jump to navigation

മാതൃഭൂമിയുടെ ബ്ലോഗ് ലേഖനം വായിക്കാത്തവര്‍ക്കായ് മേയ് 8, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
37 comments
എഴുത്തിന്റെ പുതിയ ലോകം തുറന്ന്‌ മലയാളം ബ്ലോഗുകള്‍

ചെന്നൈ: വെബ്‌ലോകത്തിലെ പുതിയ അതിഥിയുടെ ചുവടുകള്‍ കൂടുതല്‍ ഉറച്ചുകൊണ്ടിരിക്കുകയാണ്‌. ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലെ പുതിയ അധ്യായമായ ബ്ലോഗുകളുടെ പ്രചാരം ഇന്ന്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഒരു വ്യക്തിയുടെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കുവാനും അത്‌ മറ്റുള്ളവരുമായി പങ്കുവെക്കുവാനും വേണ്ടിവന്നാല്‍ ഒരു ചര്‍ച്ചാവിഷയമാക്കുവാനുമുള്ള വിനിമയത്തിന്റെ പുതിയ ലോകം-അതാണ്‌ ബ്ലോഗുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇംഗ്ലീഷ്‌ ബ്ലോഗുകളുടെ ചുവടുപിടിച്ച്‌ മലയാളം ബ്ലോഗുകളും രംഗപ്രവേശം ചെയ്യുന്നുവെന്നതാണ്‌ കൌതുകകരമായ വസ്തുത.

ചെന്നൈയിലെ ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ വെബ്‌ ദുനിയയിലെ സീനിയര്‍ കണ്ടന്റ്‌ കണ്‍സള്‍ട്ടന്റ്‌ ബെന്നി ജോസഫിന്റെ അഭിപ്രായത്തില്‍, ഏപ്രില്‍ മാസം വരെയുള്ള കണക്കനുസരിച്ച്‌ മലയാളത്തില്‍ ഇരുനൂറ്റമ്പതോളം ബ്ലോഗുകള്‍ നിലവിലുണ്ട്‌. അതില്‍ ഒട്ടുമുക്കാലുംതന്നെ കേരളത്തിനു പുറത്ത്‌ ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരുടേതാണെന്ന വസ്തുത ശ്രദ്ധേയമാണ്‌.

സാഹിത്യം, വികസനം, പൊതുതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങളായാലൊക്കെയും തന്നെ, അവരുടെ കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും വായനക്കാര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്നുള്ളത്‌ ബ്ലോഗിന്റെ വര്‍ധിച്ചു വരുന്ന പ്രചാരത്തിന്‌ തെളിവാണ്‌.

വായനക്കാരന്റെ സ്വതന്ത്രമായ ഇടപെടലുകളാണ്‌ ബ്ലോഗിനെ പത്രമാധ്യമങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തമാക്കുന്ന ഘടകം. എഴുത്തുകാരന്റെ ചിന്തകളോട്‌ ഏറ്റവും വേഗത്തില്‍ സംവദിക്കാന്‍ അവര്‍ക്കു കഴിയുന്നു. അങ്ങനെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒട്ടും അകലമില്ലാതെ ഒരു വിശകലനം ബ്ലോഗുകളില്‍ സാധ്യമാണ്‌.

ആരെയും ആശ്രയിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‌ ഇതിലൂടെ കഴിയുന്നു. സ്ഥലപരിമിതി ഒട്ടുംതന്നെ പ്രശ്നമല്ലാത്ത ഈ പുതിയ എഴുത്തിന്റെ ലോകത്ത്‌ എഴുത്തുകാരന്‌ ധാരാളം സ്വാതന്ത്ര്യം ലഭിക്കുന്നു.

പത്രമാധ്യമങ്ങളെക്കാള്‍ ആശയവിനിമയത്തിനുള്ള സാധ്യത ബ്ലോഗുകളില്‍ കൂടുതലാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിനാല്‍ വിശ്വാസ്യതയുടെ പ്രശ്നം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌.

ഗള്‍ഫ്‌ മലയാളികളാണ്‌ കൂടുതല്‍ ബ്ലോഗുകള്‍ തുറക്കുന്നത്‌. അതിനു പിന്നിലായി അമേരിക്കയിലെ മലയാളികളുമുണ്ട്‌. മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ കേരളത്തില്‍ നിന്നുള്ള ബ്ലോഗുകളില്‍ കൂടുതലും വരുന്നതെന്നാണ്‌ ബെന്നിയുടെ കണ്ടെത്തല്‍. ഏകദേശം പതിമൂന്നോളം ബ്ലോഗുകള്‍ മലപ്പുറംകാരുടേതായുണ്ട്‌.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായിട്ടാണ്‌ ബ്ലോഗുകള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. തൃശ്ശൂരിലുള്ള ജോ എന്നു വിളിക്കുന്ന ജോസഫ്‌ എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ ‘മലയാണ്മ’യാണ്‌ മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌. മലയാള ബ്ലോഗ്‌ കൂട്ടായ്മയെ ബ്ലോഗ്‌ ഉലകം എന്നാണ്‌ വിളിക്കുന്നത്‌. ആദ്യത്തെ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ദാതാവായ എഴുപതുകാരന്‍ ജോസഫ്‌ തുടങ്ങി പതിനഞ്ചുകാരന്‍ അനീസ്‌ വരെ മലയാള ബ്ലോഗിന്റെ എഴുത്തുകാരാണ്‌.

യൂനികോഡ്‌ എന്ന മലയാളത്തിലെ യൂണിവേഴ്‌സല്‍ ഫോണ്ടിന്റെ വരവോടെയാണ്‌ മലയാള ബ്ലോഗുകളുടെ സാധ്യത വര്‍ധിച്ചത്‌. ഏതൊരാള്‍ക്കും വെറും മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ ഒരു മെയില്‍ ഐ.ഡി. ഉണ്ടാക്കാവുന്ന ലാഘവത്തോടെ ഒരു ബ്ലോഗ്‌ തുടങ്ങാനാകും. ബ്ലോഗ്‌ സ്പോട്ട്‌ ആണ്‌ ഒരു ബ്ലോഗ്‌ ക്രിയേറ്റ്‌ ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എന്തും പങ്കുവെക്കാവുന്ന നല്ല സുഹൃത്ബന്ധങ്ങള്‍ ലഭിക്കുന്നുവെന്നതാണ്‌ ബ്ലോഗിന്റെ മറ്റൊരു ഗുണമെന്നതാണ്‌ സ്വന്തം ബ്ലോഗിലൂടെയുള്ള അനുഭവത്തില്‍നിന്ന്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന കലേഷിന്റെ അഭിപ്രായം. ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐ.ടി. മേഖലയില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ വളരാന്‍ സാധ്യതകള്‍ ഏറെയാണ്‌. ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ബ്ലോഗുകളുടെ സുവര്‍ണകാലത്തിന്‌ ഇനി അധികദൂരമില്ല.

:മാതൃഭൂമി ലേഖനം ചെന്നൈ എഡിഷനില്‍ മാത്രമേ വന്നിട്ടുള്ളൂ. കൂടുതല്‍ വിശദമായൊരെണ്ണം അണിയറയിലുണ്ട്.