പുറകിലല്ലാത്ത പോര്‍ച്ചുഗലും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോഴെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവിടണമായിരുന്നു.
ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വേദിയിലേക്ക് റഫറിമാരെ തിരഞ്ഞെടുത്തപ്പോഴും ഫിഫ പ്രത്യേക ശ്രദ്ധയൊന്നും കാട്ടിയില്ല എന്നതാണ് പല റഫറിമാരുടെയും ട്രാക്ക് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. പോയദിവസത്തെ വില്ലനായ ഇവാനോവിന്റെ കാര്യം തന്നെയെടുക്കാം. 2004ലെ യൂറോ കപ്പിലും കാര്‍ഡുകള്‍ തുരുതുരാവീശി കുപ്രസിദ്ധി നേടിയിരുന്നു ഈ റഫറി. ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍-വിയ്യാറിയല്‍ മത്സരത്തില്‍ വിയ്യാറിയലിനനുകൂലമായി സംശയകരമായൊരു പെനാല്‍റ്റി വിധിച്ചും ഇവാനോവ് വിവാദപാത്രമായിരുന്നു.
ഈ ലോകകപ്പില്‍ കാര്‍ഡുകളുടെ പെരുമഴ കണ്ട ഇറ്റലി-യു.എസ്.എ. മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ ജോര്‍ഗേ ലരിയോന്‍ഡയാകട്ടെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഉറുഗ്വേന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ശിക്ഷ ഏറ്റുവാങ്ങിയയാളുമായിരുന്നു.
ലോകമേളയ്ക്കു കളി നിയന്ത്രിക്കാനെത്തുന്നവരെ തിരഞ്ഞെടുത്തപ്പോള്‍ അത്ര ‘ഫെയര്‍’ ആയിരുന്നില്ലെന്നു സാരം.
എന്തുമാകട്ടെ ഹോളണ്ട്-പോര്‍ച്ചുഗല്‍ മത്സരം നിയന്ത്രിച്ചതുവഴി കുപ്രസിദ്ധിനേടിയ ഇവാനോവിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതു ശരിയല്ല. തെറിവിളികള്‍ക്കൊണ്ടും വംശിയ അധിക്ഷേപങ്ങള്‍ക്കൊണ്ടും കനത്ത ടാക്ലിംഗ് കൊണ്ടും എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്ന ഹോളണ്ടും സംയമനം ഒട്ടുമേയില്ലാത്ത കളിക്കാര്‍ നിറഞ്ഞ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ റഫറി നിസായഹായനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പലതും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ സൃഷ്ടിയായിരുന്നിക്കാം.
അതെന്തുമാകട്ടെ, ഫുട്ബോള്‍കളത്തില്‍ വിധികാട്ടുന്ന കോമാളിത്തരങ്ങള്‍ മാത്രം ഈ കളിക്കുശേഷം എന്നെ അല്‍ഭുതപ്പെടുത്തുന്നു. നാലു ഗോളടിച്ച് ടോപ്സ്കോറര്‍ ബഹുമതി നേടിയ ഒരു കളിക്കാരന്റെ പുത്രന്‍, നാലു ചുവപ്പുകാര്‍ഡുകളുയര്‍ത്തി കുപ്രസിദ്ധനാകുന്ന കാഴ്ച വിധിയുടെ ക്രൂരതയല്ലാതെ മറ്റെന്താണ്?
പെനാല്‍റ്റി കിക്ക് തടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഗോളിയെപ്പോലെ, കളിക്കളത്തില്‍ ദുരന്തപാത്രമാകാന്‍ എന്നും വിധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ പാവം റഫറിമാര്‍.
ദേശീ ഇന്ത്യന്‍ ഫുട്ബോള്‍ ജൂണ്‍ 24, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.12 comments
ചത്തകുതിരകളെക്കൊണ്ടെന്തു കാര്യം?
ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കാനാഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യമേ വരുന്ന ചോദ്യമിതായിരിക്കും. ഇന്ത്യയിലെ പല ജില്ലകളുടെപോലും വലുപ്പമില്ലാത്ത ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്ന രാജ്യം പോലും ലോകകപ്പിനു യോഗ്യത നേടി, മനോഹരമായി കളിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് പ്രധാന കായിക വിനോദമായ രാജ്യമാണതുമെന്നതും മറന്നുകൂടാ.
ലോകകപ്പു വേണ്ട ഫിഫയുടെ റാങ്കിംഗിലെങ്കിലും ഒരു നൂറിനുള്ളിലെത്താന്‍ ഇന്ത്യക്കാവുമോ? നമ്മുടെ മണ്ണില്‍ കളിച്ചുവളരുന്ന ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ ടീമാണെങ്കില്‍പോലും ഈ സ്വപ്നം അസാധ്യമാകുമെന്നു കരുതുകയേ നിവര്‍ത്തിയുള്ളൂ.
ഇതര ടീമുകളോടു പിടിച്ചു നില്‍ക്കാനുള്ള കായിക ക്ഷമതയോ, കുറഞ്ഞ കായിക ക്ഷമതയ്ക്ക് അനുയോജ്യമായ കേളീശൈലിയോ നമ്മുടെ ടീമിനില്ല. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ നന്നേ കുറവ്. ടീമില്‍ ഒരാള്‍ പന്തുകൊണ്ടു മുന്നേറുമ്പോള്‍ കളിക്കളത്തില്‍ നിശ്ചലരായി നില്‍ക്കുന്ന സഹകളിക്കാരെ വേറേ ഏതു ടീമില്‍ കാണാനൊക്കും?
ഏതായാലും ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധിപന്മാര്‍ മറ്റൊരുവഴി ചിന്തിക്കുകയാണ്. അതായത് ഒരു ദേശീ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്ത് ഇന്ത്യയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുക. ഇന്ത്യയില്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം വിദേശ ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെയും അണിനിരത്തുക.
പല രാജ്യങ്ങളും ഈ വഴി തേടുന്നുണ്ട്. സ്വന്തം വംശം എന്നുപോലും നോക്കാതെ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്ന രാജ്യങ്ങള്‍ ഏറെയാണിപ്പോള്‍. ജപ്പാനുവേണ്ടി കളിക്കുന്ന ബ്രസീലുകാരന്‍ അലക്സ്, പോര്‍ച്ചുഗലിന്റെ ബ്രസീലുകാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡെക്കോ എന്നിവര്‍ ഉദാഹരണം. അമേരിക്കന്‍ ടീമിലെ മിക്ക കളിക്കാരും രക്തത്തില്‍ ഫുട്ബോളിന്റെ അംശമുള്ള മെക്സിക്കോയില്‍ നിന്നു കുടിയേറിയവരാണ്. മെക്സിക്കന്‍ ടീമിലാകട്ടെ അര്‍ജന്റീനക്കാരും ബ്രസീലുകാരും സ്ഥാനം നേടിയിരിക്കുന്നു.
ഫിഫയുടെ നിയമമനുസരിച്ച് 23 വയസില്‍ താഴെയുള്ളവരുടെ ടീമുകളില്‍ മാത്രം കളിച്ച ആര്‍ക്കും ഏതു രാജ്യത്തേക്കും കൂടുമാറാം. പക്ഷേ ആ രാജ്യത്തെ പൌരത്വം നേടിയിരിക്കണം. ഇരട്ട പൌരത്വ സാധ്യതകളുള്ള മിക്ക രാജ്യങ്ങളും ഈ നിയമത്തിന്റെ ആനുകൂല്യം മുതലാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ അടുത്തിടെ പാസാക്കിയ പി ഐ ഓ(പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍) ഭേദഗതിയിലൂടെ കുറേ ദേശീ ഇന്ത്യന്‍ കളിക്കാരെ കരയ്ക്കടിപ്പിക്കാമെന്നതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കണക്കുകൂട്ടല്‍.
ഇത്രയ്കു കണക്കുകൂട്ടാന്‍ ദേശീയ ഇന്ത്യക്കാര്‍ എവിടെയെങ്കിലും ശ്രദ്ധനേടും വിധം കളിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഫ്രാന്‍സ് നിരയില്‍ ഇപ്പോള്‍ കളിക്കുന്ന വികാഷ് ദിസോരൂ ഇവരുടെ പ്രതിനിധിയാണ്. വികാഷിനു പക്ഷേ പ്രായം 32 ആയി; ഫ്രാന്‍സ് ടീമില്‍ കളിക്കുകയും ചെയ്തു.
ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഒന്നാം ഡിവിഷന്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന എബി കൊടിയാട്ട് എന്ന മലയാളിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് എബിയെ അത്ര പിടിച്ചില്ല.
അയാക്സ് ആംസ്റ്റര്‍ഡാം എന്ന ഡച്ചു ക്ലബിലൂടെ കളിച്ചുവളര്‍ന്ന കിരണ്‍ ബച്ചന്‍, ഡച്ച് രാണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രിന്‍സ് രാജ്കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ സ്വപ്നങ്ങള്‍ നെയ്യുന്നത്. വേറെയുമുണ്ട് ദേശീ താരങ്ങള്‍. ഇംഗ്ലീഷ് ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന മൈക്കല്‍ ചോപ്ര, ദക്ഷിണാഫ്രിക്കന്‍ പ്രിമീയര്‍ ലീഗില്‍ കളിക്കുന്ന ഡിലന്‍ പിള്ള, ഡച്ച് ക്ലബായ ഫെയനൂര്‍ദിന്റെ റിസര്‍വ് താരം രെഷം സര്‍ദാര്‍, ബ്രസീല്‍ മൂന്നാം ഡിവിഷനില്‍ കളിച്ചുപരിചയമുള്ള രണ്‍വീര്‍ സിംഗ് എന്നിങ്ങനെ വേറെയും ദേശീ ഇന്ത്യക്കാര്‍ വിവിധ വിദേശ ലീഗുകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.
ഇന്ത്യാക്കാരുടെ ആഗ്രഹം കൊള്ളാം. പക്ഷേ ഇവരില്‍ പലരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തയാറാകുമോ എന്നതാണു പ്രശ്നം. ഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന വമ്പന്‍ രാജ്യങ്ങളുടെ ടീമിന്റെ സൈഡ് ബഞ്ചിലിരിക്കാനാവും ഇവരില്‍ പലരും ഇഷ്ടപ്പെടുക. മൈക്കല്‍ ചോപ്രയേയും കിരണ്‍ ബച്ചനെയുമെങ്കിലും കിട്ടിയാല്‍ മതിയാരുന്നു.
ഏതായാലും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വപ്നങ്ങള്‍ നെയ്യുകയല്ലേ. ഒപ്പം നമുക്കും നെയ്യാം കുറേ സ്വപ്നങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ എന്നെങ്കിലും കളിക്കുമെന്ന സ്വപ്നം.
ഇനി വല്യ കുഴപ്പമില്ലാത്ത ഈ ആശയം ഇന്ത്യന്‍ ഫുട്ബോള്‍ ഭരണാധികാരികളുടെ തലയിലുദിച്ചതാണോയെന്നു സംശയിക്കേണ്ട. കളിയേയും ടീമിനെയും മെച്ചപ്പെടുത്തുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണല്ലോ.
ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഫെഡറേഷന് ഈ ആശയം നല്‍കിയത്. ദേശീ കളിക്കാരെ തെരഞ്ഞുപിടിച്ചതും അവര്‍തന്നെ.
സ്വന്തം മണ്ണിലെ ഫുട്ബോള്‍ താല്പര്യംപൂര്‍വം നിരീക്ഷിക്കുന്ന ഈ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. പത്രങ്ങള്‍ നമ്മുടെ ദേശീയ ലീഗുപോലും കവര്‍ ചെയ്യാന്‍ മടിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ സമാഹരിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.
അട്ടിമറി ജൂണ്‍ 19, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.6 comments
പന്തുരുണ്ടുതുടങ്ങിയിട്ടു ദിവസങ്ങള്‍ കുറേയായി. എന്നാലും പ്രതീക്ഷകളെ തകിടം മറിക്കുന്നൊരു കളി ഇന്നാണു കണ്ടത്. അതെ, കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഒരട്ടിമറി. കഴിഞ്ഞ ലോകകപ്പില്‍ തുടക്കം മുതല്‍കണ്ട കറുത്ത കുതിരകളുടെ തേരോട്ടം ഇത്തവണ അല്‍പം വൈകിയെന്നുമാത്രം.
എനിക്കേറെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ഘാന അട്ടിമറിച്ച ചെക് റിപബ്ലിക്. പക്ഷേ, ആ കളിയില്‍ ചെക് റിപബ്ലിക് ജയിക്കാന്‍ പാടില്ല എന്നതാണു സത്യം. ഇതു പറഞ്ഞപ്പോള്‍ എന്റെ അടുത്ത സുഹൃത്ത് സംശയവുമായി വന്നു. ഘാനയ്ക്കു കിട്ടിയ കാര്‍ഡുകളുടെ എണ്ണമെടുത്താല്‍ അവര്‍ കളിച്ചതു മനോഹരമായ ഫുട്ബോളാണെന്നു പറയാനാകുമോ? ശരിയാണ്, ഒറ്റനോട്ടത്തില്‍ ഘാനയുടെ പരുക്കന്‍ അടവുകളായിരിക്കാം ചെക് റിപബ്ലിക്കിനെ അമ്പരിപ്പിച്ചത്. പക്ഷേ ഒരു കണക്കുകൂട്ടലുകളുമില്ലാതെ കളിച്ച ചെക് പ്രതിരോധനിരയെ എങ്ങനെ ന്യായീകരിക്കും? പലപ്പോഴും ഘാനയുടെ മുന്നേറ്റം തടയാന്‍ ഒരാളേയുള്ളായിരുന്നു. ഗോളി പീറ്റര്‍ ചെക്. ചെക്കിന്റെ കൈകളില്ലായിരുന്നെങ്കില്‍ നെവദിന്റെയും കൂട്ടരുടെയും തോല്‍വി അതിദയനീയമാകുമായിരുന്നു.
1990 മുതല്‍ ലോകകപ്പിന്റെ ഒഴുക്കിനെ വഴിതിരിച്ചുവിടുന്ന സാന്നിധ്യമാണ് ആഫ്രിക്കന്‍ ടീമുകള്‍. വന്യമായ കരുത്തും എതിരാളികള്‍ക്കു പിടികിട്ടാത്ത ശൈലിയുമായി വരുന്ന അവര്‍ ജാലവിദ്യകള്‍ കാട്ടുന്നതില്‍ അല്‍ഭുതമില്ല. ആഫ്രിക്കയില്‍ നിന്നുവരുന്ന പുലികളെ നേരിടാന്‍ വ്യക്തമായ ഗെയിം പ്ലാനുകളില്ലാതെ വരുന്ന ടീമുകളാണ് പരാജയപ്പെട്ടു പോകുന്നത് എന്നുള്ളതും മറക്കേണ്ട. ചെക് റിപബ്ലിക്കിനു പറ്റിയതും അതു തന്നെ.
പ്രതിരോധത്തിലൂന്നി കളിച്ച ശേഷം പന്തിനൊപ്പം കുതിച്ചെത്താനുള്ള ഘാനാ കളിക്കാരുടെ കഴിവും പന്തുകൊണ്ടു കുതിക്കുമ്പോള്‍ തടുത്തുനിര്‍ത്താന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങളും കണ്ടുപഠിക്കാതെ, വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ചെക് നിര കളത്തിലെത്തിയതെന്നു വ്യക്തം. ഒന്നും വേണ്ട 2001ലെ ലോക യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായ ടീമിലെ കളിക്കാരാണ് തങ്ങള്‍ക്കെതിരെ കളിക്കാനെത്തുന്നതെന്ന സത്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.
ആഫ്രിക്കന്‍ കരുത്തിനെ എങ്ങനെ നേരിടണമെന്ന് ടൂര്‍ണമെന്റിന്റെ ആദ്യ ദിവസങ്ങളില്‍ അര്‍ജന്റീന കാട്ടിത്തന്നിരുന്നു. തിണ്ണമിടുക്കിനെ തിണ്ണമിടുക്കുകൊണ്ടു നേരിടുക. സ്വതസിദ്ധമായ ഗോള്‍ദാഹം ജേഴ്സിക്കുള്ളിലൊളിപ്പിച്ച് എതിരാളികളെ വരിഞ്ഞുകെട്ടുക എന്നതാണ് അര്‍ജന്റീന ഐവറി കോസ്റ്റിനെതിരെ സ്വീകരിച്ച തന്ത്രം. അതുകൊണ്ടു തന്നെ പരുക്കനടവുകളുടെ കാര്യത്തില്‍ ആക്രമണ ഫുട്ബോള്‍ കളിക്കുന്ന അര്‍ജന്റീന ഐവറീ കോസ്റ്റിനെ കടത്തിവെട്ടി. കളികഴിയുമ്പോള്‍ ഫൌളുകളുടെ എണ്ണത്തേക്കാള്‍ ഗോളുകളുടെ എണ്ണവും വിജയികളുടെ ചിരിയുമായിരിക്കുമല്ലോ ശ്രദ്ധിക്കപ്പെടുക. ഈ പരുക്കന്‍ ശൈലി കളത്തിനു പുറത്തിട്ടാണ് അര്‍ജന്റീന രണ്ടാം മത്സരത്തിനെത്തിയതെന്നും ശ്രദ്ധിക്കുക.
ഘാനയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യകളിയില്‍ ഇറ്റലിയും ഇങ്ങനെ ‘ആക്രമണ ഫുട്ബോളാണു പുറത്തെടുത്തത്. എതിരാളികളുടെ കാലില്‍ പന്തു കുടുങ്ങാതിരിക്കാന്‍ അല്പം കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അവരും ജയിച്ചു കയറി.
ഇതൊന്നും കണ്ടു പഠിക്കാതെ ആഫ്രിക്കന്‍ പുലികളെ മെരുക്കാനെത്തിയ ചെക് റിപബ്ലിക് ആ തോല്‍വി അര്‍ഹിച്ചതു തന്ന. അമേരിക്കയ്ക്കെതിരെ കണ്ട ചെക്കിന്റെ നിഴലായിരുന്നു ഇന്നലെ അവര്‍ക്കായി കളത്തിലിറങ്ങിയത്.
പന്തുരുളുമ്പോള്‍ ജൂണ്‍ 8, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.14 comments
പന്തുരുളാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അപ്പോഴെങ്കിലും ഒരു കളിപ്രേമി അവന്റെ ബൂലോക താളില്‍ ഒരംശം പന്തു തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.
പത്തു വയസുള്ളപ്പോള്‍ കൂടെക്കൂടിയതാണ് കാല്‍പ്പന്തു പ്രേമം. 1986ലെ ലോകകപ്പോടെ. അന്നു വീട്ടില്‍ പത്രം ദീപിക. അക്കാലത്ത് ഏറ്റവും മനോഹരമായി സ്പോര്‍ട്സ് പേജ് കൈകാര്യം ചെയ്തിരുന്നത് അവരാണ്. ലോകകപ്പിനോടനുബന്ധിച്ച് അവര്‍ പുറത്തറിക്കിയ ലേഖനങ്ങളും നാലു പേജു സപ്ലിമെന്റുകളുമൊക്കെ ടി വിയില്‍ കളികണ്ടിട്ടു പോലുമില്ലാത്ത എന്നെപ്പോലും കൊതിപ്പിക്കാന്‍ പോന്നതായിരുന്നു.
ഭാഗ്യത്തിന് അത്തവണത്തെ ഫൈനല്‍ മാത്രം ചെറുചതുരത്തില്‍ കാണാനൊത്തു. ഫുട്ബോളിന്റെ വായിച്ചറിഞ്ഞ സൌന്ദര്യം ആദ്യമായി ‘നേരിട്ടുകണ്ട’ നിമിഷം. 1986-ല്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച പോപ്പിനും പ്രത്യേകം നന്ദി പറയണം. അതുകൊണ്ടാണല്ലോ നാട്ടില്‍ കുറച്ചുപേരെങ്കിലും ടെലിവിഷന്‍ എന്ന കോപ്പു വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ലോകകപ്പെന്നല്ല, ഒട്ടുമിക്ക രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഈയുള്ളവന്‍.
മൊത്തത്തില്‍ നോക്കുമ്പോള്‍ 1986-ല്‍ ഞാന്‍ വായിച്ചും ഒടുവില്‍ വിഢിപ്പെട്ടിയില്‍ കണ്ടും അനുഭവിച്ച ഫുട്ബോളിന്റെ സൌന്ദര്യം പിന്നീടൊരു ലോകകപ്പിലും കാണാനൊത്തില്ല. അര്‍ജന്റീന ജേതാക്കളായതുകൊണ്ടാണോ അതെന്നു ചോദിച്ചാല്‍ അല്ല.
എന്റെ നോട്ടത്തില്‍ ഫുട്ബോളിന്റെ കളിനിലവാരം താഴാന്‍ തുടങ്ങിയത് 86ലെ ലോകകപ്പിനു ശേഷമാണ്. ഇതിനുശേഷമാണ് ലോകോത്തര താരങ്ങളെല്ലാം ക്ലബ് ഫുട്ബോളിന്റെ പണക്കൂത്തിലേക്ക് കൂപ്പുകുത്തുന്നത് എന്നെനിക്കു തോന്നുന്നു. ഫലമോ മിക്ക ടീമുകല്‍ക്കും തദ്ദേശീയമായ കേളീശൈലി നഷ്ടപ്പെട്ടു തുടങ്ങി.
ഉദാഹരണത്തിന് ബ്രസീലിന്റെ സാംബാ താളത്തിനൊപ്പമുള്ള കേളീശൈലി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അങ്ങനെയൊരു ശൈലിയില്‍ ബ്രസീല്‍ കളിച്ച അവസാന ലോകകപ്പാണ് 1986ലേത്. കേരളത്തിലെ കളിപ്രേമികളുടെ മനസില്‍ ഫുട്ബോള്‍ അടിവരയിട്ടു സ്ഥാനം പിടിച്ചത് മെക്സിക്കോ ലോകകപ്പിലെ ഈ തനതു ശൈലികളുടെ സമ്മേളനവും ഗാലറികളെ ആവേശഭരിതമാക്കിയ മെക്സിക്കന്‍ തിരമാലകളുമാണ്.
ഒന്നോര്‍ക്കണം, 1986-ല്‍ ജര്‍മ്മനിക്കെതിരേ ഫൈനല്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ ‘ഫുട്ബോള്‍ ദൈവം’ മറഡോണയും വാള്‍ദനോയുമൊഴികെ ഭൂരിഭാഗവും അവരുടെ ക്ലബ് ഫുട്ബോള്‍ ജീവിതം ചെലവഴിച്ചത് ലാറ്റിനമേരിക്കന്‍ മണ്ണില്‍ത്തന്നെയായിരുന്നു. എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ഫുട്ബോളിന്റെ സൌന്ദര്യം അവരുടെ കാലുകളില്‍ നിറഞ്ഞു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ല.
1990ലെ ലോകകപ്പെത്തിയപ്പോള്‍ നേരെതിരിച്ചായി കാര്യങ്ങള്‍. അര്‍ജന്റൈന്‍ ടീമില്‍ അത്തവണ ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ വിരളമായിരുന്നു(എങ്കിലും തപ്പിത്തടഞ്ഞവര്‍ ഫൈനല്‍ വരെയെത്തിയത് വേറേ കാര്യം).
പിന്നീടുള്ള ലോകകപ്പുകളൊക്കെ കാണുമ്പോള്‍ ഒരു സത്യം മനസില്‍ തെളിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളും ഏറ്റവും മികച്ച കളിക്കാരും ഏറ്റുമുട്ടുന്ന വേദിയാണ് ഇതെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ ക്ലബ് ഫുട്ബോളില്‍ കളിച്ചു തളര്‍ന്ന് ചണ്ടിക്കുതുല്യമായ കളിക്കാരുടെ സമ്മേളനം മാത്രമാണിത്.
ഫുട്ബോളിന്റെ ഏറ്റവും സൌന്ദര്യാത്മക ശൈലിയില്‍ കളിക്കുന്ന ടീമുകളാണല്ലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത്. സ്വാഭാവികമായും ഏറ്റവുമധികം താരങ്ങള്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ വിരസ ശൈലിയിലേക്കു പറിച്ചു നടപ്പെടുന്നതും ഇവിടെ നിന്നാണ്. ഒരുദാഹരണമെടുത്താല്‍ ഇത്തവണ ലോകകപ്പിനെത്തുന്ന ബ്രസില്‍, അര്‍ജന്റൈന്‍ ടീമംഗങ്ങളെല്ലാവരും ആദ്യമായി ഒത്തു ചേരുന്നത് ലോകകപ്പിന്റെ വേദിയിലായിരിക്കും. അതിനു തൊട്ടുമുന്‍പു വരെ യൂറോപ്പിലെ പല ക്ലബുകളിലായി കളിച്ചു തളര്‍ന്ന് പരസ്പരം അറിയാതെ എത്തുന്നു കളിക്കാരുടെ കൂട്ടമാണീ ടീമുകള്‍.
ഈ ക്ലബ് ഫുട്ബോള്‍ കൊലപാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികാളാണ് യഥാര്‍ത്ഥത്തില്‍ അര്‍ജന്റൈന്‍ ടീം. 1970കള്‍ മുതല്‍ ലോക യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണവരുടേത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകളാകുന്ന യൂത്തന്മാരെ അപ്പൊള്‍ത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ റാഞ്ചി വരിയുടയ്ക്കുന്നതാണിതിനു കാരണമെന്ന് നിസ്സംശയം പറയാം.
അപ്പോള്‍ പറഞ്ഞുവരുന്നത്, ഈ ലോകകപ്പിലും എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും ഏറെയുണ്ടെങ്കിലും അവര്‍ക്കൊക്കെ എത്രകണ്ടു ശോഭിക്കാനാകുമെന്ന് എനിക്കറിയില്ല.
താരനിബിഡമായ ടീമുകളേക്കാള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു എന്ന മേന്മ മാത്രമുള്ള പുതുടീമുകള്‍ അട്ടിമറി സൃഷ്ടിച്ച് ശ്രദ്ധേയരാകുന്നു എന്നതാണ് ഇതുപോലെയുള്ള കപ്പുകള്‍ക്കൊണ്ടുള്ള മെച്ചം. അത്തരം അട്ടിമറികളോടെ അവരും ക്ലബ് ഫുട്ബോളിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്നു; കളിച്ചു മരിക്കുന്നു. പോയ ലോകകപ്പിലെ അട്ടിമറി വീരന്മാര്‍ സെനഗല്‍ ഉദാഹരണം. ഇത്തവണ അവര്‍ യോഗ്യത നേടിയിട്ടുപോലുമില്ല!
കാര്യമിതൊക്കെയായാലും ലോകകപ്പല്ലേ. ടി വിക്കു മുന്നില്‍ കുത്തിയിരിക്കാന്‍ ഞാനുമുണ്ട്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കളികാണാനാണ് ഏറ്റവുമിഷ്ടം. പിന്നെ സുന്ദരമായ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍, ചെക് റിപബ്ലിക് എന്നീ യൂറോപ്യന്മാരുടെ കളിയും. അര്‍ജന്റീനയ്ക്കും ബ്രസീലിനും കൈമോശം വന്ന ശൈലി നടപ്പാക്കുന്ന ടീമുകളാണിവ.
പിന്നെ ആഫ്രിക്കയിലെ കറുത്ത മുത്തുകള്‍ കളിക്കളത്തില്‍ നടത്തുന്ന പൊരിഞ്ഞ പോരാട്ടങ്ങളും കാണാനെനിക്കു കൊതിയുണ്ട്.
എല്ലാമായാല്‍ ലോകകപ്പായി. അപ്പോള്‍ ഇനി ജീവിതം 27 ഇഞ്ചു പെട്ടിക്കു മുന്നില്‍ത്തന്നെ.
കടവുളേ, കാപ്പാത്തുങ്കോ!
ബ്ലോഗിങ് ഇന്‍ ഗള്‍ഫ് മേയ് 26, 2006
Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.5 comments
എന്റെ നോട്ടത്തിലിവിടെ വൈകിട്ടൊരു 10 മണി മുതല്‍ പിറ്റേന്നു രാവിലെ എട്ടു മണി വരെയാണു (ഏകദേശം ഗള്‍ഫിലെ ഓഫീസ് സമയം) ബ്ലോഗിലെ ഉത്സവ സമയം. ഈ സമയത്തു നിങ്ങള്‍ ഗള്‍ഫന്മാരും ഇന്‍ഡ്യന്‍ ബ്ലോഗര്‍മാരും കൂടി അര്‍മാദിച്ചാറാടുകയല്ല്യോ ബ്ലോഗില്‍ ?
എന്തരെല്ലാം കലാപരിപാടികളാ ആ സമയത്തു പല സ്റ്റേജുകളിലായി നടക്കണത് ? ആശംസാ പ്രസംഗം, അനുമോദന യോഗങ്ങള്‍, യാത്രയയപ്പിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം, ഓണ്‍ലൈന്‍ വിഷു സദ്യയും കണിയും, പെട്ടെന്നെഴുതി തീര്‍ത്തതൊക്കെ പതുക്കെ വായിച്ച്, വീണ്ടും വരികള്‍ക്കിടയില്‍ വായിച്ച്, പിന്നെയും പല ആവര്‍ത്തി വായിച്ച്, വിശാലന്റെ എരുമപ്പുറത്തുള്ള യാത്ര കണ്ട്, വക്കാരിയേ എണ്ണ തേച്ചു കുളിപ്പിച്ച്, വക്കാരിയോടൊപ്പം വെള്ളത്തില്‍ കളിച്ച്, എലയട ഉണ്ടാക്കി തിന്ന്, നിണമണിഞ്ഞ സാമ്പാറുണ്ടാക്കി വിളമ്പി, ഇടക്കു ദഹനക്കേടുണ്ടാകാതിരിക്കാന്‍ ഇഞ്ചിനീരൊക്കെ കുടിച്ച്, ദേഹാസ്വാസ്ഥ്യം ഉള്ളവര്‍ ദേവന്‍ ഡോക്ടറുടെ ഉപദേശം തേടി, അരവിന്ദന്റെ പേരു ഗസറ്റില്‍ പബ്ലിഷ് ചെയ്തു മുഴുവിന്ദനാക്കി, ശ്രീജിത്തരങ്ങള്‍ വായിച്ച്, ഇലക്ഷന്‍ റിസല്‍റ്റിനൊപ്പം ലൈവായി പടക്കം പൊട്ടിച്ചാഘോഷിച്ച്, കലേഷുകുട്ടിയുടെ കല്യാണ മുഹൂര്‍ത്തത്തില്‍ വായ്ക്കുരവയിട്ട്, റിംഗ് റ്റോണിന്റെ ലൈവ് അപ്ഡേറ്റുകള്‍ തന്ന്, കല്യാണാചെക്കന്റെ കമന്റ് ഡബ്ബിള്‍ സെഞ്ചുറിയിലെത്തിച്ച്, ഇന്ദുവിന്റെ പാട്ടു ജോയുടെ ശബ്ദത്തില്‍ പാടികേട്ടുറക്കം തൂങ്ങി, കുമാര്‍ജിയുടെ ചുവപ്പും പച്ചയുമുത്സവങ്ങളും കണ്ട്, വിന്നിമാരാകാന്‍ വിധിക്കപെട്ട മാലിനിമാര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്, അങ്ങനെയങ്ങനെ ജോറായിട്ടടിച്ചു പൊളിക്കുവല്ലേ നിങ്ങള്‍ ?
പിന്നെ ഇടയ്ക്കു ബോറടിക്കാതിരിക്കാന്‍ മേമ്പൊടിക്കല്‍പം അടിയോടടി, കൂമ്പിനിട്ടിടി, തോണ്ടല്, ചൊറിയല്, കോനയടി, പാരപണിയല്, കിറിക്കിട്ടു കുത്തല്, ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ മേടിക്കല്, കൂട്ടത്തല്ല്, ഒളിയെമ്പെയ്യല്, പല്ലെട കുത്തി നാറ്റിക്കല്, കൈകൊട്ടിക്കളി, വേലിയിലിരിക്കണ പാമ്പിനെയെടുത്തു തോളേല്‍ ചുറ്റല്, പടിയടച്ചു പിണ്ഡം വക്കല് തുടങ്ങിയ ചിലതൊക്കെ കമേര്‍സിയല്‍ ബ്രേക്കിന്റെ നേരത്തും.
പക്ഷേ അതൊക്കെയില്ലെങ്കില്‍ പിന്നെ ഭൂലോകം ചുമ്മാ നിങ്ങടോടത്തെ മരുഭൂമി പോലെയായി പോവൂല്ലേ ? …ഇതിന്റെയൊന്നുമൊരു തല്‍സമയ പ്രക്ഷേപണം കാണാന്‍ യോഗമില്ലല്ലോ എന്റെ പുണ്യാളച്ചോ എന്നു നേടുവീര്‍പ്പിട്ടു രാവിലെ വന്നൊന്നര മണിക്കൂറു കുത്തിയിരുന്നു കമന്റുകള്‍ വായിച്ചു സായൂജ്യമടയും ഞാന്‍. സത്യമായിട്ടും എനിക്കു നിങ്ങള്‍ ഗള്‍ഫന്മാരോടാണു കുശുമ്പ്. കുശുമ്പു മൂത്തിട്ടെന്റെ ജോലി സമയമൊന്നു മാറ്റിയിരുന്നെങ്കില്‍, രാത്രി ജോലി വല്ലോം കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ കൂടെ ഒന്നു പൊടി പൊടിക്കാമാരുന്നല്ലോന്നു വരെ കൊതിച്ചു പോകാറുണ്ടു ഞാന്‍.
*താര എന്ന ബ്ലോഗത്തിയുടെ കഥക്കൂട് എന്ന ബ്ലോഗില്‍ കുറുമാന്‍ എന്ന ബ്ലോഗനു നല്‍കിയ ഓഫ് ടോപിക് മറുപടിയാണിത്. അന്നമ്മച്ചി മരിച്ചതോടെ താരയേയും താരയുടെ ബ്ലോഗിനെയും ഒരുമിച്ചു കാണാതായി. ഇതിതേതായാലും ഇവിടെക്കിടക്കട്ടെ.
ബ്ലോഗ്‌സ്വര, മനോരമ ലേഖനം മേയ് 22, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.62 comments
സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ ‘ബ്ളോഗ്സ്വര’
കെ. ടോണി ജോസ്
കോട്ടയം: സൈബര്‍ സ്പേസില്‍ അപൂര്‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു ‘ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.
ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.
ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.
‘പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.
ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന – നരേന്ദ്രന്‍, സംഗീതം – ഹരീഷ്, ആലാപനം – ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന – ജ്യോതിസ്, സംഗീതം – സദാനന്ദന്‍, ആലാപനം – വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും – എന്‍. വെങ്കിടു, ആലാപനം – ജോയും രാധികയും), ഉൌയലാടുന്നേ (രചന – ഇന്ദു, സംഗീതം – ജോ, ആലാപനം – മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.
പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.
വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.
യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. ‘ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.
കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.
സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.
:ടോണിക്കു നന്ദി.
മൂന്നു സഹോദരിമാരും എന്റെ ജീവിതവും മേയ് 21, 2006
Posted by മന്‍ജിത് കൈനിക്കര in ഓര്‍മ്മകള്‍, മന്‍ജിത്.36 comments
മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.
തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാനാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.
“സാറേ ഒരുഗ്രന്‍ സ്റ്റോറി”
തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.
കുഷ്ടരോഗികളോ? ഇക്കാലത്തോ?.
ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.
പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.
ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.
തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.
കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.
“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”
വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.
ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.
മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.
ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…
ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.
ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.
ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.
മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.
പഫ്സു വന്നു വിളിച്ചപ്പോള്‍ മേയ് 20, 2006
Posted by കുട്ട്യേടത്തി|Kuttyedathi in ചിത്രശാല, വൈയക്തികം, സുജ.12 comments











