മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ് കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ് അസ്സൈന്‍മന്റ് !
പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക് വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത് പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.
പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢസ്വര്‍ഗത്തില്‍ കഴിയുന്ന സമയം.
വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.
“അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല ” എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ…
പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന് വേണ്ടിയല്ലേ നമ്മളെല്ലാം.. ?
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട് 2 ദിവസത്തിനകം വീസ സ്റ്റാമ്പ് ചെയ്ത് പാസ്പോര്‍ട്ട് തിരിച്ചെത്തി !
അങ്ങനെ വിരുന്നുണ്ട് തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക് ചെയ്തു.
തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ് സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.
തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ് പുറപ്പെട്ടത് തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ് പുറപ്പെടാന്‍ വെറും 25 മിനിറ്റ് മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ ‘യെങ്ങനെ ‘യിന്റര്‍നാഷ്‌നല്‍’ പട്ടം കിട്ടിയെടാ ‘ എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക് ഡയറക്ഷന്‍സ് നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.
ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം ‘ഞങ്ങള്‍’ എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.
ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട് വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്. ഞാനാളുകളെയൊക്കെ വകഞ്ഞ് മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്.
ആമയും മുയലുമോട്ടത്തിന് പോയപോലെ ഞാന്‍ കുറച്ച് ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത് 2-3 സ്റ്റെപ്പ് പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച് ‘വയറിതാ മുന്നേ ഞാനിതാ പിന്നേ ‘ എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്. ഞാനുടനെ റിവേഴ്‍സ് ഗിയറിലിട്ട് പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ് പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.
അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ് കൊണ്ട് ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !
ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?
ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്.
ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.
‘കണ്ടവരുണ്ടോ’ എന്നാരിക്കുമോ? ഏയ്, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?
‘വാണ്ടട്’ എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.
ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര് വായിച്ചിരുന്നെങ്കില്‍ ‘ജുഗുപ്സാവഹമെന്ന്’ പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട് മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത് ചോദിച്ചിട്ട് തന്നെ കാര്യം.
എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. ‘കുട്ട്യേടത്തി, പ്ലീസ് റിപ്പോര്‍ട്ട് അറ്റ് ദ ‘ലോസ്റ്റ് ആന്‍ഡ് ഫൌണ്ട്’ കൌണ്ടര്‍’ എന്നാണാ പേപ്പറിലെഴുതിയിരിക്കണത്. എന്നിട്ടടിയില്‍ കോളേജ് പിള്ളാര് ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.
പിന്നീടങ്ങോട്ട് ‘ആരോ’ കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്.
‘ലോസ്റ്റ് ആന്റ് ഫൌണ്ടോ’ ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത് തന്നെയുണ്ട്. മാലയുടെ അറ്റത്ത് താലി, അതുമുണ്ട്. പേരെഴുതിയ മോതിരം, കാലിലെ പാദസരം… എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ് തോളത്തുണ്ട്. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്.
ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത് ?
തെരക്കില് ഞാന്‍ ഫ്ലൈറ്റ് മാറിയോ മറ്റോ ആണോ കേറിയത്? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്? ദൈവമേ..എവിടെയെങ്കിലുമൊന്നു ‘ജക്കാര്‍ത്ത’ എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.
അങ്ങനെ നടന്നു നടന്നു ലോസ്റ്റ് ആന്‍ഡ് ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.
” ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്? “
” ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്”
എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട് ക്ഷമ ചോദിക്കണേ?
“നിങ്ങളുടെ ഫ്ലൈറ്റ് സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. “
എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ…
” സിങ്കപ്പൂര്‍ ഫ്ലൈറ്റ് വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ് പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച് സമയമേ കിട്ടിയുള്ളൂ. “
അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!
“നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം “
എന്തോന്ന് ? അയ്യേ…. ച്ചേ ച്ചേ…. ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത് സാധനത്തിന്റെ കാര്യമായിവരീ പറയണത് ? പണ്ട് ദാസനും വിജയനും കൂടി ‘സാധനം കയ്യിലുണ്ടേ’ എന്ന് വിളിച്ച് കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.
” നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച് പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. “
ഓഹോ…. അപ്പമതാണു കാര്യം ??
” നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ് ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട് നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍.”
” ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക് 200 ഡോളര്‍ തരും “
ഇത് കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത് 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന് മുന്‍പ് 3 പ്രാവശ്യമാലോചിച്ച് കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത് മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക് വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).
പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ് ചെയ്തു കൊണ്ട് ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.
ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..
തൊട്ടു മുന്‍പിലുള്ള ബാഗേജ് ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാവരുമൊക്കെ പെട്ടിയെടുത്ത് പോയിക്കഴിഞ്ഞിരുന്നതുകൊണ്ട് ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.
അപ്പോള്‍ മറ്റവനാണല്ലേ പോയത് ? അതിനകത്ത് ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.
ആനന്ദ ലബ്ധിക്കിനിയെന്ത് വേണം ? ഹായ് ഹായ്.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച് മാനേജര്‍ കൂടി പെട്ടിയെടുത്ത് വരാന്‍ വെയിറ്റ് ചെയ്യുകയാണ്. ദൈവമേ… പെട്ടിയിനിയവര്‍ക്ക് കിട്ടുമോ ?
എയ്..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?
ദൈവമേ… കിട്ടല്ലേ… അന്തോനീസ് പുണ്യാളോ….വേളാങ്കണ്ണി മാതാവേ… മുതലക്കുടത്ത് മുത്തപ്പോ… ചാവറയച്ചോ…. ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.
പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട് പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്. ?
“അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി ” ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.
ഓ…ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക് കാണുമതുപോലൊന്ന്.
എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്.
കല്യാണം കഴിഞ്ഞു പോയി… ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.
പെട്ടിയെന്റെ അടുത്തെത്തി. ‘കുട്ട്യേടത്തി’ ടെക്നോപാര്‍ക്ക്, കേരള’
കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.
“അയ്യോ..അതെന്റെ പേരല്ലേ ‘ ???..’ഐടന്റിറ്റി തെഫ്റ്റ്’ !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.
ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..
അപ്പോ കാണാതെ പോയീന്ന് പറഞ്ഞ് വെറുതെ കൊതിപ്പിച്ചിട്ട് ?
മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്. അപ്പോളേക്കുമെനിക്ക് പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.
പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്. !!!!!
പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?
അതു നമ്മുടെ രമ്പുന്തനവരുതിക്കാര് പറ്റിച്ച പണിയാണ്. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ് ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ് കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച് ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ് പ്രിന്റ് ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ് ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.
പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട് വെള്ളമിറക്കിയത് മിച്ചം !!!!!