അപ്രസക്തന്‍ ഏപ്രില്‍ 29, 2006
Posted by മന്‍ജിത് കൈനിക്കര in കഥ.12 comments
ഷോപ്‌വൈസ് കാര്‍ഡും പിടിച്ചാണിന്നലെ അത്താഴത്തിനിരുന്നത്. ഒരു പ്രതലത്തില്‍ ദ് ലോസ്റ്റ് എന്ന നരച്ച ഓര്‍മ്മപ്പെടുത്തല്‍.
“സ്റ്റീവ് ലൂയിസ്. ഇപ്പോള്‍ പ്രായം 45. 1980 മേയ് 25നു കൊളറാഡോയിലെ ലേക്ക് വുഡ് സിറ്റിയില്‍നിന്നും കാണാതായി. കാണാതായപ്പോഴുള്ള ചിത്രം ഇടതു വശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയറാക്കിയ ഇപ്പോഴത്തെ ഏകദേശ രൂപം വലതുവശത്ത്. കണ്ടുമുട്ടുന്നവര്‍ ഞങ്ങളെ വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ ഇരുപത്തയ്യായരത്തി മുന്നൂറ്റി എഴുപത്തെട്ടുപേരെ ഉറ്റവര്‍ക്കു തിരിച്ചു കിട്ടിയിരിക്കുന്നു.”
രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍പും, ശേഷവും!
“ഈ നോട്ടീസുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?”
“25 വര്‍ഷങ്ങള്‍ അയാളുടെ രൂപത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കില്ല?. അതു കമ്പ്യൂട്ടര്‍ വരയ്ക്കുന്നതു പോലെയാകണമെന്നുണ്ടോ?”
“അല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?”
അത്താഴച്ചൂടിനൊപ്പം ഭാര്യ പിന്നെയും പ്രസക്തമാണെന്ന് അവള്‍ക്കു തോന്നുന്നു ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം പറഞ്ഞവയൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ സംശയം എന്റെ മനസിന്റെ കാലചക്രങ്ങളെ മുന്നോട്ടു കറക്കി.
“25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?”
കാര്‍ഡില്‍ നിന്നും സ്റ്റീവ് ലൂയിസിനെ ഇളക്കിമാറ്റി വെളുത്ത ചതുരങ്ങള്‍ക്കുള്ളില്‍ ഞാനൊരു നാല്പതു വയസുകാരന്റെ ചിത്രം വരച്ചു. ശൂന്യമാക്കപ്പെട്ട വലത്തേ ചതുരത്തിലൂടെ ഞാന്‍ കാലത്തെ മുന്നോട്ടു നോക്കി.
കാലമിപ്പോള്‍ 2041 ഏപ്രില്‍ 25. ഏതോ മലയാളി കുടുംബം അത്താഴത്തിനിരിക്കുന്നു. അല്പം മുതിര്‍ന്നതെന്നു തോന്നിക്കുന്ന പുരുഷന്റെ കയ്യില്‍ ഷോപ്‌വൈസ് കാര്‍ഡുണ്ട്. അതല്‍പ്പം ഉച്ചത്തില്‍ വായിക്കയാണയാള്‍.
“മന്‍ജിത് ജോസഫ്. ഇപ്പോള്‍ പ്രായം 65. 2016 മേയ് 25നു ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ സ്റ്റിറ്റിയിലുള്ള വീടിന്റെ മുറ്റത്ത് , മരച്ചുവട്ടില്‍ ബ്ലോഗ് എഴുതിയിരിക്കെ അപ്രത്യക്ഷനായി. കാണാതാകുമ്പോഴുള്ള രൂപം ഇടതുവശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയാറാക്കിയ ഇപ്പോഴത്തെ രൂപം വലതു വശത്ത്. തിരിച്ചറിയുന്നവര്‍ ദയവായി വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ 30, 45, 134 പേരേ കണ്ടെത്തിയിട്ടുണ്ട്!”.
“ബ്ലോഗെഴുതുന്നതിനിടയില്‍ കാണാതാകയോ? ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാം”.
“ആരു തട്ടിക്കൊണ്ടുപോകാന്‍?”
“നാല്പതാം വയസില്‍ വീട്ടുമുറ്റത്തിരുന്നു ബ്ലോഗെഴുതുന്നവനെ ഇവിടെ അമേരിക്കയില്‍ ആര്‍ക്കു വേണം?”
“തനിയെ എവിടെയെങ്കിലും പോയതാവാം. ഈ ഉന്മാദം എന്നൊക്കെ കേട്ടിട്ടില്ലേ. വല്ലതും എഴുതുന്നവന്മാര്‍ക്കൊക്കെ അതിത്തിരി കൂടുതലാ.”- തീന്‍മേശയുടെ വലതു വശത്തിരുന്ന ചെറുപ്പക്കാരനാണതു പറഞ്ഞത്.
“ശരിയാ, അയാള്‍ടെ ബ്ലോഗ് ആരും വായിക്കാതെയായിട്ടുണ്ടാവണം”
“അല്ലെങ്കില്‍ എഴുത്തിന്റെ ഉറവ വറ്റിയിരുന്നിരിക്കാം”
“ഇയാള്‍ടെ ഭാര്യക്കും മക്കള്‍ക്കും പോലും ഇപ്പോള്‍ തിരിച്ചറിയാനൊത്തേക്കില്ല. 25 വര്‍ഷം ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാളെ ആരോര്‍ത്തിരിക്കാന്‍”- അതു പറഞ്ഞത് മുതിര്‍ന്നയാളുടെ എതിര്‍വശത്തിരുന്ന സ്ത്രീയാണ്. അതയാളുടെ ഭാര്യയായിരിക്കണം.
“അല്ലെങ്കില്‍ത്തന്നെ ഈ അറുപത്തഞ്ചാം വയസില്‍ ഇയാളെ കണ്ടെത്തിയിട്ട് ആര്‍ക്കെന്തു പ്രയോജനം?. ഈ പരസ്യം തികച്ചും അപ്രസക്തം തന്നെ”
ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.
“ചോറിതുവരെ ഉണ്ടുതീര്‍ത്തില്ലല്ലോ സാറേ”
ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. ചതുരങ്ങള്‍ക്കുള്ളില്‍ സ്റ്റീവ് ലൂയിസ് പെട്ടെന്നു തിരിച്ചുവന്നു.
ഈ നാല്പത്തഞ്ച്ചാം വയസില്‍ എന്താണിയാളുടെ പ്രസക്തി? - പാത്രത്തിലൂടെ കയ്യിഴച്ച് എന്നോടുതന്നെ ചോദിച്ചു.
മനസ് പെട്ടെന്നു തന്നെ ഉത്തരവും തന്നു. കാണാതായവന്‍ എന്നതാണയാളുടെ പ്രസക്തി. അതെ അതുമാത്രം.
ദ് ലോസ്റ്റ് എന്ന പ്രതലം മറിച്ച് ഞാന്‍ പെട്ടെന്നു തന്നെ കാര്‍ഡിന്റെ മറ്റേ പ്രതലത്തിലെത്തി.
ഷോപ്‌വൈസ് എന്നു വലുതായെഴുതിയ ആ പ്രതലമായിരുന്നു കൂടുതല്‍ ആകര്‍ഷകം.
വിക്കി ക്വിസ് ടൈം 1 ഏപ്രില്‍ 20, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.16 comments
വിക്കി ക്വിസ് ടൈമിലേക്ക് ഏവര്‍ക്കും സ്വാഗതം. വിക്കിപീഡിയയില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള എളിയ ശ്രമമാണിത്. പ്രധാനമായും മലയാളം വിക്കിപീഡിയ, ഇംഗ്ലീഷ് വിക്കിപീഡിയ എന്നിവയിലെ ലേഖനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളായിരിക്കും ക്വിസ് ടൈമിന്റെ ഉള്ളടക്കം.
ദ്വൈവാരിക എന്ന നിലയിലാണ് വിക്കി ക്വിസ് ടൈം തുടക്കമിടുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്രമനമ്പര്‍ അനുസരിച്ച് കമന്റായി ചേര്‍ത്താല്‍ മതി. കമന്റ് മോഡറേഷന്‍ എന്ന സങ്കേതത്തിലൂടെ ക്വിസ് മാസ്റ്റര്‍ എല്ലാവരുടെയും ഉത്തരങ്ങള്‍ ഫലപ്രഖ്യാപന ദിവസം ഒരുമിച്ചു നല്‍കുന്നതായിരിക്കും. ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതാതിരിക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഒരു തുടക്കമായതിനാല്‍ തല്‍ക്കാലം മറ്റുള്ളവരുടെ അഭിനന്ദനം മാത്രമാണിപ്പോള്‍ സമ്മാനം(ചിലപ്പോള്‍ അതുമുണ്ടാകണമെന്നില്ല). പ്രായോജകര്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരെങ്കിലും സന്നദ്ധമായാല്‍ സമ്മാനവുമുണ്ടാകും.
ആദ്യ ലക്കത്തിലെ ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. തുടക്കമെന്ന നിലയില്‍ വളരെ ലളിതമായ ചോദ്യങ്ങളാണ് ഇത്തവണ. ഇവയ്ക്കെല്ലാം ഉത്തരം മലയാളം വിക്കിപീഡിയയിലോ ഇംഗ്ലീഷ് വിക്കിപീഡിയയിലോ ഉണ്ട്. ഉത്തരങ്ങള്‍ മേയ് ഒന്നിനു മുന്‍പ് കമന്റായി ചേര്‍ക്കുക. ഒരിക്കല്‍ക്കൂടി സ്വാഗതം.
1. അരുണാചല്‍ ഭാഷയിലെ ഒരു വാക്കില്‍ നിന്നാണ് അരുണാചല്‍ പ്രദേശ് എന്ന ഭൂമിശാസ്ത്ര നാമമുണ്ടായത്. ആ വാക്കിന്റെ മലയാളം അര്‍ത്ഥമെന്ത്?
2. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ആരായിരുന്നു ടോപ് സ്ക്കോറര്‍?
3. ഗോദയെ കാത്ത് (Waiting for Gode) എന്ന പ്രശസ്തമായ നാടകത്തിന്റെ രചയിതാവാര്?
4. എഹേല എന്ന സിംഹള പദത്തിന് മലയാളികളുടെ സുപ്രാധാനമായ ഒരാഘോഷവുമായി പരോക്ഷമായി ബന്ധമുണ്ട്. എന്താണെന്നു പറയാമോ?
5. ഇന്ത്യയില്‍ ജനിച്ച് പിന്നീട് മറ്റൊരു രാജ്യത്തെ പൌരത്വമെടുത്ത് ഏറെ പ്രശസ്തയായിത്തീര്‍ന്ന ഒരു വനിതയുടെ ചരമദിനമാണ് ഫെബ്രുവരി 1. ആരാണതെന്നു പറയാമോ?
6.1944 ജൂലൈയില്‍ അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള ബ്രിട്ടന്‍വുഡില്‍ ചേര്‍ന്ന ആഗോള സാമ്പത്തിക വിദഗ്ധന്മാരുടെ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഇന്നു പ്രശസ്തമായ ഒരു രാജ്യാന്തര സാമ്പത്തിക സ്ഥാപനം നിലവില്‍ വന്നത്. ഏതാണാ സ്ഥാപനം?
7.റോബിന്‍ വാറന്‍ ഏതു നിലയിലാണ് പ്രശസ്തനായിരിക്കുന്നത്?
8.പതിനെട്ടരക്കവികള്‍ എന്ന പേരില്‍ പ്രശസ്തരായ, പതിനഞ്ചാം നൂറ്റാണ്ടിലെ കവിശ്രേഷ്ഠന്മാരില്‍ നാലു പേരുടെയെങ്കിലും പേരു പറയാമോ?
9.ദശപുഷ്പങ്ങളില്‍ രണ്ടെണ്ണമാണ് ഹൈന്ദവാചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്കുപയോഗിക്കുന്നത്. ഏതൊക്കെയാണവ?
10.ക്ളോണിങ്ങിലൂടെ പിറന്ന ചെമ്മരിയാടിന് ഡോളി എന്ന പേരു നല്‍കിയത് ഒരു പ്രശസ്ത ഗായികയുമായി ബന്ധപ്പെടുത്തിയാണ്. ആരാണാ ഗായിക?
വിക്കി ക്വിസ് ടൈം 1 ഏപ്രില്‍ 19, 2006
Posted by മന്‍ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.17 comments
വിക്കി ക്വിസ് ടൈമിലേക്ക് ഏവര്‍ക്കും സ്വാഗതം. വിക്കിപീഡിയയില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള എളിയ ശ്രമമാണിത്. പ്രധാനമായും മലയാളം വിക്കിപീഡിയ, ഇംഗ്ലീഷ് വിക്കിപീഡിയ എന്നിവയിലെ ലേഖനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളായിരിക്കും ക്വിസ് ടൈമിന്റെ ഉള്ളടക്കം.
ദ്വൈവാരിക എന്ന നിലയിലാണ് വിക്കി ക്വിസ് ടൈം തുടക്കമിടുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്രമനമ്പര്‍ അനുസരിച്ച് കമന്റായി ചേര്‍ത്താല്‍ മതി. കമന്റ് മോഡറേഷന്‍ എന്ന സങ്കേതത്തിലൂടെ ക്വിസ് മാസ്റ്റര്‍ എല്ലാവരുടെയും ഉത്തരങ്ങള്‍ ഫലപ്രഖ്യാപന ദിവസം ഒരുമിച്ചു നല്‍കുന്നതായിരിക്കും. ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതാതിരിക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഒരു തുടക്കമായതിനാല്‍ തല്‍ക്കാലം മറ്റുള്ളവരുടെ അഭിനന്ദനം മാത്രമാണിപ്പോള്‍ സമ്മാനം(ചിലപ്പോള്‍ അതുമുണ്ടാകണമെന്നില്ല). പ്രായോജകര്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരെങ്കിലും സന്നദ്ധമായാല്‍ സമ്മാനവുമുണ്ടാകും.
ആദ്യ ലക്കത്തിലെ ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. തുടക്കമെന്ന നിലയില്‍ വളരെ ലളിതമായ ചോദ്യങ്ങളാണ് ഇത്തവണ. ഇവയ്ക്കെല്ലാം ഉത്തരം മലയാളം വിക്കിപീഡിയയിലോ ഇംഗ്ലീഷ് വിക്കിപീഡിയയിലോ ഉണ്ട്. ഉത്തരങ്ങള്‍ മേയ് ഒന്നിനു മുന്‍പ് കമന്റായി ചേര്‍ക്കുക. ഒരിക്കല്‍ക്കൂടി സ്വാഗതം.
1. അരുണാചല്‍ ഭാഷയിലെ ഒരു വാക്കില്‍ നിന്നാണ് അരുണാചല്‍ പ്രദേശ് എന്ന ഭൂമിശാസ്ത്ര നാമമുണ്ടായത്. ആ വാക്കിന്റെ മലയാളം അര്‍ത്ഥമെന്ത്?
2. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ആരായിരുന്നു ടോപ് സ്ക്കോറര്‍?
3. ഗോദയെ കാത്ത് (Waiting for Gode) എന്ന പ്രശസ്തമായ നാടകത്തിന്റെ രചയിതാവാര്?
4. എഹേല എന്ന സിംഹള പദത്തിന് മലയാളികളുടെ സുപ്രാധാനമായ ഒരാഘോഷവുമായി പരോക്ഷമായി ബന്ധമുണ്ട്. എന്താണെന്നു പറയാമോ?
5. ഇന്ത്യയില്‍ ജനിച്ച് പിന്നീട് മറ്റൊരു രാജ്യത്തെ പൌരത്വമെടുത്ത് ഏറെ പ്രശസ്തയായിത്തീര്‍ന്ന ഒരു വനിതയുടെ ചരമദിനമാണ് ഫെബ്രുവരി 1. ആരാണതെന്നു പറയാമോ?
6.1944 ജൂലൈയില്‍ അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള ബ്രിട്ടന്‍വുഡില്‍ ചേര്‍ന്ന ആഗോള സാമ്പത്തിക വിദഗ്ധന്മാരുടെ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഇന്നു പ്രശസ്തമായ ഒരു രാജ്യാന്തര സാമ്പത്തിക സ്ഥാപനം നിലവില്‍ വന്നത്. ഏതാണാ സ്ഥാപനം?
7.റോബിന്‍ വാറന്‍ ഏതു നിലയിലാണ് പ്രശസ്തനായിരിക്കുന്നത്?
8.പതിനെട്ടരക്കവികള്‍ എന്ന പേരില്‍ പ്രശസ്തരായ, പതിനഞ്ചാം നൂറ്റാണ്ടിലെ കവിശ്രേഷ്ഠന്മാരില്‍ നാലു പേരുടെയെങ്കിലും പേരു പറയാമോ?
9.ദശപുഷ്പങ്ങളില്‍ രണ്ടെണ്ണമാണ് ഹൈന്ദവാചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്കുപയോഗിക്കുന്നത്. ഏതൊക്കെയാണവ?
10.ക്ളോണിങ്ങിലൂടെ പിറന്ന ചെമ്മരിയാടിന് ഡോളി എന്ന പേരു നല്‍കിയത് ഒരു പ്രശസ്ത ഗായികയുമായി ബന്ധപ്പെടുത്തിയാണ്. ആരാണാ ഗായിക?
ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ ഏപ്രില്‍ 10, 2006
Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.26 comments
അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനു നെയ്യുംകൂട്ടി ചോറുരുളകളാക്കി, കഥ പറഞ്ഞും, പാട്ടു പാടിയും, കാക്ക വന്നുരുള കൊത്തി പോയേ, എന്നുമൊക്കെ പറഞ്ഞു വായില്‍ വച്ചൂട്ടുന്ന അമ്മ. ഒക്കത്തിരിക്കുന്ന കുഞ്ഞ് ചിലപ്പോള്‍ മൂന്നു വയസ്സുകാരനാവാം, ചിലപ്പോള്‍ അല്‍പം കൂടി മുതിര്‍ന്ന നഴ്‍സറിക്കാരിയാവാം. അപൂര്‍വം ചിലപ്പോള്‍ അമ്മയെക്കാള്‍ നീളമുള്ളതുകൊണ്ടു കുഞ്ഞിന്റെ കാലുകള്‍ നിലത്തൂടെ ഇഴയുന്നുണ്ടാവാം. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായ ഒരു കാഴ്ചയാണിത്.
ഇവിടെ വന്നപ്പോളോ ? ആറുമാസക്കാരി പാലുകുപ്പി തനിയെ കയ്യില്‍പ്പിടിച്ചു പാലു വലിച്ചു കുടിക്കുന്നു. പത്തുമാസക്കാരന്‍ സ്വന്തം കയ്യില്‍ സ്പൂണ്‍ പിടിച്ചു ഭക്ഷണം കോരി വായില്‍വച്ചു കഴിക്കുന്നു. നമ്മുടെ കുട്ടികളെ നമ്മള്‍ രണ്ടാം വയസ്സിലും മടിയിലിരുത്തി കുപ്പിയില്‍ നിന്നും പാലു കൊടുക്കുന്നു! കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ഈ വ്യത്യാസങ്ങള്‍ പലപ്പോളുമെന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ കുട്ടികളേക്കാള്‍ ഇവിടുത്തെ കുട്ടികള്‍ക്കു പ്രത്യേകമായി എന്തെങ്കിലും കഴിവുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടോ, നമ്മുടെ കുട്ടികളെക്കാള്‍ പെട്ടെന്ന് ഈ കുട്ടികള്‍ പക്വതയിലെത്തുന്നതു കൊണ്ടോ അല്ല ഇത്. ജനിച്ചു വീഴുമ്പോള്‍ മുതല്‍ ഈ കുഞ്ഞുങ്ങള്‍ അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നതുകൊണ്ടാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിലനില്‍പ്പിനു വേണ്ടി ഈ കുട്ടികള്‍ക്കിങ്ങനെയൊക്കെ ആകാതെ തരമില്ല എന്നും വ്യാഖ്യാനിക്കാവുന്നതാണ്.
ബ്രസ്റ്റ്‌ഫീഡ് ചെയ്യുന്ന അമ്മമാരുടെയെണ്ണം 10 ശതമാനം മാത്രമേ ഉണ്ടാവൂ ഇവിടെ. ഇനി അഥവാ ചെയ്താലും ഒരാറുമാസം വരെ മാത്രം. പല്ലു വന്ന കുഞ്ഞിനെ എങ്ങനെ മുലയൂട്ടും എന്നല്‍ഭുതത്തോടെ എന്നോട് ചോദിച്ചത് എന്റെ കുഞ്ഞിന്റെ പീഡിയാറ്റ്രീഷന്‍ തന്നെയായിരുന്നു. ഫോര്‍മുല എന്ന പേരിലറിയപ്പേടുന്ന കൃത്രിമപ്പാല്‍ മാത്രം കുടിച്ചാണീ കുഞ്ഞുങ്ങള്‍ ആദ്യത്തെ 3 മാസം ജീവിക്കുന്നത്. അമ്മയുടെ മുലപ്പാലിന്റെ അതേ മണമുള്ള ഫോര്‍മുല പൊടി രൂപത്തിലും, നേരേ കുപ്പിയിലൊഴിച്ചു കുടിക്കാന്‍ പറ്റിയ 'റെഡി റ്റു യൂസ്' രൂപത്തിലും, പിന്നെ കുഞ്ഞിനു ഗ്യാസിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനുള്ളത്, കുഞ്ഞു തികട്ടാതിരിക്കാനുള്ളത്, പശുവിന്‍പാല്‍ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്കുള്ളത്..ഇങ്ങനെ പലപല ഭാവങ്ങളിലും ലഭ്യമാണ്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ തന്നെ മുലയൂട്ടുന്നതാണു കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ നല്ലതെന്നും അവര്‍ ഓര്‍മിപ്പിക്കാറുണ്ട്.
മുലയൂട്ടല്‍ അത്ര വ്യാപകമല്ലാത്തതു കൊണ്ടാവണം 'പാസിഫയര്‍' ന്റെ ഉപയോഗം ഇവര്‍ക്കിടയില്‍ ഉണ്ടായത്. ജനിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളിലേക്കു sucking reflux എല്ലാ കുട്ടികള്‍ക്കും തന്നെയുണ്ടെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ആ സുരക്ഷിതത്വം കണ്ടെത്തുമ്പോള്‍ അമേരിക്കന്‍ കുട്ടികള്‍ റബ്ബറിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നിപ്പിളില്‍ ഇതു കണ്ടെത്തുന്നു എന്ന വ്യത്യാസം മാത്രം. ചെറുപ്പം മുതല്‍ ഈ പാസിഫയര്‍ ഇങ്ങനെ വായില്‍ തിരുകി (നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കുന്നതിനു പകരം എന്നും പറയാം) ശീലിക്കുന്നതു കൊണ്ടു ഒന്നരയോ രണ്ടോ വയസ്സു വരെ പാസിഫയര്‍ ശരീരത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകുന്ന പോലെ, ഇരുപത്തിനാലു മണിക്കൂറും ഇതു വായില്‍ തിരുകി, യാതോരു വിധ ചൈതന്യവും ഇല്ലാത്ത, ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നാറുണ്ടെനിക്ക്.
3-4 മാസമാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ അരച്ചു കൊടുക്കാന്‍ തുടങ്ങുന്നു. (ആരും അരച്ചും വേവിച്ചുമൊന്നും കഷ്ടപ്പെടുന്നില്ല, എല്ലാം വേവിച്ചരച്ചതു കുപ്പിയിലാക്കി മേടിക്കാന്‍ കിട്ടും).നാട്ടിലേതു പോലെ കുഞ്ഞുങ്ങളെ നോക്കാന്‍ മുത്തശ്ശിമാരോ വീട്ടിലെ മറ്റു മുതിര്‍ന്ന അംഗങ്ങളോ ഇവിടെയില്ലല്ലോ. മാതാപിതാക്കള്‍ 2 പേരും ജോലിക്കാരാണെങ്കില്‍ 6 ആഴ്ചത്തെ മറ്റേണിറ്റി ലീവിനു ശേഷം കുഞ്ഞിനെ ഡേകെയറിലോ മറ്റോ ഏല്‍പ്പിച്ച് അമ്മ ജോലിക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന വരെ ആര്‍ക്കെങ്കിലും ഒരാള്‍ക്കു, (ആ ഒരാള്‍ ആരെന്നുള്ളതു ആര്‍ക്കാണോ വരുമാനം കൂടുതല്‍, വരുമാനം കൂടുതല്‍ ഉള്ള ആ ജോലി നല്ല ഒരു കരിയര്‍ ആണോ, അതോ വെറും പേ ച്ചെക്കു മാത്രമാണോ, തുടങ്ങി പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കും) ജോലി വേണ്ടെന്നു തീരുമാനിക്കുന്ന ആളുകളും ഇല്ലാതില്ല, സാമ്പത്തിക ശേഷി അനുവദിക്കുമെങ്കില്‍.
ഏകദേശം ഒന്‍പതു പത്തു മാസമാകുന്നതോടുകൂടി കുഞ്ഞുങ്ങള്‍ തനിയേ സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കോരി കഴിക്കാന്‍ പഠിക്കുന്നു. എന്റെ ഒരു വയസ്സുകാരിയെ ഡേക്കെയറിലാക്കാന്‍ നേരം, എന്റെ കുഞ്ഞിനു ഭക്ഷണം കോരി വായില്‍ വച്ചു കൊടുക്കുന്ന ഡേകയറിലേ വിടുള്ളൂ എന്ന വാശിയില്‍ ഞാന്‍ ഒരുപാടന്വേഷിച്ചു.
'ഒരു വയസ്സുകാരിക്കു കോരിക്കൊടുക്കുകേ'? ഞാന്‍ വിളിച്ച എല്ലാ ഡേകെയറിലേം മദാമ്മമാര്‍ അല്‍ഭുതം കൊണ്ടു വാ പൊളിച്ചു.
'പക്ഷേ എന്റെ കുട്ടിയെ ഞാന്‍ തനിയെ കഴിക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഷീ ഈസ് നോട്ട് ട്രെയിന്‍ഡ് ഫോര്‍ ഫീഡിംഗ് ഹെര്‍സെല്ഫ്''. ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി.
'അവള്‍ തനിയെ പഠിച്ചുകൊള്ളും! ഇല്ലെങ്കില്‍ ഞങ്ങള്‍ അവളെ ട്രെയിന്‍ ചെയ്യും'.
എന്റെ കുഞ്ഞു പകലു മുഴുവനും പട്ടിണിയാകുമല്ലോ ഈശ്വരാ.. എന്നാകുലപ്പെട്ടിരുന്ന ഞങ്ങളെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു ആദ്യത്തെ ആഴ്ച തന്നെ അവള്‍ സ്പൂണ്‍കൊണ്ടു തനിയെ ഭക്ഷണം കോരിക്കഴിക്കാന്‍ തുടങ്ങി. ഇന്ത്യക്കാരുടെ കുഞ്ഞോ അതോ അമേരിക്കന്‍ കുഞ്ഞോ എന്നതല്ല, മറിച്ച്, നമ്മള്‍ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിലാണു കാര്യം എന്നെനിക്കിതോടെ വ്യക്തമായി.
കുഞ്ഞുങ്ങളെ ഉറക്കുന്ന രീതിയിലാണു മറ്റൊരു പ്രധാന വ്യത്യാസം ഞാന്‍ കണ്ടത്. മൂന്നു വയസ്സു വരെ അല്ലെങ്കില്‍ രണ്ടു വയസ്സു വരെയെങ്കിലും, അമ്മ കൂടെക്കിടന്നു കൊട്ടിയോ, തൊട്ടിലിലാട്ടിയോ, തോളത്തിട്ടു കൊട്ടിയോ, കഥ പറഞ്ഞോ, പാലു കുടിപ്പിച്ചോ ഒക്കെയാണു നമ്മള്‍ കുട്ടികളെ ഉറക്കാറ്. പക്ഷേ ഇവിടെ ആറു മാസക്കാരി വെറുതെ കൊണ്ടു പൊയി തൊട്ടിലില്‍ കിടത്തിയാല്‍ തനിയേ ഉറങ്ങുന്നതു കണ്ടു ഞാന്‍ അന്തം വിട്ടു വായും പൊളിച്ചിരുന്നിട്ടുണ്ട്. അതും വൈകിട്ടുറക്കിയാല്‍, രാത്രിയിലെങ്ങും ഇടക്കൊന്നു പോലും ഉണര്‍ന്നു കരയാതെ തുടര്‍ച്ചയായി രാവിലെ വരെ. നമ്മളോ, ഇടക്കെത്രയോ വട്ടം കുഞ്ഞുങ്ങള്‍ ഉണരുന്നു, കരയുന്നു, കൂടെ അമ്മയും ചിലപ്പോള്‍ അച്ഛനും ഉണരുന്നു. പിന്നെ പാലു കൊടുത്തോ ആട്ടിയോ കൊട്ടിയോ പാട്ടു പാടിയോ ഒക്കെ എങ്ങിനെയോ ഉറക്കുന്നു. രാവിലെ ഉണരുമ്പോള്‍ അമ്മക്കും കുഞ്ഞിനും രാത്രി നന്നായുറങ്ങാത്തതിന്റെ ക്ഷീണം ബാക്കി.
അതിന്റെയൊന്നും യാതൊരു വിധ ആവശ്യവുമില്ലെന്നാ ഇവരു പറയുന്നത്. നാലു മുതല്‍ അഞ്ചു മാസത്തോടു കൂടി, അതായതു ഫോര്‍മുലയോ മുലപ്പാലോ മാത്രം എന്ന അവസ്ഥയില്‍ നിന്നു സോളിഡ് ഫൂഡ് കൂടി കഴിച്ചു തുടങ്ങുന്നതോടെ കുഞ്ഞിനു രാത്രി മുഴുവന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടുണര്‍ന്നു പാലു കുടിച്ചു വിശപ്പു തീര്‍ക്കേണ്ട ആവശ്യം തീരെ ഇല്ലാതാകുന്നു. ആ സമയത്തു കുഞ്ഞിനെ നമ്മള്‍ തനിയെ ഉറങ്ങാനും കൂടി പഠിപ്പിച്ചാല്‍ പിന്നീടങ്ങോട്ടു രാത്രി ഉണര്‍ന്നു കരയാതെ ആ കുഞ്ഞു തനിയെ ഉറങ്ങിക്കൊള്ളും. ആദ്യം ഇതു വായിച്ചപ്പോള്‍ ഞാനും ചിരിച്ചു തള്ളി. പക്ഷേ പിന്നീടു നേരില്‍ കണ്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനായില്ല.അമ്മയും അച്ഛനും സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നു. കുഞ്ഞതേ മുറിയിലോ മറ്റൊരു മുറിയിലോ, ക്രിബ് എന്നറിയപ്പെടുന്ന തൊട്ടിലില്‍ രാത്രി മുഴുവനും സുഖമായുറങ്ങുന്നു. കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കട്ടിലില്‍ തന്നെ കിടത്തിയുറക്കുന്ന രീതി ഇവിടെ തീരെ ഇല്ല. കുഞ്ഞുണ്ടാവുന്ന ദിവസം മുതല്‍ തന്നെ, കുഞ്ഞു തൊട്ടിലില്‍ ഉറങ്ങി പരിശീലിക്കുന്നു. സഹശയന രീതി, സിഡ്സ് (sudden infant death syndrome) മൂലം കുഞ്ഞുങ്ങള്‍ മരിക്കാനോ, ഉറക്കത്തില്‍ അമ്മ അറിയാതെ കുഞ്ഞിനു മേലേ കയ്യോ കാലോ മറ്റോ എടുത്തു വച്ചു കുഞ്ഞിനു ശ്വാസതടസ്സം നേരിടാന്‍ സാധ്യത ഉള്ളതുകൊണ്ടും ഡോക്ടര്‍മാര്‍ തീരെ പ്രോല്‍സാഹിപ്പിക്കുന്നില്ല.
കൂട്ടത്തില്‍ പറയട്ടെ, ഇവിടെ നമ്മുടെ നാട്ടിലെ പൊലെ തുണി കൊണ്ടു കെട്ടിയുണ്ടാക്കുന്ന ആട്ടുന്ന തൊട്ടില്‍ ഇല്ല. ഇവിടെ തൊട്ടില്‍ എന്നു പറയുന്നതു നമ്മുടെ കട്ടിലിന്റെ ഒക്കെ അത്ര തന്നെ വീതിയുള്ള, ഏകദേശം അതിന്റെ ഒരു പകുതിയില്‍ കൂടുതല്‍ നീളമുള്ള, കുഞ്ഞു വീണു പോകാതെ 4 വശത്തും കമ്പുകള്‍ വച്ചു കെട്ടിയ ഒന്നാണ്. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഉറക്കുന്നോ, അതോ നമ്മുടെ പരമ്പരാഗത ശൈലിയില്‍ കൂടെ കിടത്തി ഉറക്കുന്നോ എന്ന കാര്യത്തില്‍ എനിക്കത്ര തിട്ടമില്ല. "മലയാളികള്‍ വല്യ ജാടക്ക് അമേരിക്കന്‍ രീതിയിലൊക്കെ വളര്‍ത്താമെന്നു വ്യാമോഹിച്ച് ക്രിബ് മേടിക്കും. പക്ഷേ, അമ്മയും കുഞ്ഞും കൂടി കട്ടിലില്‍ കിടന്നുറങ്ങും, ക്രിബ് തുണികളൊക്കെ മടക്കിയൊതുക്കി വക്കാന്‍ പെട്ടി പോലെ ഉപയോഗിക്കും!" . ഒരു വയസ്സു പ്രായമുള്ള മകളുള്ള ഒരു സുഹൃത്തു പറഞ്ഞതാണിത്.
ഇവിടെ വന്നപ്പോള്‍ കണ്ട മറ്റൊരു അല്‍ഭുതമാണു ഇന്‍ഫന്റ് കാര്‍സീറ്റ്. ഇതുവരെ പറഞ്ഞതൊക്കെ ഇവിടുത്തെ സമൂഹത്തിലെ നല്ല രീതികള്‍ എന്നുള്ള നിലയില്‍ ആളുകള്‍ ചെയ്യുന്നതാണെങ്കില്‍, കാര്‍സീറ്റാകട്ടെ, നിയമപ്രകാരം നിര്‍ബന്ധമായ ഒന്നാണ്. കുഞ്ഞുങ്ങള്‍ ജനിച്ച് ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍തന്നെ കാര്‍ സീറ്റ് കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ മാത്രമേ കൊടുത്തു വിടാന്‍ പാടുള്ളൂ എന്നമേരിക്കയിലെ മിക്കവാറും സംസ്ഥാനങ്ങളിലും നിയമമുണ്ട്. ജനിക്കുമ്പോള്‍ മുതല്‍ ഒരു വയസ്സാകുന്നതു വരെ ഇന്‍ഫന്റ് കാര്‍ സീറ്റിലാണു കുഞ്ഞുങ്ങള്‍ ഇരിക്കേണ്ടത്. ഈ കാര്‍ സീറ്റാവട്ടെ കാറിന്റെ പുറകിലത്തെ സീറ്റില്‍ പുറകോട്ടു തിരിച്ചാണു വക്കേണ്ടതും. ഒരു വയസ്സും, ഇരുപതു പൌണ്ട് തൂക്കവുമായി കഴിഞ്ഞാല്‍ കുഞ്ഞിനു ഇന്‍ഫന്റ് കാര്‍ സീറ്റില്‍ നിന്നും റ്റോഡ്‌ലര്‍ കാര്‍ സീറ്റിലേക്കു പ്രമോഷന്‍ കിട്ടുന്നു. 40 പൌണ്ട് തൂക്കം വക്കുന്നതു വരെ കുഞ്ഞുങ്ങള്‍ കാര്‍സീറ്റില്‍ തന്നെയിരിക്കണം. 60 മുതല്‍ നൂറ്റിയന്‍പതോ അതിനു മുകളിലോ കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായുന്ന കാറുകളില്‍, കാറില്‍ തന്നെയുള്ള സീറ്റ്‌ബെല്‍റ്റ് കുഞ്ഞുങ്ങളെ സീറ്റുമായി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ ഉപകരിക്കില്ല എന്നതുകൊണ്ടാണു, കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി ഇങ്ങനെയൊരു നിയമം.
ആദ്യമൊക്കെ ഇതെന്തൊരേര്‍പ്പാടെന്നു ചിന്തിച്ചെങ്കിലും പിന്നീടിതിന്റെ പലമാതിരി ഗുണങ്ങളും സൌകര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ ചിന്ത മാറി. (കുഞ്ഞിനേയും മടിയില്‍ വച്ചു പുറകിലിരുന്നതിനു 2 പ്രാവശ്യം പോലീസ് പിടിക്കേണ്ടി വന്നു, ഈ ബോധോദയം ഉണ്ടാവാന്‍) രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാനും, വൈകിട്ടു തിരിച്ചു കൊണ്ടു വരാനുമൊന്നും 2 പേര്‍ക്കും കൂടി ഒരുമിച്ചു പോകാന്‍ പറ്റിയെന്നു വരില്ല. അപ്പോള്‍ കാര്‍സീറ്റില്ലാരുന്നെങ്കില്‍ എങ്ങനെ കുഞ്ഞിനെയും കയ്യില്‍ പിടിച്ച് ഒറ്റക്കു ഡ്രൈവ് ചെയ്യാന്‍ സാധിക്കും ? പൊടിക്കുഞ്ഞിനെ സീറ്റില്‍ ഒറ്റക്കിരുത്താനാവില്ലല്ലോ. ഇതാവുമ്പോള്‍ കുഞ്ഞിനെ കാര്‍ സീറ്റിലിരുത്തി ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കാതെ അമ്മക്കോ അച്ഛനോ ഒറ്റക്കു ഡ്രൈവ് ചെയ്തെവിടെ വേണമെങ്കിലും, ഷോപ്പിങ്ങിനോ ജോലിക്കോ ഒക്കെ സുരക്ഷിതമായി പോകാം. കുഞ്ഞുങ്ങള്‍ക്കും അമ്മയുടെയോ അച്ഛന്റെയോ മടിയിലിരുന്ന് ഓരോ പ്രാവശ്യവും ബ്രേക്ക് ചവിട്ടുമ്പോള്‍ മുന്നോട്ടാഞ്ഞു പോകുന്നതിന്റെ അസ്വസ്ഥതകള്‍ ഇല്ലാതെ കാഴ്ചകളൊക്കെ കണ്ടു മടുക്കുമ്പോള്‍ സുഖമായിരുന്നുറങ്ങുകയും ചെയ്യാം.
ഇനിയുമുണ്ടേറെ വ്യത്യാസങ്ങള്‍, നമ്മുടെ രീതിയും സായിപ്പിന്റെ രീതിയും തമ്മില്‍. സായിപ്പ് അപ്പി ഇട്ടിട്ടു കുണ്ടി കഴുകില്ല എന്നുള്ളതാണല്ലോ നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്തുന്ന ആദ്യത്തെ വ്യത്യാസം. ഇക്കാര്യത്തില്‍ ഇവിടെയുള്ള മലയാളികള്‍ എന്താണാവോ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ? സായിപ്പിന്റെ രീതിയോ, അതോ നമ്മുടെ രീതിയോ ? അറിയില്ല. എന്റെ മകളെ പരിശീലിപ്പിക്കാന്‍ സമയമാകുന്നേയുള്ളൂ. സ്കൂളില്‍ പോകുമ്പോളും പഠിപ്പിക്കുന്ന രീതിയിലുമൊക്കെ ഉള്ള വ്യത്യാസങ്ങള്‍, മുതിര്‍ന്ന കുട്ടികളുള്ള ഉമേഷ്ജിയോ, നിളേടച്ഛനോ ഒക്കെ പറയട്ടെ.
വാല്‍ക്കഷണം:അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മൂന്നു മക്കളുള്ള മലയാളി ദമ്പതികള്‍ മക്കളോടൊപ്പം നാട്ടിലെത്തി. തിരിച്ചു പോകാന്‍ നേരം പെട്ടികള്‍ പലതും കാലി. കാരണം 2 പെട്ടി നിറയെ മൂവര്‍സംഖത്തിനു കാര്യം സാധിച്ച ശേഷം തുടക്കാന്‍ വേണ്ട റ്റോയ്‌ലറ്റ് പേപ്പറാരുന്നു:)
കഥാപാത്രങ്ങള്‍ – ചില ഓര്‍മ്മകള്‍ ഏപ്രില്‍ 6, 2006
Posted by മന്‍ജിത് കൈനിക്കര in Uncategorized.9 comments
വളരെ വൈകി വായനയുടെ ലോകത്തെത്താനായിരുന്നു എന്റെ വിധി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളാണ് ഈ വിധിയുടെ സ്രഷ്ടാക്കാളെന്നു മനസിലാകുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് പണ്ട് ഒരു പുസ്തകമേ ഉണ്ടായിരുന്നുള്ളു. ദ് ബുക്ക് ബൈബിള്‍. സാമാന്യജനം വിവരമുള്ളവരായിപ്പോകുമോ എന്ന ഭയത്താല്‍ അതിന്റെ വായാനവകാശം പുരോഹിത വര്‍ഗ്ഗം ഏറെ നാള്‍ കയ്യടക്കിവച്ചിരുന്നു. കൊതിച്ചതു കയ്യിലെത്തിയപ്പോള്‍ പിന്നെ ബൈബിള്‍ മാത്രം പാവനം എന്ന ചിന്തയായിലാണ് ലേമെന്‍ നയിക്കപ്പെട്ടത്.
ബൈബിളൊഴികെ അച്ചടിച്ചതെല്ലാം നികൃഷ്ടമെന്നു ചിന്തിച്ചിരുന്ന ഒരു തലമുറയുടെ പിന്‍തുടര്‍ച്ചയാണ് എന്റെ നാട്ടിലധികവും. അവിടെ ചെറുപ്പകാലത്തു തന്നെ പത്രം വരുത്തു വായിക്കാന്‍ ധൈര്യം കാണിച്ച എന്റെ അപ്പനു നന്ദി പറയട്ടെ. പത്രം ദീപികയായിരുന്നെങ്കിലും അതെന്റെ ഉപബോധ മനസില്‍ പുസ്തകങ്ങളോടുള്ള പ്രണയം വളര്‍ത്തിയിരിക്കണം. ബൈബിളും ദീപികയും പൂമ്പാറ്റയും ബാലരമയും വല്ലപ്പോഴും ബാലമംഗളവും. പത്താം ക്ലാസിനു മുന്‍പുള്ള വായനാലോകം ഇവിടെ ഒതുങ്ങി നിന്നു. സ്ക്കൂളില്‍ വിശാലമായൊരു വായനശാലയുണ്ടായിരുന്നു. പക്ഷേ അവിടെ പ്രവേശനം ലൈബ്രേറിയന്‍ മാഷ്ക്കും പുസ്തകം തിരിഞ്ഞു നോക്കാത്ത അദ്ദേഹത്തിന്റെ മകനും മാത്രം.
ബൈബിളില്‍ എന്നെ അലട്ടിയിരുന്ന ചില കഥാ പാത്രങ്ങളുണ്ട്. അവരിലൊന്നാമനാണു ബറാബസ്. യേശുവിനെയും ബറാബാസിനെയും മുന്നില്‍ നിര്‍ത്തി ആരെ വിട്ടയക്കണം എന്നു പീലാത്തോസ് ജനക്കൂട്ടത്തോടു ചോദിക്കുന്നതും അവര്‍ ഉറക്കെ ബറാബാസ് എന്നു വിളിച്ചു പറയുന്നതും ഒരു സജീവ ചിത്രമായി എന്റെ മനസിലുണ്ട്. ബറാബാസ് ക്രൈസ്തവ കാഴ്ചപ്പാടില്‍ കള്ളനാണ്. എന്നാല്‍ അതിനു പുറത്ത് വിപ്ലവകാരിയും. വിപ്ലവം പാപമല്ലാത്തതിനാല്‍ ബറാബസിനോട് എനിക്കല്‍പം ആരാധനയുണ്ടായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ എന്റെ ഈ ആരാധനയ്ക്ക് പാര്‍ ലാഗക്വിസ്റ്റിന്റെ ബറാബസ് എന്ന നോവലില്‍ ഞാന്‍ ന്യായീകരണം കണ്ടെത്തി. ഫ്രാങ്കോ സഫറെല്ലിയുടെ ജീസസ് ഓഫ് നസ്രത്ത് എന്ന സിനിമയിലാണ് ഞാന്‍ വീണ്ടും ബറാബസിനെ കണ്ടത്. ഒരൊറ്റ രംഗം കൊണ്ട് ബറാബസ് ഈ സിനിമയില്‍ ശ്രദ്ധേയനാകുന്നുണ്ട്. തന്റെ കൂടെ നടന്ന ശിഷ്യന്മാരെല്ലാവരെയും യേശു ഒരു തവണയേ വിളിക്കുന്നുള്ളൂ. എന്നെ അനുഗമിക്കുക എന്ന വിളിയില്‍ അവര്‍ അവന്റെ പുറകേ പോയി. എന്നാല്‍ കൂടെ വരാതിരുന്ന ബറാബസിനെ യേശു മൂന്നു പ്രാവശ്യം വിളിക്കുന്നുണ്ട് ഈ സിനിമയില്‍. കുടെപ്പോയവരേക്കാള്‍ യേശുവിന്റെ ആത്മീയ പ്രതാപം ബറാബസ് മനസിലാക്കിയിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. ആത്മീയ വിമോചനത്തേക്കാള്‍ യഹൂദരുടെ രാഷ്ട്രീയ വിമോചനമായിരുന്നു ബറാബസിനു മുഖ്യം. അതു കൊണ്ട് അവന്‍ യേശുവിന്റെ പുറകേ പോയില്ല. ഇങ്ങനെയുള്ള ബറാബസിനെ വെറുമൊരു കള്ളനായി ചിത്രീകരിക്കുന്നത് അന്യായമെന്നല്ലാതെ എന്തു പറയാന്‍.
ബൈബിളിലെ കഥാപാത്രങ്ങളുടെ മറ്റൊരു വശം മലയാളി എഴുത്തുകാര്‍ അധികം ചിന്തിച്ചിട്ടില്ല. ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലം എന്ന കഥാകാരന്റെ ഇത്തരം ചില മൂന്നാം വായനകളാല്‍ സമ്പന്നമായിരുന്നു. ഹൃദ്യവുമായിരുന്നു ആ കഥകള്‍ . പിന്നെ ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലത്തിന്റെ കഥകളില്ലാതായി. (കാലംകുറെക്കഴിഞ്ഞ് ഈ വട്ടപ്പലത്തെ ദീപികയുടെ ഓഫിസില്‍ നേരിട്ടു കാണുമ്പോള്‍ അദ്ദേഹം പ്രാദേശിക വാര്‍ത്തകളെഴുതി നിര്‍വൃതിയടയുന്ന ഒരു സാധാരണ പത്രക്കാരനായി ചുരുക്കപ്പെട്ടിരിക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. പാറമേല്‍ വീണ വിത്ത്!). ആനന്ദിന്റെ നാലാമത്തെ ആണി എന്ന ചെറുകഥ ഇത്തരമൊരു മൂന്നാം വായനയാല്‍ സമ്പുഷ്ടമാണ്. പുസ്തകം തൊട്ടുനോക്കാത്ത ചില പുരോഹിത പ്രമാണിമാര്‍ അതിനെ എതിര്‍ത്തുവെങ്കിലും.
സുവിശേഷങ്ങളിലെ യേശുവിനേക്കാള്‍ എനിക്കിഷ്ടം നിക്കോസ് കസാന്‍ദ്സാക്കിസിന്റെ യേശുവിനെയാണ്. ചെറുപ്പത്തില്‍ ബൈബിള്‍ വായിക്കുമ്പോള്‍ മനസിലുയര്‍ന്ന അനേകായിരം ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹത്തിന്റെ ദ് ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് നല്‍കുന്നുണ്ട്. ദൈവമാവുക എളുപ്പമാണ്. നമ്മുടെ നാട്ടില്‍ കൂണുപോലെ വരുന്ന മനുഷ്യ ദൈവങ്ങള്‍ ഉദാഹരണം. മറിച്ച് നല്ലൊരു മനുഷ്യനാവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സമ്പൂര്‍ണ്ണ മനുഷ്യനാണ് കസാന്‍ദ്സാക്കിസിന്റെ യേശു. ഭയം, സംശയം, നിരാശ, കാമം എന്നിങ്ങനെയുള്ള സ്വാഭാവിക മാനുഷിക അവസ്ഥകളോട് ക്രിസ്തു നടത്തുന്ന പ്രതികരണമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവല്‍ പ്രകാരം ക്രിസ്തുവിന്റെ ത്യാഗമോ സഹനമോ കേവലം ക്രൂശിക്കപ്പെടലില്‍ ഒതുങ്ങുന്നതല്ല. മനസിലുയരുന്ന മാനിഷികവികാരങ്ങളോട് അദ്ദേഹം നടത്തിയ ചെറുത്തു നില്‍പ്പാണ് അല്‍ഭുതവര്‍ണ്ണനകളില്ലാത്ത കുരിശൂമരണം. സമ്പൂര്‍ണ്ണനായ മനുഷ്യനാണ് യഥാര്‍ഥ ദൈവം എന്ന ചിന്തയെ വളര്‍ത്താന്‍ കസാന്‍ദ്സാക്കിസ് തെല്ലൊന്നുമല്ല സഹായിച്ചത്.
ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിനെ സഭ എതിര്‍ത്തതിന്റെ ലോജിക്ക് എനിക്കു പലപ്പോഴും പിടികിട്ടിയില്ല. വിവരമുള്ള വൈദികര്‍ പലരും അതിനെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം. ഉദാഹരണത്തിന് എറണാകുളത്തെ ഫാ. പോള്‍ തേലക്കാട്ട്. സഭാസ്നേഹികളുടെ എതിര്‍പ്പ് ഭയന്നാകാം ഈ നോവലിന്റെ ഒരു നല്ല മലയാള പരിഭാഷയ്ക്ക് പ്രസാധകര്‍ ശ്രമിക്കുന്നില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
സ്വപ്നാടന സാഹിത്യം എന്നു വിളിക്കാമെങ്കിലും മരിയ വാള്‍തോര്‍ത്തയുടെ ദ് പോം ഓഫ് മാന്‍ഗോഡ് ബൈബിളിന്റെ മൂന്നാം വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ വായിച്ചിരിക്കേണ്ട കൃതിയാണ്. രചനയ്ക്കു പിന്നിലുള്ള അല്‍ഭുത കഥകളാണെന്നു തോന്നുന്നു ഈ കൃതിയെ സീരിയസ് വായനക്കാര്‍ ശ്രദ്ധിക്കാത്തതിനു കാരണം. വിശാലാമായ ഈ പുസ്തകത്തില്‍ ഒറ്റിക്കൊടുത്ത യൂദാസിനെ വര്‍ണ്ണിക്കുന്ന ഭാഗവും അതുപോലെ മറ്റനേകം വിവരണങ്ങളും മനസില്‍നിന്നു മായില്ല. ദൈവമനുഷ്യ സ്നേഹ ഗീത എന്ന പേരില്‍ ഈ പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പത്തിരുപതു വാല്യങ്ങളായി ഇറങ്ങിയിട്ടുണ്ട്.
ബാല്യകാല വായനയിലേക്കു തിരിച്ചു പോകുമ്പോള്‍ എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രമാണു ഫാന്റം. ഫാന്റം കഥകള്‍ മലയാളികള്‍ക്കു മുന്നിലവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ പത്രാധിപന്മാര്‍ക്കു നന്ദി. ആരെയും കൊല്ലാതെ തിന്മകളെ ജയിക്കുക എന്നതാണു ഫാന്റത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. കൊടിയ കൊള്ളക്കാരെ നേരിടുമ്പോഴും ഫാന്റത്തിന്റെ തിരിച്ചടി അവരുടെ താടിയില്‍ പതിക്കുന്ന മരണമുദ്ര(തലയോട്ടി)യില്‍ ഒതുങ്ങി എന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആരെയും കൊല്ലാത്തതിനാലാവാം ഫാന്റത്തിന് ഇക്കാലത്ത് ആരാധകര്‍ അധികമില്ലാത്തത്. മലയാളം പത്രങ്ങളൊന്നുമിപ്പോള്‍ ഫാന്റത്തെയോ അതുപോലുള്ള കഥകളെയോ സീരിയലൈസ് ചെയ്യുന്നുമില്ല.
(ഈ കാടുകയറല്‍ തുടരും…)



